TopTop
Begin typing your search above and press return to search.

അബൂദാബി ദ്വീപിലെ അല്‍ഹൊസന്‍ പാലസാണിത്, 1963ല്‍ എടുത്ത ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്ന ചില കഥകള്‍

അബൂദാബി ദ്വീപിലെ അല്‍ഹൊസന്‍ പാലസാണിത്, 1963ല്‍ എടുത്ത ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്ന ചില കഥകള്‍

അബൂദാബി ഭരണാധികാരി H.H. ഷെയ്ഖ് ശേയ്ഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍ ഇടക്കെല്ലാം അബൂദാബി ദ്വീപില്‍ (ഇപ്പോഴത്തെ അബൂദാബി ടൗണ്‍) വന്നു താമസിക്കാറുള്ളത് അല്‍ഹൊസന്‍ പാലസിലാണ് (Qasr al-Hosn). ആ പാലസിന്റെ 1963ലെ ഫോട്ടോയാണിത്.

അതിന്റെ മുന്നില്‍ കാണുന്ന താത്കാലീക വീടുകള്‍ ഷെയ്ഖിനെ കാണാന്‍ വരുന്നവര്‍ താമസിക്കുന്നതാണ്. അന്നൊക്കെ അബൂദാബി ദ്വീപില്‍ ആള്‍താമസം കുറവായിരുന്നു. ഈ പാലസിനടുത്ത് അറബികള്‍ക്ക് താമസിക്കാന്‍ ചെറിയ വീടുകളും ചുറ്റും മതിലുമായി ഒരു പാട് വീടുകള്‍ ഷെയ്ഖ് സൗജന്യമായി പണിത് കൊടുത്തു. ആ സ്ഥലത്തിന്റെ പേര് 'ദാഇറത്തുല്‍ മിയ'. അവക്ക് വലിയൊരു സിറ്റിംഗ് റൂമും ഉണ്ടായിരുന്നു.

അത്തരം ഒരു സിറ്റിംഗ് റൂം വാടകക്കെടുത്താണ് ഞാനുള്‍പ്പെടെ 13 പേര്‍ മൂന്നോളം വര്‍ഷം താമസിച്ചത്. അതില്‍ കുറച്ചെങ്കിലും വിദ്യാഭ്യാസമുണ്ടായിരുന്നത് എനിക്കും വെളിച്ചെണ്ണപടിയിലുള്ള ഒരു മൊയ്ദൂട്ടിക്കുമായിരുന്നു. മൊയ്ദുട്ടി നല്ല ഒരു രസികന്‍ ആയിരുന്നു. ബാക്കി ഉള്ളവര്‍ എല്ലാവരും ചാവക്കാടെ തീരദേശമായ വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, ബ്ലാങ്ങാട് തുടങ്ങിയവയിലുള്ളവരായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നു എന്നതൊഴിച്ചാല്‍ സ്‌നേഹിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ എല്ലാം മുന്‍പന്തിയിലായിരുന്നു.

അക്കാലത്താണ് ഗള്‍ഫില്‍ സ്വന്തമായി ഞാന്‍ പുതിയൊരു വാഹനം വാങ്ങിയത്. പെട്രോളോ ലൈസന്‍സാ ആവശ്യമില്ലാത്ത സാധാരണ സൈക്കിള്‍. ആ റൂമില്‍ നിന്ന് ഞാന്‍ ജോലി ചെയ്തിരുന്ന മന്‍ഹല്‍ പാലസിന്ന് മുന്നിലുള്ള റഷീദ് അല്‍ഹാമെലി എന്ന സ്‌പെയര്‍ പാര്‍ട്ട്‌സ് കടയിലേക്ക് സൈക്ലില്‍ പോകും. പോകുന്ന വഴിയെല്ലാം പൂഴിമണല്‍ ആയിരുന്നു. ആളുകള്‍ നടന്ന് പോയി കുറച്ചു ഉറച്ച സ്ഥലത്ത് കൂടിയാണ് യാത്ര. ആ പൂഴിയുടെ രൂപം ഈ ചിത്രത്തില്‍ കാണാം.

എന്നും വൈകിട്ട് ഞാനും മൊയ്ദുട്ടിയും കൂടെ, നേരം പോകാന്‍ രണ്ട് സൈക്ലില്‍ മാര്‍ക്കറ്റില്‍ പോയിരുന്നതും, ഹിന്ദി അന്നും ഇന്നും ഹും ഹോ ഹെ ആയ ഞാന്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അല്‍ ഖാദറ തിയ്യറ്ററില്‍ ബോബി (Bobby) സിനിമ കണ്ടതും, നാട്ടിലേക്ക് വരുമ്പോള്‍ ബോബി കോളര്‍ ഷര്ട്ട് തുന്നിക്കൊണ്ട് വന്നതും ഇന്നലെ നടന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു.


Next Story

Related Stories