TopTop
Begin typing your search above and press return to search.

1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദും, പോര്‍ച്ചുഗീസ് കോട്ടയും

1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിര്‍മിച്ച മസ്ജിദും, പോര്‍ച്ചുഗീസ് കോട്ടയും

യുഎഇയുടെ ഫുജൈറയിലുള്ള ബദിയ മസ്ജിദാണിത്. ഫുജൈറ ബദിയ മസ്ജിദ്, 1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിര്‍മിച്ചതാണ്. ചരിത്ര രേഖകളില്‍ നിന്നും ആരാണ് പള്ളി പണിതത് എന്ന് വ്യക്തമല്ല. വലിയ മാറ്റം കൂടാതെ ഇപ്പോഴും ഈ പള്ളിയെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രശംസയുളവാക്കുന്നു. വുളു (അംഗശുദ്ധി വരുത്തല്‍) എടുക്കാനുള്ള അന്നത്തെ കിണര്‍ ഇന്നുമുണ്ട് (ചിത്രം 2, ശ്രദ്ധിക്കുക).

പള്ളിയുടെ ചുമരുകള്‍ ഉണ്ടാക്കിയിരിക്കുന്നത് കടല്‍പുറ്റും മറ്റുമൊക്കെ ഉപയോഗിച്ചാണ്. ഈ പള്ളിയില്‍ മിനാരങ്ങള്‍ ഇല്ല, നാല് ഡോമുകള്‍ ഉണ്ട്. അകത്ത് ചുമര് തുരന്ന് ചെറിയ അറയുണ്ടാക്കി അതിലാണ് പരിശുദ്ധ ഖുര്‍ആന്‍ സൂക്ഷിച്ചിരുന്നത്. എണ്ണ വിളക്കുകള്‍ വെച്ചിരുന്ന സ്ഥലം ഇപ്പോഴുമുണ്ട്. കടലില്‍ നിന്നുള്ള കല്ലുകള്‍ ഇത് പണിയാന്‍ ഉപയോഗിച്ചിട്ടുണ്ട്.

ബദിയ മസ്ജിദിന്റെ പിന്നില്‍ പോര്‍ച്ചുഗീസുകാര്‍ പണിത ഒരു കോട്ട ഇപ്പോഴുമുണ്ട്. യുഎഇയുടെ സുരക്ഷിതത്വം പുരാതനകാലം മുതല്‍ ഏറ്റെടുത്തത് ബ്രിട്ടീഷുകാരാണെന്നിരിക്കെ ഈ കോട്ട എന്ത് കൊണ്ട് പോര്‍ച്ചുഗീസുകാര്‍ പണിതത് എന്ന് സ്വാഭാവീകമായി സംശയം ഉണ്ടായിരുന്നു. ഒരു പക്ഷെ മസ്‌കത്തിന്റെയും ഒമാന്റെയും സുരക്ഷിതത്വം പോര്‍ച്ചുഗീസുകാര്‍ ആയിരുന്നതിനാലാവാം ആ കോട്ട അവിടെ അവര്‍ പണിതത്.

മാത്രമല്ല ഫുജൈറയുടെ വളരെ അടുത്ത്, രണ്ടു ഭാഗങ്ങളായി കിടക്കുന്ന മസ്‌കത്തിന്റെയും ഒമാന്റെയും ഇടയിലുള്ള സ്ഥലമായത് കൊണ്ടാവാം പോര്‍ച്ചുഗീസുകാര്‍ ആ കോട്ട പണിതത് എന്ന് മനസ്സിലാക്കുന്നു. കൂടാതെ, യുഎഇ-യ്ക്കുള്ളിലുള്ള 'ഠ' വട്ടത്തിലുള്ള മദ്ഹ എന്ന മസ്‌കത്തിന്റെ സ്ഥലവും ബദിയ മസ്ജിദില്‍ നിന്നും ദൂരെ അല്ല എന്നുള്ളതും എന്റെ നിരീക്ഷണത്തിന് ബലമേകുന്നു.

പള്ളിയില്‍ അധികം മാറ്റം ഒന്നും വരുത്തിയിട്ടില്ല. രണ്ടു എയര്‍ കണ്ടീഷനും നാല് ഇലക്ട്രിക് വിളക്കുകളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിറ്റ് ചെയ്തു എന്നതൊഴിച്ചാല്‍ ബാക്കി എല്ലാം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ പോലെ തന്നെയാണിന്നും. പെട്രോള്‍ കിട്ടുന്നതിന് മുമ്പ് പോലും, പാമരന്മാരായ ജനങ്ങളില്‍ നിന്ന് പണം പിടുങ്ങാനായി ഇല്ലാത്ത യാതൊരു ഇതിഹാസങ്ങളും ഈ പള്ളിയെപ്പറ്റി ഉണ്ടാക്കിയിട്ടില്ല. കാരണം അന്നും ഇന്നും അറബികള്‍ ധനത്തിന് വേണ്ടി ദീനിനെ വില്‍ക്കാറില്ല. ആമാശയത്തിന് വേണ്ടി ആശയത്തെ വില്‍ക്കാറില്ല.

ഇതിന്നടുത്ത് തന്നെ പള്ളിയില്ലാത്തിടത്ത് ഖബറുകളുടെ അവശിഷ്ടങ്ങള്‍ കാണുകയുണ്ടായി. ഇപ്പോള്‍ അവിടെ ആരെയും മറവ് ചെയ്യുന്നില്ല. അതില്‍ നിന്ന് മനസ്സിലാക്കുന്നു - പണ്ടൊക്കെ യാത്രകളെല്ലാം ജലമാര്‍ഗം ആയിരുന്നത് കൊണ്ട്, മരണപ്പെട്ടവരെ അടുത്തുള്ള കരയില്‍ മറവ് ചെയ്യുന്നു. ഇസ്ലാം മത നിയമപ്രകാരം കടല്‍ യാത്രക്കിടക്ക് ആരെങ്കിലും മരിച്ചാല്‍, ഇന്നത്തെ പോലെ ഫ്രീസര്‍ പരിപാടി ഇല്ലാതിരുന്ന വളരെ പഴയ കാലത്ത് ആ മയ്യത്ത് കഫന്‍ ചെയ്ത് കടലിലേക്ക് ഇറക്കുകയാണ് ചെയ്യാറ് (ഞങ്ങള്‍ പത്തേമാരിയില്‍ പോയപ്പോഴും അങ്ങനെ നടന്നിട്ടുണ്ട്).

വിരലിലെണ്ണാവുന്ന തലമുറയ്ക്ക് മുമ്പ് ഈ പള്ളിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമുണ്ടായിരുന്നില്ല. പള്ളി പണിതവര്‍ ബദുക്കളായ, സ്ഥിരമായി ഒരിടത്തും താമസിക്കാത്ത, കുറച്ചു മാസങ്ങള്‍ മാത്രം താമസിക്കുന്ന അറബികളായിരിക്കും എന്ന് ഞാന്‍ ഊഹിക്കുന്നു. കാരണം അത് കൊണ്ടാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരമായ ജനവാസമില്ലാതിരുന്നത്. അങ്ങനെ ഉള്ളവരുടെ ഖബറുകള്‍ ആയിരിക്കാം ഞാന്‍ കണ്ട ഖബറുകള്‍ എന്ന് ഉറപ്പിക്കാന്‍ ഇതും എനിക്ക് കാരണമായിട്ടുണ്ട്. മീന്‍ പിടുത്തക്കാരായ, ആടുകളെ കൂടെ താമസിപ്പിക്കുന്ന ബദുക്കളോട് ഒരിക്കല്‍ ഞാനിതിനെപ്പറ്റി അന്വേഷിച്ചു. അവരില്‍ നിന്നും കിട്ടിയ മറുപടി അത് തന്നെയാവാം എന്നാണ്.

ഞാന്‍ ഗള്‍ഫില്‍ ചെന്ന സമയത്ത് ബദുക്കളുടെ വീടുകളില്‍ നമ്മളൊക്കെ ചെല്ലുന്നത് അവര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് ഞാന്‍ ഇവരുമായോക്കെ ഇടപഴകേണ്ടി വന്നു. ഷെയ്ഖിന്റെ ഓഫീസ് ജോലി അതിനു എനിക്ക് ഒരു മുതല്‍കൂട്ടായി.

*ഫീച്ചര്‍ ഇമേജ് - ബദിയ മസ്ജിദിന് മുന്നില്‍ ലേഖകനും അദ്ദേഹത്തിന്റെ ഭാര്യാപിതാവും (24-10-1991ല്‍ പകര്‍ത്തിയത്).


Next Story

Related Stories