TopTop
Begin typing your search above and press return to search.

പിങ്കും വെള്ളയും നീലയും നിറങ്ങള്‍ വാരിപ്പൂശി, മുഖം കുനിച്ച് നോക്കി നില്‍ക്കുന്ന സുന്ദരിപ്പൂവിനെ തേടിയുള്ള യാത്ര

പിങ്കും വെള്ളയും നീലയും നിറങ്ങള്‍ വാരിപ്പൂശി, മുഖം കുനിച്ച് നോക്കി നില്‍ക്കുന്ന സുന്ദരിപ്പൂവിനെ തേടിയുള്ള യാത്ര

ശിരൂയി ലില്ലി.. പിങ്കും വെള്ളയും നീലയും നിറങ്ങള്‍ വാരിപ്പൂശിയ 'ഉടുപ്പിട്ട്' നാണം കുണുങ്ങി, മുഖം കുനിച്ച് നോക്കി നില്‍ക്കുന്ന സുന്ദരിപ്പൂവ്, ഇവള്‍ മനസ്സില്‍ കയറി കൂടിയിട്ട് വര്‍ഷങ്ങളായി. മണിപ്പൂരിന്റെ സംസ്ഥാന പുഷ്പം കൂടിയാണ് ആശാത്തി.

ഔദ്യോഗികമായി ലില്ലിയെ കണ്ടെത്തിയ കാലം മുതല്‍ അവളെ മറ്റു പല സ്ഥലങ്ങളിലും നട്ടു വളര്‍ത്താന്‍ ശ്രമിച്ചെങ്കിലും, ശിരൂയി ലില്ലി വേറേ ഒരു പ്രദേശത്തും വളരാന്‍ കൂട്ടാക്കിയില്ല എന്ന പ്രത്യേകതയാണ്, എന്നെ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ലില്ലിയെ കാണാനുള്ള ഏക മാര്‍ഗം, ലില്ലി വളരുന്ന ശിരൂയി മലനിരകള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു.

ശിരൂയി ലില്ലി (ചിത്രം - മണിപ്പൂര്‍ ടൂറിസം വകുപ്പ്)

മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്ലാന്‍ ഉണ്ടാക്കിയപ്പോള്‍ ആദ്യം തന്നെ ഞാന്‍ കണാന്‍ കൊതിക്കുന്ന ലില്ലി, ലിസ്റ്റില്‍ കടന്നു കൂടി. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാല്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഉഖ്രുല്‍ പട്ടണത്തിന് അടുത്താണ് ശിരൂയി ലില്ലി കാണപ്പെടുന്ന ശിരൂയി കുന്നുകള്‍. ഉഖ്രുല്‍ ആണെങ്കില്‍, മണിപ്പൂരിലെ ഏറ്റവും ഉയര്‍ന്ന ഹില്‍ സ്റ്റേഷനും. അതുകൊണ്ട് ഉഖ്രുലില്‍ താമസിച്ച് ലില്ലിയെ കണ്ട് വരാന്‍ തീരുമാനിച്ചു.

തങ്കൂല്‍ നാഗന്മാരുടെ കേന്ദ്രമാണ് ഉഖ്രുല്‍. തങ്കുല്‍ നാഗന്മാര്‍ ഒരു പ്രബല ഗോത്ര വിഭാഗക്കാരാണ്. ഇവര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പോലും വലിയ മേല്‍ക്കോയ്മയില്ല. ഈ ഭാഗങ്ങളില്‍ നീതിവ്യവസ്ഥ തീരുമാനിക്കുന്നത് ഗോത്ര തലവന്മാരായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ആളുകള്‍ അധികം സന്ദര്‍ശിക്കാന്‍ ഭയക്കുന്നു. കേട്ടപ്പോള്‍ ചെറിയ പേടിയോക്കെ തോന്നിയെങ്കിലും ലില്ലിയെ കാണാന്‍ എന്ത് റിസ്‌ക് എടുക്കാനും തയ്യാര്‍ ആയിരുന്നു.

ഉഖ്രുല്‍ പദ്ധതി, ഇംഫാല്‍ ഉള്ള സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അവര്‍ ഒറ്റക്ക് പോകാന്‍ സമ്മതിച്ചില്ല. അങ്ങനെ സുഹൃത്തുക്കളായ നൊങ്കുവും, തമോയും കൂടെ ഉഖ്രുല്‍ പോകാന്‍ തീരുമാനിച്ചു. അവിടെയുള്ള ഹോട്ടലില്‍ രണ്ട് റൂം ബുക്ക് ചെയ്തു. നാഗാലാന്‍ഡിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഒക്കെ കെങ്കേമമായി ആഘോഷിച്ച് മണിപ്പൂരില്‍ എത്തിയ ദിവസമാണ് പൗരത്വ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. അതോടെ എല്ലായിടത്തും പ്രശ്‌നങ്ങള്‍ തുടങ്ങി. മണിപ്പൂര്‍ ബന്ദ് പ്രഖ്യാപിച്ചു.

ഉഖ്രുല്‍ യാത്രക്കിടെ കണ്ട ദൃശ്യം

തമോയുടെ ജീപ്പിലാണ് ഉഖ്രുല്‍ പോകാന്‍ തീരുമാനിച്ചിരുന്നത്. ബന്ദ് പ്രഖ്യാപിച്ചതുകൊണ്ട് ഫോര്‍ വീലര്‍ എടുക്കാന്‍ പറ്റില്ല. ഒന്നുകില്‍ ശിരുയി ലില്ലിയെ മറക്കണം. അല്ലെങ്കില്‍ തമോയുടെ കൂടെ ബുള്ളറ്റില്‍ പോകണം. ലില്ലിയെ മറക്കാന്‍ പറ്റില്ല. അതുകൊണ്ട് ബുള്ളറ്റില്‍ ഞാനും തമോയും യാത്ര പുറപ്പെട്ടു.ഉച്ചക്ക് രണ്ട് മണി അടുപ്പിച്ചാണ് പുറപ്പെട്ടത്. പോകുന്ന വഴിക്ക് വഴിയോരത്ത് കണ്ട ചന്തയില്‍ വെറുതേ വണ്ടി നിര്‍ത്തി. അവിടെ കടയില്‍ ചക്കയും വാഴപ്പിണ്ടിയുമോക്കെ കണ്ടപ്പോള്‍ സന്തോഷം ആയി. വേണമെങ്കില്‍ ചക്ക, മണിപ്പൂരിലും കായ്ക്കും! കടകളില്‍ മിക്കവാറും വയസ്സായ സ്ത്രീകള്‍ ആയിരുന്നു കച്ചവടം ചെയ്യാന്‍ ഇരുന്നത്. മുഖത്ത് ധാരാളം ചുളിവുകള്‍ ഉണ്ടെങ്കിലും നല്ല ഭംഗി ആയിരുന്നു അവരെ കാണാന്‍.

ഉഖ്രുല്‍-ലേക്കുള്ള വഴി വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു. പൊട്ടി പൊളിഞ്ഞ റോഡുകളായിരുന്നു മിക്ക സ്ഥലങ്ങളിലും. അന്തരീക്ഷത്തിലെ താപനില ഏകദേശം 12 ഡിഗ്രിയായിരുന്നു. തണുപ്പ് കാരണം ആലില വിറക്കുന്ന പോലെ ഞാന്‍ ബുള്ളറ്റില്‍ ഇരുന്ന് വിറച്ചു. പ്രകൃതി രമണീയമായ പല ദൃശ്യങ്ങള്‍ കണ്ണില്‍ പതിഞ്ഞെങ്കിലും ഗ്ലൗസ് ഊരുന്ന കാര്യം പോലും ആലോചിക്കാന്‍ വയ്യായിരുന്നൂ. അതുകൊണ്ട് പടം ഒന്നും പിടിച്ചില്ല. തിരിച്ച് പിറ്റെദിവസം രാവിലെ പോരാനായിരുന്നൂ പ്ലാന്‍. അപ്പോല്‍ തണുപ്പ് കുറവ് കാണും എന്നുള്ളതുകൊണ്ട് തിരിച്ചു വരുമ്പോള്‍ പടം പിടിക്കാം എന്ന് ആശ്വസിച്ചു.

വൈകിട്ട് അഞ്ച് മണിക്ക് ഉഖ്രുല്‍ പട്ടണത്തില്‍ എത്തി. ഉഖ്രുല്‍ ഹില്‍സ്റ്റേഷന്‍ എന്ന് പറഞ്ഞത് കൊണ്ട് മൂന്നാറിലെ ദൃശ്യങ്ങള്‍ പ്രതീക്ഷിച്ച് അവിടെ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ പിന്നോട്ട് പോയ ഒരു പ്രതീതിയായിരുന്നു.പഴയ കെട്ടിടങ്ങളും, അലുമിനിയം ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയും, തടിപ്പലക കൊണ്ടുള്ള വാതിലുകളുമാണ് വരവേറ്റത്. സൂര്യന്‍ അസ്തമിക്കുന്ന സമയമായതു കൊണ്ട് മിക്ക കടകളും പൂട്ടി തുടങ്ങിയിരുന്നു.

ഉഖ്രുല്‍ പട്ടണം

ഞങ്ങള്‍ നേരത്തേ പറഞ്ഞു വച്ച ലോഡ്ജില്‍ എത്തി. നല്ല വിശപ്പായതുകൊണ്ട്, റൂമില്‍ സാധനങ്ങള്‍ വച്ച് ഞാന്‍ പുറത്തോട്ടിറങ്ങി. തൊട്ടടുത്ത് ഒരു ചെറിയ ഹോട്ടല്‍ കണ്ടൂ. ഹോട്ടലിന്റെ ഒരു ഭാഗത്ത് ഉടമസ്ഥയായ സ്ത്രീയും രണ്ടു മക്കളുമാണ് താമസം. താലി മീല്‍സ് മാത്രമേ കഴിക്കാനുള്ളു. ഞാന്‍ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാണ് കുക്കറില്‍ ചോറ് വേവിക്കാന്‍ തുടങ്ങിയത്.

ഒരു മണിക്കൂര്‍ കട്ട പോസ്റ്റ് ആയല്ലോ എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ഉടമസ്ഥയുടെ മകള്‍ ഷിമ്യോ എന്റെ അടുത്ത് വന്ന് സംസാരിക്കാന്‍ തുടങ്ങിയത്. അവളാണ് ലില്ലിയെ പറ്റി കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നത്. 'കശോങ് ടിംരവോണ്‍' എന്നാണ് ലില്ലിയുടെ ലോക്കല്‍ പേര്. ശിരൂയി മലകള്‍ കാത്തു സംരക്ഷിക്കുന്ന ഫിലാവ ദേവിയുടെ മകളാണ് ടിംരവോണ്‍ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അത് പറിക്കുകയോ, മാറ്റി നടുകയോ ഒന്നും ചെയ്യില്ല. വേറെയും ഒന്ന് രണ്ടു കെട്ട് കഥകള്‍ പ്രചാരത്തിലുണ്ട് പോലും.

അതിലൊന്ന് ഒരു രാജകുമാരിയുടേതാണ്. തന്റെ നഷ്ടപെട്ട കാമുകനെ കാത്തിരുന്നു മരണപ്പെട്ട രാജകുമാരി ലില്ലി ആയി പുനര്‍ജനിച്ചതാണ്. വേറൊരു കഥ അവിടെ അത്മഹത്യ ചെയ്ത യുവമിഥുനങ്ങളെ കുറിച്ചുള്ളതായിരുന്നു. ജീവിച്ചു കൊതിതീരാത്ത അവരുടെ ആത്മാവാണ് പോലും ലില്ലി! എതായാലും ലില്ലി നന്മയുടെ, സന്തോഷത്തിന്റെ, അഭിവൃദ്ധിയുടെ ദൈവികമായ ചിഹ്നമായി കരുതപ്പെടുന്നു.

മെയ് മാസം പകുതി മുതല്‍ ജൂണ്‍ വരെയാണ് പൂക്കുന്ന സമയം. ആ സമയത്ത് കാല്‍ ലക്ഷത്തോളം വരുന്ന സന്ദര്‍ശകര്‍ ലില്ലിയെ കാണാന്‍ എത്തും. നേരിട്ട് കാണുമ്പോള്‍ പിങ്ക് നിറമായി തോന്നുന്നു എങ്കിലും microscope കൂടി നോക്കിയാല്‍ ഏഴ് നിറങ്ങളും കാണാം എന്നാണ് പറയപ്പെടുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലില്ലിയുടെ പേരില്‍ ഒരു സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. ലില്ലിയെ കുറിച്ച് കൂടുതല്‍ പ്രചാരം ലഭിക്കാനായി ലില്ലിയുടെ പേരില്‍ എല്ലാ വര്‍ഷവും 4 ദിവസത്തെ ശിരൂയി ലില്ലി ഫെസ്റ്റിവലും നടത്താറുണ്ട്.

തങ്കുല്‍ നാഗ സ്ത്രീകള്‍ക്കൊപ്പം ലേഖിക

ലില്ലിയുടെ കഥകള്‍ കേട്ട് കഴിഞ്ഞപ്പോഴേക്കും അത്താഴം തയ്യാറായി. ഷിമ്യോ എന്റൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. നല്ല സൗഹൃദത്തിലായെങ്കില്‍ പോലും ഒന്നിച്ചു ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചു. നന്ദിയും പറഞ്ഞിറങ്ങിയ ഞാന്‍ ലോഡ്ജില്‍ പോയി ഉറങ്ങി. രാവിലെ സൂര്യന്‍ ഉദിച്ചു വരുന്നത് കാണാന്‍ പ്രത്യേക ഭംഗിയായിരുന്നു. തലേന്ന് പറഞ്ഞു വച്ച പ്രകാരം രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ ശിരൂയി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. ഉഖ്രുല്‍ നിന്നും 18 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ എങ്കിലും 1 മണിക്കൂര്‍ എടുത്തു അവിടെയെത്തിച്ചേരാന്‍.

മനോഹരമായ കാഴ്ചകളായിരുന്നു വരവേറ്റത്. തടി പലക കൊണ്ടുണ്ടാക്കിയ വീടുകളായിരുന്നു കൂടുതലും. വീടിനു മുന്‍വശം ധാരാളം പൂച്ചെടികള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. റോഡിന് നടുവില്‍ രണ്ടുപേര്‍ മേശയും ബെഞ്ചും വലിച്ചിട്ട് പൊരിവെയിലത്ത് തകര്‍പ്പന്‍ ചെസ്സ് കളിക്കുന്നു. റോഡില്‍ അങ്ങിങ്ങായി സ്ത്രീകള്‍ വെറുതേ കുത്തിയിരുന്ന് സംസാരിക്കുന്നു. ചെസ്സ് കളിക്കാരുടെ അടുത്ത് പോയി നിന്നെങ്കിലും അവര്‍ തല പൊക്കിപ്പോലും നോക്കിയില്ല. സ്ത്രീകളോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കേണ്ട താമസം അവര്‍ കൂടെ നില്‍ക്കുക മാത്രമല്ല , അതിലൊരു സ്ത്രീ എന്റെ തോളില്‍ കൈയ്യും ഇട്ടു പോസ് ചെയ്തു.

നൊങ്കു, 'തങ്കുല്‍ നാഗന്മാരെ' പറ്റി പറഞ്ഞ കഥകള്‍ ഓര്‍മ വന്നു. വളരെ ധൈര്യശാലികളും ആരെയും കൂസാത്ത പ്രകൃതിക്കാരുമാണ് തങ്കുല്‍ നാഗന്മാര്‍. മണിപ്പൂര്‍ ഉള്ള എല്ലാവരും മണിപ്പൂരി ഭാഷ സംസാരിക്കുമ്പോള്‍ ഇവര്‍ തങ്കുല്‍ ഭാഷയാണ് സംസാരിക്കുക. ഇവരുടെ പിടിപാടു കാരണം സിബിഎസ്ഇ ആദ്യമായി അംഗീകരിച്ച വടക്ക് കിഴക്കന്‍ ഗോത്ര ഭാഷ തങ്കുല്‍ ആയിരുന്നു.

കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം ഫാംഗ്രി എന്ന സ്ഥലത്തേക്ക് പോയി. അവിടെ നിന്നാണ് ശിരൂയി ലില്ലി കാണാന്‍ ട്രെക് ചെയ്തു പോകേണ്ടത്. അര മണിക്കൂര്‍ കൊണ്ട് അവിടെ എത്തി. പത്തു രൂപ എന്‍ട്രി ഫീ കൊടുത്ത് വേണം കയറി തുടങ്ങാന്‍.

ഫാംഗ്രി

ലില്ലി പൂക്കുന്ന സമയം അല്ല എന്നറിഞ്ഞിട്ടും എനിക്ക് ട്രെക്കിങ്ങ് പോകാന്‍ നല്ല ഉത്സാഹമായിരുന്നു. നീലകുറിഞ്ഞി പന്ത്രണ്ട് കൊല്ലത്തില്‍ ഒരിക്കലേ പൂക്കൂ എന്നറിഞ്ഞിട്ടും എത്രയോ തവണ കുറിഞ്ഞി പൂക്കുന്ന കുന്നുകള്‍ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ട്.

അധികം കുത്തനെ അല്ലാത്ത കയറ്റമായിരുന്നു. തമോ പറഞ്ഞു ബുള്ളറ്റില്‍ തന്നെ പോകാന്‍ പറ്റും എന്ന്. പുള്ളിടെ കോണ്‍ഫിഡന്‍സ് കണ്ട് ഞാന്‍ കയറിയിരുന്നു. കുന്ന് കയറുന്ന ബുള്ളറ്റ് ഒരു ഭീകരന്‍ ആണല്ലോ എന്ന് മനസ്സില്‍ കരുതി.

തമോ വണ്ടി മുന്നോട്ട് എടുത്തു. ഞാനൊന്ന് കണ്ണ് ചിമ്മി തുറന്നതും ആകാശമാണ് കാണുന്നത്. ഒരു നിമിഷം കിളി പോയി. പിന്നെയാണ് ആ സത്യം ഞാന്‍ മനസിലാക്കിയത്. ഞാന്‍ ബുള്ളറ്റില്‍ നിന്നും തെറിച്ചു നിലത്താണ് കിടക്കുന്നത്.

ആദ്യത്തെ ചിന്ത കൈയ്യോ കാലോ നടുവോ വല്ലതും ഒടിഞ്ഞോ എന്നതായിരുന്നു. അനക്കി നോക്കിയപ്പോള്‍ വലിയ പ്രശ്‌നമില്ല. കൈയും കാലും മുട്ടും എല്ലാം ഉരഞ്ഞ് ചോര പൊടിക്കുന്നുണ്ട്.

മനസ്സില്‍ അമ്മയുടെ പ്രാര്‍ത്ഥനക്ക് ഞാന്‍ നന്ദി പറഞ്ഞു. പലപ്പോഴും ആപത്തില്‍ നിന്നും ഞാന്‍ രക്ഷപെടുന്നത് എന്റെ അമ്മയുടെ പ്രാര്‍ത്ഥന ഒന്ന് കൊണ്ട് മാത്രമാണെന്ന് എനിക്ക് അടിയുറച്ച് വിശ്വാസമുണ്ട്. കാരണം ദൈവഭയം ഉണ്ടെങ്കില്‍ കൂടി ദിവസവും പ്രാര്‍ത്ഥിക്കുക, അമ്പലത്തില്‍ പോകുക എന്നുള്ളതൊക്കെ എനിക്ക് മടിയുള്ള കാര്യമായിരുന്നു.

പതുക്കെ എഴുന്നേറ്റ് നോക്കിയപ്പോ ബുള്ളറ്റ് നിലമ്പരിശായി കിടക്കുന്നു. ഞാനും തമോയും ശ്രമിച്ചെങ്കിലും അത് നിവര്‍ത്തി വെക്കാന്‍ പറ്റുന്നില്ല. പിന്നെ റോഡില്‍ പോയി ആളുകളെ കൂട്ടി വന്ന് ബുള്ളറ്റ് തിരികെ റോഡില്‍ എത്തിച്ചു. വീഴ്ചയോടെ ലില്ലി പ്രേമം ഇല്ലാതായി. ലില്ലിയെ കാണാനുള്ള പദ്ധതി ഉപേക്ഷിച്ചു. എത്രയും പെട്ടന്ന് തിരികെ ഇംഫാല്‍ എത്താന്‍ ധൃതിയായി.

എന്റെ അവസ്ഥ മനസ്സിലാക്കിയ തമോ വണ്ടി തിരിച്ചു ഇംഫാലിലേക്ക് വിട്ടു. വീഴ്ചയില്‍ പറന്നു പോയ കിളി തിരികെ എത്താന്‍ സമയം എടുത്തത് കൊണ്ട് തിരിച്ചു പോകുന്ന വഴിക്ക് ഫോട്ടോ ഒന്നും എടുക്കാന്‍ നിന്നില്ല. ഇംഫാല്‍ എത്തിയപ്പോഴാണ് ഒന്ന് ബോധവും ശ്വാസവും നേരെ ആയത്.

നമ്മുടെ ചില യാത്രകള്‍ പാളി പോകും. പക്ഷേ, അതുകൊണ്ടൊന്നും നമ്മള്‍ തളരരുത്. മുന്നോട്ട് തന്നെ ചുവടു വെക്കണം. റിസ്‌ക് എടുക്കണം. പുതിയ യാത്രകള്‍ പോകണം. കൂടുതല്‍ ദൂരം സഞ്ചരിക്കണം. പാളിപ്പോയ യാത്രകളും നമുക്ക് ധാരാളം അറിവുകളും അനുഭവങ്ങളും പ്രധാനം ചെയ്യും. സംശയമില്ല!


Next Story

Related Stories