TopTop
Begin typing your search above and press return to search.

നെഹ്രു കപ്പ് വള്ളംകളി: പല കാലങ്ങളിലൂടെ ചില ഓര്‍മ്മചിത്രങ്ങള്‍ (Photo Essay)

നെഹ്രു കപ്പ് വള്ളംകളി: പല കാലങ്ങളിലൂടെ ചില ഓര്‍മ്മചിത്രങ്ങള്‍ (Photo Essay)

സംഘ ജീവിതത്തിന്റെ സമ്മോഹനമാണ് വള്ളംകളി. കുട്ടനാടന്‍ കാര്‍ഷിക ജീവിതത്തിന്റെ ഈ ആമോദ വേള സമാനതകളില്ലാത്ത വാട്ടര്‍സ്‌പോര്‍ട്ടാണ്. കായലും നദികളും നിറഞ്ഞ ഭൂഭാഗമായ കുട്ടനാട്ടിലെ സവിശേഷ സംസ്‌കാരവുമായി ഇഴചേര്‍ന്നിരിക്കുന്നു വള്ളംകളിയുടെ നാള്‍വഴികള്‍. അവയിലേറെയും നടക്കുന്നത് ക്ഷേത്രങ്ങളോടും വിശ്വാസധാരകളോടും ചേര്‍ന്നാണ്.

സവിശേഷമായ ഉപാസനക്രമത്തോടെ, ചിട്ടവട്ടങ്ങളോടെ, ഏറെ നാളുകളിലെ തയാറെടുപ്പുകള്‍ക്കൊടുവിലാണ് വള്ളംകളികള്‍ നടക്കുന്നത്. ഓരോ ചുണ്ടന്‍ വള്ളവും ഓരോ ദേശക്കാരുടെ അഭിമാനമാകുന്നു. ഇത്രയേറെപ്പേര്‍ പങ്കെടുക്കുന്ന ഒരു കായിക വിനോദം ഉണ്ടാകാനാടയില്ല. തുഴകളുടെ സമന്വയ ചലനത്തിനായി സിദ്ധിയും സാധനയും അനിവാര്യം. ദീര്‍ഘനാളത്തെ പരിശീലനവും.

സവിശേഷമായ ഭൂഭാഗമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറകളില്‍ ഒന്ന്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകി വേമ്പനാട്ട് കായലില്‍ പതിക്കുന്നു. അറ്റം കാണാത്ത കൃഷിയിടങ്ങളില്‍ കഠിനാനുഭവങ്ങളുടെ വസന്താര്‍ത്തുകള്‍ നെയ്‌തെടുക്കുന്ന ജനത. അവരുടെ നിലനില്‍പ്പിനായുള്ള സമരങ്ങള്‍. വിളവെടുപ്പിന്റെ ആമോദം. എല്ലാം ചേര്‍ന്നു നില്‍ക്കുന്ന വള്ളം കളി എന്ന ജലകേളിയില്‍. ജലത്താല്‍ ചുറ്റപ്പെട്ട ഇടമാകയാല്‍ അന്നാട്ടുകാരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി വള്ളങ്ങള്‍ മാറി. അവരുടെ വിനോദങ്ങളും വെള്ളത്തിലും വള്ളത്തിലുമായി കേന്ദ്രീകരിച്ചായി. വള്ളംകളിയുടെ ഇന്നത്തെ രൂപത്തിലേക്കുള്ള പരിണാമത്തിനും ഏറെ കഥകള്‍ പറയാനുണ്ട്. ആദ്യകാലത്ത് ചുണ്ടന്‍, ഓടി, വെപ്പ് വള്ളങ്ങളില്‍ ഒത്തുകൂടുന്ന ജനങ്ങള്‍ പാട്ടും, താളത്തിലുള്ള തുഴച്ചിലുമായി ഘോഷയാത്രകള്‍ സംഘടിപ്പിക്കുക മാത്രമാണ് ചെയ്തുപോന്നിരുന്നത്. പിന്നീടാണ് മത്സരരൂപത്തിലേക്കും മറ്റും മാറിയത്.

‌വിവിധ തരത്തിലുള്ള വള്ളങ്ങള്‍, സവിശേഷമായ തുഴച്ചില്‍ രീതികള്‍, ആവേശം വാരിവിതറുന്ന വഞ്ചിപ്പാട്ടുകള്‍. വള്ളത്തിന്റെ നിര്‍മിതി മുതലുള്ള സംഘാധ്വാനത്തിന്റെ മഹിതഗാഥകള്‍. ആലപ്പുഴയും കുട്ടനാടും ചുണ്ടന്‍വള്ളങ്ങളും ലോക ടൂറിസം ഭൂപടത്തില്‍ കൈയൊപ്പ് പതിച്ച ഇടം ആയി തീര്‍ന്നിരിക്കുന്നു.

നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയിലെ പുന്നമടയില്‍ എല്ലാവര്‍ഷവും ഇതേ ദിവസം, ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നടന്നുവരുന്നത്. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം വട്ടമാണ് നിശ്ചിത ദിനത്തില്‍ നടക്കാതെ പോകുന്നത്. 2018ലും 2019ലും വെള്ളപ്പൊക്കവും കാലവര്‍ഷക്കെടുതിയും മൂലം നീട്ടിവെച്ചാണ് വള്ളംകളി നടത്തിയത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കുറിയും മത്സരം മുടങ്ങിയിരിക്കുകയാണ്.

നെഹ്‌റുട്രോഫി വള്ളംകളിയുടെ പല കാലങ്ങളിലെ ദൃശ്യങ്ങളിലുടെ ഒരു സഞ്ചാരം. ആലപ്പുഴയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ പി. മോഹനന്റെ ശേഖരത്തില്‍ നിന്ന്:

വള്ളംകളിയ്ക്ക് പ്രാരംഭം കുറിച്ചുള്ള മാസ് ഡ്രില്‍


ലക്ഷ്യത്തിലേക്ക് കുതിയ്ക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം


ചുണ്ടന്‍വള്ളങ്ങളുടെ മത്സരാവേശം. മറ്റൊരു ദൃശ്യം


വീറോടെയുള്ള മത്സരത്തിനുശേഷം ഫിനിഷിംഗ് പോയിന്റിലെത്തിയ ചുണ്ടന്‍ വള്ളം


മത്സരത്തിന്റെ ഇടവേളകളില്‍ നടക്കുന്ന പ്രകടനങ്ങള്‍


മത്സരത്തിന്റെ ഇടവേളകളില്‍ നടക്കുന്ന അഭ്യാസപ്രകടനങ്ങള്‍


ചുരുളന്‍ വള്ളങ്ങളുടെ മത്സരം


സ്ത്രീകള്‍ തുഴയുന്ന ഓടിവള്ളം


2019 ഓഗസ്റ്റ് 31നു നടന്ന 67-മത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നെഹ്‌റു ട്രോഫി കൗതുകത്തോടെ വീക്ഷിക്കുന്നു. സമീപം മന്ത്രി തോമസ് ഐസക്ക്


ആലപ്പുഴയിലെ പുന്നമട. വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റും കാണാംNext Story

Related Stories