TopTop
Begin typing your search above and press return to search.

'കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..'

കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..

ഇന്ന് തിംഫുവിലേക്ക് പോവുകയാണ്. ഈ വീട് വിട്ടു പോകാനുള്ള മടികൊണ്ട് ഇന്നും കൂടെ ഇവിടെ തങ്ങിയാലോ എന്നു ആലോചിക്കാതിരുന്നില്ല. അങ്ങനെയാണെങ്കില്‍ തിംഫുവിലെ പല കാഴ്ചകളും നഷ്ടമാകും. ഇന്ന് ചെലെ ലാ പാസിലേക്ക് (Chele La Pass) ആണ് ആദ്യത്തെ യാത്ര. ചെലെ ലാ തണുപ്പും ഉയരവും കൂടിയ സ്ഥലമായതിനാലും ഇന്നലത്തെ എന്റെ ചാവാന്‍ പോവുന്ന അവസ്ഥ കണ്ടതുകൊണ്ടും ദീദി ചില മുന്നറിയിപ്പ് ഒക്കെ തന്നു. അവര്‍ മുന്‍പ് പോയപ്പോള്‍ ശ്വാസതടസ്സം പോലുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ട് പകുതി വഴിയില്‍ നിന്നു തിരിച്ചു വന്നു പോലും. ഏതായാലും പോയി നോക്കാം. ശ്വാസം കിട്ടിയില്ലെങ്കില്‍ തിരിച്ചു വരാം. വരുന്നിടത്ത് വെച്ചു കാണാം. ബാഗും എടുത്ത് ഇറങ്ങുമ്ബോള്‍ ഗേറ്റില്‍ കൈവീശി ദീദി ഉണ്ടായിരുന്നു.

പാറോയില്‍ നിന്നു ഏകദേശം 37 കിലോമീറ്റര്‍ ഉണ്ട് ചെലെ ലാ യിലേക്ക്. ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ റോഡാണ് ചെലെ ലാ പാസ്സ്. സമുദ്ര നിരപ്പില്‍ നിന്ന് 3988 അടി ഉയരത്തില്‍ ഹാ താഴ്വരയുടെയും പാറോ താഴ്വരയുടെയും ഇടയില്‍ ആണിത്. വീതി കുറഞ്ഞ വഴി മിക്കയിടങ്ങളിലും തകര്‍ന്നു കിടക്കുകയാണ്. മഞ്ഞു കാലത്ത് ഈ വഴിയുള്ള യാത്ര കുറച്ച്‌ അപകടം പിടിച്ചതാണ്. റോഡില്‍ എങ്ങും മഞ്ഞു വീഴുന്നതിനാല്‍ വണ്ടി ഓടിക്കാന്‍ കുറച്ച്‌ കഷ്ടപ്പെടേണ്ടി വരും.

പാറോ എയര്‍പോര്‍ട്ട്

ചുരത്തിന്റെ ആദ്യം പലകകള്‍ കൊണ്ടു നിര്‍മിച്ച ചില കുടിലുകള്‍ പോലെയുള്ള ചെറിയ വീടുകള്‍ കാണാം. ഭൂട്ടാനിലെ തണുപ്പില്‍ നിന്നു രക്ഷനേടാന്‍ ഒരു പരിധിവരെ ഈ മരങ്ങള്‍ കൊണ്ടുള്ള ചുമരുകള്‍ക്ക് കഴിയും. മിക്കവാറും വീടുകളുടെ നിലവും മരം കൊണ്ടാണ്. മുകളിലെത്താന്‍ തുടങ്ങുംതോറും മലയുടെ മുകളിലെ വെള്ള കൊടികള്‍ കണ്ടു തുടങ്ങി. പ്രയര്‍ ഫ്‌ലാഗുകള്‍ ഭൂട്ടാന്റെ ഭാഗമാണ്. പ്രധാനമായും രണ്ടു തരത്തിലുള്ള ഫ്‌ലാഗുകള്‍ ആണ് കാണാന്‍ കഴിയുക. 5 നിറങ്ങളിലുള്ള ചെറിയ ചതുര കഷ്ണങ്ങള്‍ ഒരു നൂലില്‍ കെട്ടിയിട്ടുള്ള ഫ്‌ലാഗ് ആണ് ഒന്ന്. ഇതില്‍ ഒരോ നിറവും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നീല ആകാശത്തെ വെള്ള വായുവിനെ ചുവപ്പ് തീയിനെ പച്ച ജലത്തെ മഞ്ഞ ഭൂമിയെ. മരങ്ങളിലും വണ്ടികളും ഒക്കെ ഈ ഫ്‌ലാഗ് കെട്ടിയിരിക്കുന്നത് കാണാം. മറ്റൊന്ന് നീളത്തിലുള്ള ഒരു വടിയില്‍ കെട്ടിയ പ്രാര്‍ത്ഥനകള്‍ ആലേഖനം ചെയ്തിട്ടുള്ള വെളുത്ത പതാകകള്‍ ആണ്. ഈ വടിയുടെ അറ്റത്ത് കൂര്‍ത്ത കത്തി കാണാം. നമ്മുടെ നാട്ടിലെ വഴിപാടുകള്‍ പോലെയാണ് ഇവിടെയും ആളുകള്‍ ഫ്‌ലാഗുകള്‍ കെട്ടുന്നത്. കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..

മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ വന്നു പൊതിയുന്ന മഞ്ഞു കാഴ്ചകളെ മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ യാത്ര മനോഹരമായ ഒരു അനുഭവം തന്നെയാണ്. ജനുവരി ഫെബ്രുവരി മാസത്തില്‍ വന്നാല്‍ മഞ്ഞു വീണു കിടക്കുന്ന വഴികള്‍ ആകും ഇതെല്ലാം. ഇപ്പോള്‍ തന്നെ ശരീരം കുത്തി തുളയ്ക്കുന്ന തണുപ്പാണ്. നൂറ് കണക്കിന് വെളുത്ത പ്രയര്‍ ഫ്‌ലാഗ്കള്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ഒരു കുന്നിന്റെ താഴെ വണ്ടി നിര്‍ത്തി. ശരിക്കും കുന്നല്ല അത്, കയറി വന്ന മലയുടെ മുകള്‍ഭാഗം ആണ്. ഇവിടെ ഒരു നീല ബോര്‍ഡില്‍ ആല്‍റ്റിട്യൂഡ് 3988 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ചെലെ ലാ യുടെ മുകളില്‍

മുകളിലേക്ക് ഇനി വണ്ടി പോകില്ല. ഈ വഴി നേരെ ചുരം ഇറങ്ങി ഹാ യിലേക്കാണ് പോകുന്നത്. പ്രയര്‍ ഫ്‌ലാഗുകള്‍ക്ക് ഇടയിലൂടെ നടന്ന് മല കയറാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ പട്ടിയെ പോലെ നാവ് പുറത്തേക്കിട്ട് കിതയ്ക്കാന്‍ തുടങ്ങി. തണുപ്പും വീശിയടിക്കുന്ന തണുത്ത കാറ്റും കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്. ഞാന്‍ ശ്വാസമെടുക്കുന്നത് കേട്ടു ഞാന്‍ തന്നെ പേടിച്ചു പോകുന്ന അവസ്ഥയായപ്പോള്‍ തിരിച്ചു ഇറങ്ങി. കുറച്ചു വിദേശികള്‍ പിന്നെയും മല കയറി പോകുന്നുണ്ടായിരുന്നു. ഇന്നിനി ഇവിടുന്ന് നേരെ തിംഫുവിലേക്ക് പോവുകയാണ്. അവിടെ റൂം ബുക്ക് ചെയ്തിട്ടില്ല. അവിടെ പോയി തപ്പി കണ്ടു പിടിക്കണം. അതുകൊണ്ട് കുറച്ചു നേരം ചെലെ ലാ യില്‍ ചിലവഴിച്ചിട്ട് പിന്നെ തിരിച്ചു മലയിറങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോകുമ്ബോള്‍ ആദ്യ ദിവസം രാത്രിയില്‍ വരുമ്ബോള്‍ കണ്ട പാലം കണ്ടു. ഇവിടെ നിന്നാണ് തിംഫുവിലേക്കും ഫുന്‍സ്റ്റലോങ് ലേക്കും പരോയിലേക്കും ഉള്ള വഴികള്‍ തിരിഞ്ഞു പോകുന്നത്.

തിംഫുവിലേക്കുള്ള വഴിയില്‍ ഇരുവശത്തും മലകള്‍ തന്നെയാണെങ്കിലും ജനവാസം ഉള്ള സ്ഥലങ്ങള്‍ ആണ്. ഇടയ്ക്കിടെ വഴിയരികില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആളുകളെ കാണാം. എനിക്ക് ഭൂട്ടാനീസ് ആപ്പിള്‍ കഴിക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ ഒരു കിലോയുടെ കവര്‍ മാത്രമേ എല്ലായിടത്തും ഉള്ളു. ഒടുവില്‍ ഒരു കച്ചവടക്കാരിയായ സ്ത്രീയുടെ അരികില്‍ ബൈക്ക് നിര്‍ത്തി. നീല നിറത്തിലുള്ള ടാര്‍പ്പായ വലിച്ചു കെട്ടി അതിന്റെ അടിയിലാണ് അവര്‍ ഇരിക്കുന്നത്. അവരുടെ കയ്യില്‍ മഞ്ഞ നിറത്തിലുള്ള ആപ്പിളും മുളകും മത്തങ്ങയും ഒക്കെ ഉണ്ട്. കുറച്ചു ആപ്പിള്‍ മാത്രമായി തരുമോ എന്നു ചോദിച്ചപ്പോള്‍ അവര്‍ മൂന്ന് നാല് ചെറിയ ആപ്പിള്‍ എടുത്തു തന്നു. 20 രൂപ കൊടുത്തപ്പോള്‍ അവര്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഞാന്‍ കുറെ നിര്‍ബന്ധിച്ചു നോക്കി. ഈ വിജനമായ വഴിയരികില്‍ ഇരിക്കുന്ന അവരുടെ കയ്യില്‍ നിന്ന് പൈസ കൊടുക്കാതെ വാങ്ങാന്‍ എനിക്ക് വിഷമം തോന്നി. എന്നാല്‍ എത്ര പറഞ്ഞിട്ടും അവര്‍ ആ പൈസ വാങ്ങിയില്ല. മറ്റു കവറില്‍ നിന്നു ആപ്പിള്‍ എടുത്തിട്ട് അവര്‍ ആ കവറിലെ കുറവു നികത്തി.

ആപ്പിള്‍ തന്ന സ്ത്രീ

തിംഫുവിലെത്തുമ്ബോള്‍ 12 മണി ആയി. റൂം കണ്ടുപിടിക്കാന്‍ അധികനേരം എടുത്തില്ല. 1300 രൂപയാണ് ഒരു ദിവസത്തേക്ക്. ബാഗ് റൂമില്‍ വെച്ചു പുറത്തിറങ്ങി. വിശപ്പ് ചെറുതായി തുടങ്ങിയിട്ടുണ്ട്. ഹോട്ടലിനോടു ചേര്‍ന്നുള്ള റെസ്റ്റോറെന്റില്‍ ഭക്ഷണം ലഭിക്കും. ചോറും കറികളും ബുഫേ ആയി കിട്ടും. ദിലു ഒരു ബീഫ് ഫ്രൈഡ് റൈസ് പറഞ്ഞു. അത് കിട്ടാന്‍ അരമണിക്കൂര്‍ എടുക്കും. ആ സമയം കൊണ്ട് പോയി പെര്‍മിറ്റ് എക്സ്റ്റന്‍ഷന്‍ ചെയ്യാന്‍ കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു ദിലു പുറത്തേക്ക് പോയി. Phunesthlong ല്‍ നിന്ന് എടുക്കുന്ന പെര്‍മിറ്റ് കൊണ്ട് പാറോയിലും തിംഫുവിലും മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളു. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ തിംഫുവിലെ ഓഫീസില്‍ നിന്നു പെര്‍മിറ്റ് പുതുക്കണം. ഞങ്ങള്‍ക്ക് പുനഖ -Wangdue - Gelephu വഴി തിരിച്ചു പോകാനാണ് പ്ലാന്‍. പെര്‍മിറ്റ് റെഡി ആകാന്‍ കുറച്ചു സമയം എടുക്കുമെന്ന് കരുതിയാണ് ഇപ്പോള്‍ അപേക്ഷ കൊടുക്കാന്‍ തിരുമാനിച്ചത്. വൈകിട്ട് ഓഫീസ് അടയ്ക്കുന്നതിനു മുന്‍പ് പോയി വാങ്ങിയാല്‍ മതി. അല്ലെങ്കില്‍ അവിടെ കാത്തു നില്‍ക്കുന്ന സമയം വെറുതെ ആകും.ആ സമയം കൊണ്ട് തിംഫുവിലെ കുറച്ചു കാഴ്ച്ചകള്‍ കാണാം. ഹോട്ടലില്‍ നിന്നു 5 മിനുട്ടേ ഉള്ളു എമിഗ്രേഷന്‍ ഓഫീസിലേക്ക്. ഞാന്‍ ഹോട്ടലില്‍ തന്നെ ഇരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഫ്രൈഡ് റൈസും ദിലുവും വന്നു.

Gelephu ലേക്ക് ഉള്ള പെര്‍മിറ്റ് കിട്ടിയില്ല. അവിടെ ഉള്ള ഒരു സ്ത്രീ ആണ് പെര്‍മിറ്റ് തരില്ലെന്നു പറഞ്ഞത്. കാരണം ദിലു ചോദിച്ചെങ്കിലും അത് പറയാന്‍ ഉള്ള മര്യാദ പോലും അവര്‍ കാണിച്ചില്ല. അര മണിക്കൂര്‍ കഴിഞ്ഞു ചെന്നാല്‍ പെര്‍മിറ്റ് റെഡി ആക്കി വെക്കാം എന്നു പറഞ്ഞു. അധികം ചോദിക്കാന്‍ നില്‍ക്കാതെ ദിലു തിരിച്ചു പോരുകയും ചെയ്തു. പ്ലാന്‍ ഒന്നു പാളിയത് എന്നെ കുറച്ചു മൂഡ് ഓഫ് ആക്കി.ഇനി വന്ന വഴിയിലൂടെ തന്നെ തിരിച്ചു പോകേണ്ടി വരും. പെര്‍മിറ്റ് വാങ്ങാന്‍ പോവുമ്ബോള്‍ ഓഫീസറെ ഒന്നു കാണാന്‍ തിരുമാനിച്ചു. ഒന്ന് കാലു പിടിച്ചാല്‍ ചിലപ്പോള്‍ കിട്ടിയാലോ. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് പെര്‍മിറ്റ് വാങ്ങാന്‍ വീണ്ടും ഓഫീസില്‍ എത്തി. റിസപ്ഷനിസ്റ്റ് ആയ ചെറുപ്പക്കാരനോട് ചോദിക്കാന്‍ തുടങ്ങിയതും അവന്‍ ആ സ്ത്രീയെ ചൂണ്ടി അവരോടു ചോദിക്കാന്‍ പറഞ്ഞു. അവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഞാന്‍ ഒരാള്‍ അവിടെ നില്‍ക്കുന്നു എന്ന ഭാവം പോലും ഇല്ലാതെ അടുത്തിരുന്ന ആളോട് സംസാരിക്കാന്‍ തുടങ്ങി. ഇത്രയും മര്യാദ ഇല്ലാത്ത ഒരാളെ ഞാന്‍ ഭൂട്ടാനില്‍ ആദ്യമായി ആണ് കാണുന്നത്. അവര്‍ക്ക് പെര്‍മിറ്റ് തരാന്‍ കഴിയില്ലെങ്കില്‍ ശരി, പക്ഷേ അതിന്റെ കാരണം എന്നെ ബോധിപ്പിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട് എന്നു ഞാന്‍ വിശ്വസിച്ചു. പെര്‍മിറ്റ് തരാന്‍ കഴിയില്ല എന്ന് പറഞ്ഞ അവര്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കാരണം പറയാന്‍ റെഡി ആയില്ല. എങ്കില്‍ എനിക്ക് ഓഫീസറെ കാണണം എന്നു പറഞ്ഞു. ഓഫീസറുടെ മുറിയില്‍ മറ്റു രണ്ടു ചെറുപ്പക്കാര്‍ ഉണ്ട്. അവരിറങ്ങിയതും ആ സ്ത്രീ അവിടെ കാത്തു നിന്ന എന്നെ ഓവര്‍ടേക്ക് ചെയ്തു ഓഫീസറുടെ മുറിയിലേക്ക് കയറി പോയി. എന്നെ നോക്കി ഓഫീസറോട് എന്തൊക്കെയോ പറഞ്ഞു തിരിച്ചു വന്നു. പുറത്തിറങ്ങിയ അവര്‍ എന്നോട് തിരിച്ചു പൊയ്‌ക്കോ ഓഫീസറെ കാണാന്‍ പറ്റില്ല അയാള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് തരാന്‍ പോകുന്നില്ല എന്നു പറഞ്ഞു. അപ്പോഴും അവര്‍ കാരണം പറഞ്ഞില്ല. പിന്നെ എപ്പോഴോ മാറ്റൊരാള്‍ വഴി കാരണം അറിഞ്ഞു. Gelephu ചെന്നു ചേരുന്നത് ആസാമിലെ ഒരു കുഗ്രാമത്തില്‍ ആണ്. അവിടെ പല പ്രശ്‌നങ്ങളും നടക്കുന്ന സ്ഥലമായതിനാല്‍ ആ വഴി യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. ഞാന്‍ കൂടെ ഉള്ളത് കൊണ്ടാകും അവര്‍ ഞങ്ങള്‍ക്ക് പെര്‍മിറ്റ് തരാത്തത് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഇവിടെ വരെ യാത്ര ചെയ്തു വന്ന എന്നോട് ഈ കാരണം പറഞ്ഞു ബോധിപ്പിക്കാന്‍ മര്യാദ കാണിക്കാത്ത ആ സ്ത്രീയോടുള്ള എന്റെ ദേഷ്യം പോയില്ല.

തിംഫു മ്യൂസിയത്തിലേക്കാണ് അവിടെ നിന്നു നേരെ പോയത്. കയറി ചെല്ലുന്ന മുറ്റത്ത് ഒരു സ്ത്രീ നെയ്ത്ത് യന്ത്രത്തില്‍ ഒരു ഷാള്‍ തുന്നുന്നുണ്ട്. കൈകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ച്‌ അവര്‍ അത് ചെയ്യുന്നത് കാണാന്‍ നല്ല രസമുണ്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ ദിലുവിനെ കാണാന്‍ ഇല്ല. അപ്പുറത്ത് മറ്റൊരാള്‍ വാറ്റ് ഉണ്ടാകുന്നതും നോക്കി നില്‍ക്കുകയാണ് മൂപ്പര്‍. ഭൂട്ടാനില്‍ ഉപയോഗിക്കുന്ന ഒരു പരമ്ബരാഗത ലഹരിപാനീയമാണ് അറ, അല്ലെങ്കില്‍ അരാഗ്. ബാര്‍ലി, അരി, ചോളം, മില്ലറ്റ്, ഗോതമ്ബ് എന്നിവയില്‍ നിന്നാണ് അറ നിര്‍മ്മിക്കുന്നത്. ധാന്യങ്ങള്‍ പുളിപ്പിച്ചതോ വാറ്റിയെടുത്തതോ ആകാം ഇത്. ക്രീം അല്ലെങ്കില്‍ വെളുത്ത നിറമാണ് അറയ്ക്ക്. ഒരു ചെറിയ പത്രത്തില്‍ ഞങ്ങള്‍ക്ക് അവര്‍ കുറച്ചു രുചിച്ചു നോക്കാന്‍ തന്നു. എത്ര പിടിച്ചു വലിച്ചിട്ടും അവിടെനിന്നു വരാന്‍ കൂട്ടാക്കാതിരുന്ന ദിലു ഒടുവില്‍ ഒരു കുപ്പി അറ വാങ്ങിയിട്ടാണ് അവിടെ നിന്ന് ചലിച്ചത്.

തിംഫുവിലേക്കുള്ള വഴിയില്‍

ഭൂട്ടാന്‍ ജനതയുടെ ജീവിതശൈലി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് പൈതൃക മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടുള്ള പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്ന് നില പരമ്ബരാഗത ഭവന മാതൃകയിലാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂട്ടാനിലെ ഗാര്‍ഹിക വസ്തുക്കളുടെയും ഉപകരണങ്ങളുടെയും ശ്രദ്ധേയമായ പ്രദര്‍ശനവും ഇവിടെ ഉണ്ട്. ഗ്രാമീണ ജീവിതതിന്റെ ഒരു മാതൃക ഇവിടെ കാണാന്‍ കഴിയും. വീടിന്റെ താഴത്തെ നില പശുക്കളെയും കുതിരകളെയും വളര്‍ത്തുന്ന സ്ഥലം ആണ്. ഭൂട്ടാന്റെ കഠിനമായ ശൈത്യകാലത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്ന സ്ഥലമാണ് ഇത്.മറ്റു ജീവികളുടെ ആക്രമണത്തില്‍ നിന്നും അവയെ രക്ഷിക്കാനും കഴിയും. വീടിന്റെ അടുത്ത രണ്ട് നിലകളിലേക്ക് കുത്തനെയുള്ളതും തുറന്നതുമായ തടി പടികള്‍ ഉണ്ട്. രണ്ടാം നിലയില്‍ അടുക്കളയും അതിനോട് അനുബന്ധിച്ച ഉപകരണങ്ങളും കാണാം. ഇവിടം പ്രധാനമായും ധാന്യവും ഭക്ഷണവും സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു. മൂന്നാമത്തെ നിലയില്‍ കുടുംബത്തിന്റെ നിത്യ ജീവിതത്തിനുള്ള സൗകര്യങ്ങളും സാധനങ്ങളും ഡൈനിംഗ് ഏരിയയും ഒക്കെ ആണ്. അതിന്റെ മുകളിലെ നിലയില്‍ വസ്ത്രങ്ങളും മറ്റും.

ഭൂട്ടാനിലുടനീളം സോങ്ങു(Dzong)കള്‍ എന്നറിയപ്പെടുന്ന നിരവധി ക്ഷേത്രസമുച്ചയങ്ങളുണ്ട്. വാസ്തുവിദ്യയുടെ മനോഹാരിതയാണ് ഈ ക്ഷേത്രങ്ങള്‍. 14-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചവയാണ് പലതും. ചുറ്റും വെള്ളപൂശിയ ഉയര്‍ന്ന കല്‍ ഭിത്തി, മുകള്‍ ഭാഗത്ത് മരപ്പണികള്‍. വലുപ്പത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും എല്ലാം നിര്‍മിച്ചിരിക്കുന്നത് ഒരേ ശൈലിയില്‍ ആണ്. അതില്‍ ഒന്നായ തിംഫു സോങ് ( Dzong) കാണാന്‍ ആണ് ഇനി പോകുന്നത്. ഭൂട്ടാന്റെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് ഇതില്‍ ആണ്. തിംഫു ടൗണില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രമേ ഉള്ളു അവിടേയ്ക്ക്. 5 മണിക്ക് അടയ്ക്കും എന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണുന്നത്. ഇപ്പോള്‍ തന്നെ സമയം 4.30 ആയി. ഗൂഗിള്‍ മാപ്പ് നോക്കി ഓടി ചെന്നത് താഴത്തെ ഗേറ്റിലേയ്ക്കാണ്. ഗേറ്റില്‍ ഒരു പോലീസുകാരന്‍ തടഞ്ഞു നിര്‍ത്തി ഞങ്ങള്‍ക്ക് മറ്റൊരു വഴി കാണിച്ചു തന്നു.

തിംഫു സോങിന്റെ ഉള്‍വശം

ആ വഴിയും തെറ്റി പുറക് ഭാഗത്താണ് എത്തിയത്. വണ്ടി അവിടെ പാര്‍ക്ക് ചെയ്തു. അവിടെ നിന്നു നോക്കിയാല്‍ മുന്‍ഭാഗത്തായി നടുമുറ്റം പോലെ ഒന്നു കാണാം. പ്രശസ്തമായ തിംഫു ഉത്സവം ഈ മുറ്റത്ത് വെച്ചാണ് നടക്കുന്നത്. അതിന്റെ ഫോട്ടോ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്. ഇനി മുന്‍ഭാഗത്ത് പോയി ടിക്കറ്റ് എടുക്കണം. സമയം തീരാന്‍ ആയി. ഇനി കയറാന്‍ പറ്റും എന്നു ഒട്ടും പ്രതീക്ഷ ഇല്ലാതെ ആണ് പോയത്. എന്നാല്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നു ടിക്കറ്റ് കിട്ടിയപ്പോള്‍ സമാധാനം ആയി. ഓടി ചാടി ചെന്നപ്പോള്‍ ഗേറ്റിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം. അപ്പോഴാണ് ഗൂഗിള്‍ പിന്നെയും ചതിച്ചു എന്നു മനസിലായത്. 5 മണി മുതല്‍ 6 മണി വരെ എന്തോ പരിപാടിയ്ക്ക് അടച്ചു ഇടുന്നതാണ്. 6 മണി മുതല്‍ 7 മണി വരെ പിന്നെയും സന്ദര്‍ശകരെ അനുവദിക്കും. കുറച്ചു പേര്‍ക്ക് ഒരു ഗൈഡ് കൂട്ടു വരും. ഇതിനു പൈസ ഒന്നും കൊടുക്കേണ്ട. വേണമെങ്കില്‍ എന്തെങ്കിലും ടിപ്പ് കൊടുത്താല്‍ മതി. തിരുവനന്തപുരത്ത് നിന്നും വന്ന കുറച്ചു ചേട്ടന്മാര്‍ ഉണ്ടായിരുന്നു അവിടെ. ഞങ്ങളും അവരുടെ കൂടെ കൂടി. അവരുടെ വണ്ടി Gelephu രജിസ്‌ട്രേഷന്‍ ആയിരുന്നു. അത് കണ്ടു ചോദിച്ചപ്പോള്‍ അവര്‍ ആസാം വഴി ആണ് വന്നത് എന്നു അറിയാന്‍ കഴിഞ്ഞു. ചിലപ്പോള്‍ കാറില്‍ വന്നതുകൊണ്ടാകാം അവര്‍ക്ക് പെര്‍മിറ്റ് കിട്ടിയത്.

അകത്ത് കയറാന്‍ അനുവാദം കിട്ടിയപ്പോഴേക്കും ചുറ്റും ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഗൈഡിന് പുറകെ കയറി ചെന്നത് ഒരു നടുത്തളത്തിലേക്ക് ആണ്. ഇവിടെ ഫോട്ടോ എടുക്കാം. എന്നാല്‍ ഉള്ളിലെ ക്ഷേത്രത്തില്‍ പാടില്ല. രാജാവിന്റെ ഓഫീസ്, അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് എന്നിവയെല്ലാം അടങ്ങിയ വലിയ കെട്ടിട സമുച്ചയം ആണ് ഇവിടെ. അതിനുള്ളിലെ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറുമ്ബോള്‍ തന്നെ വലിയ ബുദ്ധ രൂപം കാണാം. ചുമരില്‍ അനേകം ചെറിയ ചെറിയ ബുദ്ധ സ്തൂപങ്ങള്‍. ഗൈഡ് ചരിത്രം പറയാന്‍ തുടങ്ങിയെങ്കിലും ഞാന്‍ അത് കേള്‍ക്കാന്‍ നിന്നില്ല.

തിംഫു സോങിന്റെ ഉള്‍വശം

പെട്ടന്ന് വാതില്‍ക്കല്‍ നിന്ന രണ്ടു ബുദ്ധ സന്യാസിമാര്‍ വടി നിലത്തു കുത്തി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ബുദ്ധ സന്യാസി കുട്ടികള്‍ വരി വരിയായി ക്ഷേത്രത്തിന്റെ അകത്തേക്ക് കയറി വരാന്‍ തുടങ്ങി. എന്തോ ചടങ്ങ് നടക്കാന്‍ പോവുകയാണ്. സഞ്ചാരികളില്‍ ചിലര്‍ അവിടെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങളും അവിടെ തന്നെ നിന്നു. ഇവര്‍ ഒക്കെ സന്യാസം പഠിക്കുന്ന കുട്ടികളാണ്. എല്ലാവരും കടും ചുവപ്പ് വസ്ത്രം ധരിച്ചിരിക്കുന്നു. വരി വരിയായി ഇരിക്കുന്ന അവരെ കാണാന്‍ നല്ല ചേലാണ്. വൈകിട്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ഒത്തു കൂടിയതാണ് അവര്‍. താമസിച്ചു വന്ന ചിലര്‍ ഗുരു കാണാതെ ഒളിച്ചു പുറകിലത്തെ നിരയില്‍ പോയി ഇരുന്നു. ഏകദേശം എല്ലാവരും എത്തിയപ്പോള്‍ അവര്‍ ഉറക്കെ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കുട്ടി ഒരു പാത്രത്തില്‍ ചപ്പാത്തി മാവ് പോലെ എന്തോ ഒന്ന് കൊണ്ടു വന്നു എല്ലാവരുടെയും കയ്യില്‍ ഓരോ ഉരുള കൊടുത്തു. പിന്നെ എല്ലാവരും ആ ഉരുള കയ്യില്‍ ഇട്ടു ഉരുട്ടി പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു ആ കുട്ടി വന്നു എല്ലാവരില്‍ നിന്നും ആ ഉരുളകള്‍ തിരിച്ചു ശേഖരിച്ചു പോയി. അവന്‍ അവരുടെ ഓമന ആണെന്ന് തോന്നുന്നു. ചില വികൃതികള്‍ ഉരുളകള്‍ കൊടുക്കാതെ അവനെ കളിപ്പിക്കുണ്ടായിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് അവര്‍ എല്ലാം ഒന്നൊന്നായി പിരിഞ്ഞു പോയപ്പോള്‍ ഞങ്ങളും ഇറങ്ങി.

പാറോയിലെ പോലെയല്ല തിംഫുവിലെ കാലാവസ്ഥ. തണുപ്പ് കുറച്ചു കൂടുതല്‍ ആണ്. നാളെ പുനഖയിലേക്ക് ആണ് യാത്ര. പുനഖയിലെ തൂക്കുപാലത്തിലൂടെ ആടി ആടി നടപ്പും സ്വപ്നം കണ്ടു കിടന്നുറങ്ങി.

ആദ്യഭാഗം വായിക്കാം -

'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'

രണ്ടാം ഭാഗം വായിക്കാം -

സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..

മൂന്നാം ഭാഗം വായിക്കാം -

പതിനായിരം അടി മുകളിലുള്ള 'കടുവയുടെ കൂട്' തേടിയുള്ള മലകയറ്റം


തിംഫു സോങ്

തുടരും..


Next Story

Related Stories