കോവിഡ് തകര്‍ത്ത് എറിഞ്ഞ സംസ്ഥാനത്തെ ടൂറിസം മേഖലയെ കരകയറ്റാന്‍ കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വനം - കെഎസ്ആര്‍ടിസി - ജല ഗതാഗതം തുടങ്ങിയ പലവകുപ്പുകളുമായി ചേര്‍ന്ന് പല പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര മേഖല തുറന്നത്തോടൊപ്പം തന്നെ സഞ്ചാരികളെ ആകര്‍ഷിക്കാനായി പുതിയ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോട് കൂടി, ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഇടം നേടികൊടുക്കാന്‍ സഹായിച്ച് ഇടുക്കിയിലേക്ക് തന്നെയാണ് സഞ്ചാരികള്‍ നിലവില്‍ കൂടുതല്‍ എത്തി തുടങ്ങിയിരിക്കുന്നത്. ഇത് കണക്കിലെടുത്ത് സഞ്ചാരികള്‍ക്കായി കൂടുതല്‍ പദ്ധതികളും ഇടുക്കിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഇതില്‍ ഏറ്റവും പുതിയതാണ് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനായി 100 രൂപയ്ക്ക് സ്ലീപ്പര്‍ എസി ബസുകള്‍ തയ്യാറാക്കിയത്. ഒരേസമയം 16 ഓളം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന പുതിയ രണ്ട് എസി സ്ലീപ്പര്‍ ബസാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണി മുതല്‍ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെയാണ് സ്ലീപ്പര്‍ ഒന്നിന് വാടക നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വാടകയ്ക്കു തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. സഞ്ചാരികള്‍ ചെക്ക്ഔട്ട് ചെയ്യുമ്പോള്‍ ആ തുക മടക്കി നല്‍കും.
മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് പരിസരത്ത് തന്നെയാണ് സ്ലീപ്പര്‍ ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗസ്റ്റുകള്‍ക്കായി മൂന്നാര്‍ ഡിപ്പോയിലെ പ്രത്യേകമായി നവീകരിച്ച ശുചിമുറി ഉപയോഗിക്കാം. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ചു ബസ് വൃത്തിയാക്കി അണുനശീകരണം നടത്തിയാണ് സ്ലീപ്പറുകള്‍ അടുത്ത ഗസ്റ്റിന് നല്‍കുക കൈമാറും (mnr@kerala.gov.in മെയില്‍ ഐഡി വഴിയും 9447813851, 04865 230201 ഫോണ്‍ നമ്പര്‍ വഴിയും സ്ലീപ്പര്‍ ബസ് താമസത്തിനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്).
മൂന്നാറിലെ സ്ലീപ്പര്‍ ബസിലെ താമസ ബുക്കിങ്ങിന് ഏജന്റുമാരെ 10% കമ്മിഷന് വ്യവസ്ഥയില്‍ അനുവദിക്കാന്‍ ടൂറിസം വകുപ്പ് ധാരണയായിട്ടുണ്ട്. സ്ലീപ്പര്‍ ഉപയോഗിക്കുന്ന അതിഥികള്‍ക്കു ഭക്ഷണം നല്‍കുന്നതിന് അടുത്തുള്ള ഹോട്ടലുകളുമായി കരാര്‍ ഉണ്ടാക്കുന്നുണ്ട്. സ്ലീപ്പര്‍ ബസും, ടോയ്ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വയ്ക്കുന്നതിനും തിരികെ എടുത്തു കൊടുക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ കൂടി നിയമിക്കുന്നുണ്ട്
മറ്റൊരു പദ്ധതി 'ഡാര്‍ജിലിങ് -ഹിമാലയന്‍ ട്രെയിനി'ന്റെ മാതൃകയിലുള്ള റെയില്‍ സര്‍വീസാണ്. മുമ്പ്, 1908ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മൂന്നാറില്‍ നിന്ന് കുണ്ടള വാലിയിലേക്ക് റെയില്‍ സര്‍വീസ് ഉണ്ടായിരുന്നു. ഇത് 1924ലെ വെള്ളപ്പൊക്കത്തിലും മലയിടിച്ചിലിലും നശിച്ചു. ഇപ്പോള്‍, കേരള റെയില്‍ വികസന കോര്‍പറേഷനും ടൂറിസം വകുപ്പും ചേര്‍ന്ന് വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ മോണോറെയില്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ്. പദ്ധതിയുടെ രൂപരേഖ തയാറാക്കുനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞു. സ്വകാര്യ പങ്കാളിത്ത പദ്ധതിയായാണ് നടപ്പാക്കുക.
മൂന്നാര്‍ ടൗണിലെ കെഡിഎച്ച്പി റീജിയണല്‍ ഓഫീസിലെ ചായ് ബസാറില്‍ നിന്ന് മാട്ടുപ്പെട്ടി ഫാക്ടറി വരെ അഞ്ചര കിലോമീറ്റര്‍ ആയിരിക്കും ആദ്യ ഘട്ടത്തില്‍ റെയില്‍ സര്‍വീസ് ഉണ്ടാവുക. ഇതിനിടയില്‍ കൊരണ്ടക്കാടിന് സമീപം ഒരു സ്റ്റേഷനും ഉണ്ടാവും. ആറ് ബോഗികളാവും ട്രെയിനിന് ഉണ്ടാവുക. കൂടാതെ പുറം കാഴ്ചകള്‍ കാണാനായി ചില്ലിട്ട ബോഗികളാവും ഇത്. റെയില്‍ പദ്ധതി കൂടാതെ ഇടുക്കിയിലെ അരുവിക്കുഴി ടൂറിസം വികസനം പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍ ടൂറിസം പദ്ധതിയും ഒക്കെ ഒരുങ്ങുന്നുണ്ട്.
1908ലെ മൂന്നാര്‍ - കുണ്ടള വാലി റെയില്‍ സര്‍വീസിന്റെ ചിത്രം
മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന ടൂറിസം കേന്ദ്രങ്ങള്‍, നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടും സജീവമായിരുന്നില്ല. എന്നാല്‍ പൂജാ അവധി ടൂറിസത്തിന്റെ തിരിച്ചുവരവിന് വന്‍ പ്രതീക്ഷയാണ് നല്‍കിയത്. കഴിഞ്ഞ നാലുദിവസങ്ങളിലായി മൂന്നാറിലെ വിനോദ സഞ്ചാര മേഖലകള്‍ സജീവമായിരുന്നു. അഞ്ഞൂറിലധികം സന്ദര്‍ശകരാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. മാട്ടുപ്പെട്ടിയില്‍ ബോട്ടിങ്ങിനും തിരക്കനുഭവപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തിനകത്ത് നിന്നുള്ള സഞ്ചാരികളാണ് പ്രധാനമായും എത്തിയത്. ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദങ്ങളായ മൂന്നാര്‍, ഇരവിക്കുളം, രാമക്കല്‍മേട്, ഇടുക്കി ഡാം,അഞ്ചുരുളി, തൂവല്‍ വെള്ളചാട്ടം തുടങ്ങിയ പ്രദേശങ്ങളിലെ കാഴ്ചകള്‍ ആസ്വദിയ്ക്കുന്നതിനായി, ചെറിയ തോതിലാണെങ്കിലും വീണ്ടും സഞ്ചാരികള്‍ എത്തിതുടങ്ങിയത്തോടെ ഈ മേഖലയില്‍ നിന്ന് ഉപജീവനം തേടുന്ന പ്രദേശവാസികളും ആശ്വാസത്തിലാണ്. കൂടാതെ ടൂറിസം വകുപ്പിന്റെ പദ്ധതികളില്‍ ഈ രംഗത്ത് തോഴില് നോക്കുന്നവര്‍ക്കും പരിഗണന ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.