TopTop
Begin typing your search above and press return to search.

മ്യൂസിയമാവുന്നതിന് മുമ്പ് മുസ്ലീം പള്ളി, അതിനും മുമ്പ് ക്രിസ്തീയ ദേവാലയം, ഇപ്പോള്‍ വീണ്ടും മസ്ജീദ്; 1600 വര്‍ഷത്തെ ചരിത്രവുമായി ഹാഗിയ സോഫിയ

മ്യൂസിയമാവുന്നതിന് മുമ്പ് മുസ്ലീം പള്ളി, അതിനും മുമ്പ് ക്രിസ്തീയ ദേവാലയം, ഇപ്പോള്‍ വീണ്ടും മസ്ജീദ്; 1600 വര്‍ഷത്തെ ചരിത്രവുമായി ഹാഗിയ സോഫിയ

ലോകത്തെ അദ്ഭുത നിര്‍മ്മിതികളിലൊന്നായിട്ടാണ് ഹാഗിയ സോഫിയെ കണക്കാക്കുന്നത്. തുര്‍ക്കി, ഇസ്താംബുളിലെ പ്രാചീന ആരാധനാലയമായ ഹാഗിയ സോഫിയുടെ അര്‍ത്ഥം തന്നെ 'വിശുദ്ധ ജ്ഞാനം' എന്നാണ് (Aya Sofya - അയ സോഫിയ എന്നാണ് തുര്‍ക്കിഷില്‍ പറയുന്നത്). ഇന്ന് നിലനില്‍ക്കുന്ന രൂപത്തിലുള്ള ഈ ആരാധനാലയത്തിന് പോലും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോമാ സമ്രാജ്യത്തിന്റെ പ്രഭാവവും പതനവും ഓട്ടമെന്‍ സമ്രാജ്യവും രണ്ട് ലോക മഹായുദ്ധങ്ങളും അഞ്ച് വമ്പന്‍ ഭൂകമ്പങ്ങളെയുമൊക്കെ അതിജീവിച്ച് 1600 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു മന്ദിരമാണിത്.

തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നയിടങ്ങളില്‍ രണ്ടാം സ്ഥാനമുള്ള ഹാഗിയ സോഫിയ-യില്‍ വര്‍ഷം 3.3 മില്ല്യണ്‍ (33 ലക്ഷം) ആളുകള്‍ എത്തുന്നുണ്ടെന്നാണ് രാജ്യത്തെ മിനിസ്ട്രി ഓഫ് കള്‍ച്ചള്‍ ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 2019-ല്‍ വെളിപ്പെടുത്തിയിരുന്നത്. നാല്‍പ്പത് ജാലകങ്ങളുള്ള കൂറ്റന്‍ മകുടത്തോട് കൂടിയ വാസ്തുകലയിലെ വിസ്മയമായ ഈ നിര്‍മ്മിതി, ആദ്യം ഒരു ക്രിസ്തീയ ആരാധനാലയമായിട്ടാണ് പണികഴിപ്പിച്ചത്. പിന്നീട് ഇതിനെ മുസ്ലീം പള്ളിയാക്കുകയും അതിന് ശേഷം മ്യൂസീയമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഈ അത്ഭുത നിര്‍മ്മിതിയെ മുസ്ലീം പള്ളിയാക്കാന്‍ തുര്‍ക്കി ഭരണകൂടം നിലപാടെടുത്തതോടെയാണ് ലോകം ഇങ്ങോട്ടേക്ക് ശ്രദ്ധ തിരിയാന്‍ ഇടയായത്. സംഭവബഹുലമായ നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഹാഗിയ സോഫിയ്ക്കുള്ളത്. രണ്ട് തവണ പൂര്‍ണമായും നശിച്ച ദേവാലയത്തിന്റെ മൂന്നാത്തെ നിര്‍മ്മാണമാണ് ഇപ്പോള്‍ കാണുന്ന മന്ദിരം.

ഹാഗിയ സോഫിയ - എ.ഡി.360 മുതല്‍ 2020 വരെ

റോമന്‍ സമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇന്നത്തെ ഇസ്താംബുള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍) ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് (റോമന്‍ ചക്രവര്‍ത്തി) ഹാഗിയ സോഫിയയുടെ ആദ്യ നിര്‍മ്മാണത്തിന് ഉത്തരവിട്ടത്. പ്രാചീന ലത്തീന്‍ വാസ്തുകല ശൈലിയില്‍, എ.ഡി 360ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ കെട്ടിടം അക്കാലത്തെ തന്നെ പേരുകേട്ട ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ദേവാലയമായി മാറി. എ.ഡി 440ലുണ്ടായ കലാപത്തെ തുടര്‍ന്ന് ഈ പള്ളി ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. കിഴക്കന്‍ റോമിന്റെ ചക്രവര്‍ത്തിയായിരുന്ന തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ എ.ഡി 405ല്‍ രണ്ടാമത്തെ കെട്ടിടം നിര്‍മ്മിച്ചു. പക്ഷെ എ.ഡി 532ല്‍ അതും നശിപ്പിയ്ക്കപ്പെട്ടു.

തുടര്‍ന്ന് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി എ.ഡി 532ല്‍ മൂന്നാമതായി ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിക്കുകയും എ.ഡി 537-ല്‍ അതിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ദേവാലയത്തിന്റെ ശില്പികള്‍ ക്ഷേത്രഗണിതജ്ഞനും വാസ്തു ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമായിരുന്നു. ഗ്രീസ്, ഈജിപ്റ്റ്, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 1520ല്‍ സെവില്‍ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതുവരെ ഏതാണ്ട് ആയിരം വര്‍ഷത്തോളം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു ഇത്. എഡി 562 മുതല്‍ 1204 വരെ ഈസ്റ്റേണ്‍ ഓര്‍തൊഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായും, 1204 മുതല്‍ 1262 വരെ കത്തോലിക്ക കത്രീഡലായും, 1261 മുതല്‍ 1453 ഈസ്റ്റേണ്‍ ഓര്‍തൊഡോക്‌സ്് സഭയുടെ പള്ളിയായും, ഹഗിയ സോഫിയ ക്രിസ്ത്യന്‍ ദേവാലയമായി തന്നെ തുടര്‍ന്നു.

1453ല്‍ ഓട്ടമന്‍ സമ്രാജ്യ അധിപതി മെഹ്മെത് രണ്ടാമന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും ഹഗിയ സോഫിയ-യില്‍ ചില മാറ്റങ്ങള്‍ വരുത്തി മുസ്ലീം ദേവലായമാക്കുകയും ചെയ്തു. മക്കയിലേക്ക് നേരെ തിരിഞ്ഞിരിക്കുന്ന രീതിയില്‍ ചുമരില്‍ ഒരു ഒരു ദ്വാരവും (മിഹ്രാബ്), ഒരു പ്രാര്‍ത്ഥനാമണ്ഡപവും ചേര്‍ത്ത് ഈ ദേവാലയത്തെ ഒരു മസ്ജിദ് ആക്കി മാറ്റി. പിന്നീട് ഓട്ടമന്‍ സമ്രാജ്യത്തിലെ പല അധികാരികളും ദേവാലയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. 1847-കൂടി മിനാരങ്ങള്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങളുമായി ഹഗിയ സോഫിയ മസ്ജീദായി മാറി. 1935-ല്‍ ആധുനിക തുര്‍ക്കിയുടെ ശില്പിയും രാജ്യത്തെ ആദ്യപ്രസിഡന്റുമായ മുസ്തഫ കെമാല്‍ അതാതുര്‍ക്ക്, ഹഗിയ സോഫിയ ഒരു മ്യൂസീയമാക്കാനുള്ള നടപടികള്‍ കൊക്കൊണ്ടു.

പിന്നീട് പരമ്പരാഗത മുസ്ലിം മത വാദികള്‍ ഈ കെട്ടിടത്തെ മസ്ജിദ് ആക്കണമെന്നാവശ്യവുമായി പലപ്പോഴായി രംഗത്തെത്തി. 2005-ന് ശേഷം ഈ വാദം പതിയെ ശക്തിപ്പെട്ടിരുന്നുവെങ്കിലും ഗൗരവപരമായി എത്തിയിരുന്നില്ല. 2015 ഓടെ ആ അവശ്യം കൂടുതല്‍ ശക്തമായി. ഹഗിയ സോഫിയെ മുസ്ലീം ദേവാലയമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റായ റീസെപ് തയ്യിപ് എര്‍ദോഗാന്‍ 2019ല്‍ നിര്‍ദേശവുമായി എത്തി. 2020 ജൂലൈയില്‍ തുര്‍ക്കി ഹൈക്കോടതി കെട്ടിടത്തിന്റെ മ്യൂസിയം പദവി റദ്ദാക്കി. തുടര്‍ന്ന് ഹഗിയ സോഫിയെ മസ്ജീദാക്കാനുള്ള അനുമതി പത്രത്തില്‍ എര്‍ദ്ദോഗന്‍ ഒപ്പിടുകയും ചെയ്തു.

ലോകപൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഹാഗിയ സോഫിയെ മസ്ജീദാക്കുള്ള തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ ശക്തമായിട്ടാണ് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസൂലേ പ്രതികരിച്ചിരിക്കുന്നത്. 'ഹാഗിയ സോഫിയ ലോക വാസ്തുകലയിലെ വിശിഷ്ടമായ നിര്‍മ്മിതികളില്‍ ഒന്നാണ്. ഏഷ്യയും യൂറോപ്പും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്ന ഉറ്റ ബന്ധത്തിന്റെ പ്രതീകമാണ് ഈ മന്ദിരം. മ്യൂസിയം പദവി ആഗോള പൈതൃകത്തിന്റെ സൂചകമാണ്. ആ പദവി മാറ്റാന്‍ യുനെസ്‌കോയുടെ പൈതൃക സമിതിയുടെ അനുമതി വേണം.' ഓഡ്രി അസൂലേ ജൂലൈ പത്തിന് ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നത്.

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ നടപടിയും രാജ്യത്തിനുള്ളിലെ രാഷ്ട്രീയ നിലനില്‍പ്പുമൊക്കെയാണം എര്‍ദ്ദോഗനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നീരിക്ഷകരുടെ അഭിപ്രായം. 1970കളില്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ എത്തിയ എര്‍ദ്ദോഗന് ഇത്തരമൊരു താല്‍പര്യമില്ലായിരുന്നുവെന്നും കെട്ടിടത്തെ മ്യൂസീയമായി തന്നെ നിലനിര്‍ത്താനുള്ള നിലപാടുകളില്‍ പിന്തുണയും നല്‍കിയിരുന്ന വ്യക്തിയായിരുന്നുവെന്നും നിരീക്ഷകര്‍ പറയുന്നു. മതേതര നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന പ്രതിപക്ഷവും അയല്‍ രാജ്യങ്ങളും കടുത്ത വിമര്‍ശനവും എതിര്‍പ്പുമായിട്ടാണ് ഈ തീരുമാനതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.


Next Story

Related Stories