TopTop
Begin typing your search above and press return to search.

'അബുദാബീലുള്ളോരെഴുത്ത് പെട്ടി...: എത്രയെത്ര വിരഹനൊമ്പരങ്ങളറിഞ്ഞ പോസ്റ്റോഫീസ് കെട്ടിടമാണിത്'

അബുദാബീലുള്ളോരെഴുത്ത് പെട്ടി...: എത്രയെത്ര വിരഹനൊമ്പരങ്ങളറിഞ്ഞ പോസ്റ്റോഫീസ് കെട്ടിടമാണിത്

അബൂദാബി പോസ്റ്റ് ഓഫീസിന്റെ ചിത്രമാണിത്. എത്രയെത്ര നെടുവീര്‍പ്പുകളുടെ, വിരഹനൊമ്പരങ്ങളുടെ, സന്തോഷങ്ങളുടെ എഴുത്തുകള്‍ പോയ, NOC ചെക്ക് ഡ്രാഫ്റ്റ് പോയ.. പോസ്റ്റ് ഓഫീസ് കെട്ടിടമാണ് ഇതല്ലേ? ഒന്നാലോചിച്ചു നോക്കിയേ. നമ്മളില്‍ ഇത്തരം പോസ്റ്റ് ഓഫീസുകള്‍ പിന്നീട് എത്രയോ വര്‍ഷങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവും. പോസ്റ്റ് ബോക്‌സ് തുറക്കുമ്പോള്‍, അതിനു മുമ്പൊക്കെ ഷോപ്പുകളുടെയും ഹോട്ടലുകളുടെയും അകത്തുള്ള 'കത്ത് പെട്ടി' നോക്കുമ്പോള്‍ ഞാനടക്കം എത്രയോ ആളുകള്‍ ആ കത്ത് കാണുമ്പോളും പൊട്ടിച്ചു വായിക്കുമ്പോഴും സന്തോഷമോ ദുഃഖമോ അനുഭവിച്ചിട്ടുണ്ടാവും അല്ലെ?

അന്നൊക്കെ പോസ്റ്റ് ബോക്‌സ് കീ ഒരാളുടെ കയ്യില്‍ ആവും. അവരുടെ സ്ഥാപനത്തിന്റെ മുമ്പില്‍ ഒരു ബോക്‌സ് വെക്കും. അതിനൊരു പോസ്റ്റ് ബോക്‌സ് നമ്പര്‍ എഴുതി വെക്കും. അവര്‍ കൊണ്ട് വരുന്ന കത്തുകള്‍ ആ ബോക്‌സില്‍ നിക്ഷേപിക്കും. അത് നമ്മള്‍ ചെന്ന് എടുക്കും. അതായത് അവരുടെ ബോക്‌സ് നമ്പര്‍ ആണ് നമ്മള്‍ വെക്കുക. അവര്‍ക്കതിനുള്ള മെച്ചം എന്താണെന്നോ? അവരുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ചാന്‍സ് ഉണ്ട്. കച്ചവട ലക്ഷ്യം.

1965ലെ അബൂദാബി പോസ്റ്റ് ഓഫീസാണിത്. ഇത് തന്നെ ഒരു കോണ്‍ക്രീറ്റ് കെട്ടിടമല്ല, പകരം, ചുമരുകള്‍ പ്ലൈവുഡും മേല്‍ക്കൂര തകരമോ മറ്റോ ആണ്. പിന്നീടാണ് ഗ്രാന്‍ഡ് ജുമാ മസ്ജിദിന്നും മന്‍ഹല്‍ പാലസിനും ഇടയില്‍ മെയിന്‍ പോസ്റ്റ് ഓഫീസ് വന്നത്. അതിനടുത്തായിരുന്നു ഞാന്‍ 1972കളില്‍ ജോലി ചെയ്തിരുന്നത്.

പോസ്റ്റ് ഓഫിസില്‍ നിന്ന് രജിസ്റ്റര്‍ ലെറ്റര്‍, പാര്‍സല്‍ വാങ്ങാന്‍ ഒരു ഐഡന്റിറ്റി കാര്‍ഡ് വേണം. അത് ആ ബോക്‌സിന്റെ ഉടമസ്ഥന്‍ ആണെങ്കിലും വേണം. ഞാന്‍ H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ ഓഫീസില്‍ മേനേജര്‍ ആയിരിക്കുമ്പോള്‍ അത്തരം വിലപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചിരുന്ന എന്റെ പോസ്റ്റ് ഓഫീസ് ഐഡന്റിറ്റി കാര്‍ഡ് ആണ് താഴെയുള്ള ഫോട്ടോ.

അന്നത്തെ കത്ത് പാട്ടിന്റെ ചില വരികള്‍ ഓര്‍മയില്‍ നിന്ന്..

അബുദാബിലുള്ളോരെഴുത്ത് പെട്ടി - അന്ന് തുറന്നപ്പോള്‍ കത്തു കിട്ടി

എന്‍ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി - എഴുതിയ കത്ത് ഞാന്‍ കണ്ടു ഞെട്ടി

മധുരാനുഭൂതികളയവിറക്കി - മനസ്സില്‍ വീണടിയും പൂ പെറുക്കി

കരളിന്‍ ചുടുരക്തമഷിയില്‍ മുക്കി - കത്തിന്റെ കതിര്‍മാല കോര്‍ത്തോരുക്കി

വാക്കുകള്‍ കൂരമ്പായി കുത്തിത്തറക്കുന്നു - വാക്യങ്ങള്‍ ഒരു ഈര്‍ച്ച വാളായറുക്കുന്നു

കരളിനെ ഒരു നൂറു കഷണം നുറുക്കുന്നു - കത്തു പിടിച്ച എന്‍ കൈകള്‍ വിറയ്ക്കുന്നു

ഞെട്ടിപ്പോയി ഹൃദയം പൊട്ടിപ്പോയി - കത്തിന് മറുപടി തരാനൊരു പിടിയില്ല

മുട്ടിപ്പോയി ഉത്തരം മുട്ടിപ്പോയി...


Next Story

Related Stories