TopTop
Begin typing your search above and press return to search.

'പ്രഗ്നന്‍സി ടൂറിസം'; വംശ ശുദ്ധിയുള്ള ബീജം തേടി സഞ്ചാരികള്‍ എത്തുന്ന ഇന്ത്യന്‍ താഴ്‌വര

പ്രഗ്നന്‍സി ടൂറിസം; വംശ ശുദ്ധിയുള്ള ബീജം തേടി സഞ്ചാരികള്‍ എത്തുന്ന ഇന്ത്യന്‍ താഴ്‌വര

ലോകം മുഴുവനും എപ്പോഴും വിവേചനങ്ങള്‍ ഉണ്ടായിരിക്കുന്നത് പലപ്പോഴും വംശ ശുദ്ധിയുടെ പേരിലാണ്. ഹിറ്റ്‌ലറുടെ വംശ ശുദ്ധി ഭ്രാന്തിന്റെ പല പകര്‍പ്പുകള്‍ ഇപ്പോഴും ലോകത്ത് പലയിടത്തും ശക്തമായി നിലനില്‍ക്കുന്നുണ്ട്. 'വംശശുദ്ധി' തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്നിരിക്കുന്ന അധികം അറിയപ്പെടാത്ത അനൗദ്യോഗികമായ ഒന്നാണ് ലഡാക്കിലെ 'പ്രഗ്നന്‍സി ടൂറിസം'. ആര്യന്‍മാരുടെ ശുദ്ധ ബീജം തേടി ജര്‍മ്മനി ഉള്‍പ്പെടയുള്ള യൂറോപ്പിലെ പല സ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ ലഡാക്കിലെത്തുന്നുവെന്നും അവിടുത്തെ പുരുഷന്‍മാരില്‍ നിന്നും ഗര്‍ഭം ധരിച്ച് അവര്‍ മടങ്ങി പോകുന്നുവെന്നുമുള്ള കാര്യങ്ങള്‍ പല ആഗോള മാധ്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍, ലഡാക്കിലെ 'പ്രഗ്നന്‍സി ടൂറിസം' സംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.'Pregnancy tourism in Aryan village in Ladakh' എന്നാണ് അതിന്റെ തലക്കെട്ട്. പക്ഷെ ഈ വിഷയം കൂടുതല്‍ ആഗോള ശ്രദ്ധ നേടിയത് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അച്തുങ് ബേബി Achtung Baby (ARYAN SAGA ) എന്ന ഡോക്യുമെന്ററിയിലൂടെയാണ്.

അച്തുങ് ബേബി, 2010ലെ ഗോവന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നത്. 60 മിനുട്ടോളം ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററിയില്‍, ആര്യന്‍മാരുടെ ശുദ്ധ ബീജത്തിലൂടെ ഗര്‍ഭിണിയാകാന്‍ ലഡാക്കില്‍ എത്തിയ ജര്‍മന്‍ യുവതികളും ബീജം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ലഡാക്കിലെ പുരുഷന്‍മാരും പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

ആര്യന്മാരുടെ യഥാര്‍ഥ ചരിത്രം എവിടെയും എഴുതപ്പെട്ടിട്ടില്ല. വാമൊഴികളായി ആ കഥകള്‍ പിന്‍ഗാമികളിലേയ്ക്ക് കൈമാറി വന്നതാണ് ഇപ്പോള്‍ കൂടുതലും പ്രചരിക്കുന്നത്. ലഡാക്കില്‍ ഇപ്പോള്‍ താമസിക്കുന്ന ആര്യവംശജരായ ഗോത്ര വര്‍ഗ്ഗക്കാര്‍ (ബ്രോക്പ) ബി.സി 326ല്‍ ഇന്ത്യാ അധിനിവേശത്തിനെത്തിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കൊപ്പം വന്ന സൈനികരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നാണ് ചരിത്രം പറയുന്നത്.

അലക്‌സാണ്ടര്‍ സിന്ധുനദീതടത്തില്‍ വച്ച് പടയോട്ടം അവസാനിപ്പിച്ചു മടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മാസിഡോണിയന്‍ പടയാളികള്‍ ഇവിടെ തങ്ങിയെന്നും അവരെ അനുഗമിച്ച എത്തിയവര്‍ ഇവിടെ കുടിയേറി പാര്‍ത്തുവെന്നുമാണ് ഒരു വാദമുള്ളത്. ഇപ്പോഴത്തെ ആര്യന്‍ വാലിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു ഗോത്രസമൂഹം ഒറ്റപ്പെട്ട് ജീവിക്കുന്നതായി ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

കാര്‍ഗിലിന്റെ 100 കി.മീ അകലെ വടക്കുകിഴക്കാണ് ആര്യന്‍ വാലിയെന്ന് വിളിക്കുന്ന പ്രദേശമുള്ളത്. പ്രധാനമായും നാല് ആര്യന്‍ ഗ്രാമങ്ങളാണുള്ളത്. ദാ, ഹനു, ദാര്‍ചിക്, ഗാര്‍കോണ്‍ എന്നിവയാണ് ആ ആര്യന്‍ ഗ്രാമങ്ങള്‍. തിബറ്റില്‍നിന്ന് ഉത്ഭവിച്ച് ലഡാക്കിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന സിന്ധുനദിയുടെ കരയിലായി ബാള്‍ട്ടിസ്താന്‍ പാതയിലാണ് ഈ ഗ്രാമങ്ങളുള്ളത്.

നാല് ഗ്രാമങ്ങളിലായി ഒറ്റപ്പെട്ടുകഴിയുന്ന ബ്രോക്പകള്‍ വംശ ശുദ്ധി കളങ്കപ്പെടാതിരിക്കുന്നതിനായി മറ്റ് ഗോത്രങ്ങളില്‍ നിന്നുമുള്ള വിവാഹം കഴിക്കാന്‍ തയ്യാറല്ല. സ്വന്തം ഗോത്രത്തില്‍ നിന്നാണ് ഇവര്‍ഡ പങ്കാളികളെ തിരഞ്ഞെടുക്കുക. നിലവില്‍ പങ്കാളിയുള്ളയാളെ വിവാഹം കഴിക്കുന്നതും, വിവാഹമോചനവും പുനര്‍വിവാഹവുമെല്ലാം ഈ ഗോത്രത്തിലെ സ്ത്രീക്കും പുരുഷനും അവകാശമുണ്ട്.

ഇവിടത്തുകാരുടെ ശാരീരിക പ്രകൃതവും വളരെ പ്രത്യേകതയുള്ളതാണ്. വെളുത്ത് ഉയരം കൂടിയ ഇവര്‍ക്ക് ആകര്‍ഷകമായ നീല കണ്ണുകളും ഉയര്‍ന്ന കവിള്‍ തടവും, വെളുത്ത് കുറ്റമറ്റ ചര്‍മ്മവും, സുന്ദരമായ മുടിയുള്ളതുമാണ്. ആര്യന്മാര്‍ക്ക് ഉള്ളതെന്ന് അവകാശപ്പെടുന്ന പ്രത്യേകതകള്‍ ഇവരില്‍ കാണാന്‍ കഴിയും.

ലേ - ലഡാക്ക്

ഇന്ത്യയുടെ വടക്കേ അതിര്‍ത്തി കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക്. നേരത്തെ ജമ്മു-കാശ്മീരില്‍ ഉള്‍പ്പെട്ടിരുന്ന ലഡാക്ക് 2019 ഓഗസ്റ്റിലാണ് കേന്ദ്രഭരണപ്രദേശമായത്. ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്. സില്‍ക്ക് റൂട്ടുകളുടെ ഭാഗമായിരുന്നു ലഡാക്കിലെ പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെയാണ് തിബറ്റന്‍ ഭാഷയില്‍ 'ഉയര്‍ന്ന പാതകളുടെ ഭൂമി' എന്നര്‍ത്ഥം വരുന്ന 'ലഡാക്ക്' എന്ന പേര് ഈ പ്രദേശത്ത് ലഭിക്കാന്‍ കാരണമായത്.

വടക്ക് കുണ്‍ലൂന്‍ മലനിരകള്‍ക്കും തെക്ക് ഹിമാലയപര്‍വ്വതനിരകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ലഡാക്ക്. അതിര്‍ത്തിക്കപ്പുറം തിബറ്റും ചൈനയുമാണ്. ഇന്തോ-ആര്യന്‍, തിബറ്റന്‍ വംശജരാണ് ഇവിടത്തെ നിവാസികള്‍. ബഹുഭൂരിപക്ഷവു ബുദ്ധമതക്കാരായ ഇവിടെ മുസ്ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിശ്വാസികളുമുണ്ട്.

ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്നും 11,483 അടി (3,500 മീ.) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയിലേക്ക് 434 കി.മീ നീളമുള്ള ശ്രീനഗര്‍- ലേ ദേശീയ പാതയും, 473 കി.മീ നീളമുള്ള മണാലി - ലേ ദേശീയ പാതയും ബൈക്ക് യാത്രികരുടെയും സഞ്ചാരികളുടെ സ്വപ്ന പാതയാണ്. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ടം വര്‍ഷത്തില്‍ കുറഞ്ഞ കാലം മാത്രമെ തുറക്കാറുള്ളു.

ലേയില്‍ ഒരു രാജവംശവും അവരുടെ കൊട്ടാരവുമുണ്ട. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാല്‍ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാജ പരിവാരങ്ങള്‍ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19ാം നൂറ്റാണ്ടില്‍ കാശ്മീരി സേനകള്‍ പിടിച്ചെടുത്തു. രാജ പരിവാരങ്ങളുടെ ഇപ്പോഴത്തെ താമസയിടമായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറുകയും ചെയ്തു.


Next Story

Related Stories