TopTop
Begin typing your search above and press return to search.

'പിശാചിന്റെ കണ്ണുനീര്‍' കാണാന്‍ പോയി.. പക്ഷേ എല്ലാവരും കണ്ടത്, പുറത്ത് വന്ന എന്റെ കണ്ണുനീരാണ്'

ബാലിയെ കുറിച്ച്‌ വായിക്കുമ്ബോഴാണ് ലെംബോംഗന്‍ ദ്വീപിനെ പറ്റിയും അവിടത്തെ പ്രത്യേക പ്രതിഭാസമായ 'പിശാചിന്റെ കണ്ണുനീരിനെ' (Devil's Tear) പറ്റിയും അറിയുന്നത്. പിശാചും യക്ഷിയുമോക്കെ പണ്ടേ ബഡ്ഡീസ് ആയതുകൊണ്ട് ദ്വീപില്‍ പോകാന്‍ തീരുമാനിച്ചു. നുസ ലെംബോംഗന്‍ (Nusa Lembongan) എന്നത് ഇന്തോനേഷ്യന്‍ പ്രവശ്യയായ ബാലിയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന, എട്ട് കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ചെറിയ ദ്വീപാണ്. പൊതു ഗതാഗത സംവിധാനം ഒന്നുമില്ല. അതുകൊണ്ട് ബെനോയ (Benoa) പോര്‍ട്ടില്‍ നിന്നും പ്രൈവറ്റ് ബോട്ടില്‍ പോകണം.

ശീതീകരിച്ച, മൂന്ന് നിലയുള്ള പ്രത്യേകതരം ബോട്ടാണ്. യാത്ര അടക്കമുള്ള ഒരു ദിവസത്തെ പാക്കേജിന് നാലായിരം രൂപയാണ് ചാര്‍ജ്. ഞാനും വേറേ നാല് സുഹൃത്തുക്കളും കൂടിയാണ് യാത്ര പുറപ്പെട്ടത്. സുഹൃത്തായ നിന്നുവിന്റെ ഓഫീസില്‍ നിന്നും ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നതിനാല്‍ വില പേശി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് കൊടുക്കേണ്ടി വന്നത്. രാവിലെ 9 മണിക്ക് ബെനോയ ഹാര്‍ബറില്‍ എത്തിയപ്പോള്‍ മഞ്ഞ നിറത്തിലുള്ള ക്രൂയിസ് ബോട്ട് ഞങ്ങളെയും കാത്തുനില്‍പ്പുണ്ടായിരുന്നു. കയറാനായി നൂറോളം ആളുകളും.

ബസ്സില്‍ നുഴഞ്ഞു കയറി സീറ്റ് പിടിച്ച്‌ നല്ല പരിചയമുള്ളതുകൊണ്ട് നിമിഷ നേരം കൊണ്ട് ക്യൂവില്‍ മുന്‍ നിരയിലെത്തി ചേര്‍ന്നു. കയറി ചെല്ലുന്നത് താഴത്തെ നിലയിലെ വിശാലമായ ഒരു ശീതികരിച്ച ഹാളിലായിരുന്നു. ഒരു ഹോട്ടലിന്റെ ഉള്‍വശം പോലെയാണ് അലങ്കരിച്ചിരുന്നത്. ഒരു മേശക്ക് ചുറ്റും ആറ് പേര്‍ക്കിരിക്കാവുന്ന സോഫയും സെറ്റ് ചെയ്തിട്ടുണ്ട്. ഹാളിന്റെ വിന്‍ഡോ സൈഡിലുള്ള ഇരിപ്പിടങ്ങള്‍ ഞങ്ങള്‍ കെക്കലാക്കി. അവിടിരുന്നാല്‍ ചില്ലിട്ട വിശാലമായ ജനാലയിലൂടെ പുറത്തുള്ള ദൃശ്യങ്ങള്‍ കാണാമായിരുന്നു.

നുസ ലെംബോംഗന്‍ ദ്വീപ്

അവിടെയുള്ള പാന്‍ട്രിയില്‍ നിന്നും വിവിധ തരം ബ്രെഡും ജ്യൂസും സൗജന്യമായി ഭക്ഷിക്കാം. പാക്കേജില്‍ പെട്ടതാണീ സൗജന്യം. മൃഷ്ടാന്നം ഭോജിച്ച്‌ കൊണ്ടിരുന്നപ്പോള്‍ എവിടുന്നോ ഹിന്ദി സംഗീതം ഒഴുകി വരുന്നു.. പ്ലൈറ്റും പൊക്കി ശബ്ദത്തിന് ചെവിയോര്‍ത്ത് നീങ്ങി. ഒന്നാമത്തെ നിലയില്‍ നിന്നാണ് കേള്‍ക്കുന്നത്. വീതി കുറഞ്ഞ കോണിപ്പടികള്‍ കയറി അവിടെ എത്തിയപ്പോള്‍, അവിടെയും ചെറിയൊരു ശീതികരിച്ച ഹാളുണ്ട്. ഹാളിന് പുറത്ത് തുറസ്സായ സ്ഥലത്താണ് ബാലി ഗായകര്‍ പാടി തിമിര്‍ക്കുന്നത്.

കണ്ണെത്താ ദൂരത്തോളം മരതക പച്ച നിറത്തിലുള്ള കടലായിരുന്നു. അതിലെ കുഞ്ഞോളങ്ങള്‍ പാട്ടിനൊപ്പം തത്തികളിക്കുന്നതായി ഭാവനയില്‍ കണ്ടും, ഓര്‍ക്കസ്ട്ര ടീമിന്റെ അനായാസമായ വാദ്യോപകരണ വായനയുമൊക്കെ കണ്ടാസ്വദിച്ചും നില്‍ക്കുന്നതിനിടയില്‍ പ്ലേറ്റിലെ ഭക്ഷണവും കാലിയാക്കി. ഏകദേശം ഒരു മണിക്കൂര്‍ ആയപ്പോള്‍ ദൂരെ ലെംബോംഗന്‍ ദ്വീപ് കണ്ട് തുടങ്ങി.

യാത്ര അവസാനിക്കാന്‍ പോകുന്നെന്ന് മനസിലാക്കിയ ഞാന്‍, മുകളിലത്തെ നില കൂടി കാണാന്‍ പോയി. മുകള്‍നില തുറസ്സായ ഡെക്ക് ആയിരുന്നു. അവിടെ യാത്രക്കാര്‍ക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഫ്‌ളോര്‍ ലൈറ്റ്, റോക്ക് മ്യുസിക് എല്ലാം സജ്ജമായിരുന്നു. നിന്നുവിന്റെ സുഹൃത്തുക്കള്‍ അവിടെ ഡാന്‍സ് ചെയ്ത് ആഘോഷിക്കകയാണ്.

പത്തര ആയപ്പോള്‍ ഞങ്ങളെ വേറൊരു വലിയ ബോട്ടിലേക്ക് മാറ്റി. ഈ ബോട്ടില്‍ രസകരമായ കുറച്ചു ആക്ടിവിറ്റികളെല്ലാം ഉണ്ടായിരുന്നു. എനിക്ക് പക്ഷേ 'പിശാചിന്റെ കണ്ണീര്' കാണാനായിരുന്നു തിടുക്കം. അങ്ങനെ ദ്വീപിലേക്ക് ആളുകളെ കൊണ്ട് പോകാന്‍ വന്ന ചെറിയ ബോട്ടില്‍ ഞാനും സ്ഥാനം ഉറപ്പിച്ചു.

കരയില്‍ നിന്നും രണ്ടു മീറ്റര്‍ അകലെ ബോട്ട് നിന്നു ഞങ്ങളെ ഇറക്കി. അധികം ആഴമില്ലായിരുന്നു അവിടെ. കാലു വെള്ളത്തില്‍ മുക്കിയതും കോരി തരിച്ചു പോയി. അത്ര തണുപ്പായിരുന്നു. നല്ല തെളിഞ്ഞ വെള്ളമായതുകൊണ്ട് കാല്‍ പാദമൊക്കെ നല്ല വൃത്തിയായി കാണാമായിരുന്നു. അടിഞ്ഞു കിടക്കുന്ന കക്ക കാരണം നടക്കാന്‍ ശ്രമിച്ചപ്പോള്‍ കാലു പൂണ്ടു പോയി.അല്‍പം പാടുപെട്ട് കരയിലെത്തി.

അവിടെ നിന്നും അഭയാര്‍ത്ഥികളെ കൊണ്ടു പോകുന്നതു പോലെ, ട്രക്കില്‍ കയറ്റി ഞങ്ങളെ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഒരു മലയിടുക്ക് കാണാന്‍ കൊണ്ട് പോയി. അങ്ങോട്ടെത്തുമ്ബോള്‍ ആകാംക്ഷയായിരുന്നു, മനസിലുള്ള ലക്ഷ്യസ്ഥാനമായ 'പിശാചിന്റെ കണ്ണുനീര്‍' കാണാനുള്ള ആകാംക്ഷ.

വ്യക്തമായി കാണാനും, ഫോട്ടോ എടുക്കാനുമായി മറ്റുള്ളവര്‍ക്ക് മുന്നിലെത്തി, 'കണ്ണീര്' കാണാന്‍ ചുറ്റും കണ്ണോടിച്ചു. പിന്നെയാണ് ആ സത്യം തിരിച്ചറിഞ്ഞത്.. കടലിനോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളോട് കൂടിയ ഒരു മലയിടുക്കാണ് (ക്ലിഫ് - cliff) ആണ് സംഭവം. മലയിടുക്കിന്റെ ഒരു ഭാഗത്ത് വെള്ളം അടിച്ച്‌ കയറുകയും പെട്ടെന്ന് തന്നെ പിന്‍വലിയുകയും ചെയ്യും. ആ സമയത്ത് അന്തരീക്ഷത്തില്‍ ജല കണങ്ങള്‍ നിറയും. ഇതിനെയാണ് 'പിശാചിന്റെ കണ്ണുനീരായി' പറയുന്നത്.

ഞാന്‍ കൂടയുള്ള കാഴ്ചക്കാരുടേയും മുഖം ശ്രദ്ധിച്ചു.. എന്തിനിവിടെ വന്നു എന്ന ഒരു മുഖഭാവമായിരുന്നു എല്ലാവര്‍ക്കും.. വേറെയെന്തോ വലിയ പ്രതീക്ഷയുമായി ചെന്നതുകൊണ്ട്, 'പിശാചിന്റെ കണ്ണുനീര്‍ പ്രതിഭാസം' ( Devil's tear) തിരിച്ചറിഞ്ഞപ്പോള്‍ 'പിശാചിന്റെ കണ്ണുനീരിന'് പകരം എന്റെ കണ്ണുനീര്‍ പുറത്ത് വരുന്നതാ എല്ലാവരും കണ്ടത്. പക്ഷേ അവിടെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന മലയിടുക്കും പിന്നെ വെള്ളക്കെട്ടുമെല്ലാം കൂടി വേറിട്ടൊരു ദൃശ്യഭംഗി ഒരുക്കിയിരുന്നു.

വന്ന ട്രക്കില്‍ തന്നെ ഞങ്ങളെ തിരിച്ച്‌ തീരത്ത് എത്തിച്ചു. സമയം പന്ത്രണ്ടരയേ ആയിട്ടുള്ളു എങ്കിലും വിശപ്പിന്റെ വിളി കാരണം ശരീരം ഭക്ഷണം ചോദിക്കുന്നുണ്ട്. അപ്പോഴാണ് ഞങ്ങള്‍ക്ക് ആക്റ്റിവിറ്റി ബോട്ടിലേക്ക് കയറാനുള്ള നിര്‍ദ്ദേശം ലഭിച്ചു.. ബോട്ടില്‍ കയറിയപ്പോഴുള്ള രംഗം മനം കുളിര്‍പ്പിക്കുന്നതായിരുന്നു.

വൈദ്യന്‍ കല്‍പിച്ചതും പാല്, രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതുപോലെ, ഹാളില്‍ ഉച്ചഭക്ഷണം തയ്യാറാക്കി നിരത്തി വച്ചിരിക്കുന്നു. കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളമൂറി.. പ്രത്യേക രീതിയില്‍ മാവില്‍ മുക്കി പൊരിച്ച്‌ മീനും, വലിയ കൊഞ്ചും, കണവയും പോരാഞ്ഞ് സൂപ്പും, ഫ്രൈഡ് റൈസും, ബ്രെഡും, ചിക്കനും, സാലഡും, വെജ്. കറികളും എല്ലാം നിരത്തി വെച്ചിരുന്നു.

വൃതം നോറ്റു കൂടെ വന്ന സുഹൃത്തുക്കളുടെ പോലും കണ്‍ട്രോള്‍ പോയി. അടുത്ത ഒരു മണിക്കൂര്‍ ഞങ്ങളാരും പ്ലേറ്റില്‍ നിന്നും തല പൊക്കിയില്ല. ഞങ്ങളുടെ വരവോടെ അവര്‍ ബുഫെ പരിപാടി തന്നെ നിര്‍ത്തി എന്ന് ചില ദുഷ്ട സുഹൃത്തുക്കള്‍ പിന്നീട് പ്രചരിപ്പിച്ചിരുന്നു. ഏതായാലും പാക്കേജിലെ 'സൗജന്യഭക്ഷണം' ആര്‍ത്തിയോടെ അകത്താക്കി എന്നുള്ളതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായിരുന്നു.

അടുത്തത് ആക്ടിവിറ്റി ടൈം. വീഗാലാന്റിലെ പോലെ സ്ലൈഡില്‍ നിരങ്ങി ഇറങ്ങാം. പക്ഷേ 44 മീറ്റര്‍ സ്ലൈഡില്‍ നിരങ്ങി ഇറങ്ങി വീഴുന്നത് കടലിലാണെന്ന് മാത്രമേ വ്യത്യാസമുള്ളു. ആദ്യത്തെ വീഴ്ചയില്‍ തന്നെ പകുതി ജീവന്‍ പോയി. ഈ ഐറ്റം നമുക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കി. നോക്കുമ്ബോ കൂടെ വന്ന ഉണ്ണി അഞ്ച് മീറ്റര്‍ പൊക്കത്തില്‍ പണിയിച്ച്‌ വച്ച ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നു. അവിടെ നിന്നും കടലിലേക്ക് ഡൈവ് ചെയ്യാം. അത് കണ്ട് നിന്നപ്പോള്‍ തന്നേ ബാക്കി ജീവനും പോയി.

ആക്റ്റിവിറ്റി ബോട്ട്

പിന്നെ ഉണ്ടായിരുന്നത് ഗ്ലാസ്സ് ബോട്ട് റൈഡായിരുന്നു. ബോട്ടിന്റെ അടിവശത്ത് ഗ്ലാസ്സ് പിടിപ്പിച്ചിട്ടുണ്ട്. പതിനഞ്ചു മിനിട്ടോളം ബോട്ടില്‍ സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ജൈവ വൈവിധ്യങ്ങള്‍ കണ്ട് ആസ്വദിച്ച്‌ സ്‌നോര്‍ക്ലിംഗ് (Snorkeling) ചെയ്യുന്ന സ്ഥലത്ത് വിട്ടു. മുഖത്ത് ഒരു മാസ്‌ക് വെച്ച്‌ കയറില്‍ പിടിച്ച്‌ കടലിലേക്ക് ഇറങ്ങണം. വെള്ളത്തിനടിയില്‍ തല താഴ്ത്തി മീനിനെ കണ്ട് രസിക്കണം. മാസ്‌കിന്റെ കൂടെയുള്ള ട്യൂബ് വഴി നമുക്ക് ശ്വാസം വലിക്കാം.

ഇവിടെ പക്ഷേ ഉഡായിപ്പ് സെറ്റപ്പ് ആയിരുന്നു. മാസ്‌ക്കും ധരിച്ച്‌ വെള്ളത്തില്‍ തല മുക്കിയത്തും ഉപ്പ് വെള്ളം ഇരച്ചു മുക്കിലും വായിലും ഒക്കെ കയറി. ഒന്ന് രണ്ടു തവണ കൂടി ശ്രമിച്ചെങ്കിലും, ഉപ്പ് വെള്ളം കുടിക്കുന്നതല്ലാതെ മീനിനെ ഒന്നും കണ്ടില്ല. പക്ഷേ മുഖപുസ്തകത്തിലൂടെ നാട്ടുകാരെ വെറുപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ കുറച്ചു പടം പിടിച്ച്‌ തൃപ്തി അടഞ്ഞു.

പിന്നത്തെ ഐറ്റമായിരുന്നു അതിഭീകരന്‍. ബനാന ബോട്ട് റൈഡ്. പഴത്തിന്റെ ആകൃതിയിലുള്ള, കാറ്റ് ഊതി വീര്‍പ്പിച്ച ബോട്ടില്‍ കാലു ഇരുവശത്തും ഇട്ട് ഹാന്‍ഡില്‍ മുറുക്കി പിടിച്ചിരിക്കണം. ഒരു സ്പീഡ് ബോട്ട് ഇതിനെയും വലിച്ച്‌ പോകും. കയറി ഇരുന്നു ഫോട്ടോ എടുത്തത് ഓര്‍മ്മയുണ്ട്. സ്പീഡ് ബോട്ട് വിട്ടതും നിലവിളിച്ചു തുടങ്ങിയ ഞാന്‍ തിരിച്ചെത്തുന്നതു വരെ നിര്‍ത്തിയില്ല.

സ്‌നോര്‍ക്ലിംഗും ബനാന ബോട്ട് റൈഡും

കൈയിലെ പിടി മാത്രമേ ഉള്ളൂ. അത് എങ്ങാനും വിട്ടാല്‍ കടലില്‍ വീഴും. സ്പീഡ് ബോട്ട് ആണേല്‍ 'ക്ഷ', 'മ്മ'.. മുതലായ കൂട്ടക്ഷരം മാത്രമേ എഴുതാന്‍ പഠിച്ചിരുന്നൊള്ളൂ. ഓരോ വളവ് തിരിയുമ്ബോഴും ഇപ്പൊ കടലില്‍ പോകും എന്ന് തോന്നി പോകും. തല കറങ്ങിയാണ് തിരികെ എത്തിയത്.

അപ്പോഴേക്കും സമയം 2.30 ആയി. ഞങ്ങള്‍ നനഞ്ഞ ഡ്രസ്സൊക്കെ മാറി. ആക്ടിവിറ്റി ബോട്ടില്‍ നിന്നും പഴയ ക്രൂയിസ് ബോട്ടിലേക്ക് കയറി. അവിടെ ഒന്നാം നിലയിലെ ഡെക്കില്‍ പോയി ഇരിപ്പായി. ബോട്ട് വിട്ടപ്പോള്‍ കടല്‍കാറ്റും, ക്ഷീണവും കാരണം നന്നായി ഉറങ്ങി. 3.30 ന് തിരിച്ച്‌ ബെനോയ പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഉണര്‍ന്നത്.

രസകരമായ ഒരു അനുഭവമായിരുന്നു ലെംബോംഗന്‍ ദ്വീപ് സന്ദര്‍ശനം. സുഹൃത്തുക്കളോടൊപ്പം ഒന്നിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ ഇങ്ങനത്തെ ഒരു ട്രിപ് ശരിക്കും ആസ്വാദ്യകരമായി തോന്നും. 'പിശാചിന്റെ കണ്ണുനീര്‍' നിരാശപ്പെടുത്തിയെങ്കിലും യാത്രയുടെ ആകെ തുക നോക്കിയാല്‍ ഒരു അടിപൊളി അനുഭവമായിരുന്നു.

കുറിപ്പ്

* നുസ ലെംബോംഗന്‍ (Nusa Lembongan) കാണാന്‍ ബെനോയ (Benoa) ഹാര്‍ബറില്‍ നിന്നും ബൗണ്ടി ക്രൂയിസ് (Bounty cruise) കിട്ടും.

* ഒരാള്‍ക്ക് 2500 രൂപ മുതല്‍ 4000 രൂപ വരെ ഈടാക്കും.

* രാവിലെ ഒമ്ബത് മണിക്ക് പോയി, മൂന്ന് മണിക്ക് തിരിച്ചെത്തും.

* ദ്വീപ് സന്ദര്‍ശനവും, വാട്ടര്‍ ആക്റ്റിവീറ്റീസും ഇതില്‍ പെടും. കൂടാതെ പ്രാതലും, ഉച്ച ഭക്ഷണവും.

* ദ്വീപില്‍ താമസ സൗകര്യവും ഉണ്ട്. മഷ്‌റൂം ബേ, jungur batu beach, sandy bay, mangrove forest എന്നിങ്ങനെ പലതും കാണാന്‍ ഉണ്ട്.


Next Story

Related Stories