TopTop
Begin typing your search above and press return to search.

തണുത്ത്‌ വിറച്ച്‌ നിലാവുള്ള ഒരു രാത്രിയില്‍ ഉപ്പുപാടത്തിലൂടെ ഒരു യാത്ര പോയാലോ

തണുത്ത്‌ വിറച്ച്‌ നിലാവുള്ള ഒരു രാത്രിയില്‍ ഉപ്പുപാടത്തിലൂടെ ഒരു യാത്ര പോയാലോ

യാത്ര പ്രേമികള്‍ക്ക് ഇനിയുള്ള രണ്ടര മാസം ആവേശം നിറഞ്ഞതാണ്. ശിശിരത്തിലെ കുളിരേറ്റ് പ്രകൃതിയിലേക്ക് ഇറങ്ങുവാന്‍ കൊതിക്കുന്ന സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണ്.

റാന്‍ ഓഫ് ഖച്ച്

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ് റാന്‍ ഓഫ് കച്ച്. ഗുജറാത്തിന്റെ വടക്ക്- പടിഞ്ഞാറില്‍ പകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കിടക്കുന്ന റാന്‍ ഓഫ് കച്ചിന്റെ ഒരു ഭാഗം പാക് പ്രവിശ്യയായ സിന്ധിലാണ്. പകല്‍ സമയത്ത് കത്തുന്ന വെയിലില്‍ കണ്ണിഞ്ചിപ്പിക്കുന്ന കച്ചിലെ ഉപ്പുപാടങ്ങള്‍, സൂര്യസ്തമയ സമയത്ത് വര്‍ണ വിസ്മയം തീര്‍ക്കും. ശിശിരകാലത്തിലെ പൗര്‍ണമി രാത്രിയില്‍ തെളിഞ്ഞ ആകാശവും നോക്കിയുള്ള ഒരു റൈഡ് നടത്തിയാല്‍ ഒരു പക്ഷെ നിങ്ങള്‍ ജീവിതാവസാനം വരെയും മറക്കാത്ത ഒരു അനുഭവമായിരിക്കും.

റാന്‍ ഓഫ് കച്ചില്‍ പ്രതാപകാലത്തെ ശേഷിപ്പുകളും കാണാനുണ്ട്. പുരാതനകാലത്ത് അറബിക്കടല്‍ റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറ്റുകയും ചെയ്തു. തുറമുഖ നഗരങ്ങള്‍ നിലനിന്നിരുന്ന പഴയ തീരത്ത് ഇപ്പോള്‍ ചതുപ്പുകളാണ്. ആ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ചതിപ്പുകളില്‍ ഇന്നും തെളിഞ്ഞ് കാണാന്‍ സാധിക്കും.

പ്രസിദ്ധമായ റാന്‍ ഉത്സവവും ഈ ഡിസംബര്‍ മാസത്തിലാണ് അരങ്ങേറുന്നത്.

ദിയു

ഗുജറാത്ത് സംസ്ഥാനത്തിനുള്ളിലെ കേന്ദ്രഭരണ പ്രദേശമായ ദാമന്‍-ദിയു തീരദേശ പ്രദേശമാണ്. ഗുജറാത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദാമന്‍ വടക്ക് ഭഗവാന്‍ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ദിയു എന്ന ചെറു ദ്വീപ് കാംബേ ഉള്‍ക്കടലില്‍ വേരാവല്‍ തുറമുഖത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

സൗരാഷ്ട്ര ബാരെണ്‍ തീരത്തുനിന്നും 8 മൈല്‍ ദൂരെയായി പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ഒരു ചെറിയ ദ്വീപാണ് ദിയു. ദിയു എന്ന വാക്കിനര്‍ഥം തന്നെ ദ്വീപെന്നാണ്. എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ കൊങ്കണ്‍ വൈഷയയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങള്‍ ചിലത് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. 1535ല്‍ പോര്‍ച്ചുഗീസുകാര്‍ ദ്വീപിന്റെ കിഴക്ക് ഭാഗത്ത് പണിത കോട്ടയും മനോഹരമായ പ്രകൃതി ഭംഗിയുമാണ് ദിയുവിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ പുരാതനമായ പള്ളികളും കവാടങ്ങളുമൊക്കെയുണ്ട്.

480 വര്‍ഷത്തെ കഥകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ദിയു

മേഘാലയ

വടക്ക് - കിഴക്കന്‍ സംസ്ഥാനമായ മേഘാലയ എല്ലാ സീസണിലും സഞ്ചാരികളുടെ പ്രിയ ഇടമാണ്. മണ്‍സൂണ്‍ കാലത്താണ് മേഘാലയയില്‍ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്. എന്നാല്‍ ശൈത്യ കാലത്തെ മേഘാലയ കണ്ടിട്ടുണ്ടോ? മറ്റോരു ഭംഗിയാണ് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മേഘാലയില്‍ എത്തുവര്‍ക്കായി പ്രകൃതി കാത്തുവച്ചിരിക്കുന്നത്.

മേഘാലയയിലെ മിക്കയിടങ്ങളും ഉയര്‍ന്ന കുന്നുകളും, ഇടുങ്ങിയ താഴ്‌വരകളും, ഉള്ള പ്രദേശമാണ്. വെള്ളച്ചാട്ടങ്ങളും ഗുഹകളും അരുവികളും ഒക്കെ മഞ്ഞിന്റെ അകമ്പടിയോടെ ആസ്വാദിക്കാനുള്ള അവസരമാണിത്. പ്രകൃതിയുടെ തന്നെ നിര്‍മിതികലും നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു.

ചിറാപുഞ്ചി, മൗസിന്റം, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ -കുന്നിന്‍ പ്രദേശം, ജോവല്‍ -ചുടു നീരുറവ തടാകം, ഷില്ലോംഗ് തുടങ്ങിയവ അത്തരത്തിലുള്ള മേഘാലയയിലെ ചില പ്രദേശങ്ങള്‍ മാത്രമാണ്. ട്രംക്കിംഗിന് താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള ഇടങ്ങളും മേഘാലയയിലുണ്ട്.

കിന്നൗര്‍

മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള കിന്നൗര്‍ ഹിമാചല്‍പ്രദേശിലെ ഒരു സംസ്ഥാനമാണ്. സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവിടെ പല പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ യാത്രികരുടെ സ്വപ്നഭൂമിയാക്കുന്നത്. അന്തരീക്ഷമലിനീകരണം കുറവായതുകൊണ്ട തന്നെ ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു നിറഞ്ഞ പ്രദേശമെന്ന ഖ്യാതിയും കിന്നൗറിനുണ്ട്.

സത്‌ലജ് നദിയും മഞ്ഞുമൂടിയ മലകളും കണ്ടുള്ള യാത്രകള്‍ ഓരോ സഞ്ചാരിയുടെയും മനസ് നിറയ്ക്കുന്നതിനൊപ്പം ത്രസിപ്പിക്കുകയും സാഹസികതയ്ക്ക് ആവേശം കൂട്ടുകയും ചെയ്യുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് യാത്രയ്ക്ക് അനുയോജ്യമായ സമയമെങ്കിലും കിന്നൗറിന്റെ ബംഗിയും വന്യതയും അറിയണമെങ്കില്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ പോകണം. കനത്ത മഞ്ഞുവീഴ്ചയും തണുപ്പും ഈ സമയത്തെ കിന്നൗര്‍ യാത്ര ശരിക്കും സാഹസികത തന്നെയാണ്.

കുംഭല്‍ഗഡ്

ശൈത്യ കാലത്ത് രാജസ്ഥാന് പ്രത്യേക ഭംഗിയാണ്. കൊടുംചൂടിന് പകരം പലപ്പോഴും പകലുപോലും 15 ഡിഗ്രി താഴെപോകുന്ന രാജസ്ഥാനിലെക്കുള്ള ശിശിരകാല യാത്ര മികച്ച ഒരു അനുഭവമായിരിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കുംഭല്‍ഗഡ് ഉത്സവം രാജസ്ഥാനിലെ ശൈത്യം അനുഭവിക്കാനുള്ള ഒരു അവസരമാണ്. രാജ്സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കുംഭല്‍ഗഡും അവിടുത്തെ കോട്ടയും ഡിസംബര്‍ മാസത്തില്‍ നല്‍കുന്ന ദൃശ്യഭംഗി നേരിട്ട് അറിയേണ്ടതാണ്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഈ കോട്ട പണികഴിപ്പിച്ചത് പതിനഞ്ചാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ മേവാര്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകര്‍ണ സിങാണ്. മേവാര്‍ ചക്രവര്‍ത്തിയായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മ സ്ഥലം കൂടിയാണ് കുംഭല്‍ ഗഡ്.


Next Story

Related Stories