ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്.ടി.എം) മൂന്നാം വര്‍ഷത്തിലേക്ക്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 20) രാവിലെ 11 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 28 വരെ വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍ നടക്കും.
ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക എന്ന ഉത്തരവാദിത്വ ടൂറിസം ആശയത്തെ പരിപോഷിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷന്. സാധാരണ ടൂര്‍ പാക്കേജുകളില്നിന്നു വ്യത്യസ്തമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടൂര്‍ പാക്കേജുകളാണ് ആര്.ടി. മിഷന് നടത്തുന്നത്.
കേരളത്തിന്റെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ഉത്തരവാദിത്വ ടൂറിസം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്ഷികാഘോഷങ്ങളെക്കുറിച്ച് ടൂറിസം മന്ത്രി വിശദീകരിക്കുന്നു. വീഡിയോ കാണാം..
ഉത്തരവാദിത്ത ടൂറിസം മിഷനില്‍ നിലവില്‍ പേപ്പര്‍ ബാഗ് യൂണിറ്റുകള്‍, തുണിസഞ്ചി നിര്‍മാണ യൂണിറ്റുകള്‍, നെയ്ത്ത് യൂണിറ്റുകള്‍, ജൈവ പച്ചക്കറി ഉത്പാദന യൂണിറ്റുകള്‍, മൂല്യവര്‍ധിത ഭക്ഷ്യോത്പന്ന നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി 20,000 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 80 ശതമാനം യൂണിറ്റുകളും നയിക്കുന്നത് സ്ത്രീകളാണ്.
ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയതിലൂടെ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ ലഘൂകരണം, പാര്‍ശ്വവത്കരിക്കപ്പെട്ട ജന സമൂഹത്തിന്റെ ഉന്നമനം തുടങ്ങിയവ നേടാന്‍ കഴിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷനിനിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം ഗുണഭോക്താക്കളുമുണ്ട്. ആര്‍ടി മിഷന് നിലവില്‍ വന്നതു മുതല്‍ സെപ്റ്റംബര്‍ 31 വരെ ആകെ ലഭിച്ചിരിക്കുന്ന പ്രാദേശിക വരുമാനം 32.12 കോടി രൂപയാണ്.
2017 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന് നിലവില്‍ വന്നതിന് ശേഷം നാല് അന്താരാഷ്ട്ര അവാര്‍ഡുകളും, മൂന്ന് ദേശീയ അവാര്‍ഡും ഉള്‍പ്പെടെ ഏഴ് പ്രധാന അവാര്‍ഡുകളും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.