TopTop
Begin typing your search above and press return to search.

കോക്പിറ്റില്‍ നിന്ന് താഴേക്ക് വിരല്‍ചൂണ്ടി പൈലറ്റ് പറഞ്ഞു - 'ആ കാണുന്നതാ ജോര്‍ദാന്‍ നദി', ഒരു പാട് ദൈവദൂതന്‍മാര്‍ ജനിച്ച്-വളര്‍ന്നു-മരിച്ച സ്ഥലത്തിന് മുകളിലൂടെയുള്ള ഫ്രാന്‍സ് യാത്ര

കോക്പിറ്റില്‍ നിന്ന് താഴേക്ക് വിരല്‍ചൂണ്ടി പൈലറ്റ് പറഞ്ഞു - ആ കാണുന്നതാ ജോര്‍ദാന്‍ നദി, ഒരു പാട് ദൈവദൂതന്‍മാര്‍ ജനിച്ച്-വളര്‍ന്നു-മരിച്ച സ്ഥലത്തിന് മുകളിലൂടെയുള്ള ഫ്രാന്‍സ് യാത്ര

1992 ഒക്ടോബര്‍ ആറ് - അന്നാണ് ഞാന്‍ ആദ്യമായി ഫ്രാന്‍സിലേക്ക് പോയത്. ഞങ്ങള്‍ നാല് പേര്‍.. എന്റെ ബോസ് അബൂദാബി രാജകുടുംബാംഗമായ എച്ച് ഇ ഷൈഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹിയാനും രണ്ട് ബോഡി ഗാര്‍ഡുകളും ഞാനും. ബോഡിഗാര്‍ഡ് എന്നാല്‍ നമ്മുടെ നാട്ടിലെ പോലെ തോക്കുമായി ഷൈഖിനെ രക്ഷിക്കുന്ന ആളല്ല, പകരം ഷൈഖിന്റെ ഒരു സന്തതസഹചാരി എന്ന് മാത്രം. അബൂദാബിയില്‍ നിന്നും ദുബായ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോയത് ഷൈഖിന്റെ മറ്റൊരു ബോഡിഗാര്‍ഡ് ആയ അതീഖ് സാലെം അല്‍ളാഹേരി ആയിരുന്നു. എന്റെ ജീവിതത്തില്‍ ഇത്ര വേഗതയില്‍ ഓടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നത് ആദ്യമായിരുന്നു. റെഡ് സിഗ്‌നല്‍ ഒന്നും ആതീഖിന്നു പ്രശ്‌നമല്ല. ഞാന്‍ കണ്ണും പൂട്ടിയിരുന്നു.

ഈ അതീഖ് ഒരു സംഭവമാണ്. ഗള്‍ഫ് നാടുകളിലുള്ള ഷൈഖ്മാര്‍ ആഫ്രിക്ക പോലെയുള്ള ദരിദ്രരാജ്യങ്ങളില്‍ നിന്ന് അനാഥകളായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ ദത്തെടുക്കും. വര്‍ഷം തോറും, പ്രത്യേകിച്ച് റംസാന്‍ മാസത്തിലാണ് ഇത് ചെയ്യുക. എന്നിട്ട് അവരെ ഷൈഖ് കുടുംബങ്ങളിലേക്കും വീതം കൊടുക്കും. അവര്‍ അവരുടെ സമപ്രായക്കാരായ ഷൈഖ് കുട്ടികളുടെ കൂടെ കളിച്ചു വളരും. എന്നിട്ട് വലുതാവുമ്പോള്‍ ഏതെങ്കിലും കബീലയില്‍ (ഗോത്രം) അവരെ ചേര്‍ക്കും. അങ്ങിനെ ഈ കുട്ടിക്ക് അതീഖ് എന്ന് പേരിട്ടു ളവാഹിര്‍ എന്ന ഗോത്രത്തില്‍ ചേര്‍ത്തു. അങ്ങിനെ അതീഖ് സാലെം അല്‍ളാഹരി ആയി. അദ്ധേഹം ആണ് എന്നെ ദുബൈ എയര്‍പോര്‍ട്ടില്‍ കൊണ്ട് ചെന്നാക്കിയത്. (ഈ ആതീഖ് വര്‍ഷങ്ങള്‍ക്കിപ്പുറം അബുദാബി മുസ്സഫ റോഡില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു).
എയര്‍പോര്‍ട്ടില്‍ തിരുവനന്തപുരത്തേക്ക് പോകാനുള്ള എയര്‍ ഇന്ത്യ കൃത്യസമയത്ത് തന്നെ എത്തി. പരിചയമുള്ള എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനജരോട് ഇതിനെ പറ്റി പറഞ്ഞു. 'എയര്‍ ഇന്ത്യയെ പറ്റി ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ കുറ്റം പറയുന്നു. പക്ഷെ ഇത് കണ്ടോ ഇന്ന് എയര്‍ ഇന്ത്യ കൃത്യസമയത്ത് വന്നത്'. അതിന് അദ്ദേഹം പറഞ്ഞ മറുപടി രസാവഹമായിരുന്നു 'ഇത് ഇന്നലെ ഇതേ സമയത്ത് വരേണ്ട ഫ്‌ലൈറ്റ് ആണ്. ഇരുപത്തിനാല് മണിക്കൂര്‍ ഡിലേ..'
എയര്‍ പോര്‍ട്ടിലെ വിഐപി ലാഞ്ചില്‍ ഷൈഖ് ഹമദും മറ്റു രണ്ടു ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ഞാന്‍ ഷൈഖിന്റെ ഡിപ്ലോമാറ്റിക് പാസ്സ്‌പോര്‍ട്ടും മറ്റു രണ്ടു പേരുടെ യുഎഇ പാസ്സ്‌പോര്‍ട്ടും എന്റെ ഇന്ത്യന്‍ പാസ്സ്‌നേപാര്‍ട്ടും കൂടി എമിഗ്രേഷനില്‍ കൊടുത്തു. ഫ്‌ലൈറ്റില്‍ കേറാനുള്ള ഫൈനല്‍ കാള്‍ ആയിരിക്കുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ ഷൈഖ് ഒരു കാര്യം പറഞ്ഞു. ഇനി നമ്മള്‍ തിരിച്ചു വരുന്നത് വരെ ഷൈഖ് എന്ന ഒരു പരിഗണയും വേണ്ട എന്ന്.

ഞങ്ങള്‍ എയര്‍ ഫ്രാന്‍സിന്റെ ഫ്‌ലൈറ്റില്‍ കയറി. കൃത്യസമയത്ത് തന്നെ ഫ്‌ലൈറ്റ് ടേക്ക്ഓഫ് ചെയ്തു. ഞങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ആയിരുന്നു. അതിന്റെ അടുത്താണ് ഫ്‌ലൈറ്റിന്റെ കോക്പിറ്റ്. ഫ്‌ലൈറ്റ് ടേക്ക്ഓഫ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ എയര്‍ഹോസ്റ്റസിനോട് ഞാന്‍ ഒരാവശ്യം പറഞ്ഞു - കോക്പിറ്റില്‍ പോകണമെന്ന്. അവര്‍ പൈലറ്റിനോട് ചെന്ന് വിവരം പറഞ്ഞു. എനിക്ക് പേടിയായി. ഇനി എന്നെ ഫ്‌ലൈറ്റ് റാഞ്ചാന്‍ വന്ന തീവ്രവാദിയാണെന്ന് പറഞ്ഞു ഫ്രഞ്ച് ജയിലിലിടുമോ എന്നായിരുന്നു പേടി. പക്ഷെ കോപൈലറ്റ് എന്റെ അടുത്ത് വന്നു പറഞ്ഞത് സൗദി അറേബ്യയുടെ എയര്‍സ്‌പേസ് കഴിഞ്ഞാല്‍ കൊക്പിറ്റില്‍ കയറ്റാമെന്നാണ്. സമാധാനമായി. ഫ്‌ലൈറ്റ് സൗദി അറേബ്യയുടെ റിയാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാറായെന്ന മെസ്സേജ് കിട്ടി. സൗദി അറേബ്യയുടെ എയര്‍സ്‌പേസില്‍ എത്തിയ ഉടനെ ക്രൂ വന്നു യാത്രക്കാരുടെ കൈകളിലുള്ളതും അല്ലാത്തതുമായ എല്ലാ മാസികകളും എടുത്തു കൊണ്ട്‌പോയി. ഇനി സൗദി അറേബ്യയുടെ എയര്‍ സ്‌പൈസ് കഴിഞ്ഞിട്ടേ കിട്ടുകയുള്ളൂ. കാരണം അറിയാമല്ലോ? എല്ലാ പാസ്സഞ്ചര്‍ക്കും കൊടുക്കുന്ന ഭക്ഷണകിറ്റിന്റെ പ്ലാസ്റ്റിക് കവറിന്നു മുകളില്‍ 'Food as per islamic law' എന്ന റിബ്ബണ്‍ ഉണ്ടായിരുന്നു.
നാല്‍പത്തഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക്ഓഫ് ചെയ്തു. അവരുടെ എയര്‍സ്‌പേസ് കഴിഞ്ഞപ്പോള്‍ എയര്‍ ഹോസ്റ്റസ്സ് എന്നെ
കോക്പി
റ്റിലേക്ക് ക്ഷണിച്ചു. ഷൈഖ് ഹമദ് വാക്ക്മാനില്‍ നിന്നും പാട്ടു കേട്ട് രസിക്കുകയാണ്. ഞാന്‍ കോക്ക്പിറ്റില്‍ ചെന്നു. അവിടെ നിറയെ ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്റ്‌സ്. ഒരു പൈലറ്റും മറ്റൊരു കോപൈലറ്റും കൊക്ക്പിറ്റില്‍ ഉണ്ടായിരുന്നു. അന്നൊക്കെ ഫ്‌ലൈറ്റില്‍ ജിപിആര്‍ (GPR) സിസ്റ്റം (നാവിഗേഷന്‍) പാസ്സഞ്ചര്‍ക്ക് വായിക്കാന്‍ തക്ക സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ ഫ്‌ലൈറ്റില്‍ അനൗണ്‍സ് ചെയ്യാറാണ് പതിവ്. പിന്നീട് ആ സിസ്റ്റം എല്ലാ ഫ്‌ലൈറ്റിലും വന്നു. എത്ര ഉയരത്തിലാണ് പറക്കുന്നത്, എത്ര വേഗതയാണ്. അടുത്ത സ്ഥലത്തേക്ക് എത്ര സമയം വേണം എന്നൊക്കെ.
കോക്പിറ്റില്‍ നിന്ന് താഴേക്കു നോക്കുന്നത് നല്ല അനുഭവമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പൈലറ്റ് പറഞ്ഞു, നാം ഇപ്പോള്‍ ഇറാക്കിന്റെ മുകളിലൂടെയാണ് പറക്കുന്നത് എന്ന്. വീണ്ടും കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹം താഴേക്കു വിരല്‍ചൂണ്ടി പറഞ്ഞു - ആ കാണുന്നതാ ജോര്‍ദാന്‍ നദി. ഞങ്ങള്‍ ജോര്‍ദാന്‍ രാജ്യത്തിന്റെ മുകളിലായിരുന്നു അപ്പോള്‍. ക്രിസ്ത്യന്‍ സഹോദരന്മാരും മുസ്ലിങ്ങളും വിശ്വസിക്കുന്ന ഒരു പാട് ദൈവദൂതന്‍മാര്‍ ജനിച്ച്, വളര്‍ന്നു, മരിച്ച സ്ഥലത്തിന്നു മുകളിലൂടെയാണല്ലോ ഞാന്‍ യാത്രചെയ്യുന്നതെന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നെയും കുറച്ചു മണിക്കൂറുകള്‍ പറന്നപ്പോള്‍ ഞങ്ങള്‍ തുര്‍ക്കിയുടെ മുകളില്‍ എത്തി. അവിടെ ഒരു ചെറിയ പുഴ പോലെയുള്ള കടല്‍ കാണിച്ചു തന്നിട്ട് പൈലറ്റ് പറഞ്ഞു 'ആ കടലിന്റെ ഇരു വശവും തുര്‍ക്കി ആണ്. പക്ഷെ ആ കടലിന്റെ ആദ്യഭാഗം ഏഷ്യ ഭൂഖണ്ടത്തിലും മറ്റേഭാഗം യൂറോപ്പിലും ആണ്.
കുറച്ചു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അവര്‍ പാരീസിലെ ചാള്‍സ് ഡി ഗൗല്ലേ (Charles de Gaulle) എയര്‍പോര്‍ട്ടില്‍ ഇറങ്ങാനുള്ള അറിയിപ്പ് വന്നപ്പോള്‍ അവരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു കൊണ്ട് സീറ്റില്‍ വന്നു സീറ്റ് ബെല്‍റ്റ് ഇട്ടു ലാന്റിങ്ങ് പ്രതീക്ഷിച്ചു ഇരുന്നു. സുഖകരമായ യാത്രക്ക് ശേഷം ഞങ്ങള്‍ പാരീസില്‍ എത്തി. എയര്‍പോര്‍ട്ടിന്നു പുറത്തു ഞങ്ങളെയും കാത്ത് ഹോട്ടലിന്റെ കാര്‍ ഉണ്ടായിരുന്നു. അവിടെത്തെ സമയം ഉച്ചകഴിഞ്ഞു മൂന്നു മണി ആയിട്ടുണ്ട്. സൂര്യനോ സൂര്യപ്രകാശമോ കാണുന്നില്ല. ഞങ്ങള്‍ പാരീസിലെ ഹോട്ടല്‍ ജോര്‍ജ് സാങ്ക് എന്ന ഹോട്ടലിലെത്തി. സാങ്ക് എന്ന് പറഞ്ഞാല്‍ ഫ്രഞ്ച് ഭാഷയില്‍ 'അഞ്ച്' എന്നാണര്‍ത്ഥം. അതായത് ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പേരിലുള്ള ഹോട്ടല്‍. അന്നാണ് ഞാന്‍ ആദ്യമായി എടിഎം കാര്‍ഡ് പോലെയുള്ള കാര്‍ഡ് ഉപയോഗിച്ച് ഹോട്ടല്‍ മുറി തുറക്കുന്ന സൗകര്യം കണ്ടത്.
അന്ന് പ്രത്യേകിച്ച് മറ്റൊരു ഒഫിഷ്യല്‍ പരിപാടിയും ഉണ്ടായിരുന്നില്ല. എന്നാലും വൈകീട്ട് പാരീസ് ഒരു ഓട്ടപ്രദിക്ഷണം നടത്താമെന്ന് തീരുമാനിച്ചു. എനിക്ക് ഹോട്ടല്‍ അറേഞ്ച് ചെയ്തു കിട്ടിയ ഡ്രൈവര്‍ ഒരു മൊറോക്കോകാരാന്‍ ആയിരുന്ന. നല്ല ഒരു മനുഷ്യന്‍. മൊറോക്കോ, ഫ്രഞ്ച് കോളനി ആയിരുന്നു. അത് കൊണ്ട് അവര്‍ക്ക് രണ്ടു പൗരത്വവും കിട്ടും. രണ്ടു മണിക്കൂര്‍ ഞങ്ങള്‍ കറങ്ങിയിട്ടുണ്ടാവും. പുറത്താണെങ്കില്‍ ഭയങ്കര തണുപ്പ്. ഹോട്ടലിലും മറ്റും എയര്‍ഹീറ്റര്‍ ആണുള്ളത്. ചില സ്ഥലത്ത് നടക്കുമ്പോള്‍ ഞാന്‍ വെറുതെ ഏതെങ്കിലും മാളുകളില്‍ കേറും. അത്ര നേരം ചൂട് കിട്ടുമല്ലോ. അന്ന് മുഴുവന്‍ സമയവും ഹോട്ടലില്‍ ഹീറ്റെര്‍ ഓണ്‍ ചെയ്തു ഉറങ്ങി.

പിറ്റേന്ന് ഞങ്ങളുടെ പ്രോഗ്രാം തുടങ്ങുകയാണ്. ആദ്യം പോയത് ഫ്രാന്‍സിന്റെ മുഖമുദ്രയായ ഈഫല്‍ ടവര്‍ കാണുക എന്നുള്ളതാണ്. ഞങ്ങള്‍ എല്ലാവരും കൂടി ഹോട്ടലില്‍ നിന്നും അധികം ദൂരമില്ലാത്ത ഈഫല്‍ ടവറിനടുത്തെത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നത്. അവിടെ ഏറ്റവും ആകര്‍ഷിച്ച കാര്യം ആ ടവറിന്റെ മുകളില്‍ ചെന്നപ്പോള്‍ ഒരു ഭാഗത്ത് 'അബൂദാബി' എന്ന് എഴുതി വച്ചിരിക്കുന്നു. അത് നാം വായിക്കുമ്പോള്‍ നോക്കുന്നത് അബൂദാബി ഭാഗത്തേക്കാണെന്നതാണ് അതിന്റെ പ്രത്യേകത. അതിന് അബൂദാബി ഒരു പാട് സംഖ്യ ചിലവഴിച്ചിടുണ്ടെന്നു ഷൈഖ് ഹമദ് പറഞ്ഞു.
താഴെ വന്നപ്പോള്‍ അവിടെ ഏതോ ഫിലിമിന്റെ ഷൂട്ടിംഗ് നടക്കുന്നു. ആരും അത് ശ്രദ്ധിക്കുന്നത് പോലുമില്ല, ഈ ഞാനൊഴികെ. അന്ന് ചില എക്സിബിഷന്‍ കാണാന്‍ ഷൈഖുമായി പോയി. രാത്രിയില്‍ ഒരു ഫ്രഞ്ച് സിനിമ കാണാന്‍ മോഹം. വിവരം മൊറോക്കോകാരനായ ഡ്രൈവറോട് പറഞ്ഞു. അവന്‍ എപ്പോഴേ റെഡി. ഞാനും ഡ്രൈവറും കൂടി സിനിമ കാണുകയാണ്. എന്റെ ശ്രദ്ധ സ്‌ക്രീനില്‍ അല്ല. മൊറോക്കോകാരന്റെ മുഖത്താണ്. അവന്‍ ചിരിക്കുമ്പോള്‍ ഞാനും ചിരിക്കും. അവന്‍ കൈ കൊട്ടുമ്പൊഴും ഹായ് പറയുമ്പോഴും ഞാനും അത് പോലെ ചെയ്യും. അല്ലാതെ എനിക്ക് എന്ത് ഫ്രഞ്ച് അറിയാനാ?
പിറ്റേന്ന് ഷൈഖിന്റെ സ്‌പോണ്‍സറിങ്ങില്‍ അബുദാബിയിലുള്ള ഒരു കമ്പനിയുടെ പാരീസിലെ ഡയറക്ടര്‍മാരുമായുള്ള ഒഫീഷ്യല്‍ മീറ്റിംഗ്. അവിടെ വെച്ച് ഞാന്‍ ഇന്ത്യക്കാരന്‍ ആണെന്നറിഞ്ഞപ്പോള്‍ ആ കമ്പനിയുടെ ചീഫ് ഏക്‌സിക്യുട്ടീവ് ഓഫീസര്‍, ഇന്ത്യയെ പറ്റിയും കേരളത്തെ പറ്റിയും കുറെ കാര്യങ്ങള്‍ ചോദിച്ചു. ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്ന പോണ്ടിച്ചേരിയുടെ ഒരു ഭാഗം കേരളത്തിന്ന് ഉള്ളില്‍ ആയ മാഹി (മയ്യഴി) ആണെന്നും പിന്നെ കുറെ കേരളത്തെ പറ്റി നല്ല കാര്യങ്ങള്‍ ഉപ്പും മുളകും കൂട്ടി ഞാന്‍ പറഞ്ഞു കൊടുത്തു. ലോകത്തില്‍ ഒരിടത്തും ഇല്ലാത്ത, മനുഷ്യരെ ബന്ധനസ്ഥനാക്കുന്ന ഹര്‍ത്താലിന്റെ കാര്യം മാത്രം ഞാന്‍ പറഞ്ഞില്ല. അത് ഞാനങ്ങു വിഴുങ്ങി.
വിദേശരാജ്യങ്ങളിലുള്ള ഫ്രാന്‍സിന്റെ എംബസ്സിയിലെ അംബാസഡര്‍മാര്‍ ഉപയോഗിക്കുന്നത് അവരുടെ നാട്ടിലെ പ്യുജോ (PEUGEOT) സിട്രോന്‍ (CITRON) തുടങ്ങിയ വാഹനങ്ങളാണ്. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ അമ്പാസഡര്‍മാര്‍ അമ്പാസഡര്‍ കാര്‍, മാരുതി കാര്‍ വിദേശത്ത് ഉപയോഗിക്കുന്നത് പ്രതീക്ഷിക്കാം (എന്തൊരു നടക്കാത്ത സ്വപ്നം അല്ലെ?).
അഞ്ചു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്നു ശേഷം ഞങ്ങള്‍ തിരിച്ചു അബൂദാബിയിലേക്ക്. പാരിസ് എയര്‍ പോര്‍ട്ടില്‍ ഞങ്ങള്‍ ഇരിക്കുന്ന ഡിപ്പാര്‍ടിംഗ് ലാഞ്ച് റൂം താഴെ വലിയ ടയറുകളും ജാക്കിയും ഉള്ളതായിരുന്നു. ആ റൂം നേരെ ഫ്‌ലൈറ്റിന്റെ അടുത്ത് ചെല്ലുന്നു. അതില്‍ നിന്ന് നേരെ കയറാം. ഇപ്പോള്‍ ഉള്ള ചെറിയ വരാന്ത പോലെയുള്ളതല്ല അത്. ആ റൂമില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി ഉണ്ടാക്കിയ കോണ്‍കോര്‍ഡ് ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നത് കണ്ടു. ശബ്ദത്തേക്കാള്‍ വേഗതയുണ്ടതിന്. തന്മൂലം പല രാജ്യങ്ങളും അത് ഇറങ്ങാന്‍ അനുവദിക്കാറില്ല, വലിയ നഗരങ്ങളുടെ മുകളിലൂടെ പറക്കാനും അനുവദിക്കാറില്ല. അത്ര വലിയ പ്രകമ്പനം ആണതിന്റെ ശബ്ദത്തിന്. ഒരു പാട് യാത്ര ചെയ്യുകയും പല തരത്തിലുള്ള ഫ്‌ലൈറ്റ് കാണുകയും ചെയ്തിട്ടുള്ള ആളായിട്ട് പോലും ഷൈഖ് ഹമദ് ആ കോണ്‍കോര്‍ഡിന്റെ ചിത്രങ്ങള്‍ കാമറയില്‍ ഒപ്പുന്നുണ്ടായിരുന്നു.
റിയാദില്‍ എത്തിയപ്പോള്‍ ഷൈഖും ഒരു ബോഡി ഗാര്‍ഡും അവിടെ ഇറങ്ങി. ഞാനും മറ്റേ ബോഡിഗാര്‍ഡും കൂടി യാത്ര തുടര്‍ന്നു. ഖത്തര്‍ ദോഹയില്‍ എത്തിയപ്പോള്‍ ഫ്‌ലൈറ്റിനൊരു പ്രശ്‌നം. ഹൈഡ്രോളിക് ബ്രൈക് സിസ്റ്റം വര്‍ക്ക് ചെയ്യുന്നില്ല. അവിടെ നിന്നും മറ്റൊരു ഗള്‍ഫ് എയര്‍ ഫ്‌ലൈറ്റില്‍ അബുദാബിയിലേക്ക്, എന്റെ പോറ്റമ്മയുടെ അടുത്തേക്ക്..

ഷെരീഫ് ഇബ്രാഹിം

ഷെരീഫ് ഇബ്രാഹിം

പ്രവാസി എഴുത്തുകാരന്‍

Next Story

Related Stories