TopTop
Begin typing your search above and press return to search.

ഒഡീഷയിലെ 'സിറ്റി ഓഫ് വിക്ടറി'; വിക്രമാദിത്യന്‍ കഥകളിലും അശോകന്റെ കലിംഗയിലും ഉള്‍പ്പെട്ടിരുന്ന 'വിജയ നഗരം' / വീഡിയോ

ഒഡീഷയിലെ സിറ്റി ഓഫ് വിക്ടറി; വിക്രമാദിത്യന്‍ കഥകളിലും അശോകന്റെ കലിംഗയിലും ഉള്‍പ്പെട്ടിരുന്ന വിജയ നഗരം / വീഡിയോ

'സിറ്റി ഓഫ് വിക്ടറി' എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. അതേ, തെക്കന്‍ ഒഡീഷയിലെ കൊരപുത് ജില്ലയിലെ ജോയ്പൂര്‍ ശരിക്കും ഒരു ' വിജയ നഗരം' തന്നെയാണ്. 1648-49 കാലഘട്ടത്തില്‍ രാജാവ് വീര്‍ വിക്രമ ദേവ് സ്ഥാപിച്ചതാണ് ജോയ്പൂര്‍. ഖുത്ത്വബ് ഷാഹിസുമായുള്ള കടുത്ത പോരാട്ടത്തെത്തുടര്‍ന്ന് നന്ദപൂര്‍ രാജാവായ വീര്‍ വിക്രമ ദേവ് തന്റെ ഭരണദേശം ഉപേക്ഷിച്ച് ഉയര്‍ന്ന ഉയരത്തിലുള്ള പര്‍വതനിരകള്‍ക്കിടയില്‍ ജോയ്പൂരിലെ താഴ്‌വരയില്‍ പുതിയൊരു രാജ്യം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ നഗരം നിലവില്‍ വന്നത്. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ പിന്‍ഗാമികളായ പതിനേഴ് രാജാക്കന്മാര്‍ ജോയ്പൂര്‍ തലസ്ഥാനമാക്കി ഭരിച്ചു. ആര്‍ക്കും അവരെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല. അതുകൊണ്ട് കൂടിയാണ് ജോയ്പൂരിനെ 'സിറ്റി ഓഫ് വിക്ടറി' എന്ന് വിളിക്കുന്നത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചത്തോടെയാണ് ഇവിടുത്തെ രാജഭരണം അവസാനിച്ചത്.

വനങ്ങളും, വെള്ളച്ചാട്ടങ്ങളും, പുല്‍മേടുകളും, പശ്ചിമഘട്ട മലനിരകളുടെയും അരികു താഴ്‌വരകളുടെയും (അരുകു വാലി) മനോഹരമായ പ്രകൃതിഭംഗിയുള്ള ഒരു പ്രദേശമാണ് ജോയ്പൂര്‍. ഇവിടെ ജീവിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്. ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. പുരാതനമായ കൊട്ടാരങ്ങളും, കോട്ടകളും കഥകളും ഐതിഹ്യങ്ങളും ചരിത്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് ജോയ്പൂര്‍. ജോയ്പൂര്‍ പാര്‍ക്ക്, മനോഹരമായ ഡിയോമാലി പര്‍വ്വതം, സുനാബേദ വന്യജീവി സങ്കേതം, കൊലാബ്, കൊരപുത് നഗരം, മാലിഗുരയിലെ ബ്രോഡ് ഗേജ് ടണല്‍, ബത്രീസ സിംഹാസനം സ്ഥിതി ചെയ്യുന്ന നന്ദാപൂര്‍, മിന്നജോല നഗരം തുടങ്ങിയവ കൂടാതെ ശക്തി, ബാഗര, ദുദുമ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും സഞ്ചാരികള്‍ക്ക് ഹരം പകരുന്ന കേന്ദ്രങ്ങളാണ്.

സൂര്യവംശം, മഗധ സമ്രാജ്യം, മൗര്യ സമ്രാജ്യത്തില്‍ ഒക്കെ ജോയ്പൂര്‍ (നഗരമാകുന്നതിന് മുമ്പ്) ഭരണവുമായി ബന്ധപ്പെട്ട് ചരിത്ര രേഖകളില്‍ കാണാം. കലിംഗയിലെ പ്രബലമായ ഒരു രാജ്യവുമായിരുന്നു ജോയ്പൂര്‍ എന്നും കാണുന്നുണ്ട്. ജോയ്പൂരിന്റെ തലസ്ഥാനമായിരുന്നു നന്ദാപൂര്‍. ചരിത്രപരമായ പ്രാധാന്യമുള്ള ഈ ഗ്രാമത്തിലാണ് വിക്രമാദിത്യന്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബത്രീസ സിംഹാസനം സ്ഥിതി ചെയ്യുന്നത്. ശില്‍പ്പവേലകളും കൊത്തുപണികളുമെല്ലാം സമ്പന്നമായ ധാരാളം ശേഷിപ്പുകള്‍ ഈ ഗ്രാമത്തിലുണ്ട്.

കൊലാബ് റിസര്‍വോയറും ജോയ്പൂരിലെ പ്രധാനയിടമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള കൊലാബ് നദിയിലാണ് ഈ ജല വൈദ്യുത പദ്ധതി. ഇതിന് സമീപത്താണ് ഇരുനൂറോളം തരം പൂക്കളുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ കേചേല എന്നൊരു മനോഹരമായ ചെറുദ്വീപും ഇവിടെയടുത്തുണ്ട്.

നിബിഡ വനങ്ങളും, അപൂര്‍വ ജീവജാലങ്ങളും, മനോഹരമായ പ്രകൃതിയും ആദിവാസി സംസ്‌കൃതിയുമുള്ള കൊരാപുത് ഇന്ന് ആധുനികതയിലേക്ക് ആകൃഷ്ടരായി തനത് ഭംഗി ചോര്‍ന്നുകൊണ്ടരിക്കുന്നയിടമാണ്. ജാതി, മത വ്യത്യാസമില്ലാതെ ഏവര്‍ക്കും പ്രവേശിക്കാവുന്ന പുരാതനമായ ഒരു ജഗന്നാഥ ക്ഷേത്രവും ഇവിടെയുണ്ട്.

വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന, ഇംഗ്ലീഷ് അക്ഷരം 'എസ്' ആകൃതിയിലുള്ള ശക്തി വെള്ളച്ചാട്ടം ട്രെക്കിംഗ് സഞ്ചാരികളെ ആവേശം കൊള്ളിക്കുന്ന ഒരു ഇടമാണ്. 20 അടി ഉയരത്തില്‍ നിന്നാണ് ഇവിടെ ജലം താഴേക്ക് പതിക്കുന്നത്. മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറുനഗരമാണ് മിന ജോല. ഇടതൂര്‍ന്ന വനമേഖലകളും നദികളും മിന ജോലയെ മനോഹരമായ പ്രദേശമാക്കി മാറ്റുന്നു.

എങ്ങനെ എത്തിച്ചേരാം?

ജോയ്പൂര്‍ ഒഡീഷയിലാണെങ്കിലും, കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് പോകുന്നതാണ് എളുപ്പം. റോഡ് മാര്‍ഗം പോകുന്നവര്‍ക്ക്, ഭുവനേശ്വര്‍, ബെര്‍ഹാംപൂര്‍, വിശാഖപട്ടണം, ജഗദല്‍പൂര്‍ (ഛത്തീസ്ഗണ്ഡ്) തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. റെയില്‍ മാര്‍ഗമാണെങ്കില്‍ ഭൂവനേശ്വറില്‍ നിന്നും, വിശാഖപട്ടണത്ത് നിന്നും ജഗദല്‍പൂരില്‍ നിന്നും ഇവിടെയത്തൊം. റോഡ് യാത്രയിലും റെയില്‍ യാത്രയിലും അരകു താഴ്‌വരയിലൂടെ കടന്നുപോകുന്നതിനാല്‍ മികച്ചൊരു യാത്രാനുഭവം ആയിരിക്കും അത്. അടുത്തുള്ള പ്രധാന വിമാനത്താവളങ്ങള്‍ 230 കിലോമീറ്റര്‍ അകലെയുള്ള വിശാഖപട്ടണവും 500 കിലോമീറ്റര്‍ അകലെയുള്ള ഭൂവനേശ്വറുമാണ്. ഡിസംബര്‍, ജനുവരി മാസങ്ങളാണ് സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം.


Next Story

Related Stories