TopTop
Begin typing your search above and press return to search.

ഇന്ത്യക്കാരെ സ്‌നേഹിക്കുന്ന, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത മൊറോക്കോയിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ യാത്ര

ഇന്ത്യക്കാരെ സ്‌നേഹിക്കുന്ന, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത മൊറോക്കോയിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ യാത്ര

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അരങ്ങടക്കി വാഴുന്നതിനു മുന്നേയുള്ള പഴക്കമാണ് ഞങ്ങള്‍ രണ്ടു സുഹൃത്തുക്കളുടെ, ഇപ്പൊ വേണേല്‍ 'Girls Trip ' എന്നൊക്കെ വിളിക്കാന്‍, പറ്റുന്ന വര്‍ഷം തോറുമുള്ള യാത്രകള്‍. എല്ലാവര്‍്ഷത്തെയും പതിവ് പോലെ എങ്ങോട്ടാ രണ്ടു പേരും കൂടെ ഈ വര്‍ഷം പോകുന്നത് എന്ന് ആലോചിച്ചു അധികം സമയം കളഞ്ഞില്ല. മാപ്പില്‍ കറക്കികുത്തി തീരുമാനിച്ചു - മൊറോക്കോ.

അങ്ങോട്ടൊക്കെ പെണ്‍കുട്ടികള്‍ക്ക് തനിച്ചു പോകാമോ എന്ന് സംശയം പ്രകടിപ്പിച്ചവരോടും ഇവരെന്താ ഇങ്ങനത്തെ സ്ഥലങ്ങള്‍ കണ്ടു പിടിച്ചു പോകുന്നത് എന്ന് ആത്മഗതം പറഞ്ഞവരോടും യാത്ര ഞങ്ങള്‍ക്ക് പുത്തരിയല്ലലോ എന്ന ഭാവത്തോടെ ഞങ്ങള്‍ പറഞ്ഞു - നിസ്സാരം.

ചോദ്യങ്ങള്‍ കൂടിയപ്പോള്‍ എല്ലാവരും എന്തെ ഇങ്ങനെ ചോദിക്കുന്നത് എന്ന് വെറുതെ ഒന്നന്വേഷിക്കാന്‍ കാര്യമായി ഒരു ഇന്റര്‍നെറ്റ് ഗവേഷണം നടത്തി. അപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇന്റര്‍നെറ്റ് മുഴുവന്‍ മൊറോക്കോയില്‍ ടൂറിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുടെ കഥകള്‍ മാത്രം. പോരാത്തതിന് 2018 ഡിസംബര്‍ മാസത്തില്‍ ഹൈക്കിങ്ങിന്റെ ഇടയില്‍ ISIS അനുഭാവികള്‍ മൊറോക്കോയിലെ പ്രസിദ്ധമായ തൗക്ബാല്‍ മലമുകളില്‍ വെച്ച് കൊലപാതകം ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ കഥയും. ഏതായാലും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് കൊണ്ട് രണ്ടും കല്‍പിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ, അങ്ങകലെ ആഫ്രിക്കയിലെ മൊറോക്കോ എന്ന രാജ്യത്തേക്ക് ഞങ്ങള്‍ പുറപ്പെട്ടു.

കാസാബ്ലാന്‍കായില്‍ ചെന്നിറങ്ങിയ ഞങ്ങള്‍ക്ക് വളരെ പെട്ടെന്ന് ഒരു കാര്യം മനസിലായി. ഇംഗ്ലീഷ് കൊണ്ട് കാര്യമൊന്നുമില്ല. ഫ്രഞ്ച് കോളനി ആയ മൊറോക്കോയില്‍ കാര്യങ്ങള്‍ നീക്കണമെങ്കില്‍ ഒന്നുങ്കില്‍ ഫ്രഞ്ച് അല്ലെങ്കില്‍ അറബിക്/ ബെര്‍ബെര്‍ ഭാഷ അറിഞ്ഞിരിക്കണം. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ചും ആംഗ്യഭാഷ കാണിച്ചും എയര്‍പോര്‍ട്ടില്‍ നിന്നും ട്രെയിന്‍ കയറി നഗരത്തില്‍ എങ്ങനെയോ എത്തിപ്പറ്റി. ഏതാണ്ട് രണ്ടുമണിക്കൂറിനുള്ളില്‍ തന്നേ ഞങ്ങള്‍ സംശയിച്ചു തുടങ്ങി - തെറ്റുപറ്റിയോ എന്ന്.

സ്ത്രീകളെ അധികമൊന്നും കാണാനില്ല. അഥവാ കണ്ടാല്‍ തന്നെ തനിച്ചു സഞ്ചരിക്കുന്ന സ്ത്രീകള്‍ അപൂര്‍വം. കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹോട്ടലുകളിലും കഫെകളിലും ആണുങ്ങള്‍ മാത്രം. വിശപ്പ് കൂടിയപ്പോള്‍ വരുന്നിടത്തുവെച്ചു കാണാം എന്ന് കരുതി ഹോട്ടലില്‍ കയറി. വരുന്നവരും പോകുന്നവരും ഏതൊക്കെയോ ഭാഷയില്‍ എന്തോക്കെയോ ഞങ്ങളെ വഴക്കു പറയുന്നു. ക്യാമറയും പേഴ്‌സും ബാഗും ഒക്കെ മുറുക്കെ പിടിച്ചു അവരെ നോക്കാതെ ഞങ്ങള്‍ എന്തൊക്കെയോ വിശപ്പ് തീര്‍ക്കാന്‍ കഴിച്ചിട്ട് ഇറങ്ങി ഹോട്ടലിലേക്ക് വേഗം ഓടി. 14 ദിവസം ഇവിടെ എങ്ങനെ തള്ളിനീക്കും എന്ന് എങ്ങനെ ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. അടുത്ത ദിവസം മുതല്‍ ഒരു അഡ്വെഞ്ചര്‍ ഗ്രൂപ്പിന്റെ കൂടെയാണ് സഞ്ചാരം എന്നതായിരുന്നു ഏക ആശ്വാസം.

അടുത്ത ദിവസം മുതല്‍ കാറ്റു മാറിവീശി. ഗൈഡ് ഞങ്ങളെ കണ്ടപ്പോഴേ ഒരു കാര്യം പറഞ്ഞു - നിങ്ങളെ ഈ നാട്ടുകാര്‍ക്ക് ഇഷ്ടപ്പെടും! ഇന്ത്യക്കാരെയും ഇന്ത്യന്‍ സിനിമകളെയും അവര്‍ക്കു വല്യ കാര്യമാണെന്നും ബോളിവുഡ് സംഗീതം അന്നാട്ടുകാര്‍ക്കു ഹരമാണെന്നും ഗൈഡ് പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. തലേന്നത്തെ അനുഭവം കൊണ്ട് ഇത് അപ്പാടെ വിഴുങ്ങാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഈപ്പറഞ്ഞതിന്റെ ആഴവും പരപ്പും ഞങ്ങള്‍ മനസിലാക്കിയ 14 ദിവസങ്ങള്‍ ആയിരുന്നു പിന്നീട്.

മൊറോക്കോയുടെ വിസ്മയം തുളുമ്പുന്ന എന്നാല്‍ പഴമ വിടാത്ത ഫെസ്, റബാത്, മാരാകേശ് എന്ന നഗരങ്ങളിലെ മദീനകളിലൂടെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞങ്ങളെ വരവേറ്റത് കാഴ്ചയില്‍ തന്നെ ഇന്ത്യയില്‍ നിന്ന് വന്നതാണെന്ന് മനസിലാവുന്ന പെണ്‍കുട്ടികളെ കാണാനുള്ള ആശ്ചര്യവും സന്തോഷവുമാണ്. ഷാരൂഖ് ഖാനെയും മിഥുന്‍ ചക്രബര്‍ത്തിയെയും ഒക്കെ അറിയുമോ എന്ന് അന്വേഷിച്ച അവര്‍ ഞങ്ങള്‍ക്ക് ബോളിവുഡ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പേരിട്ടു വിളിച്ചു - സിമ്രാന്‍, കിരണ്‍.

കൂടെ വന്ന സായിപ്പന്മാരേം മദാമ്മമാരേം ഞെട്ടിച്ചു കൊണ്ട് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ ഹോട്ടലിലെ തൊഴിലാളികള്‍ 'ഫോര്‍ ഇന്ത്യ' എന്ന് പറഞ്ഞു ഞങ്ങളുടെ കൈകളിലേക്ക് ഒരുപറ്റം റോസാപ്പൂക്കള്‍ വച്ച് തന്നപ്പോള്‍ ഇന്ത്യക്കു പുറത്തു നമുക്ക് ഇത്രയും വിലയോ എന്ന് ഞങ്ങളും പറഞ്ഞു ചിരിച്ചു. റിസര്‍വേഷന്‍ ഇല്ലാതെ തന്നെ കാസാബ്ലാങ്ക്കയിലെ പ്രശസ്തമായ റിക്സ് കഫേയിലെ സ്റ്റാഫ് 'ഫ്രം ഇന്ത്യ, നമസ്‌തേ ഖൂബ്സൂരത്' എന്ന് പറഞ്ഞു ഇല്ലാത്ത സ്ഥലം കണ്ടു പിടിച്ചു ഇരുത്തിയപ്പോഴും, വഴിയരികിലെ ബെര്‍ബെര്‍ പാട്ടുകാര്‍ ഞങ്ങളെ കണ്ടപ്പോള്‍ താളം തെല്ലൊന്നു മാറ്റിപിടിച്ചു 'ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെ'-യിലെ പാട് പാടിയപ്പോഴും ഇമ്മിഗ്രേഷന്‍ ഓഫീസര്‍ പാസ്‌പോര്‍ട്ട് നോക്കി പഴയ ഒരു ഹിന്ദിപാട്ടിന് ചുവടു വെച്ചപ്പോഴും മൊറോക്കോ ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു ആശ്ചര്യമായി മാറുകയായിരുന്നു.

ഏതായാലും ആ 14 ദിവസത്തില്‍ ഞങ്ങള്‍ വേറെ ഇന്ത്യക്കാരെ കണ്ടതേ ഇല്ല. മിന്നിമായുന്ന മായകാഴ്ചകളും, വിസ്മയിപ്പിക്കുന്ന കടലോരങ്ങളും കെട്ടിടങ്ങളൂം നോക്കെത്താദൂരത്തേക്കു നീണ്ടുകിടക്കുന്ന സഹാറാ മരുഭൂമിയും ബെര്‍ബെര്‍ സംസ്‌കാരവും ഇന്നും മായാത്ത ഓര്‍മകളാണെങ്കിലും, ഏറ്റവും മനസ്സില്‍ ഇടം പിടിച്ചത് ഇവിടത്തുകാരുടെ ഇന്ത്യയോടും ഹിന്ദി സിനിമകളോടുമുള്ള സ്‌നേഹമാണ്. ദിവസേന കിലോമീറ്ററുകള്‍ സഞ്ചരിക്കുകയും ഏകദേശം 8 കിലോമീറ്റര്‍ ദിവസവും കാഴ്ചകള്‍ കാണാന്‍ നടക്കുകയും ദിവസവും പതിവായിരുന്നെങ്കിലും എന്നും രാത്രി ബെര്‍ബെര്‍ മ്യൂസിക്കിന് താളം പിടിച്ചും ബെര്‍ബെര്‍ നൊമാഡുകളുടെ കൂടെ നൃത്തംവെച്ചും ഞങ്ങള്‍ എല്ലാവരും മൊറോക്കോ ഒരു ആഘോഷംതന്നെയാക്കി.

പോകുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. ഫ്രഞ്ച്, അറബിക്, ബെര്‍ബെര്‍ എന്ന ഭാഷകളാണ് ഇവിടെ കൂടുതല്‍ ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ മനസിലാവുകയുള്ളു.

2. ഗൂഗിള്‍മാപ്പിനെ ആശ്രയിച്ചു യാത്ര ചെയ്താല്‍ എവിടെ എത്തിപ്പെടുമെന്നു ഒട്ടും ഉറപ്പുപറയാന്‍ പറ്റില്ല. മിക്കസ്ഥലങ്ങളിലും ഇന്റര്‍നെറ്റ് തന്നെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.

3. ഇന്ത്യക്കാര്‍ക്ക് മൊറോക്കോ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണ്. വിസ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന ഡോക്യൂമെന്റസ് അയച്ചു കൊടുത്താല്‍ 10 -15 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടും. 3 മാസം വരെയാണ് വിസിറ്റിംഗ് വീസ കാലാവധി.

4. വിമാനക്കൂലി അടക്കം ഒരാള്‍ക്ക് ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് 14 ദിവസത്തേക്ക് ചിലവ് വന്നത്. താരതമ്യേന യാത്ര ചെയ്യാന്‍ ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ ഒന്നാണ് മൊറോക്കോ.

5. ഏപ്രില്‍ മെയ് സമയത്തു സഞ്ചരിച്ച ഞങ്ങള്‍ക്ക് അത്യാവശ്യം പോയ എല്ലാസ്ഥലത്തും -2 മുതല്‍ 15 ഡിഗ്രി കാലാവസ്ഥയും യാത്രക്ക് അനുകൂലമായ സാഹചര്യവും ആയിരുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ചൂടുകൂടിയ സമയമാണ്.

6. തനിച്ചു യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അത്ര സുരക്ഷിതമല്ലാത്ത ഒരു സ്ഥലം എന്ന് മൊറോക്കോയ്ക്ക് ഉള്ള പേര് സത്യമാണെന്നു തന്നെ പറഞ്ഞെ മതിയാവൂ. വിശ്വസിക്കാവുന്ന ഗ്രൂപ്പുകളുടെ കൂടെ സഞ്ചരിക്കുന്നതാവും എപ്പോഴും ഏറെക്കുറെ സുരക്ഷിതം. മായക്കാഴ്ചകള്‍ നിറയുന്ന മൊറോക്കോയിലെ തെരുവുകള്‍ സന്ധ്യയാകുമ്പോള്‍ ഏതു വിനോദസഞ്ചാരിയും സ്വല്പം ഭയക്കേണ്ട അവസ്ഥയിലേക്ക് മാറുന്നത് കാണാം. പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരും ധാരാളം. കണ്ണൊന്നു മാറിപോയാലോ വഴി തെറ്റിപ്പോയാലോ അപകടങ്ങള്‍ ഒരു കയ്യകലത്തു എപ്പോഴും കാണും.

*ഫീച്ചര്‍ ഇമേജ് - ടോഡ്ഗ ജോര്‍ജ്ജ് (Todgha Gorge)


Next Story

Related Stories