TopTop
Begin typing your search above and press return to search.

'ബറോഡയില്‍ നിന്ന് ലഡാക്കിനെ ലക്ഷ്യം വച്ചു പോയ രണ്ട് മണ്ടന്മാരുടെ റോഡ് ട്രിപ്'

ബറോഡയില്‍ നിന്ന് ലഡാക്കിനെ ലക്ഷ്യം വച്ചു പോയ രണ്ട് മണ്ടന്മാരുടെ റോഡ് ട്രിപ്

യാത്ര എന്ന വികാരം തലക്കുപിടിച്ച അന്നുമുതല്‍ ഉള്ള ആഗ്രഹം ആയിരുന്നു ലേഹ് എന്ന സ്വര്‍ഗം. ഒരുപാട് നാളുകളുടെ കാത്തിരിപ്പിനുശേഷം ദൈവം ഒരു അവസരം ഒരുക്കിതന്നു ലേഹ് എന്ന സുന്ദരിയെ ഒരുനോക്ക് കാണാന്‍.

2019 ജൂണ്‍, പെങ്ങളുടെ കല്യാണം ഭംഗിയായി നടന്ന ശേഷം ഒരു നീണ്ട അവധി. റെയില്‍വേ എക്‌സാം ഉണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് ചാടാന്‍ ആയിരുന്നു പ്ലാന്‍. നേരത്തെ എഴുതിയ റയില്‍വേ എക്‌സാം കോള്‍ ലറ്റെര്‍ ഒന്നു ഫോട്ടോഷോപ്പ് ഒക്കെ ചെയ്ത് ഡേറ്റ്, ലൊക്കേഷന്‍ മാറ്റി ചണ്ഡീഗഡ് എന്ന് എഴുതി അപ്പനെ കാണിച്ചു പാവം അപ്പന്‍, മകന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ അല്ലെ എന്ന് വിചാരിച്ച് 5000 രൂപയും എടുത്തു എന്റെ നേര്‍ക്ക് നീട്ടി പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

സമ്മതം കിട്ടിയ സ്ഥിതിക്ക് കൂട്ടിന് ജസ്ബിനെയും (ചങ്കാണ്) വിളിച്ചു. കക്ഷി അപ്പോള്‍ ഒരു ആക്‌സിഡന്റ് കഴിഞ്ഞ് കാലിന് പരിക്കുപറ്റി വീട്ടിലിരിപ്പാണ്. വിവരം അറിയിച്ചപ്പോള്‍ അതൊന്നും വിഷയമല്ല നമ്മക്ക് പോകാടാ എന്ന അവന്റെ വാക്കുകൂടെ കേട്ടപ്പോ എന്റെ സ്വപ്നങ്ങള്‍ക്ക് മെല്ലെ ചിറകുമുളച്ചു.

അങ്ങനെ ഒരുരാത്രിമുഴുവന്‍ കുത്തിയിരുന്ന് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ലേഹ് എന്ന സുന്ദരിയെ സ്വപ്നം കണ്ട് അല്പനേരം ഒന്നു മയങ്ങി. പിറ്റേന്ന് അതിരാവിലെ റൈഡര്‍ ചങ്കിന്റെ കയ്യില്‍ നിന്ന് ഒരു ടെന്റും സങ്കടിപ്പിച്ചു. തിരിച്ചു വന്ന് പെട്ടെന്ന് ഒരു കുളിയൊക്കെ പാസ്സാക്കി പോകാന്‍ തയ്യാറായി. അമ്മ അഹാരവും മറ്റും ബാഗില്‍ വച്ചു. പോകുന്നതിനു മുമ്പേ പ്രാര്‍ത്ഥിച്ച ശേഷം സൂക്ഷിച്ച് പോകണം എന്ന നിര്‍ദ്ദേശവും തന്നു.

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മയോടും അച്ഛനോടും കള്ളം പറഞ്ഞാണല്ലോ പോകുന്നത് എന്ന വിഷമം എന്നെ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിച്ചു. അച്ഛനെയും അമ്മയെയും നോക്കി പോയി വരാം എന്നുപറഞ്ഞ് കണ്ണുകള്‍ മെല്ലെ ഒന്നടച്ചു. ലേഹ് എന്ന സുന്ദരി നിനക്ക് വേണ്ടിയാണിതെല്ലാം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാനും അവനും റയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.

കുടുംബമായി ഗുജറാത്തില്‍ അങ്കലേശ്വര്‍ എന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ യാത്രയുടെ തുടക്കവും ഇവിടെ നിന്ന് തന്നെയായിരുന്നു. അങ്കലേശ്വര്‍, ഡല്‍ഹി, മണാലി, ഷിംല അതായിരുന്നു ഒരു രാത്രി കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കിയെടുത്ത പ്ലാന്‍. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഡല്‍ഹിക്ക് ടിക്കറ്റും എടുത്ത് പോകേണ്ട തീവണ്ടിയുടെ ചൂളംവിലിക്ക് കാതോര്‍ത്ത് ഞങ്ങളിരുന്നു.

അപ്പോഴേക്കും ഇതെല്ലാം അഞ്ച് ദിവസം കൊണ്ട് നടക്കുമോ എന്ന ചിന്ത ഒരു ചോദ്യചിഹ്നം പോലെ എന്റെ മനസ്സില്‍ വന്നു. പോയി വരാന്‍ അഞ്ച് ദിവസം വേണം എന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്. എന്തായാലും വരുന്നിടത്ത് വച്ചുകണാം എന്ന് എന്ന് മനസ്സില്‍ വിചാരിച്ച് ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്തു.. 15000 രൂപ.

അരമണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ വന്നു. ലോക്കല്‍ ബോഗിയുടെ അടുത്തേക്ക് ഞങള്‍ ഓടി. പ്രതീക്ഷിച്ചതിലും അധികം തിരക്കായിരുന്നു ട്രെയിനില്‍ അതുകൊണ്ടുതന്നെ ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. വാതിലില്‍ തൂങ്ങിക്കിടന്നായിരുന്നു അടുത്ത രണ്ടു സ്റ്റോപ്പുവരെയുള്ള യാത്ര. അവന്റെ കാലിന് മുറിവുള്ള കാരണം അധികനേരം അവന് സഹിച്ച് നില്‍ക്കാന്‍ പറ്റിയില്ല. വണ്ടിയിലെ ചവിട്ടും തൊഴിയും കൊണ്ട് അവന്റെ കാലു ഏകദേശം നീരുവച്ച അവസ്ഥയായി.

ട്രെയിന്‍ ബറോഡ സ്റ്റേഷന്‍ എത്തി. നമ്മുക്ക് ഇവിടെ ഇറങ്ങാം എന്ന് ഞാന്‍ അവനോട് പറഞ്ഞു. തിരക്കില്ലാത്ത ഏതെങ്കിലും വണ്ടിക്ക് പോകാം എന്ന് തീരുമാനിച്ച് ഞങള്‍ ബറോഡയില്‍ ഇറങ്ങി. സമയം ഏകദേശം വൈകുന്നേരത്തോടടുക്കാറായിരുന്ന്. അടുത്ത വണ്ടിയുടെ സമയം രാത്രി പത്തുമണി ആണെന്ന് അറിഞ്ഞതോടെ യാത്രയുടെ പകുതി മൂടും പോയി. നാളെ അതിരാവിലെ ഡല്‍ഹി എത്തണം എന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

ലേഹ് എന്ന് ലക്ഷ്യം മാറ്റി വേറേ എവിടെയെങ്കിലും പോയാലോ എന്ന് ഞങ്ങള്‍ ചിന്തിച്ചു. കൂടെ അവന്റെ കാലിലെ മുറിവില്‍ മരുന്നോക്കെ വച്ച് അല്പനേരം വിശ്രമിച്ചു. പണ്ടാരോ പറഞ്ഞത് പോലെ planned trips never happens അതാകും വിധി. കള്ളം പറഞ്ഞ് ഇറങ്ങിയതല്ലേ പോകാന്‍ യോഗം ഇല്ല എന്ന് അവന്‍ എന്നോട് പറഞ്ഞു.

ഈ കാലിലെ മുറിവൊക്കെ മറന്ന് എന്റെ കൂടെ വരാന്‍ നിനക്ക് പറ്റുമോ ഞാന്‍ അവനോട് ചോദിച്ചപ്പോള്‍ അവന്‍ സമ്മതം പറഞ്ഞു. ട്രെയിന്‍ അല്ലെ പോയത് നമുക്ക് ബസ്സിനു പോകാമല്ലോ.

പിന്നീട് അങ്ങോട്ട് നടന്നത് ബറോഡയില്‍ നിന്ന് ലഡാക്കിനെ ലക്ഷ്യം വച്ചു പോയ രണ്ട് മണ്ടന്മാരുടെ റോഡ് ട്രിപ് ആയിരുന്നു...

(തുടരും)


Next Story

Related Stories