TopTop
Begin typing your search above and press return to search.

സഞ്ചാരികളുടെ ഭ്രാന്തന്‍ 'തീര്‍ത്ഥാടനം' മരണത്തിലേക്ക് നയിക്കുന്നു, ഇന്‍ റ്റു ദി വൈല്‍ഡിലെ 'മാജിക് ബസ്' നീക്കം ചെയ്തു

സഞ്ചാരികളുടെ ഭ്രാന്തന്‍ തീര്‍ത്ഥാടനം മരണത്തിലേക്ക് നയിക്കുന്നു, ഇന്‍ റ്റു ദി വൈല്‍ഡിലെ മാജിക് ബസ് നീക്കം ചെയ്തു

ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്നവരുടെ 'തീര്‍ത്ഥാടന' കേന്ദ്രമാണ് അലാസ്‌കയിലെ 'മാജിക് ബസ്' സ്ഥിതി ചെയ്യുന്ന പ്രദേശം. അലാസ്‌കയിലെ സ്റ്റാമ്പേഡ് ട്രയലില്‍ ഉപേക്ഷിക്കപ്പെട്ട ബസ്, ഇന്‍ റ്റു ദി വൈല്‍ഡ് എന്ന സിനിമയും പുസ്തകവുമായിരുന്നു പ്രസിദ്ധമാക്കിയത്. ഈ ബസ് കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഇന്‍ റ്റു ദി വൈല്‍ഡിലെ നായകനെ പോലെ സാഹസിക യാത്ര നടത്തി ഇവിടെ എത്തുന്നത് സഞ്ചാരികള്‍ക്ക് വലിയ ആവേശമാണ്. ഇത്തരം യാത്രകള്‍ക്കിടയില്‍ ഒട്ടേറെ സഞ്ചാരികള്‍ മരണപ്പെടുകയും അപകടപ്പെടുകയും ഒക്കെ ചെയ്യുന്നതാണ് ബസ് നീക്കം ചെയ്യാന്‍ അധികൃതര്‍ പ്രേരിപ്പിച്ചത്.

പൊതുസുരക്ഷയെ മുന്‍നിര്‍ത്തി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് നാച്ച്യുറല്‍ റിസോഴ്‌സസുമായി ഏകോപിപ്പിച്ചാണ് ബസ് നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് അലാസ്‌ക ആര്‍മി നാഷണല്‍ ഗാര്‍ഡിനെ ഉദ്ധരിച്ച് സിഎന്‍എന്‍ ട്രാവല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫെയര്‍ബാങ്ക്‌സ് ബസ് 142' എന്നും 'മാജിക് ബസ്' എന്നും ഒക്കെ അറിയപ്പെടുന്ന ബസ്, വ്യാഴാഴ്ച ഉച്ചയ്ക്ക് സിഎച്ച് -47 ചിനൂക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ ലിഫ്റ്റ് ചെയ്താണ് അലാസ്‌ക ആര്‍മി നാഷണല്‍ ഗാര്‍ഡ് മാറ്റിയത്.

അലാസ്‌കയിലെ ഹീലിക്ക് സമീപം ബസ് കിടക്കുന്ന പ്രദേശം, സാഹസികരായ ഒട്ടേറെ സഞ്ചാരികളെ അപകട യാത്രയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഏറ്റവും അവസാനം, കഴിഞ്ഞ ഫെബ്രുവരിയില്‍, മാജിക് ബസ് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ അപകടത്തിലായ അഞ്ച് ഇറ്റാലിയന്‍ കാല്‍നടയാത്രക്കാരെ അഗ്‌നിശമന സേനാംഗങ്ങളും അലാസ്‌ക സ്റ്റേറ്റ് സൈനികരും രക്ഷപ്പെടുത്തിയിരുന്നു. ബസ് സന്ദര്‍ശിക്കാന്‍ ടെക്ക്‌ലാനിക്ക നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനൊപ്പം എത്തിയ ഒരു ബെലര്‍റൂസ് യുവതി മരിച്ചിട്ട് ഒരു വര്‍ഷമായിട്ടില്ല.

1996ല്‍ ഇന്‍ റ്റു ദി വൈല്‍ഡ് എന്ന ജോണ്‍ ക്രാകൗറിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് മുതല്‍ 'മാജിക് ബസ്' സന്ദര്‍ശിക്കുന്നത്, സാഹസിക കാല്‍നടയാത്രക്കാര്‍ക്ക് ഒരുതരം തീര്‍ത്ഥാടനമായി മാറി. എമിലി ഹിര്‍ഷിനെ നായക കഥാപാത്രമാക്കി ഷോണ്‍ ജെസ്റ്റിന്‍ പെന്‍ സംവിധാനം ചെയ്ത് ചലച്ചിത്രം ഇന്‍ റ്റു ദി വൈല്‍ഡ് എന്ന പേരോട് കൂടിതന്നെ 2007-ല്‍ ഇറങ്ങിയത്തോട് കൂടെയാണ് കൂടുതല്‍ സഞ്ചാരികള്‍ ഒരു തരം ഉ•ാദത്തോടെയും സാഹസികമായും ഈ പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ എത്തി തുടങ്ങിയത്.

വാഷിംഗ്ടണിലെ സമ്പന്നമായ ചുറ്റുപാടില്‍ വളര്‍ന്ന ക്രിസ്റ്റഫര്‍ മക് കാന്‍ഡ്‌ലെസിന്റെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചാണ് ഇന്‍ റ്റു ദി വൈല്‍ഡ് എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകം വിവരിക്കുന്നത്. 1990ല്‍ ക്രിസ്റ്റഫര്‍, ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം, തന്റെ സുഖപ്രദമായ ജീവിതം ഉപേക്ഷിച്ച് തന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ആരോടും പറയാതെ യാത്രകള്‍ക്കായി ഇറങ്ങിതിരിച്ചു.

ക്രിസ്റ്റഫറിന്റെ യാത്രകള്‍ ഹിച്ച് ഹൈക്കിങ്ങും കാല്‍നട യാത്രകളും സാഹസികമായി നദികളും കാടുകളും ഒക്കെ കടന്നായിരുന്നു. കാലിഫോര്‍ണിയും, ലോസ് ഏഞ്ചല്‍സും, ഫ്രാന്‍സും ഒക്കെ കടന്ന് ക്രിസ്റ്റഫര്‍ അലാസ്‌കയില്‍ എത്തുന്നത് 1992 ഏപ്രിലിലാണ്. മൂന്നുമാസത്തോളം ആ പ്രദേശത്ത് താമസിച്ചു. ടെക്ക്‌ലാനിക്ക നദി മുറിച്ച് കടന്ന് ക്രിസ്റ്റഫര്‍ ഉപേക്ഷിക്കപ്പെട്ട ബസിന്റെ പ്രദേശത്ത് എത്തുകയും വാഹനത്തില്‍ തന്നെ തങ്ങുകയും ചെയ്തു.

മഴയും ഹിമാനികളില്‍ നിന്നുള്ള മഞ്ഞുവീഴ്ചയും കാരണം നദിയിലെ ജല നിരപ്പ് അതിവേഗം ഉയരുകയും, ക്രിസ്റ്റഫറിന് അവിടെ നിന്ന് മടങ്ങാന്‍ സാധിക്കാത്തതുമാണ് സിനിമയിലും പുസ്തകത്തിലും പറയുന്നത്. എല്ലാ വര്‍ഷവും ഏപ്രില്‍ - ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ ക്രിസ്റ്റഫറിന്റെ പാത പിന്തുടര്‍ന്ന് ലോകമെമ്പാടുമുള്ള സാഹസിക കാല്‍നടയാത്രക്കാരും യാത്രികരും അലാസ്‌കയിലേക്ക് എത്തുന്നുണ്ട്. പലരും പരാജയപ്പെട്ടു. അപകടത്തില്‍പ്പെട്ട ഒട്ടേറേപ്പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. നിര്‍ഭാഗ്യവാന്മാരായ ചിലര്‍ മരണപ്പെട്ടു.., മരണപ്പെട്ടുകൊണ്ടിരിക്കുന്നു.

ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത് ക്രിസ്റ്റഫറിന്റെ 'മാജിക ബസ്' ആണെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനാല്‍ ബസ് നീക്കം ചെയ്താല്‍ ഈ ഭ്രാന്തന്‍ തീര്‍ത്ഥാടനം അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ബസ് നീക്കം ചെയ്തത് കൊണ്ട് മാറ്റമുണ്ടാവില്ലെന്നാണ് ഒരു വിഭാഗം സഞ്ചാരികള്‍ തന്നെ അഭിപ്രായപ്പെടുന്നത്. ക്രിസ്റ്റഫറിന്റെ സാഹസിക പാത പിന്തുടര്‍ന്ന് മരണം വരിക്കുന്നതാണ് ഇത്തരം യാത്രികരുടെ പലരുടെയും ജീവിതാഭിലാക്ഷം എന്നതാണ് അതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.


Next Story

Related Stories