TopTop
Begin typing your search above and press return to search.

സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..

സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..

രാവിലെ എഴുന്നേറ്റ് ബാഗ് ഒക്കെ പാക്ക് ചെയ്തപ്പോഴേക്കും ചെറുതായി മഴ ചാറാന്‍ തുടങ്ങിയിരുന്നു. പത്ത് മണിക്ക് ഭൂട്ടാനിലെ എമിഗ്രേഷന്‍ ഓഫീസ് തുറക്കും. അതായത് ഇന്ത്യയിലെ 9.30 മണിക്ക്. ഭൂട്ടാനും ഇന്ത്യയും തമ്മില്‍ അര മണിക്കൂര്‍ സമയ വ്യത്യാസം ഉണ്ട്. പെര്‍മിറ്റിന് ആവശ്യമായ ഡോക്യൂമെന്റ്സ് എടുത്ത് വയ്ക്കുമ്ബോള്‍ ആണ് ദിലു പറഞ്ഞത് വോട്ടര്‍ ഐഡി എടുത്തിട്ടില്ല പകരം ആധാര്‍ ആണ് എടുത്തത് എന്ന്. തലയില്‍ കയ്യും വെച്ചു ഇരുന്നു പോയി ഞാന്‍. ഇനിയെന്തു ചെയ്യും. വോട്ടര്‍ ഐഡിയോ പാസ്സ്‌പോര്‍ട്ടോ ഇല്ലാതെ പെര്‍മിറ്റ് കിട്ടില്ല. എന്തായാലും ഓഫീസില്‍ പോയി നോക്കാം എന്നു കരുതി 8.30 ന് എമിഗ്രേഷന്‍ ഓഫീസില്‍ എത്തിയപ്പോഴേക്കും മുറ്റം നിറയെ ഒരു കല്യാണത്തിനുള്ള ആളുകള്‍ ഉണ്ടായിരുന്നു. വോട്ടര്‍ ഐഡി ഇല്ലാത്തവര്‍ തൊട്ടടുത്തുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ പോയി ഒരു ഐഡന്റിഫിക്കേഷന്‍ സ്ലിപ് വാങ്ങി വരണം. ഇന്ത്യയില്‍ ആണെങ്കില്‍ കുറച്ചു കൈക്കൂലി കൊടുത്താല്‍ അഡ്ജസ്‌റ്‌മെന്റ് നടക്കുമായിരുന്നെങ്കിലും ഭൂട്ടാനില്‍ അത് നടപ്പില്ല. നിയമങ്ങള്‍ ഇത്ര കര്‍ശനമായി പാലിക്കുന്ന നാട്ടില്‍ നോ എന്നു പറഞ്ഞാല്‍ പ്ലീസ് എന്നു ചോദിക്കാന്‍ പോലും ഒരു അവസരം അവര്‍ തരില്ല.

ഐഡന്റിഫിക്കേഷന്‍ സ്ലിപ് കിട്ടിയാലേ പെര്‍മിറ്റിനുള്ള ഫോം പൂരിപ്പിക്കാന്‍ കഴിയുള്ളൂ. ദിലു കോണ്‍സുലേറ്റ് ഓഫീസില്‍ പോയപ്പോഴേക്കും ഞാന്‍ ഫോം ഫില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് തയ്യാറായി. എമ്മിഗ്രേഷന്‍ ഓഫീസിനു മുന്നിലുള്ള കടയില്‍ ഫോം കിട്ടും. ഓടി പോയി റോഡ് ക്രോസ്സ് ചെയ്യാന്‍ ശ്രമിച്ച എന്നെ കൃത്യം റോഡിന്റെ നടുവില്‍ എത്തിയപ്പോള്‍ ഒരു കറുത്ത യൂണിഫോം ഇട്ട പോലീസുകാരന്‍ തടഞ്ഞു നിര്‍ത്തി. ഇവിടെ റോഡ് ക്രോസ്സ് ചെയ്യാന്‍ പറ്റില്ല അടുത്ത സിഗ്‌നലില്‍ പോയി ക്രോസ്സ് ചെയ്യണം എന്ന് പറഞ്ഞു. തൊട്ടു മുന്നില്‍ ഉള്ള കടയിലേക്കാണ് ഞാന്‍ പകുതി ക്രോസ്സ് ചെയ്തില്ലേ എന്ന മട്ടില്‍ അയാളെ നോക്കിയപ്പോഴേക്കും അയാള്‍ ഉച്ചത്തില്‍ വഴക്കു പറഞ്ഞു എന്നെ തള്ളി റോഡിന്റെ ഇപ്പുറത്ത് എത്തിച്ചു. ദിലു ഡോക്യുമെന്റ് എടുക്കാത്ത സങ്കടവും ഈ സംഭവും ആയപ്പോള്‍ ഞാന്‍ ഒന്ന് മൂഡോഫ് ആയി. അപ്പോഴാണ് അതിലൂടെ നല്ല കുട്ടിയായി നടന്നു വരുന്ന ദിലുവിനെ കണ്ടത്. എന്നെ കണ്ടപ്പോഴേ ചോദിച്ചു വഴക്ക് കേട്ടോ എന്ന്. ഇതു നേരത്തെ അറിയാമായിരുന്നെങ്കില്‍ പറഞ്ഞുടെ എന്നു ചോദിച്ചു. അപ്പോള്‍ ആണ് കുറച്ചു മുന്‍പ് ദിലുവിനെ അയാള്‍ അടിക്കാന്‍ വന്നു എന്ന് പറഞ്ഞത്. അപ്പോള്‍ എനിക്ക് സമാധാനം ആയി. എനിക്ക് മാത്രം അല്ല ആ വഴി ക്രോസ്സ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കൊക്കെ വഴക്ക് കേള്‍ക്കുന്നുണ്ടായിരുന്നു. ചിലര്‍ക്കൊക്കെ അയാളുടെ കയ്യിലെ വടി കൊണ്ട് നല്ല പിടയും കിട്ടുണ്ട്.

ഭൂട്ടാനിലെ എമിഗ്രേഷന്‍ ഓഫീസ്

റോഡ്മാര്‍ഗം ഭൂട്ടാനില്‍ പ്രവേശിക്കുന്ന ടൂറിസ്റ്റ് Phuntsholing ലെ എമിഗ്രേഷന്‍ ഓഫീസില്‍ നിന്നും എന്ററി പെര്‍മിറ്റ് വാങ്ങിയിരിക്കണം. ഇത് ഓരോ ചെക്ക്‌പോസ്റ്റിലും കാണിക്കുക മാത്രമല്ല യാത്രയില്‍ ഉടനീളം കയ്യില്‍ സൂക്ഷിക്കുകയും വേണം. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് എമിഗ്രേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ശനിയും ഞായറും മറ്റു പൊതു അവധി ദിവസങ്ങളിലും ഓഫീസ് പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് തന്നെ തിങ്കളാഴ്ച തിരക്ക് കുറച്ച്‌ കൂടുതല്‍ ആയിരിക്കും. ഭൂട്ടാനിലേക്ക് പ്രവേശിക്കാന്‍ ഇതുകൂടാതെ മറ്റ് രണ്ടു വഴികള്‍ കൂടെ ഉണ്ട് (Gelephu, Samdrup jongkhar). പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വോട്ടര്‍ ഐഡി, 2 ഫോട്ടോ, ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വൗച്ചര്‍ എന്നിവയാണ് പ്രവേശന പെര്‍മിറ്റ് എടുക്കാന്‍ ആവശ്യമായ ഡോക്യൂമെന്റ്സ്. ഇവിടെ നിന്നു ലഭിക്കുന്ന പെര്‍മിറ്റ് പാറോ തിംഫു എന്നിവിടങ്ങളിലേക്ക് ഉള്ളതാണ്. മറ്റു സ്ഥലങ്ങളിലേക്ക് ഉള്ളത് തിംഫുവില്‍ പോയി എക്സ്റ്റന്‍ഡ് ചെയ്യാം. അതിനായി ഒര്‍ജിനല്‍ പെര്‍മിറ്റിന്റെ കോപ്പിയും ഫോട്ടോയും മതിയാകും.

ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയി ഫോം വാങ്ങി പൂരിപ്പിച്ചു. വോട്ടര്‍ ഐഡി ഇല്ലാത്തത് കൊണ്ട് ഐഡന്റിറ്റി സ്ലിപ്പിന്റെ നമ്ബറ് വേണം. എന്നാല്‍ ഇന്ത്യന്‍ ഓഫീസ് ഇതുവരെ തുറന്നിട്ടില്ല. അവിടെയും ഫോം ഫില്‍ ചെയ്തു കൊടുക്കണം. എല്ലാം കഴിഞ്ഞു സ്ലിപ് കയ്യില്‍ കിട്ടിയപ്പോള്‍ 11 മണി കഴിഞ്ഞു. ഒരു ചെറിയ അശ്രദ്ധ കാരണം നഷ്ടമായത് 2 മണിക്കൂര്‍ ആണ്. അതുമായി വന്നു എമിഗ്രേഷന്‍ ക്യുവില്‍ നിന്നു. ഡോക്യൂമെന്റിന്റെ വേരിഫിക്കേഷനും കഴിഞ്ഞു നമ്മുടെ ഫിംഗര്‍ പ്രിന്റും സ്‌കാന്‍ ചെയ്താല്‍ പെര്‍മിറ്റ് അനുവദിക്കും. അവിടെ നിന്നു തന്നെ നമുക്ക് ഭൂട്ടാന്‍ സിം കാര്‍ഡ് ലഭിക്കും. അതില്‍ അത്യാവശ്യം ഉപയോഗിക്കാന്‍ ഉള്ള നെറ്റ് ഒക്കെ ഉണ്ടാകും. അതുകഴിഞ്ഞ് ആവശ്യമെങ്കില്‍ റീചാര്‍ജ്ജ് ചെയ്താല്‍ മതി. ഇന്ത്യന്‍ കറന്‍സി ഭൂട്ടാന്‍ കറന്‍സി ആക്കാന്‍ ഉള്ള കൗണ്ടറും അവിടെ തന്നെയാണ്. ഭൂട്ടാനില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കും. എന്നാല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേയ്‌മെന്റ് പലയിടത്തും സാധ്യമല്ല. നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പുറകില്‍ നേപ്പാളിലും ഭൂട്ടാനിലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് എഴുതിയിട്ടുണ്ടെങ്കില്‍ കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിക്കാനോ ട്രാന്‍സാക്ഷന്‍ നടത്താനോ കഴിയില്ല. അതുകൊണ്ട് ആവശ്യത്തിനു പണം കയ്യില്‍ കരുതുന്നതാണ് നല്ലത്. അത് ഇല്ലാതെ പെട്ടു പോയ കഥ വഴിയേ പറയാം.

എന്തായാലും എല്ലാം കഴിഞ്ഞു പെര്‍മിറ്റ് കയ്യില്‍ കിട്ടിയപ്പോഴേക്കും 12.30 കഴിഞ്ഞു. ഇനി ബൈക്കിനുള്ള പെര്‍മിറ്റ് എടുക്കണം. Phuntsholing ബസ്റ്റാന്‍ന്റിനുള്ളിലെ കെട്ടിടത്തില്‍ നിന്നാണ് പെര്‍മിറ്റ് എടുക്കേണ്ടത്. ഡ്രൈവിംഗ് ലൈസന്‍സും വാടകയ്ക്ക് എടുത്ത വണ്ടി ആണെങ്കില്‍ authorization letter സബ്മിറ്റ് ചെയ്യണം. വാടകയ്ക്ക് എടുക്കുന്ന വണ്ടിക്ക് ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടെന്നു ഉറപ്പു വരുത്തുകയും എല്ലാ രേഖകളും കയ്യില്‍ വെയ്ക്കുകയും വേണം. ആ ഓഫീസില്‍ ചെന്നു ഫോം ഫില്‍ ചെയ്തു കൊടുത്തപ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയി. ഒടുവില്‍ 2 മണിക്ക് എല്ലാം കയ്യില്‍ കിട്ടിയപ്പോഴേക്കും പുറത്തു തകര്‍ത്തു തിമിര്‍ത്തു മഴ തുടങ്ങി. മഴ തീരും വരെ കാത്തു നില്‍ക്കാന്‍ വയ്യ. എന്തായാലും പോകാന്‍ തന്നെ തീരുമാനിച്ചു. റൈന്‍ കോട്ടുംഇട്ട് ബാഗ് ഒരു പ്ലാസ്റ്റിക് കവര്‍ വാങ്ങി പൊതിഞ്ഞു കെട്ടി ആ പെരും മഴയത്ത് ഞങ്ങള്‍ ഭൂട്ടാനിലേക്ക് യാത്ര തുടങ്ങി.

ബോര്‍ഡര്‍ കടന്നു കുറച്ചു കഴിയുമ്ബോള്‍ ഒരു ചെക്ക്‌പോസ്റ്റില്‍ രേഖകള്‍ എല്ലാം കാണിക്കണം. ചുരം കയറാന്‍ തുടങ്ങിയപ്പോഴേക്കും മഴ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയി. ഏകദേശം 30 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വണ്ടി റിസര്‍വ് മോഡില്‍ ആയി. തിരക്കിനിടയില്‍ പെട്രോള്‍ അടിക്കാന്‍ മറന്നു പോയി. ഇനി അടുത്ത ടൗണ് 15 കിലോമീറ്റര്‍ പോകണം. അതുവരെ എത്തുമോ എന്നു അറിയില്ല. വഴിയില്‍ കുടുങ്ങിയാല്‍ പെട്ടത് തന്നെ. ഇടയ്ക്കിടെ പോകുന്ന ടൂറിസ്റ്റ് വണ്ടികള്‍ അല്ലാതെ വഴിയിലെങ്ങും ആളും അനക്കവും ഇല്ല. ചിലപ്പോഴൊക്കെ കോട മൂടി ഒന്നും കാണാന്‍ ആകാതെ വണ്ടി നിര്‍ത്തേണ്ടി വരും. എന്തായാലും രണ്ടും കല്‍പിച്ചു മുന്നോട്ട് നീങ്ങി. ഒടുവില്‍ പെട്രോള്‍ തീരും മുന്‍പ് ഗഡുവില്‍ (Gadu) എത്തി. അവിടെ നിന്നു ഫുള്‍ ടാങ്ക് അടിച്ചു. ഭൂട്ടാന്‍ ഗേറ്റ് കടക്കുമ്ബോള്‍ തന്നെ ഒരു പെട്രോള്‍ പമ്ബ് ഉണ്ട്. അവിടെ നിന്നു ആവശ്യത്തിനു പെട്രോള്‍ അടിച്ചു യാത്ര തുടങ്ങിയാല്‍ മതി കേട്ടോ. ഭൂട്ടാനില്‍ പെട്രോളിന് വളരെ വില കുറവാണ്.

ഗഡു ടൗണ്‍

ചെറിയ ഒരു ടൗണ്‍ ആണ് ഗഡു. കുറച്ചു കടകളും സ്‌കൂളും ഒക്കെ ആയി നമ്മുടെ ഊട്ടി പോലെ ഒരു ഹില്‍ സ്റ്റേഷന്‍. സ്‌കൂള്‍ വിട്ട സമയം ആയതിനാല്‍ ചുവന്ന പരമ്ബരാഗത വസ്ത്രം ധരിച്ച സ്‌കൂള്‍ കുട്ടികള്‍ റോഡിനിരുവശവും നടന്നു പോകുന്നുണ്ടായിരുന്നു. ഗഡു കഴിഞ്ഞതും വിശപ്പു തുടങ്ങി. ഓട്ടത്തിനിടയില്‍ ഒന്നും കഴിച്ചിരുന്നില്ല. ഇനിയും ഒന്നും കിട്ടിയില്ലെങ്കില്‍ വയറ് തെറി വിളിക്കും. ഒടുവില്‍ വഴിയില്‍ കണ്ട ഒരു ചെറിയ ഹോട്ടലില്‍ വണ്ടി നിര്‍ത്തി. അതിനുള്ളില്‍ ഇരിക്കുന്ന ആളുകള്‍ എല്ലാം ഭൂട്ടാനിലെ സാധാരണക്കാര്‍ ആയിരുന്നു. അപ്പോഴാണ് അത് ടൂറിസ്റ്റുകള്‍ക്ക് ഉള്ള ഹോട്ടല്‍ അല്ല എന്ന് മനസിലായത്. പക്ഷേ അതൊന്നും ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ആയിരുന്നില്ല. പ്രശ്‌നം അവര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല എന്നതായിരുന്നു. ഒടുവില്‍ അവിടെ ഇരുന്നു കഴിക്കുന്ന ആളുടെ പ്ലേറ്റ് ചൂണ്ടി അത് കഴിക്കാന്‍ വേണം എന്ന് പറഞ്ഞു. അയാള്‍ വേഗം അതില്‍ ഉണ്ടായിരുന്നത് വരി കഴിച്ചു. പാവം ഞാന്‍ അയാളുടെ പ്ലേറ്റ് വേണം എന്നാണ് പറഞ്ഞത് എന്നു തെറ്റിധരിച്ചു കാണും. ഓരോരുത്തരുടെ പ്ലേറ്റ് നോക്കി ഓരോ ഐറ്റം ഓര്‍ഡര്‍ ചെയ്തു. ഒടുവില്‍ കുറച്ചു ചോറും പോര്‍ക്ക് വെള്ളത്തില്‍ ഇട്ട കറിയും മുളക് ചമ്മന്തിയും പരിപ്പിന്റെ വെള്ളവും കിട്ടി. ഭക്ഷണം കാണാത്തവരെ പോലെ അത് വാരി വലിച്ചു തിന്നുന്നത് കണ്ടു അവിടെയുള്ളവര്‍ എന്തൊക്കെയോ പറഞ്ഞു ചിരിക്കുണ്ടായിരുന്നു. എന്തായാലും ബില്‍ പറഞ്ഞപ്പോള്‍ ഭാഷയൊന്നും പ്രശ്‌നം ആയില്ല. 300 രൂപയുടെ അടുത്തായി ആ ഭക്ഷണത്തിന്. കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസിലായി തുടങ്ങിയിരുന്നു.

ഇനി പാറോ വരെ എത്തണം. നേരം ഇരുട്ടി തുടങ്ങി. ഒപ്പം തണുപ്പും. വലിയ മലകള്‍ ആണ് ചുറ്റും. മലയുടെ വശങ്ങളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകള്‍. ഇടയ്ക്കിടെ പോകുന്ന വണ്ടികള്‍ അല്ലാതെ ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും ഇല്ല. റോഡിന് ഒരു വശം എത്ര ഉയരത്തില്‍ എന്നു നിശ്ചയം ഇല്ലാത്ത വലിയ മല, മറു വശത്ത് അഗാധമായ കൊക്ക. ഇരുട്ടില്‍ ഇതിനപ്പുറം ഒന്നും ഊഹിച്ചെടുക്കാന്‍ പറ്റിയില്ല. എങ്ങനെയെങ്കിലും റൂമില്‍ എത്തിയാല്‍ മതി എന്നു കരുതി പോവുകയാണ്. ഇടയ്ക്ക് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത് കാണാം. ജെസിബി നിന്നു മണ്ണ് മാറ്റുന്നുണ്ട്. ഒരുഭാഗത്ത് കുറച്ചു മുന്‍പ് ഇടിഞ്ഞതാണ്.

ചോറും പോര്‍ക്ക് കറിയും കിട്ടിയ ഹോട്ടല്‍

പകുതി വഴിയിലെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ കാണുന്ന വഴിയില്‍ അല്ല ഞങ്ങള്‍ ഉള്ളതെന്ന് മനസിലായി. പക്ഷേ വരുന്ന വഴിയില്‍ ബോര്‍ഡ് നോക്കിയപ്പോള്‍ ഈ വഴി ആണ് കാണിച്ചത്. വഴി തെറ്റിയോ എന്ന ചിന്ത പോലും ഒന്നു തളര്‍ത്തി. ഇത്രയും ദൂരം ഈ രാത്രി തണുപ്പത്ത് തിരിച്ചു പോവുക ആലോചിക്കാന്‍ പോലും കഴിയില്ല. വണ്ടി സൈഡ് ആക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ വഴി വന്ന കാറിനു കൈ കാണിച്ചു. ടാക്‌സി വണ്ടി ആണ്. ബോര്‍ഡറില്‍ നിന്ന് ധാരാളം ടാക്‌സികള്‍ ഉണ്ട്. ഡ്രൈവറോട് ചോദിച്ചപ്പോള്‍ ഈ വഴി തന്നെയാണ് എന്നു പറഞ്ഞു. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ ഈ വഴിയുടെ പൊടിപോലും ഇല്ല. ഇത് പുതിയതായി പണിയുന്ന റോഡ് ആണ്. ഇതിനു സമാന്തരമായി ആണ് മറ്റേ റോഡ് കാണിക്കുന്നത്. ഒരുപക്ഷേ അത് ഈ മലയുടെ മറുഭാഗത്ത് കൂടെ പോകുന്ന റോഡ് ആകും.

പിന്നെയും യാത്ര തുടര്‍ന്നു. ഒന്നു സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല. അത് മറ്റൊരു വളവായിരുന്നു. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക് പോയേനേ. ഒന്നു വിറച്ചു, ഒപ്പം സ്പീഡും കുറച്ചു. ഒടുവില്‍ രാത്രി 9 മണിക്ക് ഒരു പാലത്തില്‍ എത്തി. അവിടെ കുറച്ചു വെട്ടവും വെളിച്ചവും ഉണ്ട്. ഇവിടെ ഒരു നാല്‍കവല ആണ്. Phuntsholing ല്‍ നിന്നു വന്ന വഴി, തിംഫുവിലേക്കും പാറോയിലേക്കും ഹായിലേക്കും ഉള്ള വഴി. പേരോ ചു , തിംഫ് ചു, വാങ് ചു എന്ന മൂന്നു നദികളുടെ സംഗമ സ്ഥാനം കൂടെയാണ് ഇവിടം. ചു എന്നാല്‍ നദി എന്നാണ് അര്‍ത്ഥം.

ഗഡു

ഇവിടെ നിന്നു 27km ഉണ്ട് ബുക്ക് ചെയ്ത റൂമിലേക്ക്. എന്തായാലും അവരെ വിളിച്ചു പറയാം. Airbnb വഴി ബുക്ക് ചെയ്തതാണ്. ഒരു സ്ത്രീ ആണ് ഫോണ്‍ എടുത്തത്. ഹിന്ദിയില്‍ ആണ് സംസാരിക്കുന്നത്. വിളിച്ചപ്പോള്‍ അന്ന് ഒരു ബുക്കിങ് ഉള്ള കാര്യം അവര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ ഉറങ്ങാന്‍ പോവുകയാണ്. അര മണിക്കൂറില്‍ എത്തും എന്നു അറിയിച്ചു. കുറച്ചു ദൂരം പോയപ്പോള്‍ ദൂരെ വെളിച്ചം കാണാന്‍ തുടങ്ങി. അടുത്തു വരും തോറും വെളിച്ചവും ആളനക്കവും കണ്ടു തുടങ്ങി. അപ്പോഴാണ് ദൂരെ നമ്മുടെ ദസറയുടെ സമയത്തെ മൈസൂര്‍ പാലസ് പോലെ ഏതോ കണ്ടത്. അടുത്തു വരും തോറും അതിന്റെ ഭംഗി കൂടി കൂടി വന്നു. Rinpung dzong ആണ് അത്. വെള്ള മാര്‍ബിള്‍ കൊട്ടാരത്തിന്റെ മുകളില്‍ ആരോ ദീപങ്ങള്‍ തെളിയിച്ച പോലെ. വണ്ടി സൈഡാക്കി കുറച്ചു നേരം അതിന്റെ ഭംഗി നോക്കി നിന്നു. അവിടെ നിന്നു പോരാന്‍ തോന്നുന്നില്ല. പക്ഷേ ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം വൈകി. ഞങ്ങളെ കാത്തിരിക്കുന്ന ആ സ്ത്രീയെ ബുദ്ധിമുട്ടിക്കാന്‍ വയ്യ. അവിടുന്ന് മനസ് ഇല്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

പാറോയിലെ ഒരു ഹോട്ടലിന് മുന്നില്‍ ഭക്ഷണം വാങ്ങിക്കാന്‍ വണ്ടി നിര്‍ത്തി. ഒന്നാം നിലയിലായാണ് ഹോട്ടല്‍. ഞാന്‍ ബൈക്കിനു അടുത്ത് നിന്നു. ദിലു ഗോവണി കയറി മുകളിലേക്ക് പോയി. ടൗണില്‍ കടകള്‍ ഒക്കെ ആളൊഴിഞ്ഞു. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ടൗണ്‍. അടുക്കും ചിട്ടയും ആയി വച്ചിരിക്കുന്ന കടകള്‍. കുറച്ചു കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ നിന്ന് ഒരാള്‍ പടികള്‍ ഇഴഞ്ഞു ഇറങ്ങി വരാന്‍ തുടങ്ങി. ഒരു പാമ്ബാണ്. പകുതി എത്തിയപ്പോഴേക്കും അയാള്‍ വാള് വെയ്ക്കാന്‍ തുടങ്ങി. മരത്തിന്റെ ഗോവണിയുടെ കൈവരിയില്‍ ചാരി നിന്ന് താഴത്തെ കടയുടെ സൈഡിലേക്ക് അയാള്‍ വാള് വെച്ചു. അത് കഴിഞ്ഞു പിന്നെയും ഇഴഞ്ഞും വലിഞ്ഞും പടികള്‍ ഇറങ്ങി ഇരുട്ടില്‍ എവിടെയോ മറഞ്ഞു. ഭക്ഷണവുമായി ദിലു വരാന്‍ കുറച്ചു നേരം എടുത്തു.

Rinpung dzong

airbnbല്‍ ഉള്ള ലൊക്കേഷന്‍ നോക്കി റിസോര്‍ട്ടിലേക്ക് വണ്ടി വിട്ടു. വണ്ടി ടൗണ്‍ കഴിഞ്ഞു ഒരു ചെറിയ ഗ്രാമത്തിലേക്ക് പ്രവേശിച്ചു. കുറച്ചു ദൂരം പോയപ്പോള്‍ ഒരു മണ്ണിട്ട വഴിയിലൂടെ പോയി. അതും കഴിഞ്ഞപ്പോള്‍ റോഡില്ല. ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ കാണിച്ച സ്ഥലത്തു ഒരു മരവും പട്ടി കൂടു പോലുള്ള ഒരു ചെറിയ പെട്ടിയും. പണി പാളി. പോകേണ്ട സ്ഥലം ഈ രാത്രി ഇനി എവിടെ നിന്നു കണ്ടു പിടിക്കും എന്നു അറിയാതെ നില്‍ക്കുമ്ബോള്‍ ഒരു സ്ത്രീ ആ വഴി നടന്നു വന്നു. ഭൂട്ടാനിലെ പരമ്ബരാഗത വസ്ത്രം ധരിച്ച അവര്‍ ഏതോ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ആണെന്ന് തോന്നുന്നു. അവരോടു ചോദിച്ചപ്പോള്‍ ഭാഗത്തൊന്നും റിസോര്‍ട്ട് ഇല്ലെന്നു മനസിലായി. ഒടുവില്‍ റിസോര്‍ട്ടിലെ സ്ത്രീയെ വിളിച്ചു അവര്‍ക്ക് ഫോണ്‍ കൊടുത്തു. രണ്ടുപേരും ഭൂട്ടാനീസ് ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു. വന്ന വഴി തിരിച്ചു പോയി മറ്റൊരു പാലത്തില്‍ നിന്ന് ഇടത്തോട്ട് തിരിയണം. എന്തായാലും ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ ആ സ്ഥലത്തിന്റെ പുതിയ ലൊക്കേഷന്‍ കിട്ടി. ഒടുവില്‍ സ്ഥലം എത്തി. ബൈക്കു പാര്‍ക്ക് ചെയ്തപ്പോള്‍ അടുത്ത വീട്ടില്‍ നിന്നും കാത്തു നിന്ന സ്ത്രീ എത്തി.

പുറത്തു നിന്നു നോക്കുമ്ബോള്‍ ഒരു ചെറിയ വീടുപോലെ തോന്നിയെങ്കിലും അകത്ത് അടിപൊളി ആയിരുന്നു. മരത്തില്‍ ആണ് നിലവും ചുമരും പണിതിരിക്കുന്നത്. ഇതു തണുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ബാത് ഡബിലെ ചൂടുവെള്ളത്തില്‍ കിടന്നൊരു കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞപ്പോള്‍ യാത്രയുടെ ക്ഷീണമെല്ലാം പമ്ബ കടന്നു. ഭൂട്ടാനിലെ കാഴ്ചകളിലേക്ക് കണ്ണു തുറക്കാനായി കണ്ണുകള്‍ അടച്ചു.

ആദ്യ ഭാഗം വായിക്കാം -

'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'

തുടരും..


Next Story

Related Stories