TopTop
Begin typing your search above and press return to search.

നാഗന്മാരുടെ നാട്ടിലേക്ക് തനിച്ച്‌ ഒരു 'സാഹസിക' യാത്ര, ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ അവിസ്മരണീയ അനുഭവം

നാഗന്മാരുടെ നാട്ടിലേക്ക് തനിച്ച്‌ ഒരു സാഹസിക യാത്ര, ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ അവിസ്മരണീയ അനുഭവം

നാഗാലാന്‍ഡ് - പട്ടിയിറച്ചി തിന്നുന്നവരുടെ നാട്, മനുഷ്യരെ വേട്ടയാടി തല വെട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കുന്നവരുടെ നാട്, കൊടും ഭീകരരുടെയും അതി ക്രൂരന്മാരുടെയും നാട്. തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ കൊണ്ട് ചുറ്റുമുള്ളവര്‍ ഒക്കെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാനുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് എന്നെ മുന്നോട്ട് നയിച്ചത്. നാഗാലാന്‍ഡിലേക്ക് പോകുന്നത് എന്തോ വലിയ ഒരു 'സാഹസിക' യാത്രയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചതുകൊണ്ടാകാം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചത്.

സമയക്കുറവ് കൊണ്ട് ഗുവാഹതി വരെ ഫളൈറ്റിലും, ദിമാപുര്‍ വരെ ട്രെയിനിലും യാത്ര ചെയ്തു. ദിമാപുര്‍ എത്തിയപ്പോള്‍ സമയം വൈകിട്ട് 5.30. സൂര്യന്‍ 4.30 - 5 ആകുമ്ബോള്‍ അസ്തമിക്കുന്നതിനാല്‍ എങ്ങും കൂരിരുട്ട്. ഒരുതരത്തില്‍ ഷെയര്‍ ടാക്‌സി ഒപ്പിച്ചു, ദേശീയപാത എന്നു പറയപ്പെടുന്ന ഒരു ഓഫ് റോഡിലൂടെ സഞ്ചരിച്ചു 10 മണിയായപ്പോള്‍ കോഹിമ എത്തി. അവിടുന്ന് നേരത്തേ പറഞ്ഞു വെച്ചിരുന്ന ടാക്‌സിയില്‍ താമസ സ്ഥലമായ കിഗ്വേമയില്‍ 11 മണിയോടെ എത്തിച്ചേര്‍ന്നു.

കൃത്യം 5 മണിയായപ്പോള്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന കോഴി വിളിച്ചുണര്‍ത്തി. കണ്ണ് തുറന്നപ്പോള്‍ അതിമനോഹരമായ കാഴ്ച. ചായപെട്ടി കമിഴ്ന്ന പോലെ നിറങ്ങള്‍ ആകാശത്ത് പടര്‍ന്നു കിടക്കുന്നു. ഒരു മണിക്കൂര്‍ കുത്തിയിരുന്ന് ആ സൂര്യോദയം ആസ്വദിച്ചു. രാവിലെ 7 മണി ആയപ്പോള്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന പൈതൃക ഗ്രാമമായ കിസ്സാമയിലേക്ക് നടന്നു.

നാഗാലാന്‍ഡിലെ പ്രമുഖരായ 17 ഗോത്ര വര്‍ഗ്ഗക്കാര്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും, സാഹോദര്യവും വളര്‍ത്താനായി നാഗാലാന്‍ഡ് ഗവണ്‍മെന്റ് മുന്‍കൈ എടുത്തു നടത്തുന്ന 10 ദിവസത്തെ കലാ മാമങ്കമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍.

എല്ലാ വര്‍ഷവും ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ പ്രധാന വേദിയില്‍ ഗോത്രവര്‍ഗക്കാര്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിച്ചു തുടങ്ങും. വേദിക്ക് ചുറ്റുമായി ഓരോ ഗോത്രവര്‍ഗക്കാരും അവര്‍ക്ക് അനുവദിച്ചു നല്‍കിയ സ്ഥലത്ത് 'മൊരുങ്ങ്' തനതായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിലെ അവരുടെ വീടിന്റെ ഒരു മാതൃകയായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

രാവിലെ 7.30 ആയപ്പോള്‍ മൊരുങ്ങില്‍ എത്തി. ആളനക്കം വെച്ച്‌ തുടങ്ങുന്ന തെയുള്ളു. അര മണിക്കൂര്‍ കൊണ്ട് അവിടെ ഗോത്രവര്‍ഗക്കാര്‍ നിറഞ്ഞു. അന്ന് കലാ പ്രകടനം നടത്തേണ്ടവര്‍ അവരുടെ മൊരുങ്ങിന്റെ മുമ്ബില്‍ പരിശീലനം ആരംഭിച്ചു. എങ്ങും വര്‍ണ്ണമയം. നല്ല ഈണത്തിലുള്ള നാടന്‍ പാട്ടുകള്‍ ആലപിക്കുകയും, അതിനൊത്ത് ചുവടും വെയ്ക്കുകയും ചെയ്യുന്ന മനോഹര കാഴ്ച്ച. അടുത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം.

9.30 ആയപ്പോള്‍ പ്രധാന വേദിയിലേക്ക് നീങ്ങി. അവിടെയെത്തിയപ്പോള്‍ ഒരു ജനസാഗരം തന്നെയായിരുന്നു. ഭൂരിപക്ഷവും ഫോട്ടോഗ്രാഫര്‍മാര്‍. വേദിക്ക് ചുറ്റുമുള്ള പവലിയന്‍ സഞ്ചാരികളെ കൊണ്ടും ഗോത്രവര്‍ഗക്കാരെ കൊണ്ടും നിറഞ്ഞു. ഗോത്രവര്‍ഗക്കാര്‍ അവരുടെ പാട്ടും, നൃത്തവും, നാടന്‍ കളികളും എല്ലാം പ്രദര്‍ശിപ്പിച്ചു. ഏകദേശം 12 മണിയായപ്പോള്‍ പ്രകടനം തീര്‍ന്നു.

പിന്നീട് എല്ലാവരും മൊരുങ്ങിലേക്ക് നീങ്ങി. രാവിലെ ശൂന്യമായിരുന്നു മൊരുങ്ങ് ആളുകളെ കൊണ്ട് നിറഞ്ഞു. മൊരുങ്ങില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കരകൗശല വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ എല്ലാം ഏറെ പുതുമയാര്‍ന്ന കാഴ്ചതന്നെയായിരുന്ന. ഓരോ മൊരുങ്ങിനും മുന്നിലും ഒരു സ്ത്രീയും പുരുഷനും അവരുടെ ഗോത്ര വര്‍ഗ്ഗത്തിന്റെ വേഷ വിധാനങ്ങള്‍ അണിഞ്ഞു സന്ദര്‍ശകരുടെ കൂടേ ഫോട്ടോ എടുക്കുന്നു. തലയില്‍ വേഴാമ്ബല്‍ തൂവല്‍, മുള്ളന്‍ പന്നിയുടെ മുള്ള് മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കാതില്‍ പല വിധത്തിലുള്ള കടുക്കന്‍, കഴുത്തില്‍ പല നിറതിലുള്ള മുത്തു മാലകള്‍ എല്ലാം അണിഞ്ഞു നില്‍ക്കുന്ന ഗോത്രവര്‍ഗക്കാരെ കാണാന്‍ വല്ലാത്തൊരു ചന്തം തന്നെയാണ് .

ഓരോ മൊരുങ്ങിലും അവരുടെ തനതായ ഭക്ഷണ വിഭവങ്ങള്‍ കിട്ടുന്ന ഭക്ഷണശാലയും ഉണ്ട്. നമ്മള്‍ കരുതുന്നതില്‍ നിന്നും വിഭിന്നമായി പന്നി ഇറച്ചിയണു ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇറച്ചി. ഇറച്ചി പുകയില്‍ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഇത് കൂടാതെ ചേമ്ബിന്റെ ഇല പുളിപ്പിച്ച്‌ തയ്യാറാക്കിയ അനീഷി എന്ന വിഭവവും സോയാബീന്‍ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന അഖുനിയും രുചിക്കാന്‍ പറ്റി. ലോത ഗോത്ര വര്‍ഗ്ഗക്കാരുട, മുളയുടെ കാമ്ബ് കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങള്‍ പുതുമ നിറഞ്ഞതായിരുന്നു.

അഖിബോ എന്ന ഒച്ചിന്റെ കറി, പന്നി ഇറച്ചി കൊണ്ടുണ്ടാക്കിയ ഇല അട 'അനിഫെട്', റാഗി പോലത്തെ ധാന്യം അരച്ച്‌ അരിയുടെകുടെ വേവിച്ച്‌ നദിയ എന്ന് വിളിക്കുന്ന വിഭവം, ചേമ്ബും വിവിധ പച്ചക്കറികളും ചേര്‍ത്ത് ഒണ്ടക്കിയ ഹിംഗ്യേചൂ, അങ്ങനെ നീളുന്നു ഗോത്രവര്‍ഗക്കാരുടെ ആഹാര വിഭവങ്ങള്‍.

പട്ടി ഇറച്ചി കഴിക്കുന്നത് വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ്. അത് കഴിക്കുന്നതാകട്ടെ വളരെ നാളുകളായി അസുഖം പിടിച്ച്‌ ക്ഷീണിച്ച്‌ ഇരിക്കുന്നവരും. പട്ടി ഇറച്ചി രോഗ പ്രതിരോധ ശക്തി കൂട്ടുമെന്ന് ഒരു വിശ്വാസം നാഗ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ ഒണ്ട്.

ഏറ്റവും അധികം തിരക്ക് അവരുടെ തനതു പാനീയമായ Zutho അഥവാ റൈസ് ബീര്‍ കുടക്കാനായിരുന്നു. ഇത് മുളയുടെ കപ്പിലാണ് കുടിക്കാന്‍ തരുന്നത്. പ്രത്യേക തരം അരി പൊടിപ്പിച്ച്‌, വെള്ളത്തില്‍ വേവിച്ച്‌, പുളിപിച്ചാണ് Zutho തയ്യാറാക്കുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോത്ര വര്‍ക്കാര്‍ തമ്മിലുള്ള രസകരമായ മത്സരങ്ങള്‍ പ്രധാന വേദിയില്‍ അരങ്ങേറി. എണ്ണ കൊണ്ട് മെഴുകിയ കഴുക്കോലില്‍ വലിഞ്ഞു കയറുക, കല്ല് ഉരച്ചു തീയുണ്ടാക്കുക ,എരിവുള്ള മുളക് തിന്നുക മുതലായ പല തരം മത്സരങ്ങള്‍.

4 മണിക്ക് മൊരുങ്ങ് സന്ദര്‍ശിച്ചാല്‍ ഗോത്രവര്‍ഗക്കാര്‍ പാട്ടും ഡാന്‍സും ഒക്കെയായി മതിമറന്ന് ആഘോഷിക്കുന്ന ദൃശ്യം കാണാം. സൂര്യന്‍ അസ്തമിക്കുമ്ബോള്‍ മൊരുങ്ങിന് മുന്നില്‍ ബോണ്‍ ഫയര്‍ കത്തികുകയും അതിനും ചുറ്റും ആളുകള്‍ ഇരുന്ന് സംസാരിക്കുകയും ചെയ്യും.എല്ലാ ദിവസവും 6 മണിക്ക് പ്രധാന വേദിയില്‍ റോക് കണ്‍സേര്‍ട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

അങ്ങനെ പകലന്തിയോളം നീളുന്ന പരിപാടികളാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത്. 10 ദിവസവും വ്യത്യസ്തമായ കലാരൂപങ്ങള്‍ ആണ് അവതരിക്കപെടുന്നത്. അത് കൊണ്ട് തന്നെയാണ് ഹോണ്‍ ബില്‍ ഫെസ്റ്റിവല്‍ ഉത്സവങ്ങളുടെ ഉത്സവമായി പറയുന്നത്.

തീര്‍ന്നില്ല ഹോണ്‍ബില്‍ വിശേഷങ്ങള്‍. ഇത് കൂടാതെ ഗോത്രവര്‍ഗ്ഗക്കാരുടെ സ്റ്റാള്‍ അണിനിരക്കുന്ന ബാംബൂ പവലിയന്‍ തൊട്ടടുത്താണ്.കൂടാതെ രണ്ടാം ലോക മഹായുദ്ധ മ്യൂസിയം, പഴം പച്ചക്കറി വിപണത പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം മുതലായവയും അടുത്ത് തന്നെ ഒരുക്കിയിട്ടുണ്ട്.

നാഗന്മാരുടെ പെരുമാറ്റവും, സന്ദര്‍ശകരോടുള്ള കരുതലും സ്‌നേഹവും എല്ലാം വളരെ നല്ല അനുഭവമായിരുന്നു. നാഗാലാന്‍ഡിലേ മനുഷ്യരെ പറ്റി നമ്മള്‍ വെച്ച്‌ പുലര്‍ത്തുന്നത് വെറും തെറ്റിദ്ധാരണകള്‍ മാത്രമാണ്. ഇരുട്ടത്ത് ദിമാപൂറില്‍ വിഷമിച്ചു നിന്ന എന്നെ അവരുടെ ഷെയര്‍ ടാക്‌സിയില്‍ (എന്നെ കൂടി അഡ്ജസ്റ്റ് ചെയ്യാന്‍ ആയിട്ട് രണ്ടു പേര് മുന്നിലെ ഒരു സീറ്റിലാണ് ഇരുന്നത്) കോഹിമ എത്തിച്ചതും, നടക്കാനിറങ്ങിയ എനിക്ക് വഴിയോരത്തെ ഒരു വൃദ്ധ അവരുടെ പേരമരത്തില്‍ നിന്ന ഒരേയൊരു പേരക്ക പറിച്ചു തന്നതും, എന്റെ വിശപ്പിന്റെ അസുഖം മനസ്സിലാക്കി ഇടക്ക് ഇടക്ക് വൈല്‍ഡ് ആപ്പിള്‍ മുതലായ നാടന്‍ പഴ വര്‍ഗ്ഗങ്ങള്‍ എനിക്ക് തന്ന ഹോം സ്റ്റേയിലെ ചേച്ചിയും എല്ലാം മനുഷ്യത്വത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ്.

ഞങ്ങളോടൊപ്പം താമസിച്ച ബാംഗ്ലൂര്‍ നിന്നുള്ള എന്‍ജിനീയര്‍ കാശ് കൊടുക്കാതെ മുങ്ങിയതിന് ചോര തിളച്ചു നില്‍ക്കുകയാരിന്ന എന്നോട് നടത്തിപ്പുകാരന്‍ പറഞ്ഞത് ഇങ്ങനെ 'സാരമില്ല അയാള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടാകും, അത് വിട്ടേക്ക് ' എന്നാണ്. സത്യം പറഞ്ഞാല്‍ ഇത്രേം പാവം മനുഷ്യരെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒറ്റക്കുള്ള നാഗാലാന്‍ഡ് യാത്രയില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം ' കേട്ടറിവും കണ്ടറിവും' തമ്മില്‍ ധാരാളം അന്തരം ഉണ്ട് എന്നതു തന്നെയാണ്.

ഹോണ്‍ ബില്‍ ഫെസ്റ്റിവല്‍ കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്. നാഗന്മാരുടെ തനിമയും വൈവിധ്യവും നേരില്‍ കണ്ടറിയാന്‍ പറ്റിയ ഒരു സുവര്‍ണ അവസരം. ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ നിങ്ങള്‍ക്കും ഈ അവസരം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


Next Story

Related Stories