TopTop

യാത്രപ്രേമികളെ, ഈ കൊറോണ കാലത്ത് വീട്ടിലിരുന്ന് 'ഭ്രാന്തെ'ടുത്തെങ്കില്‍ ഈ സിനിമകള്‍ കണ്ടോളൂ

യാത്രപ്രേമികളെ, ഈ കൊറോണ കാലത്ത് വീട്ടിലിരുന്ന്

യാത്രഭ്രാന്തന്മാരെ സംബന്ധിച്ചടത്തോളം ഈ കൊറോണ കാലം മടുപ്പിക്കുന്നതാണ്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും അവരെ സംബന്ധിച്ചടത്തോളം മറ്റുള്ളവരെക്കാളും വലിയ മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ മടുപ്പുകളില്‍ നിന്ന് ഒഴിവാകാനും മനസിന് ഒരു വിശ്രമം നല്‍കാനും ഈ യാത്ര ചിത്രങ്ങള്‍ കാണാം.. യുട്യൂബ് ഉള്‍പ്പടെയുള്ള പല സോഷ്യല്‍ മീഡികളിലും ഈ ചിത്രങ്ങള്‍ കാണാന്‍ സാധിക്കും

എവറസ്റ്റ്

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റില്‍ ടെന്‍സിംഗിനും ഹിലാരിക്കും ശേഷം കയറിയ ഒരു കൂട്ടം പര്‍വ്വതാരോഹരുടെ കൂടെ നമ്മളും എവറസ്റ്റ് കയറുവാന്‍ തുടങ്ങുമ്പോള്‍ പലയിടത്തും നമ്മളും വഴുതി വീഴും. വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലാത്ത അവരോടൊപ്പം നമ്മളും കയറും എവറസ്റ്റിന്റെ തുഞ്ചത്ത്.. ഇറങ്ങുമ്പോള്‍ നമ്മളും ഇറങ്ങും, കരഞ്ഞുകൊണ്ട്..

എവറസ്റ്റ്, 2015, 2h 1min, സംവിധാനം- ബല്‍തസാര്‍ കോര്‍മാകൂര്‍

ദി സിക്രെട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍മിറ്റി

ഒരു സാധാരണ മനുഷ്യന് അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടിവരുകയും സാഹസികമായ യാത്രകള്‍ നടത്താന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു. അതില്‍ നിന്ന് അവന്‍ പലതും പഠിക്കുന്നു, ലോകം വിശാലമാണെന്നും കാഴ്ചകള്‍ ഇനിയുമുണ്ടെന്നും മനസിലാക്കുന്നു. ഒരു തവണ അവന്‍ ഫോട്ടോഗ്രാഫറായ സുഹൃത്തിനെ തേടി ഹിമാലയത്തിലെ മുകളില്‍ വരെ എത്തുന്നു. വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഗോസ്റ്റ് ക്യാറ്റിന്റെ (ഒരു പ്രത്യേക തരം മഞ്ഞുപുലിയെ വിളിക്കുന്ന പേര്) ഫോട്ടോ പകര്‍ത്തുന്നതിനായി കാത്തിരിക്കുമ്പോള്‍ 'പ്രേത പൂച്ച' എത്തിയിട്ടും സുഹൃത്ത് തന്റെ ക്യാമറ ഉപയോഗിക്കാത്തത് അവനെ അത്ഭുതപ്പെടുത്തുന്നു. അതിനുള്ള മറുപടി 'പ്രകൃതിയുടെ ഈ സുന്ദര ദൃശ്യം ആസ്വദിക്കൂ... അടങ്ങിയിരിക്കൂ... എനിക്കിപ്പോള്‍ ചിത്രം എടുക്കാന്‍ താല്‍പര്യമില്ല...' എന്നാണ്.

ദി സിക്രെട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍,2013, 1h 54min, സംവിധാനം-ബെന്‍ സ്റ്റില്ലര്‍

പോയിന്റ് ബ്രേക്ക്

വ്യത്യസ്തമായ തരത്തില്‍ മോഷണങ്ങള്‍ നടക്കുന്നത് കണ്ടാണ് എഫ് ബി ഐ ആ കേസുകള്‍ ശ്രദ്ധിക്കുന്നത്. പ്രകൃതിശക്തികളെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അങ്ങേയറ്റത്തെ അതിസാഹതികമായിട്ടുള്ള 'ഒസാക്കി 8' ല്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നതെന്ന് മനസിലാക്കി അവര്‍ക്ക് പിന്നാലെ പോവുകയാണ് അതിസാഹസികനും സഞ്ചാരിയുമായ ആ എഫ് ബി ഐ ഏജന്റ്. ആഴക്കടല്‍, നീലാകാശം, സൂചിമുനപ്പോലെയുള്ള പാറക്കെട്ടുകള്‍ അങ്ങനെ അവര്‍ കയറാത്തയിടങ്ങളില്ല. പ്രകൃതിയെയും. ഗുരുത്വാകര്‍ഷണത്തെയുമൊക്കെ വെല്ലുവിളിച്ചുള്ള ഇവരുടെ പ്രകടനങ്ങളൊക്കെ നമ്മുടെ ചങ്കിടിപ്പ് കൂട്ടുന്നു. മരണം ഇത്ര നിസാരമാണോ ആഗ്രഹങ്ങള്‍ക്കും, ലക്ഷ്യങ്ങള്‍ക്കും മുമ്പില്‍ എന്ന് തോന്നിപോകും.

പോയിന്റ് ബ്രേക്ക്, 2015, 1h 54min, സംവിധാനം- എറിക്‌സണ്‍ കോര്‍

ദി ബീച്ച്

ഈ ഭൂമിയില്‍ സ്വന്തമായി ഒരു മറ്റൊരു ലോകം സൃഷ്ടിച്ച് ജീവിക്കുന്ന കുറച്ചാളുകളും അവിടെ എത്തിപ്പറ്റിയ നായകനും നമ്മള്‍ക്ക് ഒരു സ്വര്‍ഗമാണ് സമ്മാനിക്കുന്നത്. 'ഞാന്‍ ഇപ്പോഴും സ്വര്‍ഗത്തില്‍ വിശ്വസിക്കുന്നു. പക്ഷെ അത് നിങ്ങള്‍ അന്വേഷിക്കുന്നയിടംപോലെയല്ല' എന്നു പറഞ്ഞ് നമ്മളെ കൂട്ടികൊണ്ടു പോകുന്നത് നേരിട്ട് അനുഭവിക്കുക തന്നെ വേണം.

ദി ബീച്ച്, 2000, 1h 55min, സംവിധാനം- ഡാനി ബോയല്‍

ഇന്‍ ടു ദ വൈല്‍ഡ്

കൗമാരകാരനായ ക്രിസ്റ്റഫര്‍ തന്റെ ചെറിയ ജീവിതം മുഴുവനും സാഹസികതയ്ക്കും യാത്രയ്ക്കും മാറ്റിവച്ചിരിക്കുകയാണ്. യാത്രക്കിടയില്‍ പ്രണയത്തിലാവുന്ന പെണ്‍കുട്ടിയോടും, സ്വത്തുകള്‍ മുഴുവന്‍ തരാമെന്ന് ഒരു അച്ഛന്റെ വാത്സല്യത്തോടെ സ്‌നേഹിച്ച ആളെയും കടന്ന് അവന്‍ പോവുകയാണ്. അവസാനം താന്‍ തിരിച്ചറിഞ്ഞ ഒരു സത്യം അവന്‍ നമ്മളോടു പറയുന്നുണ്ട് - 'സന്തോഷം യഥാര്‍ത്ഥ്യമാകുന്നത് പങ്കുവെയ്ക്കപ്പെടുമ്പോഴാണ്..'

ഇന്‍ ടു ദ വൈല്‍ഡ്, 2007, 2h 28min, സംവിധാനം- സീന്‍ പെന്‍

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്

ചെഗുവരെയും സുഹൃത്തും നടത്തിയ ചരിത്രപരമായ യാത്രയുടെ കുറിപ്പുകളുടെ ദൃശ്യാവിഷ്‌കാരം എന്നതിനുപരി ഒരു വല്ലാത്ത അനുഭവമാണ് ചിത്രം നല്‍കുന്നത്. ചെഗുവരെയുടെ വാക്കുകളില്‍ തന്നെ പറയാം ചിത്രത്തിനെക്കുറിച്ച്- 'ഇതൊരു ധീരസാഹസിക യാത്രയുടെ കഥയല്ല, ഇത് സമാനമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി രണ്ട് ജീവിതങ്ങള്‍ കുറച്ചു സമയത്തേക്ക് ഒരുമിച്ച് നീങ്ങിയ അനുഭവമാണ്, ഞങ്ങള്‍ അമേരിക്കയിലൂടെ നടത്തിയ സഞ്ചാരം എന്നെ ഞാന്‍ വിചാരിച്ചതിലധികം മാറ്റി. ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പഴയ ഞാനേ അല്ല...'

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, 2004, 2h 6min, സംവിധാനം- വാള്‍ട്ടര്‍ സളീസ്

ഈറ്റ് പ്രേ ലൗ, ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന്‍, യൂറോട്രിപ്പ്, അണ്ടര്‍ ടുസാന്‍ സണ്‍, ഹെക്ടര്‍ ആന്‍ഡ് ദ സെര്‍ച്ച് ഫോര്‍ ഹാപ്പിനസ് ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സിനിമകള്‍ യുട്യൂബിലും, സോഷ്യല്‍ മീഡിയകളിലുമുണ്ട്. ഈ ചിത്രങ്ങളില്&്വംഷ; പലതും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്. ഈ സിനിമകള്‍ കാണുന്നതിന് മുമ്പ് ഒരുവട്ടം ആലോചിക്കുക. കാരണം ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ഇരിക്കില്ല, എന്തു നഷ്ടം സഹിച്ചായാലും ഇതിന്റെ പിന്നാലെ പോകും.


Next Story

Related Stories