TopTop
Begin typing your search above and press return to search.

ചാവേറുകള്‍ മാമാങ്കത്തിന് പുറപ്പെട്ടിരുന്ന തിരുമാന്ധാംകുന്നിലെ ചാവേര്‍ത്തറ കാണാന്‍ പോയാലോ

ചാവേറുകള്‍ മാമാങ്കത്തിന് പുറപ്പെട്ടിരുന്ന തിരുമാന്ധാംകുന്നിലെ ചാവേര്‍ത്തറ കാണാന്‍ പോയാലോ

ചുരികത്തലപ്പുകള്‍ കൊണ്ട് ചരിത്രം എഴുതിയ മാമാങ്കത്തിലെ ചാവേറുകളുടെ വീരകഥകള്‍ ഒരിക്കലും അവസാനിക്കുകയില്ല. വള്ളുവനാടിന്റെ പെരുമ നിലനിര്‍ത്താന്‍ അങ്കത്തിനിറങ്ങി മരണപ്പെട്ട വീരന്മാരുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പല പ്രദേശങ്ങളും വള്ളുവനാട്ടില്‍ ഇന്നും കാണാന്‍ സാദിക്കും. അതിലൊന്നാണ് ചാവേറുകള്‍ മാമാങ്കത്തിലെ അങ്കത്തിനായി പുറപ്പെട്ടിരുന്ന തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ ചാവേര്‍ത്തറ. പ്രകൃതിഭംഗികൊണ്ടും വീരചിരിത്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് തിരുമാന്ധാംകുന്ന്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുള്ള അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. വള്ളുവനാടിന്റെ അധികാരികളായിരുന്ന വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ എന്നാണ് പറയുന്നത്. മാമാങ്കം ചാവേറുകളുടെ അങ്കമായി മാറിയതിനെക്കുറിച്ച് പറയുന്ന കഥ - പെരുമാക്കന്മാര്‍ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പില്‍ക്കാലവകാശികളായിത്തീരാനും അതില്‍ രക്ഷാപുരുഷനായി നില്‍ക്കാനും വെള്ളാട്ടിരിക്ക് (വള്ളൂവക്കോനാതിരി) ആയി അവകാശം അവസരം കിട്ടി.

പക്ഷേ സാമൂതിരിയുടെ പടയോട്ടത്തിന് മുന്‍പില്‍ വെള്ളാട്ടിരിക്ക് തോല്‍വി സംഭവിക്കുകയും തുടര്‍ന്ന് വെള്ളാട്ടിരിയില്‍ നിന്ന് മാമാങ്കമഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയില്‍ എത്തുകയും ചെയ്തു. സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറായില്ലായിരുന്ന വള്ളുവക്കോനാതിരിക്ക് സൈന്യബലം കൊണ്ട് സാമൂതിരയെ തോല്‍പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്നായിരുന്നു വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത് എന്നതുകൊണ്ട് ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്ന് ചാവേറുകള്‍ പുറപ്പെട്ടിരുന്ന തറയെ 'ചാവേര്‍ത്തറ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചാവേര്‍ത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്. മാമങ്കത്തിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ചരിത്ര അന്വേഷിക്കളുടെയും വള്ളുവനാടിന്റെ പ്രകൃതി ഭംഗി ആസ്വാദിക്കാന്‍ എത്തുന്നവര്‍ക്കും ഒരുപോലെ മനംനിറയ്ക്കുന്ന പ്രദേശമാണ് തിരുമാന്ധാംകുന്ന്.

'ചാവേര്‍ത്തറ'

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരവും പ്രസിദ്ധമാണ്. മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് വെള്ളാട്ടിരി തുടക്കം കുറിച്ചതായിരുന്നു തിരുമാന്ധാംകുന്ന് പൂരം. മാമാങ്കം പോലെ 12 വര്‍ഷത്തിലൊരിക്കലായിരുന്നു തുടക്കത്തില്‍ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവര്‍ഷം 1058-ല്‍ മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വര്‍ഷവും നടത്താന്‍ തുടങ്ങിയത്.

അങ്ങാടിപ്പുറത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഒരു ചെറിയ കുന്നിന്മുകളിലാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയില്‍ ഇറക്കത്തില്‍ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി (ഇന്നത് ചെറിയ തോടായി ശോഷിച്ചു) കടന്നുപോകുന്നുണ്ട്. തിരുമന്ധാം കുന്നിലെ ഏറ്റവും നല്ല ദൃശ്യഭംഗിയും വടക്കുഭാഗത്താണ്. തോടും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആലും തൊട്ടപ്പുറത്തുള്ള വയലുമൊക്കെയായി വള്ളുവനാടിന്റെ തനതുഭംഗി ആരെയും മോഹിപ്പിക്കുന്നതാണ്.

തിരുമാന്ധാംകുന്നില്‍ എങ്ങനെ എത്തിച്ചേരാം?

കോഴിക്കോട്-പാലക്കാട് ദേശീയപാതക്കരികിലുള്ള ഈ പ്രദേശത്തേക്ക് പെരിന്തല്‍മണ്ണയില്‍ (മൂന്ന് കി.മീ) നിന്നോ അങ്ങാടിപ്പുറത്ത് (ഒന്നര കി.മീ) നിന്നോ ബസിലോ വാഹനങ്ങളിലോ എത്തിച്ചേരാന്‍ സാധിക്കും.

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഷോര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ റൂട്ടിലെ അങ്ങാടിപ്പുറം സ്‌റ്റേഷനാണ് (ഒരു കി.മീ). അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍ 35 കിലോമീറ്റര്‍ അകലെയുള്ള ഷൊര്‍ണൂര്‍ ആണ്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 40 കിലോമീറ്റര്‍ അകലെയാണ്.

മാമാങ്ക ചരിത്രം

ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറിയിരുന്ന ബൃഹത്തായ ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനില്‍ക്കുന്ന മാമാങ്കത്തിലേക്ക് ഭാരതത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും ആറേബ്യയും, ചൈനയില്‍ നിന്നുമൊക്കെ ആളുകള്‍ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങള്‍, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് അംഗീകാരങ്ങളും പുരസ്‌കാരങ്ങളുംനല്‍കിയിരുന്നു.

ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വര്‍ഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നല്‍കിയിരുന്ന ഒരു പദവിയ്ക്കായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കാണ് മാമാങ്കത്തിലേക്ക് ചാവേറുകളെ എത്തിക്കുന്നതും ഈ ഉത്സവം ആഗോള തലത്തിലേക്ക് ഉയരാനും കാരണമായി കരുതപ്പെടുന്നത്.

മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതും ബ്രീട്ടിഷുകാര്‍ മലബാറില്‍ സ്വാധീനം നേടുകയും ചെയ്തതോടെയാണ് മാമങ്കം നിലച്ചുപോയി. 1755-ല്‍ ആണ് അവസാന മാമാങ്കം നടന്നത്.


Next Story

Related Stories