TopTop
Begin typing your search above and press return to search.

കാട്ടാന അലറി വന്നാലും പാറപോലെ നെഞ്ചുംവിരിച്ച്‌ ഉറച്ച്‌ നില്‍ക്കുന്ന ചില ഇരട്ടച്ചങ്കന്‍മാര്‍, മസിനഗുഡിയില്‍ ഒരു ജല്ലിക്കട്ട്

കാട്ടാന അലറി വന്നാലും പാറപോലെ നെഞ്ചുംവിരിച്ച്‌ ഉറച്ച്‌ നില്‍ക്കുന്ന ചില ഇരട്ടച്ചങ്കന്‍മാര്‍, മസിനഗുഡിയില്‍ ഒരു ജല്ലിക്കട്ട്

പാട്ടും ബഹളവും കേള്‍ക്കുന്ന ആ തീക്കുണ്ഡത്തിനടുത്തേക്ക് നടന്നെത്തിയപ്പോള്‍ തൊട്ടുപിന്നാലെയുണ്ടായിരുന്ന സിജിന്‍ പറഞ്ഞു 'തോട്ടത്തിലെ പണിക്കാരാണ്, ഇവരെല്ലാം ഇവിടെ തന്നെയാ നില്‍ക്കുന്നത്. ഇരുട്ടായി തുടങ്ങിയാല്‍ പിന്നെ വേറെയെങ്ങും പോകാനില്ലല്ലോ, പോരാത്തതിന് നല്ല തണുപ്പും. അപ്പോള്‍ അവരെല്ലാം മരം കത്തിച്ച്‌ തീ ഒരുക്കി അതിന് ചുറ്റിനുമിരുന്നു പാട്ടുപാടലാണ് പണി. ലേശം കള്ളും ഒക്കെ കാണും.' കാട്ടില്‍ മറിഞ്ഞ് വീണ ചെറിയ മരങ്ങള്‍ അങ്ങനെ തന്നെ ഉരുട്ടി കൊണ്ടുവന്നാണ് തീയിട്ടിരിക്കുന്നത്. ആ പണിക്കാരുടെ പാട്ടും ബഹളവും ഒക്കെ ഒന്ന് കേട്ടിട്ട് തോട്ടത്തിനുള്ളില്‍ തന്നെ സിജിന്‍ ഒരുക്കിയിട്ടുള്ള കുടിലിലേക്ക് കയറി.

പൊക്കമുള്ള കുടിലാണ്. മൂന്നരയടിയോളം പൊക്കമുള്ള മരക്കാലില്‍ പലകകള്‍ അടിച്ചിട്ടിരിക്കുകയാണ്. അതാണ് ഞങ്ങള്‍ക്ക് ഇരിക്കാനും കിടക്കാനുമുള്ള സ്ഥലം. അതിനുള്ളിലെ ഒരു മൂലയ്ക്കാണ് സോളാര്‍ പാനലിന്റെ ബാറ്ററിയും മറ്റും സൂക്ഷിച്ചിരിക്കുന്നത്. അത്യാവശ്യം ടോര്‍ച്ചും റേഡിയോയും ഒക്കെ ചാര്‍ജ് ചെയ്യാം. രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ച്‌ ക്ഷീണവും തണുപ്പും കാരണം പെട്ടെന്ന് തന്നെ ഉറങ്ങി. പിറ്റേന്ന് താമസിച്ചാണ് എഴുന്നേറ്റത്. തോട്ടത്തിന് പുറത്തുള്ള ഒരു ചോലയിലായിരുന്നു കുളിയും മറ്റും. അതുകഴിഞ്ഞ് വന്ന് ഉപ്പുമാവും കഴിച്ച്‌ വീണ്ടും ചോലയുടെ ഭാഗത്തേക്ക് പോയി. ദൂരത്തില്‍ ചുള്ളികള്‍ ഒടിയുന്നത് കേട്ടപ്പോള്‍ കാട്ടാനക്കൂട്ടമായിരിക്കുമെന്നു കരുതി. സാഹസികത കൂടുതലുള്ള എബിന്‍ നേതൃത്വത്തില്‍ ശബ്ദം കേട്ട ദിക്കിലേക്ക് വച്ചുപിടിച്ചു.

ആനക്കൂട്ടം തന്നെയാണെന്ന് കാട് മെതിച്ച്‌ കിടക്കുന്ന വഴിത്താരകള്‍ കണ്ടപ്പോ മനസിലായി. വലിയ കഷ്ടപ്പാടായിരുന്നു ആ യാത്ര. ഇടയ്ക്ക് വഴിത്താരകള്‍ തെറ്റി കുറ്റിച്ചെടികളുടെ ഇടയിലേക്ക് കയറിയായി യാത്ര. ആനകള്‍ വളരെ എളുപ്പത്തില്‍ കടന്നുപോകുന്ന ആ വഴി ഞങ്ങള്‍ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൂര്‍ത്ത കമ്ബുകള്‍ ശരീരത്തില്‍ കൊണ്ട് വരിഞ്ഞു കീറിയിട്ടും രണ്ടുമൂന്ന് മണിക്കൂര്‍ അതുവഴി നടന്നു. വഴിതെറ്റി എന്നു തോന്നിയപ്പോള്‍ തിരിച്ച്‌ വരാനുള്ള ശ്രമം തുടങ്ങി. കുറേ നടന്നിട്ടും തോട്ടം എത്തിയില്ല. പിന്നെ എങ്ങനെയോ ഒരു ചോലയുടെ അടുത്തെത്തി. അതു രാവിലെ കുളിച്ച ചോലയാണെന്ന ഊഹത്തില്‍ ചോലയുടെ വശത്തൂടെയായി നടത്തം. ഒടുവില്‍ വേറെ ഏതോ വശത്തൂടെ തോട്ടത്തിന്റെ അടുത്തെത്തി. പക്ഷെ വഴി വേറെയായിരുന്നു.

പിന്നെ ആലോചിച്ചപ്പോഴാണ് കാണിച്ച മണ്ടത്തരത്തിന്റെ ഭീകരത മനസിലായത്. ആനക്കൂട്ടത്തിന്റെ മുമ്ബില്‍ പെട്ടിരുന്നെങ്കിലോ? അല്ലെങ്കില്‍ കാട്ടുമൃഗങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്ന ചോലയുടെ അരികിലൂടെ പോകുമ്ബോ വല്ല വന്യജീവികളും ആക്രമിച്ചിരുന്നെങ്കിലോ? ആ സമയത്ത് അത് ഒന്നും ആലോചിച്ചില്ല. ആ തിളപ്പിലങ്ങ് പോയി. അതൊക്കെ കഴിഞ്ഞ് തോട്ടം ചുറ്റി നടക്കലായി പണി. ഉച്ചഭക്ഷണവും കഴിച്ച്‌ പണിക്കാര്‍ കെട്ടിയ ചെറിയ ഏറുമാടങ്ങളില്‍ കയറി തിരിഞ്ഞ് നടക്കുമ്ബോഴാണ്, തോട്ടത്തിന് വെളിയില്‍ ഒരു ഏറുമാടം കണ്ടത്. അതിന് ഒരു മൂന്നാലുനില കെട്ടിടത്തിന്റെ ഉയരം വരും. അതു കണ്ടപ്പോള്‍ അതിന് മുകളില്‍ കയറിയേ പറ്റൂവെന്നായി. എബിനും സംഗീതും ഓരോ ബിയറും കൊണ്ട് അങ്ങോട്ട് നടന്നു, പുറകെ ഞാനും.

ആ ഏറുമാടത്തില്‍ കയറാനുള്ളത് രണ്ടുമൂന്ന് മുളകള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂട്ടിക്കെട്ടിയ ഒരു മുളയേണിയാണ്. സാധാരണ ഏണി പോലെയല്ല, മുളയുടെ ഇടതും വലതും ശിഖ മുട്ടുകളില്‍ ചവിട്ടിയാണ് കയറുന്നത്. എബിന്‍ ആദ്യം തന്നെ വലിഞ്ഞുകുത്തി കയറി. ഒന്നു വിറച്ചിട്ടാണെങ്കിലും സംഗീതും കയറിപ്പറ്റി. അടുത്ത ഊഴം ഏന്റെതാണ്. ഏണിയുടെ നടുവിലെത്തിയപ്പോള്‍ ശരിക്കും വിരണ്ടു. ഏണി വില്ലുപോലെ വളയുകയും തിരിച്ച്‌ നിവരുകയും ചെയ്യുകയാണ്. ഒരുവിധത്തില്‍ വലിഞ്ഞ് മുകളിലെത്തി. അവിടെയിരുന്നാല്‍ ഒരു വാച്ച്‌ടവറില്‍ ഇരിക്കുന്നപോലെയാണ്. കാടു മുഴുവനും കാണാം. വന്യജീവികള്‍ ഒക്കെ സ്വൈര്യ വിഹാരം നടത്തുന്നതൊക്കെ കാണാം. കുറച്ചു മണിക്കൂറുകള്‍ ആ ഏറുമാടത്തില്‍ തന്നെ കിടന്നു. സന്ധ്യ കഴിഞ്ഞപ്പോഴാണ് പതിയെ ഇറങ്ങിയത്.

തോട്ടത്തിലേക്ക് പിടിച്ചു. അവിടെ എത്തിയപ്പോള്‍ പണിക്കാര്‍ തീക്കുണ്ഡമൊരുക്കാനും കമ്ബിവേലിയിലേക്ക് കറന്റ് കൊടുക്കാനുമുള്ള പരിപാടിയിലായിരുന്നു. തണുപ്പ് അരിച്ച്‌ അരിച്ച്‌ കൂടിക്കൊണ്ടിരിക്കുവാണ്. പിന്നെ ഞങ്ങളും ആ തീക്കുണ്ഡത്തിന് ചുറ്റും കൂടി. പണിക്കാരുടെ തമിഴ് ചുവയുള്ള പാട്ടുകള്‍ ഒക്കെ ആസ്വദിച്ചും അവരുടെ കൂടി ബഹളം വച്ചു കുറേ നേരം ഇരുന്നു. അവിടെ തന്നെയിരുന്ന് വൈകിട്ടത്തെ കഞ്ഞിയും കുടിച്ച്‌, അവരുടെ കഥകള്‍ ഒക്കെ കേട്ടിരുന്നു. മുമ്ബ് തോട്ടത്തിന്റെ ചില ഭാഗവും അപ്പുറത്തെ വശങ്ങളും കഞ്ചാവ് തോട്ടമായിരുന്നുവെന്നും പോലീസിന്റെ ഇടപെടല്‍ ഒക്കെ കാരണം അവരെ ഒഴിവാക്കി, ഇവിടെ ഒക്കെ കൃഷിക്ക് പാട്ടത്തിന് കൊടുക്കാന്‍ തുടങ്ങിയെന്നും, ഉള്‍കാട്ടില്‍ ഒക്കെ ചിലര്‍ ഇഞ്ചികൃഷിയാണെന്ന് പറഞ്ഞ് കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നുമൊക്കെയുള്ള കഥകള്‍ അവര്‍ പറഞ്ഞു.

രാത്രി ഒന്ന് കനത്തപ്പോള്‍ സിജിന്‍ വന്നു വിളിച്ചു, കാടു കാണാന്‍ പോകാമെന്ന്. നമ്മളൊന്നു അന്ധാളിച്ചു, പാതിരാത്രിയില്‍ എന്ത് കാണാന്‍? ഏതായാലും സിജിനൊപ്പം ടോര്‍ച്ചും എടുത്ത് ഇറങ്ങി. രാത്രിയിലെ കാട് ഒരു അനുഭവം തന്നെയായിരുന്നു. ചീവിടിന്റെ ശബ്ദത്തിനൊപ്പം കേട്ടില്ലാത്ത വിചിത്രമായ ശബ്ദങ്ങളും കൂകലുകളും ഒക്കെയായി കാട് ആകെ 'ബിസി'യാണ്. തൊട്ടടുത്ത് മൃഗങ്ങളുണ്ടെന്ന് സിജിന്‍ പറഞ്ഞപ്പോ വിശ്വസിച്ചില്ല. ടോര്‍ച്ച്‌ ഒക്കെ അടിച്ചിട്ടും ഒന്നും കണ്ടില്ല. ടോര്‍ച്ച്‌ ഒരു പ്രത്യേക രീതിയില്‍ പിടിച്ച്‌ നോക്കാന്‍ പറഞ്ഞു. വെട്ടം കണ്ണിന് പൂറകിലൂടെ വരണം. അതിന് ടോര്‍ച്ച്‌ ചെവിയോട് ചേര്‍ന്ന് പിടിച്ച്‌ നോക്കി. ചുറ്റിനും തിളങ്ങുന്ന കണ്ണുകള്‍. നമ്മുടെ തൊട്ടടുത്ത് പോത്തിനോളം വലിപ്പമുള്ള മൃഗങ്ങള്‍ ഉണ്ടെന്ന് കണ്ട് അതിശയിച്ചുപോയി.

പണ്ടൊക്കെ വേട്ടയുണ്ടായിരുന്നുവെന്ന് സിജിന്‍ പറഞ്ഞു. ഇപ്പോള്‍ തോട്ടത്തില്‍ കൃഷി നശിപ്പിക്കാനെത്തുന്ന പന്നിയെ പോലും കൊല്ലാന്‍ പറ്റില്ല. കൊന്നാല്‍ കേസാണ്. പടക്കം ഒക്കെ പൊട്ടിച്ച്‌ ഓടിച്ചുവിടുകയാണ് ചെയ്യുന്നത്. ചുമ്മാ ഒരു പടക്കം പൊട്ടിച്ച്‌ സിജിന്‍ വായുവിലേക്ക് ഇട്ടു. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ നമുക്ക് ചുറ്റിനും തിളങ്ങുന്ന കണ്ണുകളുടെ ഒരു പട തന്നെ ഓടിപ്പോയി. കുറുക്കന്മാരണെന്ന് സിജിന്‍ പറഞ്ഞു. അപ്പോഴാണ് തോട്ടത്തില്‍ നിന്ന് വലിയ ബഹളം കേട്ടത്. ബഹളം കേട്ടപ്പോഴെ സിജിന്റെ മുഖം ഒക്കെ മാറി, ഞങ്ങളെയും കൂട്ടി തോട്ടത്തിലെക്ക് ഓടി. ആന വന്നാലും പാറപ്പോലെ ഉറച്ച്‌ നിന്ന് നെഞ്ചും വിരിച്ച്‌ നില്‍ക്കുന്ന ഇരട്ടച്ചങ്കുള്ള മനുഷ്യരെ കണ്‍മുന്നില്‍ കാണാനാകുമെന്ന് ആ ഓട്ടത്തില്‍ ഒട്ടും കരുതിയില്ല. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ക്ക് കാര്യം മനസിലായത്, തോട്ടത്തില്‍ കാട്ടാനക്കൂട്ടം കയറിയതാണെന്ന്. വൈദ്യുതി വേലിയുടെ ഒരു വശം മരംവീണ് തകര്‍ന്നിരുന്നു അതുവഴിയാണ് കയറിത്. കാട്ടാന തോട്ടത്തില്‍ നടന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.

വിളഞ്ഞു നില്‍ക്കുന്ന ഇഞ്ചിയെല്ലാം ചവിട്ടി നാശമാക്കും. മാത്രമല്ല ചിലപ്പോ ആനകള്‍ നമ്മളെയും കയറിയങ്ങ് മേയും. കടം കയറി മുടിയാന്‍ വേറെയൊന്നും വേണ്ടെന്ന് പിറുപിറുത്തോണ്ട് സിജിന്‍ കൂക്കി വിളിച്ച്‌ ബാക്കിയുള്ള പണിക്കാരെയും കൂട്ടി. എല്ലാവരും കുടിലില്‍ കയറി പാട്ട ഒക്കെ എടുത്തോണ്ട് വന്നു. സിജിനും വേറെ ചിലരും പടക്കമെടുത്തു. കുറച്ച്‌ പേര്‍ തീപ്പന്തം റെഡിയാക്കി. ടോര്‍ച്ചുമെടുത്തു. ഞങ്ങളോടും പറഞ്ഞു എന്തെങ്കിലുമൊക്കെ എടുത്തോളാന്‍. പാട്ടയും കമ്ബുമൊക്കെ എടുത്ത് ഞങ്ങളും ചെന്നു. സിജിന്‍ ഞങ്ങളോട് പറഞ്ഞു, ഒരുകാരണവശാലും കൂട്ടം തെറ്റിപ്പോകരുത്, ഞങ്ങളുടെ കൂട്ടത്തില്‍ കണ്ടേക്കണം. ആവേശം മൂത്ത് മൃഗങ്ങളുടെ പിന്നാലെ പോകരുതെന്ന് ഒക്കെ പറഞ്ഞിട്ട് ഒരു പടക്കം ആന കയറിയ വശത്തേക്ക് ഇട്ടു, ഒപ്പം പണിക്കാര്‍ എല്ലാം കൂടി കൂകി വിളിയും തുടങ്ങി. ഞങ്ങള് മൂന്നുപേരും പരസ്പരം കണ്ണില്‍ നോക്കി, എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. ആകെപ്പാടെ സെക്കന്റുകള്‍ കൊണ്ട് അന്തരീക്ഷം മൊത്തം മാറി. അപകടം പിടിച്ച ഈ സമയത്ത് ഒന്നിച്ച്‌ നിക്കണം.. വരുന്നത് വരട്ടെ എന്ന് കരുതി രണ്ടു കല്‍പ്പിച്ച്‌ ഞങ്ങളും സിജിന്റെയും പണിക്കാരുടെയും കൂടെ ഒരു പരിചയവുമില്ലാത്ത കട്ട ഇരുട്ടിലേക്ക് ഇറങ്ങി.

(ഫോട്ടോകള്‍ നഷ്ടപ്പെട്ടതുകൊണ്ട് വിക്കിപീഡിയ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.)

ആദ്യ ഭാഗം -ഒരു ഒന്നൊന്നര ഇരട്ടച്ചങ്കുള്ള 'ചേറാടി കറിയ'യുടെ കാട്ടുസാമ്രാജ്യത്തിലെത്തിയ മൂന്ന് ഭ്രാന്തന്മാര്‍


Next Story

Related Stories