TopTop
Begin typing your search above and press return to search.

ഡെറാഡൂണ്‍ - മസൂറി - സാംക്രി വഴി 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്ക് ഒരു ട്രെക്കിങ്ങ്

ഡെറാഡൂണ്‍ - മസൂറി - സാംക്രി വഴി 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്ക് ഒരു ട്രെക്കിങ്ങ്

യാത്ര ചെയ്യുന്ന ഇടത്തേക്കാള്‍ ആ യാത്രയില്‍ നമ്മള്‍ അനുഭവിക്കുന്ന നിമിഷങ്ങളെ അടയാളപ്പെടുത്താന്‍ ആണ് മിക്കപ്പോഴും ശ്രമിക്കാറുള്ളത്. അതാണ് മനസ്സില്‍ സൂക്ഷിച്ചു വെക്കാറുള്ളതും. ഇത്തവണ ഓഫീസിലെ അവധി ദിനങ്ങളില്‍ എവിടേക്ക് യാത്ര പോകണം എന്നത് ഒരു ചോദ്യമായി വന്നപ്പോള്‍ ആദ്യം വന്ന ഉത്തരം ഹിമലായന്‍ മലനിരകളില്‍ ഉള്‍പ്പെടുന്ന ഉത്തരാഖണ്ഡിലെ 12,500 അടി ഉയരമുള്ള കേദാര്‍കാന്തയിലേക്കുള്ള (Kedarkantha) ട്രെക്കിങ്ങ് എന്നത് ആയിരുന്നു. ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ലീവ് ഉള്ള ദിവസങ്ങളിലെ എല്ലാ ടിക്കറ്റുകളും തീര്‍ന്നിരിക്കുന്നു. എന്നാല്‍ സന്ധക്ഫൂ പോകാമെന്നു വെച്ചപ്പോള്‍ അതിനു ഇഷ്ടംപോലെ ടിക്കറ്റ് ലഭ്യം ആണ്. ആരെങ്കിലും കേദാര്‍കാന്തക്കുള്ള ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലോ എന്നു ഓര്‍ത്തു പയ്യെ ബുക്ക് ചെയ്താല്‍ മതി എന്നു വെച്ചു. അങ്ങനെ ഒരു പാതിരാത്രി വെറുതെ ചെക്ക് ചെയ്തെപ്പോള്‍ ഒരു സീറ്റ് ലഭ്യം ആണെന്ന് കണ്ട് അപ്പൊ തന്നെ ബുക്ക് ചെയ്തു. അങ്ങനെ എവിടേക്ക് പോകണം എന്നതില്‍ ഒരു തീരുമാനം ആയി.

ഡെറാഡൂണ്‍ - മസൂറി - സാംക്രി (Sankri) അതാണ് കേദാര്‍കാന്ത ട്രെക്കിംഗിന് പോകുന്ന വഴി. 50 പേരാണ് ഒരു ഗ്രൂപ്പിന്റെ മാക്‌സിമം അംഗസംഖ്യ. ഞാന്‍ പോയ ഗ്രൂപ്പില്‍ 45 പേരോളം പങ്കെടുത്തു. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ളവര്‍. തെക്കേ ഇന്ത്യയില്‍, കര്‍ണാടകയില്‍ നിന്നുള്ള മൂന്നാല് പേര്‍. സംഘികള്‍ക്ക് ഇടയില്‍ ഒരു ഇടവേള എന്നു ഓര്‍മയില്‍ അങ്ങോളം അടയാളിപ്പെടുത്തേണ്ടി ഇരുന്ന ഒരു യാത്ര ആയിരുന്നു കേദാര്‍കാന്ത യിലേക്കുള്ള ട്രെക്കിങ്ങ്, അങ്ങനെ ആകാതെ മനസില്‍ ക്യാമ്ബിന്റെ മനോഹാരിത നല്‍കിയത് മൂന്നാലഞ്ചു പേരാണ്.

കേരളത്തില്‍ നിന്നും വരുന്നു എന്നു ചായകുടിക്കുന്നതിനു ഇടയില്‍ ഒരു ചെറിയ ഗ്രൂപ്പിനോട് പറഞ്ഞപ്പോ ഞാന്‍ നേരിട്ട ആദ്യ ചോദ്യം 'കേരളത്തില്‍ ഹിന്ദുക്കളെക്കാളും കൂടുതല്‍ മുസ്ലിങ്ങള്‍ ആണല്ലേ, അവര്‍ ഹിന്ദുക്കളെ ഭയപ്പെടുത്തുക ആണല്ലേ എന്നതാണ്? പാകിസ്ഥാന്‍ പതാക വരെ ഉയര്‍ത്താന്‍ മടിയില്ലാത്ത രാജ്യ സ്‌നേഹം ഇല്ലാത്തവരുടെ നാടായി കേരളം മാറി അല്ലേ '. ആദ്യം ഒരു പകപ്പ് ആയിരുന്നു. കണ്ടിട്ട് രണ്ടു മിനിറ്റ് പോലും ആകുന്നതിനുമുന്‍പ് ഇങ്ങനെ ഒക്കെ ഒരാളോട് ചോദിക്കാന്‍ ഉള്ള മനസിന് ആദ്യം നമോവാകം ചൊല്ലി. ഇത്രമേല്‍ ഔപചാരികത ഇല്ലാത്തവരുടെ എണ്ണം കൂടി വരികയാണ് എന്നത് ഊട്ടി ഉറപ്പിക്കുന്ന ആളുകളുടെ സംഭാഷണങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

നമ്മുടെ സമൂഹത്തില്‍ മുന്‍പത്തിനേക്കാളും അപരമത വിദ്വേഷം പടര്‍ന്നു കേറിയിരിക്കുന്നു. വെറുതെ കൈ കൊട്ടി ജയ് വിളിക്കാന്‍ മാത്രം അല്ല, കോടാലി കൈക്കളാകാന്‍ പോലും മടി ഇല്ലാത്തവരുടെ എണ്ണം ഏറി വരുന്നു. എന്നെ ചിന്തിപ്പിച്ച വേറെ ഒരു കാര്യം ഇവരാരും തന്നെ കേശവന്‍ മാമന്മാര്‍ അല്ല, കുറഞ്ഞത് ബിരുദാനന്തരബിരുദം ഒക്കെ ഉള്ളവര്‍ ആണ് ഇങ്ങനെ വച്ചു കാച്ചുന്നത്. സംഘി എന്നത് ഒരു പ്രത്യേക മാനസിക അവസ്ഥ ആണെന്നു മനസിലാക്കുക ആയിരുന്നു.

അപ്പോള്‍ എന്റെ ഓര്‍മയില്‍ വന്നത് കുറെ മാസങ്ങള്‍ക്കു മുന്‍പ് അര്‍ദ്ധരാത്രി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ടാക്‌സി ഡ്രൈവറുടെ ചോദ്യമാണ് 'കേരളത്തില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ അപകടപ്പെടുത്തുന്നതു പതിവാണല്ലേ?, മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് കൂട്ട് നില്‍ക്കുക ആണല്ലേ എന്ന്. ഞാന്‍ ഞെട്ടാതിരുന്നില്ല. കാരണം അയ്യാള്‍ സഖാവിന്റെ പേര് വ്യക്തമായി ഉച്ചരിച്ചത് കൊണ്ട് ആണ്. അതൊക്ക വെറുതെ വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്ന നുണകള്‍ ആണ് എന്നു ഞാന്‍ എത്ര പറഞ്ഞിട്ടും അയാള്‍ക്ക് വിശ്വാസം ആകുന്നുണ്ടായിരുന്നില്ല.

ഇനി നമ്മുടെ യാത്ര വിശേഷത്തിലേക്ക് വരാം. വൈകിട്ട് ആറര ആയപ്പോ ഡല്‍ഹിയിലെ റൂമില്‍ നിന്നും ഇറങ്ങി. പുകമഞ്ഞു പൊതിഞ്ഞ നഗരം മനസിനെ അതേ പടി പകര്‍ത്തുന്നു എന്നു തോന്നി. കഴിഞ്ഞ വര്‍ഷത്തെ നേപ്പാള്‍ യാത്ര ഓര്‍മ വന്നു. ടൈഫോയ്ഡുമായി മല്ലിട്ട രണ്ട് മാസങ്ങള്‍ ഓര്‍മ വന്നു. അതിനിടയിലും ഉന്മാദത്തിന്റെ വെള്ളി രേഖ പോലെ കാഠ്മണ്ഡുവിലെ, തമേലിലെ സായാഹ്നങ്ങള്‍ ഓര്‍മ വന്നു, അത് മതി അങ്ങനെ ഉള്ള ഏതാനും നിമിഷങ്ങള്‍ മതി ഏതു യാത്രയെയും ഓര്‍മയില്‍ നില നിര്‍ത്താന്‍. ആദ്യം ഉദ്ദേശിച്ചത് ഡെറാഡൂണ്‍ പോയി അവിടെ നിന്നു മസൂറി പോകാം എന്നായിരുന്നു ആദ്യം പരിപാടി.

പക്ഷെ മസൂറിക്ക് നേരെ ഒരു ബസ് കണ്ടപ്പോ അതങ്ങു കേറി ബുക്ക് ചെയ്തു. അതൊരു ചതി ആയിപ്പോയി എന്നു പിന്നീട് തോന്നി. റെഡ് ബസില്‍ കാണിച്ച ബസ് അല്ല വന്നത്, അതിനു പുറമെ പുഷ്ബാക്ക് എന്നു പറഞ്ഞിട്ടു, ഇല്ല ഇല്ല പിന്നോട്ടില്ല എന്നു ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന സീറ്റ്. തണുപ്പ് കാരണം ഹീറ്റര്‍ പ്രതീക്ഷച്ച നമ്മള്‍ ശശി ആയി. ഒരു പുതപ്പ് പോലും തന്നില്ല കശ്മലന്മാര്‍. പത്തര കഴിഞ്ഞപ്പോള്‍ പുറപ്പെട്ട ബസ് വെളുപ്പിന് അഞ്ചര ആയപ്പോള്‍ മസൂറി എത്തി.

നല്ല തണുപ്പ്. ബസ് സ്റ്റോപ്പില്‍ നിന്നും 3 കിലോമീറ്റര്‍ പോകണം താമസം അറേഞ്ച് ചെയ്ത ഇടത്ത്. ആറര ആകുമ്ബോള്‍ എത്തും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ബസ് നേരത്തേ എത്തി. ലോക്കല്‍ ബസുകള്‍ ഒന്നും ആ സമയത്തു കാണുന്നില്ല. ടാക്സികള്‍ ഉണ്ട്. ചോദിച്ചപ്പോ മുടിഞ്ഞ റേറ്റ്. 3 കിലോമീറ്റര്‍ ദൂരം 250 രൂപ കൊടുക്കാം എന്നു പറഞ്ഞിട്ടും അവന്മാര്‍ വരുന്നില്ല. ഉറക്കവും തണുപ്പും കാരണം എങ്ങനെ എങ്കിലും റൂമില്‍ എത്തിപ്പെടാന്‍ ഉള്ള തത്രപ്പാടില്‍ ആയിരുന്നു ഞാന്‍. അവസാനം ഒരാളോട് കാല് പിടിച്ചപ്പോള്‍ പുള്ളി വരാമെന്ന് പറഞ്ഞു. അങ്ങനെ താമസ സ്ഥലത്തു എത്തി. കെയര്‍ ടേക്കറെ കാണാത്തൊണ്ടു റിസപ്ഷനിലെ സെറ്റിയില്‍ ഇരുന്നു കുറച്ചു നേരം മയങ്ങി. ഏഴര ആയപ്പോള്‍ ഡോര്‍മിറ്ററി കിട്ടി.

കുറച്ചു കഴിഞ്ഞു ഒന്ന് ഫ്രഷ് ആയപ്പോള്‍ മസൂറി ഒന്ന് കറങ്ങാം എന്നു വെച്ചു ബസ് കേറി. ഒരു സ്ഥലവും അങ്ങനെ കാണണം എന്നു എനിക്ക് ഉണ്ടായിരുന്നില്ല. കുറച്ചു നടക്കണം എന്നു തോന്നി, എവിടേക്ക് എങ്കിലും. ഇറങ്ങി നേരെ മാള്‍ റോഡിലോട്ട് വച്ചു പിടിപ്പിച്ചു. തുടക്കത്തില്‍ വഴിയുടെ ഇരു വശത്തും ചെറിയ കടകള്‍. മുന്നോട്ടു പോകും തോറും ഒരു വശത്തു മനോഹരമായ കുന്നുകള്‍ കണ്ട് തുടങ്ങും. അങ്ങനെ പോകും വഴി ഗണ്‍ ഹില്ലിലേക്ക് ഉള്ള കേബിള്‍ കാര്‍ കണ്ടു, പക്ഷെ അതത്ര ഇഷ്ടപ്പെട്ടില്ല. വീണ്ടും മുന്നോട്ട് നടന്നു എന്തൊക്കെയോ ആലോചിച്ചു, ഓരോ പാട്ടൊക്കെ പാടി. എന്തൊക്കെ കണ്ടു എന്നത് ആലോചിച്ചിട്ട് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല, നടന്നത് മാത്രമേ കാര്യമായി ഓര്‍മ്മയില്‍ ഉള്ളൂ. വൈകീട്ട് അഞ്ചു മണി ആകാറായപ്പോ തിരിച്ചു താമസിക്കുന്ന ഇടത്തേക്ക് പോയി. പിറ്റേന്ന് മുതല്‍ ക്യാമ്ബിലേക്ക് യാത്ര ആരംഭിക്കുന്നത് കൊണ്ട് അതിന് മുന്നോടിയായി നമുക്ക് കാര്യങ്ങള്‍, തയ്യാറെടുപ്പുകള്‍ എല്ലാം ഗൈഡ് അത്താഴം കഴിച്ചതിനു ശേഷം വിശദീകരിക്കുകയുണ്ടായി. മഞ്ഞു കാലത്തെ ട്രെക്കിങ്ങ് സാധാരണ വച്ചു നോക്കുമ്ബോ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും. അതിനെ മറികടക്കാന്‍ മാനസികമായും ശാരീരികമായും ഒന്ന് തയ്യാറെടുക്കുന്നത് നല്ലതായിരിക്കും.

മസൂറിയില്‍ വന്നതിന്റെ പിറ്റേ ദിവസം രാവിലെ ആണ് സാംക്രിയിലേക്കു ഉള്ള ബസില്‍ ഞങ്ങള്‍ പുറപ്പെട്ടത്. മൂന്നാലു പേരുമായി പരിചയത്തിലായി. ബാക്കിയുള്ളവര്‍ അഞ്ചും പത്തും പേരടങ്ങുന്ന കൂട്ടമായി ട്രെക്കിങ്ങിനു വന്നവരാണ്. ഒറ്റക്കു വന്നവര്‍ കുറച്ചേ ഉള്ളൂ ഓരോന്നൊക്കെ ചെറിയ കൂട്ടത്തില്‍ പറഞ്ഞു അങ്ങനെ ബസ് യാത്ര പുരോഗമിച്ചു. ഗോവിന്ദ് നാഷണല്‍ പാര്‍ക്കിന്റെ പരിധിയിലൂടെ ആണ് നമ്മള്‍ കടന്നു പോകുന്നതും ട്രെക്കിങ്ങ് ചെയ്യേണ്ടതും. മൊബൈല്‍ റേഞ്ച് ഉച്ച കഴിഞ്ഞാല്‍ പിന്നെ കേദാര്‍കാന്ത പീക്കില്‍ എത്തിയാല്‍ മാത്രമേ കിട്ടുകയുള്ളൂ എന്നു നേരത്തേ പറഞ്ഞിരുന്നു. ഉച്ച കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ പിന്നെ ടോര്‍ച് അല്ലെങ്കില്‍ ക്യാമറ എന്നീ രണ്ടു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഉച്ച ഭക്ഷണം പാക്ക് ചെയ്തു എടുത്തിരുന്നു. യാത്രയുടെ ഇടയ്ക്കു വെച്ചു കഴിക്കുകയും ചെയ്തു.

150 കിലോമീറ്റര്‍ ഉള്ളൂ മസ്സൂറിയില്‍ നിന്നും സാംക്രി വരെ. പുലര്‍ച്ചെ ഏഴു മണിക്ക് ആരംഭിച്ച യാത്ര പക്ഷെ നാലര ആയപ്പോള്‍ ആണ് അവസാനിച്ചത്. കുന്നും മലകളും താണ്ടി ഒമ്ബതര മണിക്കൂര്‍ എടുത്തു. ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ രണ്ടു വട്ടം നിര്‍ത്തിയിരുന്നു. അങ്ങനെ സാംക്രി എത്തി. മഞ്ഞു കണ്ട് തുടങ്ങിയപ്പോ മനസില്‍ ഒരു കുളിര്. നടന്നു കേറേണ്ട മഞ്ഞു മല ബേസ് ക്യാമ്ബില്‍ നിന്നാല്‍ കാണാം. കിടക്കാന്‍ ഉള്ള ബാഗും, പുതപ്പും വാങ്ങി നേരെ ഒരു ടെന്റിലേക്ക് വെച്ചു പിടിച്ചു. ഒരു ടെന്റില്‍ പത്തു പേര്‍ക്ക് അനായാസം കിടക്കാം. കാറ്റ് ഉണ്ടായത് കൊണ്ടാകും നന്നായി തണുക്കുന്നു. ഭക്ഷണം കഴിച്ചു നേരത്തേ കിടന്നു. പിറ്റേ ദിവസം എക്‌സര്‍സൈസ് ചെയ്യാന്‍ 7 മണിക്ക് റെഡി ആയി നില്‍ക്കണം. അത് കഴിഞ്ഞിട്ട് വേണം കാലാവസ്ഥയും ഉയരത്തിലൂടെ ഉള്ള നടത്തവും പരിചയം ആകാന്‍ ഉച്ച വരെ ഉള്ള ചെറിയ ട്രെക്കിങ്ങിന് പോകാന്‍. തണുപ്പ് തുളച്ചു കേറുന്നു. കരിമ്ബടം തലക്ക് മുകളിലൂടെ ഇട്ട് സ്ലീപ്പിങ് ബാഗില്‍ ചുരുണ്ടു കൂടി കൂര്‍ക്കം വലിച്ചു ഞാന്‍ കിടന്നു ഉറങ്ങി...

തുടരും..


Next Story

Related Stories