Top

ആറ് നൂറ്റാണ്ടോളം പഴക്കമുള്ള ജപ്പാനിലെ ഷൂറി കോട്ടയില്‍ വന്‍ തീപിടുത്തം; ചരിത്ര ശേഷിപ്പുകളില്‍ ഭൂരിഭാഗവും കത്തിനശിച്ചു

ആറ് നൂറ്റാണ്ടോളം പഴക്കമുള്ള ജപ്പാനിലെ ഷൂറി കോട്ടയില്‍ വന്‍ തീപിടുത്തം; ചരിത്ര ശേഷിപ്പുകളില്‍ ഭൂരിഭാഗവും കത്തിനശിച്ചു

തെക്കന്‍ ജാപ്പനീസ് ദ്വീപായ ഓകിനാവയിലെ ചരിത്രപ്രാധാനമായ ഷൂറി കോട്ടയില്‍ വന്‍ തീപിടുത്തം. അവിടെ ഉണ്ടായിരുന്ന പുരാതന റ്യുക്യു സാമ്രാജ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും ശേഷിപ്പുകളില്‍ ഭൂരിഭാഗവും കത്തിനശിച്ചു. പുലര്‍ച്ചെ 2:40-ഓടെയാണ് ഷൂറി കോട്ടയില്‍ തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ അത് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും വ്യാപിച്ചു. ഷൂറി കോട്ട ദ്വീപിന്റെ തലസ്ഥാനമായ നഹയിലാണ് സ്ഥിതിചെയ്യുന്നത്.

ആര്‍ക്കെങ്കിലും പരിക്കുപറ്റിയതായി വിവരമില്ല. എന്നാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപവാസികളെയെല്ലാം അവിടെനിന്നും ഒഴിപ്പിച്ചിരുന്നു. ജപ്പാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഷൂറി കോട്ട. കോട്ടയുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചുവെന്നാണ് കരുതുന്നത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് ഓകിനാവ പ്രിഫെക്ചറല്‍ പോലീസിന്റെ വക്താവ് റിയോ കൊച്ചി പറഞ്ഞു. 'പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തീ പെട്ടന്നുതന്നെ മറ്റു കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ ഇപ്പോഴും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


590 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ കോട്ടയെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 1429-ല്‍ ആരംഭിച്ച് 1800 കളുടെ അവസാനംവരെ ഉണ്ടായിരുന്ന റ്യുക്യു രാജ്യത്തിന്റെ പ്രതീകമായിരുന്നു ഈ കോട്ട. യുദ്ധത്തിനെതിരെയുള്ള ഓകിനാവയുടെ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു ഷൂറി കോട്ട.

1945 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള 82 ദിവസത്തെ കടുത്ത പോരാട്ടത്തിനിടെ ഓകിനാവയിലെ ജനസംഖ്യയുടെ നാലിലൊന്ന് ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം അമേരിക്കക്കാരും ജപ്പാന്‍കാരും കൊല്ലപ്പെട്ടിരുന്നു.

ഈ ദ്വീപില്‍ ഇപ്പോഴും യുഎസ് സൈനിക താവളങ്ങളുണ്ട്. സാമ്രാജ്യത്വ ജാപ്പനീസ് സൈന്യത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ഷൂറി കോട്ടയെ ലക്ഷ്യംവച്ച് അമേരിക്കന്‍ സേന നിരന്തരം ഷെല്ലാക്രമണം നടത്തിയിരുന്നു.

1972 ല്‍ ജപ്പാന്‍ ദ്വീപിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. 1992-ല്‍ കോട്ട വിപുലമായി പുനര്‍നിര്‍മ്മിക്കുകയും ഒരു ദേശീയ ഉദ്യാനമാക്കി വീണ്ടും തുറക്കുകയും ചെയ്തു.


Next Story

Related Stories