TopTop
Begin typing your search above and press return to search.

70,000 മനുഷ്യരുടെ എല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ദേവാലയം

70,000 മനുഷ്യരുടെ എല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ദേവാലയം

ചെക്ക് റിപ്പബ്ലിക്കിലെ കുത്നെ ഹോറയുടെ (Kutna Hora) പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയുണ്ട്. ഈ ദേവാലയത്തിന്റെ പ്രത്യേകത എന്താണെന്നാല്‍ ഇതി പണിതിരിക്കുന്നത് എല്ലുകള്‍ കൊണ്ടാണ്. അതേ, മനുഷ്യരുടെ അസ്ഥികള്‍ കൊണ്ട് പണിതിരിക്കുന്ന ഒരു അസ്ഥികുടീര പള്ളിയാണിത്. 'ദി സെഡ്ലെക് ഓഷ്വറി' (Sedlec Ossuary) അല്ലെങ്കില്‍ 'സെമിത്തേരി ചര്‍ച്ച് ഓഫ് ഓള്‍ സെയിന്റ്‌സ്' എന്നാണ് ഈ പള്ളിയുടെ പേര്. ഓഷ്വറി എന്നാല്‍ അര്‍ത്ഥം 'മരിച്ചവരുടെ അസ്ഥികള്‍ സൂക്ഷിക്കുന്ന പെട്ടി' എന്നാണ്.

സെഡ്ലെക്ക് ഒരു ചെറിയ റോമന്‍ കത്തോലിക്കാ പള്ളിയാണ്. 'സെമിത്തേരി' എന്ന പേര് ഒരു പള്ളിയെ സംബന്ധിച്ചിടത്തോളം അല്പം അപ്രതീക്ഷിതമാണ്.. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് ആ പള്ളി. പള്ളിക്കുള്ളില്‍ പതിനായിരക്കണക്കിന് മനുഷ്യരുടെ അസ്ഥികള്‍ ചുമരുകളിലും മേല്‍ക്കൂരയിലും തൂക്കിയിരിക്കുന്നു. പള്ളിയുടെ ചുമരുകളും മേല്‍ക്കൂരയിലും അസ്ഥികള്‍ ചുമ്മാതെയങ്ങ് തൂക്കിയിരിക്കുകയല്ല, അവയെല്ലാം കലാപരമായി രീതിയില്‍ അലങ്കരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

പള്ളിയുടെ കോണുകളില്‍ എല്ലുകള്‍കൊണ്ട് വലിയ മണിയുടെ ആകൃതിയിലുള്ള രൂപങ്ങള്‍, സീലിംഗില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തലയോട്ടി, എല്ലുകള്‍ കൊണ്ടുള്ള രൂപങ്ങള്‍, തലയോട്ടികളുടെ മാലകളാല്‍ ചുറ്റപ്പെട്ട നിലവറ, ബലിപീഠത്തിന്റെ അരികിലുള്ള പിയറുകളും മോണ്‍സ്ട്രന്‍സുകളും, തലയോട്ടികൊണ്ടുള്ള മെഴുകുതിരി കാലുകള്‍.. കൂടാതെ, പതിനഞ്ചാം നൂറ്റാണ്ടിലെ യുദ്ധത്തില്‍ വിവിധ ആയുധങ്ങള്‍ മൂലമുണ്ടായ മുറിവുകളുള്ള തലയോട്ടികളും പള്ളിയില്‍ അടുക്കിവച്ചിട്ടുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. 1278-ല്‍ ബോഹെമിയന്‍ പ്രവശ്യയായ സെഡ്ലെക്കിലെ സിസ്റ്റര്‍സിയന്‍ മഠത്തിന്റെ മഠാധിപതിയായ ഹെന്ററിയെ, ഒറ്റാകര്‍ രണ്ടാമന്‍ രാജാവ് വിശുദ്ധ നാട്ടിലേക്ക് (ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കന്‍ തീരങ്ങളിലേക്ക്) അയച്ചതായി പറയപ്പെടുന്നു. മടങ്ങിവരുമ്പോള്‍ ഹെന്ററി, ക്രിസ്തുവിനെ ക്രൂശിച്ച സ്ഥലത്ത് (ഗൊല്‍ഗോഥ) നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവരുകയും, അത് ഇവിടെ അള്‍ത്താരയിലും സെമിത്തേരിയില്‍ അത് തൂവുകയും ചെയ്തു.

ഹെന്ററിയുടെ വിശുദ്ധ പ്രവര്‍ത്തനത്തിന്റെ കഥ പ്രചരിച്ചതും സെഡ്ലെക്കിന്റെ സെമിത്തേരി എല്ലാ മധ്യ യൂറോപ്യന്മാര്‍ക്കും അഭികാമ്യമായ ശ്മശാന സ്ഥലമായി മാറി. 'കറുത്ത മരണം' എന്ന് അറിയപ്പെടുന്ന പ്ലേഗ് മഹാമാരി പടര്‍ന്ന് പിടിച്ച പതിനാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന ഹസ്റ്റിയുദ്ധ (Hussite War) ) സമയത്തും പതിനായിരക്കണക്കിന് ആളുകളെ അവിടെ അടക്കം ചെയ്തു. ഇവിടെ ലഭ്യമായ സ്ഥലത്തേക്കാള്‍ കൂടുതല്‍ കല്ലറകള്‍ പണിത്, സെമിത്തേരി വിപുലീകരിക്കേണ്ട സാഹചര്യം വരെയുണ്ടായി.

ഇതിനിടയില്‍, 1400ല്‍ സെമിത്തേരിക്ക് നടുവില്‍ ഒരു ഗോഥിക് ശൈലിയില്‍ ഒരു പള്ളിയും പണിതിരുന്നു. നിര്‍മ്മാണ വേളയില്‍ സ്ഥലം എടുത്തപ്പോള്‍ കണ്ടെത്തിയ ശവക്കുഴികളിലെ അസ്ഥികള്‍ പള്ളിയിലെ മുകളിലത്തെയും താഴത്തെയും നിലകളിലലുമായുള്ള കല്ലറകളില്‍ സൂക്ഷിച്ചു. 1511-ല്‍ ഈ അസ്ഥികൂടങ്ങള്‍ ശേഖരിച്ച് സംരക്ഷിക്കാന്‍, ഭാഗികമായി അന്ധരായ സന്യാസിമാര്‍ക്ക് ചുമതല നല്‍കി. സന്യാസിമാര്‍ ഈ അസ്ഥികള്‍ കലാപരമായി രീതിയില്‍ പള്ളിക്കുള്ളില്‍ അലങ്കരിച്ച് സംരക്ഷിച്ചു.

തുടര്‍ന്ന്, 1870-ല്‍ ഷ്വാര്‍സെന്‍ബര്‍ഗ് പ്രഭു കുടുംബം ഫ്രാന്റിക് റിന്റ് എന്ന മരപ്പണിക്കാരനെ പള്ളിയിലെ മരപ്പണികള്‍ നടത്താന്‍ നിയമിച്ചു. ഫ്രാന്റിക് റിന്റ്, ഈ അസ്ഥികള്‍ ഉപയോഗിച്ച് പള്ളിയിലെ അലങ്കാരപ്പണികള്‍ ചെയ്യാന്‍ തുടങ്ങി. പള്ളിയ്ക്കുള്ളിലെ അലങ്കാരങ്ങളും ശില്പങ്ങളും പലതും അദ്ദേഹം മനുഷ്യ അസ്ഥികളാല്‍ നിര്‍മിച്ചു. സഡ്ലെക് ഓഷ്വറിയില്‍ 40,000 മുതല്‍ 70,000 വരെ ആളുകളുടെ അസ്ഥികൂടങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇവിടെ ഏറ്റവും അമ്പരപ്പിക്കുന്നത്, പള്ളിയുടെ മധ്യഭാഗത്ത് തൂക്കിയിട്ടിരിക്കുന്ന എല്ലുകള്‍ കൊണ്ട് തീര്‍ത്ത ഒരു വലിയ ചാന്‍ഡിലിയറാണ് (ശാഖകളോട് കൂടിയ, തൂക്കിയിടുന്ന ദീപസ്തംഭം)്. മനുഷ്യശരീരത്തിലെ എല്ലാ അസ്ഥികളിലെയും ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണീ ചാന്‍ഡിലിയര്‍. അസ്ഥികൂട അലങ്കാരങ്ങളുടെ ശില്‍പിയായ ഫ്രാന്റിക് റിന്റിന്റെയുടെ ഒപ്പും വ്യത്യസ്തമാണ്. പള്ളിയുടെ പ്രവേശന കവാടത്തിനടുത്തുള്ള ചുമരില്‍ കാണുന്ന വിരല്‍ അസ്ഥികളിലാണ് റിന്റെ, തന്റെ ഒപ്പ് പതിപ്പിച്ചിരിക്കുന്നത്.

കടപ്പാട്: വിക്കിപീഡിയ


Next Story

Related Stories