Top

നൂറാം വയസിലും ക്ഷീണം അറിയാതെ ലോകത്തിലെ ഏറ്റവും പഴയ എയര്‍ലൈന്‍ കമ്പനി

നൂറാം വയസിലും ക്ഷീണം അറിയാതെ ലോകത്തിലെ ഏറ്റവും പഴയ എയര്‍ലൈന്‍ കമ്പനി

ലോകത്തിലെ ഏറ്റവും പഴയ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെ.എല്‍.എം അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1919 ഒക്ടോബര്‍ 7 നാണ് കെ.എല്‍.എം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന് ഖ്യാതി നേടിയ കെ.എല്‍.എമിന്റെ മുഴുവന്‍ പേര് Koninklijke Luchtvaart Maatschappij എന്നാണ്. ഡച്ച് ഭാഷയില്‍ 'റോയല്‍ ഏവിയേഷന്‍ കമ്പനി' എന്നാണര്‍ത്ഥം.

അന്ന് ഒരു കൂട്ടം ഡച്ച് ബിസിനസുകാര്‍ 1.2 ദശലക്ഷം ഡച്ച് ഗില്‍ഡര്‍ സ്വരൂപിച്ചുകൊണ്ടാണ് കെ.എല്‍.എമ്മിന് തുടക്കം കുറിച്ചത് (2002ല്‍ യൂറോ നിലവില്‍ വരുന്നതുവരെ ഗില്‍ഡര്‍ ആയിരുന്നു നെതര്‍ലന്‍ഡ്സിലെ കറന്‍സി). അത് ഏകദേശം ഇന്നത്തെ 500,000 ഡോളറിന് തുല്യമാണ്. കെഎല്‍എമ്മിന്റെ ആദ്യ വിമാനം 1920 മെയ് 17 ന് ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പറന്നു.

ഒന്നാം ലോകമഹായുദ്ധ കാലത്തെ ബോംബര്‍ വിമാനമായിരുന്ന ഡി ഹാവിലാന്‍ഡ് ഡിഎച്ച് -9ബി പരിഷ്‌കരിച്ച് ഉപയോഗിക്കുകയായിരുന്നു. നാല് വര്‍ഷത്തിനു ശേഷം ആംസ്റ്റര്‍ഡാം മുതല്‍ ജക്കാര്‍ത്ത വരെ ആദ്യത്തെ ഭൂഖണ്ഡാന്തര സര്‍വ്വീസ് നടത്തി. അന്ന് ഫോക്കര്‍ VII വിമാനത്തില്‍ വെറും മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആംസ്റ്റര്‍ഡാമില്‍നിന്നും ജക്കാര്‍ത്തയില്‍ എത്താന്‍ അന്ന് 55 ദിവസമെടുത്തു. അതിനിടയില്‍ 21 സ്ഥലങ്ങളില്‍ നിര്‍ത്തിയിരുന്നു.

ഇന്‍-ഫ്‌ലൈറ്റ് വിനോദ സംവിധാനങ്ങള്‍ വരുന്നതിന് വളരെ മുന്‍പ് 1966ല്‍ ഹോളണ്ട് ഹെറാള്‍ഡ് എന്ന ഇന്‍-ഫ്‌ലൈറ്റ് മാഗസിന്‍ കെ.എല്‍.എം അവതരിപ്പിച്ചിരുന്നു. 20 വര്‍ഷത്തിലേറെക്കാലം നെതര്‍ലാന്‍ഡ്സിലെ കിംഗ് വില്ലം-അലക്‌സാണ്ടര്‍ പൈലറ്റായിരുന്ന കാലത്ത് തീര്‍ത്തും ഒരു രാജകീയ കമ്പനിയായിരുന്നു കെ.എല്‍.എം.

പാരിസ്ഥിതിക ആഘാതം കാരണം എയര്‍ലൈന്‍ വ്യവസായം കടുത്ത വെല്ലുവിളി നേരിടുന്ന ഇക്കാലത്തും കെ.എല്‍.എം നിരവധി സുസ്ഥിര സംരംഭങ്ങള്‍ ആരംഭിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡെല്‍ഫ്സിജല്‍ നഗരത്തില്‍ പുതിയ സുസ്ഥിര വ്യോമയാന ഇന്ധന നിലയത്തിന്റെ നിര്‍മ്മാണത്തില്‍ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് കെ.എല്‍.എമ്മിന് 200 ലധികം വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 34 ദശലക്ഷം യാത്രക്കാരെ അവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. നെതര്‍ലാന്‍ഡിന് കുറുകെ പറന്നവരില്‍ പകുതിപേരെയും വഹിച്ചത് കെ.എല്‍.എം ആയിരുന്നു.

അടുത്ത തവണ നിങ്ങളുടെ യാത്ര കെ.എല്‍.എമ്മിന്റെ വിമാനത്തിലെ ബിസിനസ്സ് ക്ലാസിലാണെങ്കില്‍ അതിന്റെ ക്യാബിന്‍ കാര്‍പ്പറ്റുകള്‍ സൂക്ഷിച്ചു നോക്കണം. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്മാരുടെ യൂണിഫോമുകള്‍ റിസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ചതാണ്.


Next Story

Related Stories