TopTop
Begin typing your search above and press return to search.

നരിമാന്‍ ഹൗസിലെ ചുമരുകളില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട് 26/11 മുംബയ് ആക്രമണത്തിന്റെ രക്തക്കറകള്‍

നരിമാന്‍ ഹൗസിലെ ചുമരുകളില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട് 26/11 മുംബയ് ആക്രമണത്തിന്റെ രക്തക്കറകള്‍

മുംബയ് ആക്രമണം (26/11 ആക്രമണം) നടന്നിട്ട് 11 വര്‍ഷമായെങ്കിലും ഇന്നും അതിന്റെ മുറിവുകള്‍ പേറുന്നവരാണ് ഇവിടെയുള്ളവര്‍. മുംബൈയിലെ എട്ടോളം സ്ഥലങ്ങളിലായിരുന്നു ആക്രമണം നടന്നത്. അതിലൊരു ഇടമായിരുന്നു മുംബയ് ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള പുരാതന ജൂതഭവനമായ നരിമാന്‍ ഹൗസ്. മുംബയ് കൊളാബയിലെ ആ അഞ്ച് നില കെട്ടിടം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ അകത്തേക്ക് കടന്നാല്‍ 26/11 ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്ന അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു സ്മാരകമാക്കിയ നരിമാന്‍ ഹൗസിനെ ഈ നവംബര്‍ 26 മുതല്‍ 'നരിമാന്‍ ലൈറ്റ്ഹൗസ്' ആക്കിയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി ആര്‍ക്കും പ്രവേശനമില്ലാതിരുന്ന ഇവിടേക്ക് ഈ ചൊവ്വാഴ്ച മുതലാണ് തുറന്നുകൊടുത്തത്.

ഇനി മുതല്‍ നരിമാന്‍ ലൈറ്റ് ഹൗസ് എല്ലാ മതവിശ്വാസികള്‍ക്കും തുറന്നിരിക്കും. ഇത് ഇപ്പോള്‍ ഒരു സ്മാരകവും 26/11 ആക്രമണത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവുമാണ്. ജൂത മത വിശ്വാസികളുടെ പവിത്രമായ ആരാധനയിടമായ നരിമാന്‍ ഹൗസിലെ ചുവരുകളില്‍ ഇപ്പോഴും ഭീകര്‍ ആക്രമണം നടത്തിയപ്പോഴുള്ള വെടിയുണ്ടകള്‍ തറഞ്ഞ അടയാളങ്ങളും രക്തക്കറകളും മായാതെ കിടപ്പുണ്ട്. നരിമാന്‍ ലൈറ്റ് ഹൗസ് എന്ന ആശയത്തിന്റെ ലക്ഷ്യം ആളുകളുടെ ജീവിതത്തില്‍ പ്രത്യാശ പകരുന്നതിനും ഭാവിതലമുറയ്ക്ക് ഭയാനകമായ ഈ ആക്രമണങ്ങളുടെ കഥയെ ഓര്‍മ്മിപ്പിക്കുകയെന്നതുമാണ്.

നരിമാന്‍ ലൈറ്റ്ഹൗസ് ഡയറക്ടര്‍ ഛായ കോസ്ലോവ്‌സ്‌കി പറയുന്നത് 'ഇത് ഞങ്ങളുടെ സ്വന്തം രീതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതാണ്. പ്രത്യാശയുടെയും നന്മയുടെയും ദയയുടെയും പ്രതീകമായി ഈ സ്ഥലം ഓര്‍മ്മിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആളുകള്‍ക്ക് ലോകത്തെ മാറ്റാന്‍ കഴിയുമെന്നും ചെറിയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം മൂല്യമുണ്ടെന്നും ഞങ്ങള്‍ ഇതിലൂടെ നല്‍കാന്‍ താല്‍പ്പര്യപ്പെടുന്ന സന്ദേശം' എന്നാണ്.

ഇപ്പോള്‍ കെട്ടിടത്തിന്റെ ആദ്യ നിലയില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും മറ്റുമായി ഒരുക്കിയിരിക്കുകയാണ്. രണ്ടാം നിലയില്‍ ഒരു സിനഗോഗും മൂന്നാം നിലയില്‍ ഒരു വിശാലമായ ഹാളും ഉണ്ട്. നാലാമത്തെയും അഞ്ചാമത്തെയും നിലകളില്‍ മ്യൂസീയമാണ്. മുംബൈ ആക്രമണത്തില്‍ അവിടെ നടന്ന മിക്കതും അതുപോലെ തന്നെ മ്യൂസീയത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്.

കൊളാബയ്ക്കടുത്തുള്ള നരിമാന്‍ ഹൗസില്‍ ആക്രമണം നടന്നത് 2008 നവംബര്‍ 26 രാത്രി ഏകദേശം 9.45 അടുപ്പിച്ചായിരുന്നു. അവിടെ താമസമുണ്ടായിരുന്ന ഇസ്രായേലി റബ്ബി ഗാവ്രിയല്‍ ഹോള്‍ട്ട്‌സ്‌ബെര്‍ഗും ഭാര്യ റിവ്കയുമടക്കം അവിടെ ആറ് പേര്‍ കൊല്ലപ്പെട്ടു. റബ്ബിയുടെ രണ്ടുവയസ്സുകാരന്‍ മകന്‍ മോഷെയെ, സാന്ദ്ര സാമുവല്‍ എന്ന ഇന്ത്യക്കാരിയായ ആയയാണ് രക്ഷപ്പെടുത്തിയത്. അവരുടെ താമസ സ്ഥലവും കുഞ്ഞിന്റെ മുറിയും മ്യൂസീയത്തിയത്തിന്റെ ഭാഗമാണ്.

മുംബയ് ആക്രമണം

2008 നവംബര്‍ 26 രാത്രിയിലാണ് ലഷ്‌കറെ ത്വയ്യിബ ഭീകരര്‍ മുംബയ് നഗരത്തില്‍ നാലു ദിവസത്തെ ആക്രമണം നടത്തിയത്. നവംബര്‍ 26 രാത്രി തുടങ്ങിയ ആക്രമണം 29 വരെ നീണ്ടുനിന്നിരുന്നു. ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്, മെട്രോ ആഡ്‌ലാബ്സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസുകാരും എന്‍എസ്ജി കമാന്‍ഡോകളും വിദേശികളും സ്വദേശികളുമടക്കം 166 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Next Story

Related Stories