ഷെരീഫ് ഇബ്രാഹിം
ഇത് ഞാന്‍ നേരിട്ട് ജീവിച്ച അനുഭവമാണ്. യുഎഇ-യിലെ (അന്നത്തെ ട്രുഷ്യല്‍ സ്റ്റേറ്റ്സ്) ഏഴു എമിറേറ്റുകളില്‍ ഓരോന്നിനും വ്യത്യസ്തമായ പോസ്റ്റല്‍ സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നു. അജ്മാനടക്കം ഏത് എമിറേറ്റിലെ സ്റ്റാമ്പ് ആണോ പതിക്കുന്നത് എങ്കില്‍ ആ എമിറേറ്റിലെ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് ചെയ്യണം. അപ്പോള്‍ ദുബായ്, അബുദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ ഉള്ളവര്‍ നാട്ടിലേക്ക് കത്തയക്കുമ്പോള്‍ ആരെങ്കിലും ദുബായില്‍ പോവുമ്പോള്‍ അവിടെത്തെ സ്റ്റാമ്പ് പതിച്ചു ദുബായില്‍ പോസ്റ്റ് ചെയ്യും. അല്ലെങ്കില്‍ സാധാരണ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചും ചിലപ്പോള്‍ ഏഴും ദിവസം കത്ത് ചെല്ലാന്‍ എടുക്കുന്നത് മറ്റു എമിറേറ്റുകളില്‍ പോസ്റ്റ് ചെയ്താല്‍ രണ്ടാഴ്ച്ചവരെ വൈകും.
യുഎഇ-യിലെ 1960-1970കളിലെ സ്റ്റാമ്പിന്റെയും നാണയത്തെയുംക്കുറിച്ചുള്ള ചില വിവരങ്ങള്‍ പങ്കുവയ്ക്കാം. ചിത്രത്തിലുള്ള സ്റ്റാമ്പുകളിലെ മൂല്യം ശ്രദ്ധിച്ചിരുന്നോ? അതില്‍ ആദ്യത്തേതില്‍ (ഫീച്ചര്‍ ഇമേജിലെ ഇടതുവശത്തെ ചിത്രം) 2 RS എന്നത് 20 ഇന്ത്യന്‍ രൂപയാണ്. അത് പോലെ രണ്ടാമത്തേ ചിത്രത്തില്‍ (ഫീച്ചര്‍ ഇമേജിലെ വലതുവശത്തെ ചിത്രം). 20 NP എന്നുള്ളത് ഇന്ത്യയുടെ 20 നയാപൈസ ആണ്. മൂന്നാമത്തേ ചിത്രത്തില്‍ ഫോട്ടോ അന്നത്തെ അബുദാബി ഭരണാധികാരി എച്ച്.ഇ. ഷെയ്ഖ് ശഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ അല്‍നഹിയാന്‍ ആണ്. ആ സ്റ്റാമ്പില്‍ 10 രൂപ കട്ട് ചെയ്ത് 1 ദിനാര്‍ എന്ന് കാണുന്നില്ലേ? അത് ബഹ്റൈന്‍ ദിനാര്‍ ആണ്.
മൂന്നാമത്തേ ചിത്രം
ഖത്തര്‍ & ദുബായ് റിയാല്‍, അബൂദാബി ഒഴികെയുള്ള ഇന്നത്തെ ഐക്യ അറബ് സംസ്ഥാനങ്ങള്‍ എന്ന യുഎഇ-യുടെയും ഖത്തറിന്റെയും ആണ്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാല്‍ ഇത് യുഎഇ ആവുന്നതിന് മുമ്പ് അബൂദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ഏഴു സംസ്ഥാനങ്ങളും മസ്കത്തും കൂടിയ സ്ഥലത്തിന് ട്രുഷ്യല്‍ ഒമാന്‍ കോസ്റ്റ് എന്നാണു വിളിച്ചിരുന്നത്. പിന്നീട് ട്രുഷ്യല്‍ സ്റ്റേറ്റ്സ് എന്ന് പേരായി.
സൗദി അറേബ്യ ഒഴികെ ബാക്കിയെല്ലാ ഗള്‍ഫ് രാജ്യങ്ങളും ബ്രിട്ടന്റെ സംരക്ഷിതപ്രദേശം (protected area) എന്ന് വിളിച്ചിരുന്നു. കടല്‍ കൊള്ളക്കാരില്‍ നിന്ന് ഈ രാജ്യങ്ങളെ സംരക്ഷിക്കാന്‍ ബ്രിട്ടനുമായി ഇന്നാടുകളിലെ അന്നുണ്ടായിരുന്ന ഷേയ്ഖുമാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. 1966നു മുമ്പ് ഇവിടെ (UAE & OMAN) ഇന്ത്യന്‍ രൂപ ആയിരുന്നു ഉണ്ടായിരുന്നത്. ഖത്തര്‍ ദുബായ് റിയാല്‍ വന്നിട്ടും പിന്നീട് കുറച്ചു നാളത്തേക്ക് കൂടി ക്രയവിക്രയത്തിന് ഇന്ത്യന്‍ രൂപ ആയിരുന്നു.
ഖത്തറിലെ അന്നത്തെ ഭരണാധികാരിയായിരുന്ന എച്ച്.എച്ച് ഷെയ്ഖ് അഹമദ് ബിന്‍ അലി അല്‍ഥാനി വിവാഹം കഴിച്ചത് ദുബായ് രാജകുടുംബത്തില്‍ നിന്നാണ്. അദ്ദേഹം ഖത്തര്‍ ഭരിച്ചത് 1960 മുതല്‍ 1972 വരെയാണ്. അപ്പോള്‍ അദ്ദേഹവും ദുബായിലെ അന്നത്തെ ഭരണാധികാരി എച്ച്.എച്ച് ഷെയ്ഖ് റാഷീദ് ബിന്‍ സഈദ് അല്മക്തൂമും കൂടി തീരുമാനിച്ചാണ് ഖത്തര്‍ ദുബായ് റിയാല്‍ ഉണ്ടാക്കിയത്. അതിന് മേല്‍നോട്ടം വഹിച്ചത് എച്ച്.ഇ. മഹ്ദി അല്‍ താജിര്‍ ആയിരുന്നു. (എച്ച്.ഇ. മഹ്ദി അല്‍ താജിറിനെ പറ്റിയുള്ള എന്റെ നേരിട്ടുള്ള അനുഭവം മറ്റൊരു ലേഖനമായി ഇന്‍ശാഅള്ളാ എഴുതാം).
അന്നത്തെ ഈ ഖത്തര്‍ അമീര്‍ എച്ച്.എച്ച്. ഷെയ്ഖ് അഹമദ് ബിന്‍ അലി അല്‍ഥാനി 1972ല്‍ ഇറാനിലേക്ക് സ്വന്തം രാജകീയ നൗകയില്‍ ഫാല്‍ക്കണ്‍ നായാട്ടിന് പോയപ്പോള്‍ എച്ച്.എച്ച്. ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി ഖത്തറിന്റെ അധികാരം പിടിച്ചെടുത്തു. എച്ച്.എച്ച്. ഷെയ്ഖ് അഹമദ് ബിന്‍ അലി അല്‍ഥാനി ഖത്തറിലേക്ക് തിരിച്ചു പോകാതെ ദുബായിലെ സ്വന്തം കൊട്ടാരത്തില്‍ ജീവിച്ചു.
അന്നൊക്കെ ഖത്തര്‍ ദുബായ് റിയാലിന്റെ (QDR) പേപ്പര്‍ നോട്ടുകള്‍ യുഎഇയുടെ എല്ലാ എമിറേറ്റുകളിലും ഖത്തറിലും പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ നാണയം അബുദാബിയില്‍ സ്വീകരിച്ചിരുന്നില്ല. അവിടെ ബഹ്റൈന്‍ ദീനാറും (BD) അതിന്റെ ഫില്‍സും ആയിരുന്നു. റാസല്‍ ഖൈമയില്‍ ബി.ഡി-യുടേയും ക്യൂ.ഡി.ആറിന്റെയും നോട്ടുകളും നാണയങ്ങളും സ്വീകരിച്ചിരുന്നു.
പണ്ട് വിസയും പാസ്പോര്‍ട്ടും ഇല്ലാത്ത ഞങ്ങളുടെ കയ്യില്‍, ദുബായില്‍ ബഹ്റൈന്റെ ഫില്‍സ് കിട്ടിയാല്‍ എപ്പോഴെങ്കിലും റാസല്‍ ഖൈമയില്‍ പോകുമ്പോള്‍ അവിടെ കൊടുത്ത് മാറ്റുമായിരുന്നു. കാരണം അന്നൊക്കെ അബൂദാബി ഒഴികെയുള്ള ആറു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യാനോ ജോലി ചെയ്യാനോ താമസിക്കാനോ വിസയോ പാസ്പോര്‍ട്ടോ വേണ്ട. എന്നാല്‍ അബുദാബിയിലേക്ക് പോകാന്‍ ഈ ഏഴ് സംസ്ഥാനങ്ങളിലെ ഏതെങ്കിലും വാലിഡ് വിസ വേണം.