TopTop
Begin typing your search above and press return to search.

ക്യാന്‍സലേഷനുകള്‍ കുത്തനെ കൂടുന്നു, കൊറോണ ബാധിച്ച വിനോദ സഞ്ചാര മേഖല പ്രതിസന്ധിയുടെ പടുകുഴിയിലേക്ക്

ക്യാന്‍സലേഷനുകള്‍ കുത്തനെ കൂടുന്നു, കൊറോണ ബാധിച്ച വിനോദ സഞ്ചാര മേഖല പ്രതിസന്ധിയുടെ പടുകുഴിയിലേക്ക്

ലോകമെമ്പാടും നൊവേല്‍ കൊറോണ വൈറസ് (കോവിഡ് 19) വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യജീവനുകള്‍ക്കൊപ്പം ലോകസമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന മേഖലകളെ കൂടിയാണ് ബാധിക്കുന്നത്. ചൈനയും ചില ഏഷ്യന്‍ രാജ്യങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുമെന്ന് കരുതിയ വൈറസ് ഇപ്പോള്‍ പശ്ചിമ-മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും, യൂറോപ്പിലേ 19 രാജ്യങ്ങളിലേക്കും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്കും, യുഎസിലേക്കും, ഓസ്ട്രേലിയയിലേക്കുമൊക്കെ പരന്നിട്ടുണ്ട്. ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് തന്നെ വെല്ലുവിളിയാകുന്ന കൊറോണ വൈറസ് കാരണം ഏറ്റവും പ്രത്യക്ഷത്തിലും ആദ്യവും ബാധിച്ചിരിക്കുന്നതില്‍ ഒന്ന് ആഗോള ടൂറിസം മേഖലയാണ്.

കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ യുഎസിലും വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലാണ്. ഹോട്ടല്‍, എയര്‍ലൈന്‍ തുടങ്ങിയ മേഖലകളില്‍ എല്ലാം ക്യാന്‍സലേഷന്‍ വര്‍ധിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലൊസാഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളില്‍ എല്ലാം ക്യാന്‍സലേഷന്‍ കുത്തനെ ഉയര്‍ന്നു. നോര്‍ത്ത് അമേരിക്കയില്‍ നടത്താനിരുന്ന പല പരിപാടികളും മാറ്റിവയ്ക്കുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നടക്കാനിരുന്ന നിരവധി ഇവന്റുകള്‍ ഗൂഗിളും ഫേസ്ബുക്കും മൈക്രോസ്ഫ്റ്റും ഉള്‍പ്പടെയുള്ള ടെക്ക്ഭീമന്മാര്‍ റദ്ദാക്കി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളുടെ വിനോദ സഞ്ചാര മേഖലയും നിശ്ചലമായിത്തുടങ്ങി കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ടൂറിസം ട്രേഡ് ഫെയര്‍ എന്ന് വിശേഷണമുള്ള ജര്‍മനിയിലെ 'ഐടിബി ബെര്‍ലിന്‍' ചരിത്രത്തിലാദ്യമായിട്ട് റദ്ദാക്കി. ലോകത്തെ നാലാമത്തെ സമ്പദ്വ്യവസ്ഥയായ ജര്‍മനിയുടെ ജിഡിപിയെ സാരമായി ബാധിക്കുന്ന ഈ തീരുമാനം മാത്രം മതി കൊറോണ എത്രകൊണ്ട് ആഗോള തലത്തില്‍ എത്രകണ്ട് പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന്. യൂറോപ്പിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഇതിന്റെ ഭാഗമായി ജനീവയില്‍ നടത്താനിരുന്ന രാജ്യാന്തര വാഹനമേളയും ആഡംബര വാച്ച്‌മേളയും ഉപേക്ഷിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന പാരീസിലേക്കും യാത്രകാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി. കൂടാതെ പ്രസിദ്ധമായ പാരീസിലെ ലുവ് മ്യൂസിയം കൊറോണ പേടിയെത്തുടര്‍ന്ന് അടച്ചിരിക്കുകയാണ്.

ടൂറിസത്തിന് പിന്തുണ നല്‍കുന്ന കായിക മേഖലയിലും കൊറോണയെ തുടര്‍ന്ന് പല കായിക മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നതും വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി.ഏപ്രിലില്‍ ഷാങ്ഹായില്‍ നടക്കേണ്ട ഫോര്‍മുല വണ്‍ സീസണ്‍ മാറ്റിവച്ചു. പാരീസ് മാരത്തോണ്‍ റദ്ദാക്കി. പാരീസില്‍ നടത്താനിരുന്ന പ്രധാന റഗ്ബി യൂണിയന്‍ ടൂര്‍ണമെന്റും മാറ്റിവയ്ക്കുന്ന ഘട്ടത്തിലാണ്. യുഎഇ സൈക്കിള്‍ ടൂര്‍, യൂറോപ്പ് പ്രീമിയര്‍ റഗ്ബി കോംപാറ്റീഷന്‍, വിവിധ ഫുട്‌ബോള്‍ ലീഗുകള്‍ തുടങ്ങിയ പല കായിക ഇനങ്ങളും റദ്ദാക്കേണ്ട അവസ്ഥയാണ്. ഇതിനേക്കാള്‍ ഏറ്റവും ഗുരുതരമായ ഒന്ന് സ്ഥിതി നിയന്ത്രണവിധേയമായില്ലെങ്കില്‍ ടോക്കിയോ ഒളിംപിക്‌സ് ജപ്പാന് ഉപേക്ഷിക്കേണ്ടി വരുമെന്നതാണ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാന് ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. മാത്രമല്ല ഒളിംപിക്‌സിനോട് അനുബന്ധിച്ച് ടൂറിസത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ജപ്പാന്റെ പല പദ്ധതികളും താറുമാറാകും.

ബിസിനസ് ടൂറിസം എന്ന നിലയില്‍ ഏഷ്യയിലെ പ്രധാനകേന്ദ്രമായ ദുബായ് ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത നിയന്ത്രങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദുബായില്‍ ഈ മാസം 10 മുതല്‍ 14 വരെ നടത്താനിരുന്ന രാജ്യാന്തര ആഡംബര ബോട്ട് ഷോ നവംബറിലേക്ക് മാറ്റി. ചെറുതും വലുതുമായ ഒട്ടേറെ പരിപാടികളാണ് വൈറസ് ഭീതി കാരണം റദ്ദാക്കിയിട്ടുള്ളത്. വിമാനടിക്കറ്റുകളും ഹോട്ടല്‍ മുറികളുമെല്ലാം വളരെ നേരത്തെ തന്നെ ബുക്ക് ചെയ്തതെല്ലാം റദ്ദാക്കിയിട്ടുണ്ടെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചിലെ മിക്ക പരിപാടികളും ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും യാത്ര, ടൂറിസം രംഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

കുവൈറ്റില്‍ കൊറോണ ബാധയ്‌ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ മന്ത്രിസഭയുടെ പ്രത്യേക യോഗം നിര്‍ദേശിച്ചു കഴിഞ്ഞു. വിദേശത്ത് നിന്ന് എത്തുന്ന രോഗം സംശയിക്കപ്പെടുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് കുവൈറ്റിലും ക്യാന്‍സലേഷന്‍ വര്‍ധിക്കുകയാണ്. ഖത്തര്‍ അധികൃതര്‍ ഈജിപ്തും ഇറ്റലിയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറില്‍ മാര്‍ച്ച് എട്ടിന് നടക്കേണ്ട മോട്ടോര്‍ സൈക്കിള്‍ മത്സരവും വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്റര്‍നാഷനല്‍ മോട്ടോര്‍ സൈക്ലിങ് ഫെഡറേഷന്‍ റദ്ദാക്കിയിട്ടുണ്ട്.

വൈറസിനെതിരെയുള്ള ജാഗ്രത എടുക്കുന്നതിന്റെ ഭാഗമായ സൗദി ആറേബ്യ ഉംറ, ടൂറിസം വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈന, ഇറ്റലി, കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. കൂടാതെ കൊറോണ വൈറസ് സ്ഥിരീകരിച്ച ഇരുപത്തിരണ്ടോളം രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ കൂടി സൗദി നിര്‍ത്തിവച്ചു. അമേരിക്ക, ബ്രിട്ടീഷ്, ഷെങ്കന്‍ വിസ കൈവശമുള്ളവര്‍ക്ക് ടൂറിസ്റ്റ് ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള സാധ്യത ഫോണിലൂടെ പരിശോധിക്കാമെന്ന് സൗദി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൊറോണ ഭീതി ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെയും ബാധിച്ചിട്ടുണ്ട്. 2020ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 50,000 ചൈനീസ് ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് കഴിഞ്ഞമാസം പ്രതികരിച്ചത്. കൊറോണ മൂലം 50 കോടി ഡോളറിന്റെ നഷ്ടമാണ് ഉടനടി നേരിടേണ്ടി വരുകയെന്നും അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മോദി സര്‍ക്കാരിന്റെ പ്രതികരണം കാണിക്കുന്നത് കൊറോണ കാരണം ടൂറിസം വ്യവസായത്തിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് വ്യക്തതയില്ല എന്നാണ്. ചൈന, ഹോങ്കോങ് മറ്റ് അയല്‍ രാജ്യങ്ങളെ കൂടാതെ മറ്റ് ലോക രാജ്യങ്ങളിലെ യാത്രികര്‍ യാത്രകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടം വര്‍ധിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് കരുതുന്നതെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ടൂറിസ്റ്റുകളില്‍ നിന്നും മാത്രം ഇന്ത്യക്ക് പ്രതിവര്‍ഷം മൂവായിരം കോടി ഡോളറിന്റെ വരുമാനമാണ് ലഭിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ചെറിയ തോതില്‍ ആശ്വാസമാകുമെന്ന് കരുതിയ ടൂറിസം മേഖലയില്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ആശങ്കയിലാണ് ടൂറിസം മന്ത്രാലയം.

ഇറ്റലി, ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലത്തേക്ക് സര്‍ക്കാര്‍ വിസ റദ്ദാക്കി. മാത്രമല്ല ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍, ഇറ്റലി, ഹോങ്കോംഗ്, മക്കാവു, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ എത്തിച്ചേരുന്ന യാത്രക്കാര്‍ (വിദേശ, ഇന്ത്യന്‍) മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഉള്‍പ്പടെയുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ഒട്ടേറെ വിദേശികളെ യാത്രകളും അതിനോട് അനുബന്ധിച്ചുള്ള രാജ്യത്തിനുള്ളിലെ സേവനങ്ങളും (ഹോട്ടല്‍, ടാക്‌സി തുടങ്ങിയ) റദ്ദാക്കിയിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികള്‍ രാജ്യത്തിനകത്തുള്ള യാത്രകളും റദ്ദാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

അതെസമയം കൃത്യമായ ആസൂത്രണത്തോടെ, ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തിലെത്തിക്കാനാണ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രമം. രാജ്യത്തിന് തന്നെ മാതൃകപരമായ ജാഗ്രത കൊണ്ട് കൊറോണ വൈറസ് ബാധയെ ഏറെക്കുറെ പൂര്‍ണമായും അതിജീവിച്ച് നിയന്ത്രിച്ചിരിക്കുകയാണ് കേരളം. കൊറോണ കൊണ്ട് തളര്‍ച്ചയുണ്ടായ സംസ്ഥാനത്തെ പ്രധാന സാമ്പത്തിക സ്രോതസായ ടൂറിസം മേഖലയില്‍ പുതിയ പല പദ്ധതികളും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേരളം. കൊറോണ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും ബാധിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ പരിസ്ഥിതിയില്‍ ടൂറിസം രംഗം ശക്തിപ്പെടുത്താന്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എല്ലാം വരുന്നതെയുള്ളൂവെന്ന് വ്യക്തമാക്കിയ മന്ത്രി പലകാര്യങ്ങളും കേരള ടൂറിസത്തിനായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അഴിമുഖത്തോട് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊറോണയില്‍ തകര്‍ച്ച നേരിടുന്നത് ടൂറിസം മാത്രമല്ല, വാണിജ്യം, യാത്ര, സ്വര്‍ണം, പെട്രോള്‍ വിവിധ ഉല്‍പാദന മേഖലകള്‍ക്കിടയിലെ ചരക്കു നീക്കം (സപ്ലൈ ചെയിന്‍) എന്നിവയൊക്കെ തകരാറിലായിരിക്കുകയാണ്. 'ഫോബ്‌സ് മാഗസിന്‍' ഗവേഷക വിഭാഗം വ്യക്തമാക്കുന്നതനുസരിച്ച് 3.1% ലക്ഷ്യമിട്ടിരുന്ന ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് കൊറോണ കാരണം കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ്. ജൂണ്‍, ജൂലൈ മാസത്തോടെ കൊറോണയെ നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ലോക സാമ്പത്തിക വളര്‍ച്ച 2 ശതമാനത്തിലേക്ക് ചുരുങ്ങും. ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ പങ്കാണ് ടൂറിസം മേഖലയ്ക്കുള്ളത്. എല്ലാ മേഖലകളിലം കൊറോണ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ഏറ്റവും തകര്‍ച്ച സംഭവിക്കുന്ന ഒരു മേഖല ടൂറിസം തന്നെയാകും എന്നതില്‍ സംശയമില്ല.


Next Story

Related Stories