TopTop
Begin typing your search above and press return to search.

പതിനായിരം അടി മുകളിലുള്ള 'കടുവയുടെ കൂട്' തേടിയുള്ള മലകയറ്റം

പതിനായിരം അടി മുകളിലുള്ള കടുവയുടെ കൂട് തേടിയുള്ള മലകയറ്റം

ഇന്നാണ് dream come true day. രാവിലെ കണ്ണു തുറന്നതും ഫോണ്‍ തപ്പി. പാതി തുറന്ന കണ്ണുകള്‍ക്കിടയിലൂടെ ഫോണിന്റെ സ്‌ക്രീനിലെ ടൈഗേഴ്‌സ് നെസ്റ്റ് ഫോട്ടോ കണ്ടു. രണ്ടു വര്‍ഷം ആയിട്ട് ഫോണിന്റെ സ്‌ക്രീന്‍ വാള്‍പേപ്പര്‍ ടൈഗേഴ്സ് നെസ്റ്റ് ആണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് ഞാന്‍ അത് നേരിട്ട് കാണാന്‍ പോവുകയാണ്. പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു റെഡി ആയി. കോട്ടേജിലെ ദീദി, ആലു പറാത്തയും മുളക് ചട്ടിണിയും റെഡി ആക്കി വെച്ചിട്ടുണ്ട് ഹാളില്‍. അതും കഴിച്ചു വേഗം റൂമില്‍ നിന്നു ഇറങ്ങി.

കോട്ടേജില്‍ നിന്നു അര മണിക്കൂറെ ഉള്ളു ടൈഗേഴ്സ് നെസ്റ്റിലേക്ക്. റോഡിനിരുവശവും വിളഞ്ഞു കിടക്കുന്ന മഞ്ഞ നെല്‍പ്പാടങ്ങള്‍. അതിനുമപ്പുറം മരത്തില്‍ പണിത വീടുകള്‍. രാവിലെ തന്നെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. ഓഫീസുകളിലും സ്‌കൂളിലും പോകുന്നവര്‍ക്കൊക്കെ പരമ്ബരാഗത വേഷം ആണ്. കുറച്ചു തണുപ്പുണ്ട്. ചെറിയ ഒരു പാലം കടന്ന് വണ്ടി ഒരു മലഞ്ചെരുവിലേക്ക് കടന്നു. കുറച്ചു ദൂരം പോയപ്പോള്‍ ദൂരെ മലയുടെ മുകളില്‍ ഒരു കുഞ്ഞു പൊട്ടുപോലെ ടൈഗര്‍ നെസ്റ്റ് കാണാന്‍ ആയി. ഇത്ര നാള്‍ കണ്ട സ്വപ്നം കയ്യെത്തും അകലെ.. അയ്യോ അങ്ങനെ പറയാന്‍ ആയിട്ടില്ല. അതിരിക്കുന്ന ഉയരം കണ്ടിട്ട് വിമാനം എത്തും അകലെ എന്നു പറയേണ്ടി വരും എന്ന് തോന്നി. വലിയ ഒരു മലയുടെ മുകളിലാണ് ടൈഗേഴ്സ് നെസ്റ്റ്.

ബേസ്മെന്റില്‍ പാര്‍ക്കിങ്ങിനുള്ള സ്വകര്യം ഉണ്ട്. അവിടെ വണ്ടി നിര്‍ത്തി. അപ്പോഴാണ് ഇന്നലെ എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് പരിചയപ്പെട്ട ഫാമിലിയെ കണ്ടത്. അവര്‍ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വരാം എന്നു പറഞ്ഞു പറോയിലേക്ക് തിരിച്ചു പോയി. അവിടെ ഉള്ള ഒരു ഗൈഡ് പറഞ്ഞു ഫുള്‍ സ്ലീവ് ഉള്ള ഡ്രെസ്സ് ഇട്ടു മാത്രമേ സോങില്‍ കയറാന്‍ പറ്റുകയുള്ളു എന്നു. ഞാന്‍ ഒരു ടീഷര്‍ട്ട് ആണ് ഇട്ടിരിക്കുന്നത്. ഒരു ഷാള്‍ പോലും കയ്യില്‍ ഇല്ല. ഇനി എന്തു ചെയ്യും. അപ്പോഴാണ് മുകളില്‍ ചെന്നാല്‍ മൊണാസ്?ട്രിക്കുള്ളില്‍ കയറാന്‍ പുറത്തു ഒരു കൗണ്ടറില്‍ അവരുടെ ഡ്രസ്സ് ലഭിക്കും എന്നു പറഞ്ഞത്. മുകളില്‍ വരെ പോകാനും പുറത്തുനിന്ന് മൊണാസ്ട്രി കാണാനും ടിക്കറ്റ് ഒന്നും എടുക്കേണ്ട. എന്നാല്‍ മൊണാസ്ട്രിക്കുള്ളില്‍ കയറാന്‍ ടിക്കറ്റ് വേണം. അത് താഴെ ബേസ്മെന്റില്‍ ഉള്ള കൗണ്ടറില്‍ നിന്നു എടുത്തിട്ടു വേണം പോകാന്‍. പകുതി ദൂരം പോകാന്‍ കുതിരകളെ കിട്ടും. കുത്തി കുത്തി നടന്നു പോകാന്‍ വടിയും കിട്ടും. രണ്ടിനും പൈസ കൊടുക്കണം. അതുകൊണ്ടു നോ പറഞ്ഞു ട്രെക്കിംഗ് തുടങ്ങി.

കയറി തുടങ്ങുമ്ബോള്‍ തുടക്കത്തില്‍ തന്നെ വലിയൊരു പ്രയര്‍ വീല്‍ കാണാം. മലമുകളില്‍ നിന്നു വരുന്ന വെള്ളം ടര്‍ബോ പോലെ ഒരു സാധനത്തില്‍ വീഴുന്നു. അപ്പോള്‍ ആണ് പ്രയര്‍ വീല്‍ തിരിയുന്നത്. അതിന്റെ മണിയടിയുടെ ശബ്ദം അവിടെയാകെ മുഴങ്ങുന്നു. കുതിരകളുമായി കുറേപ്പേര്‍ മലയിറങ്ങി വരുന്നുണ്ട്. മുന്‍പേ ആളുകളുമായി പോയ കുതിരകള്‍ ആണ്. പലയിടത്തും കുതിരകള്‍ പോയ വഴിയും കുത്തനെ ഉള്ള വഴികളും കാണാം. കുതിരകള്‍ പോകുന്ന വഴി കുറച്ചുകൂടെ ആയാസരഹിതമാണ്.

കയറി കുറച്ചു കഴിയുമ്ബോള്‍ ഒരു കഫേ ഉണ്ട്. കത്തി വിലയാണെങ്കിലും അത്യാവശ്യം നല്ല തിരക്കുണ്ട് അവിടെ. ടോയ്‌ലറ്റ് സ്വകര്യവും ഉണ്ട്. അവിടെ നിന്നു കുറച്ചു കയറുമ്ബോള്‍ നിരനിരയായുള്ള പ്രയര്‍ വീല്‍ കാണാം. ഇവിടെ വരെയേ കുതിരകള്‍ ഉള്ളു. ഇവിടുന്നുള്ള ദൂരം തനിയെ കയറണം. ഇപ്പോള്‍ ടൈഗര്‍ നെസ്റ്റിന്റെ കുറച്ചുകൂടെ വ്യക്തമായ രൂപം കാണാം. രാവിലെ തന്നെയായതിനാല്‍ വലിയ ക്ഷീണം ഒന്നും തോന്നുന്നില്ല. അതി രാവിലെ ട്രെക്കിംഗ് തുടങ്ങിയത് നന്നായി. വെയിലിന്റെ ചൂടിന് മുന്‍പേ അവിടെ എത്താം.

പകുതി കഴിഞ്ഞ് ഇനിയങ്ങോട്ടുള്ള വഴിയില്‍ ഇരുവശവും കുറച്ചുകൂടെ മരങ്ങള്‍ തിങ്ങിയതാണ്. വെയില്‍ തീരെയില്ല. ഇടയ്ക്ക് മലയില്‍ നിന്നു വരുന്ന നീരുറവയിലെ വെള്ളം കുടിച്ചു ദാഹം അകറ്റി. കുപ്പിയിലും വെള്ളം നിറച്ചു. അങ്ങനെ രണ്ടര മണിക്കൂര്‍ കൊണ്ട് മല കയറി 10.30 ആയപ്പോള്‍ മുകളില്‍ എത്തി. മുകളില്‍ എത്തിയപ്പോള്‍ ആണ് മനസിലായത് മലയുടെ മറ്റൊരു ഭാഗത്താണ് ടൈഗേഴ്സ് നെസ്റ്റ്. ഇനി മലയിടുക്കിലൂടെ കല്ലില്‍ കൊത്തിയെടുത്ത പടികള്‍ ഇറങ്ങി കയറി വേണം മൊണാസ്ട്രിക്ക് അടുത്തെത്താല്‍. അതിന് സമാന്തരമായി ഉള്ള വ്യൂ പോയിന്റില്‍ നിന്ന് കുറെ നേരം നോക്കി നിന്നിട്ടും മതിയാകുന്നില്ല. ഇത്ര നാള്‍ കണ്ട സ്വപ്നം തൊട്ടരികെ.

പടികള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണ് മനസിലായത് പണി പാളി എന്നു. ഇതുവരെ ഓടി ചാടി മല കയറി വന്നിട്ട് സ്റ്റെപ് ഇറങ്ങുമ്ബോള്‍ കാലിന്റെ ഉള്ളില്‍ ഇരുന്നു ആരോ അലറി കരയുന്നത് പോലെ. സ്റ്റെപ്പാണെങ്കില്‍ ഇറങ്ങിയിട്ടു തീരുന്നും ഇല്ല. ഇനി കുറച്ചു സ്റ്റെപ് കയറാനും ഉണ്ട്. സോങിന് അടുത്തായി മനോഹരമായ വെള്ളച്ചാട്ടമുണ്ട്, അതിന്റ അരികില്‍ കുറച്ചു നേരം ഇരുന്നു. ദിലു ഉള്ളില്‍ കയറുന്നില്ല. ഞാന്‍ ഒറ്റയ്ക്ക് പോയി. സോങിന് പുറത്ത് ഒരു ചെറിയ മുറിയില്‍ മുകളില്‍ ഇടാനുള്ള ഡ്രെസ്സ് കിട്ടി. ഞാന്‍ ഷോര്‍ട്ട് സ്ലീവ് ടോപ്പ് ഇട്ടത് കൊണ്ടാണ്. ഫുള്‍ സ്ലീവ് ഡ്രെസ്സ് ആണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല. എന്നെക്കാള്‍ നാലിരട്ടി വലുപ്പമുള്ള മിന്നി തിളങ്ങുന്ന മേല്‍കുപ്പായവും ഇട്ടു ഞാന്‍ ഉള്ളില്‍ കയറി. കല്ലു പാകിയ നിലത്തിലൂടെ കാലിലേക്ക് തണുപ്പ് അരിച്ചു കയറുന്നുണ്ട്.

ഭൂട്ടാനിലെ ഒരു പ്രധാന പുണ്യസ്ഥലവും ക്ഷേത്രസമുച്ചയവുമാണ് ടൈഗേഴ്‌സ് നെസ്റ്റ് അഥവാ പാരോ തക്‌സാങ്. മലയുടെ താഴ്‌വാരത്തില്‍ നിന്ന് 900 മീറ്റര്‍ മുകളിലും സമുദ്രനിരപ്പിന് 3120 മീറ്റര്‍ (10,240 അടി) മുകളിലുമാണ് ഈ ക്ഷേത്രസമുച്ചയം. എട്ടാം നൂറ്റാണ്ടില്‍ ഗുരു പദ്മസംഭവ മൂന്ന് വര്‍ഷവും മൂന്ന് മാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ധ്യാനിച്ചതായി കരുതപ്പെടുന്ന തക്‌സങ് സെന്‍ഗെ സംഡപ് എന്ന ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഈ ക്ഷേത്രസമുച്ചയം പണിതിരിക്കുന്നത്. ഭൂട്ടാനില്‍ ബുദ്ധമതം സ്ഥാപിച്ചതായി കരുതപ്പെടുന്ന വ്യക്തിയാണ് ഗുരു പദ്മസംഭവ. ഒമ്ബത് ഗുഹകളെ ചുറ്റിയാണ് ഈ ആശ്രമം പണികഴിച്ചിട്ടുള്ളത്. 1692 ല്‍ ആണ് ആദ്യ നിര്‍മാണം നടന്നതെന്ന് കരുതുന്നു. അന്നത്തെ ഗുരുവായിരുന്ന ഗ്യാല്‍സെ ടെന്‍സിന്‍ റബ്‌ഗ്യേ ആണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 1998 ല്‍ ഉണ്ടായ തീപ്പിടിത്തതില്‍ ആശ്രമത്തിന് കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് പല കാലങ്ങളിലായി പലവട്ടം പുതുക്കിപ്പണിതിട്ടുള്ള രൂപമാണ് ഇപ്പോള്‍ കാണാനാവുക. ഗുഹകളില്‍ എല്ലാത്തിലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ചിലത് മതപരമായ ചടങ്ങുകള്‍ക്കായി മാത്രമേ തുറക്കുകയുള്ളൂ. ആശ്രമത്തിനുള്ളില്‍ ഫോട്ടോഗ്രാഫി അനുവദനീയം അല്ല.

കുറച്ചു നേരം അവിടെയും ഇവിടെയും കറങ്ങി നടന്നു. ഒറ്റയ്ക്കായിട്ട് ഒരു ഗും ഇല്ല. ഗ്രൂപ്പ് ആയി വന്നവര്‍ക്ക് ഗൈഡുകള്‍ എല്ലാം വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അതിന്റെ ഇടയില്‍ പോയി കുറച്ചൊക്കെ കേട്ടു. ഒരിടത്ത് ഉള്ളുലൂടെ നൂണ്ട് ഇറങ്ങി പോകുന്ന ഒരു ഗുഹ കണ്ടു. ഒരു ആവേശത്തിന്റെ പുറത്ത് ഉള്ളിലേക്ക് കയറി. അകത്തൊരു മനുഷ്യനും ഇല്ല. അവിടെ നിന്ന് വീണ്ടും താഴേക്ക് പടികള്‍. കയ്യില്‍ മൊബൈല്‍ പോലും ഇല്ല. അതൊക്കെ പുറത്തു വെച്ചിട്ടേ കയറാന്‍ പറ്റു. അതുവഴി പോയി ഇനി മലയുടെ വേറെ വല്ല ഭാഗത്തും എത്തി കുടുങ്ങിയാല്‍ പദ്മസംഭവയെ പോലെ അവിടെ ധ്യാനം ഇരിക്കേണ്ടി വരും. അതുകൊണ്ട് തിരിച്ചു പോന്നു. ഒറ്റയ്ക്ക് നടന്ന് ബോറടിച്ചപ്പോള്‍ ഇറങ്ങി പോന്നു. ദിലു വെള്ളച്ചാട്ടത്തിന്റെ അരികില്‍ പാട്ടും കേട്ട് പ്രകൃതി ഭംഗിയും ആസ്വദിച്ചു ഇരിപ്പുണ്ട്. മെല്ലെ തിരിച്ചിറങ്ങാന്‍ തുടങ്ങി. സാധരണ ഇറക്കം കുറച്ചു കഷ്ടപ്പാടാണ്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ മത്സരം വെച്ച്‌ അര മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഓടി ഇറങ്ങി. താഴെ എത്തിയപ്പോള്‍ 2 മണി കഴിഞ്ഞിരുന്നു. വിശന്നു കുടലു കരിയുന്നു. ടൗണിന് മുന്‍പ് കണ്ട ഒരു ഹോട്ടലില്‍ കയറി. നല്ല ചില്‍ഡ് ബിയറും ബീഫും പോര്‍ക്കും എല്ലാം കൂട്ടി കുറെ ചോറു കഴിച്ചു. ഒപ്പം ഇവിടുത്തെ മുളക് ചമ്മന്തിയും.

ഇനി എങ്ങോട്ടും ഇല്ല. നേരെ റൂമില്‍ പോയി. രാത്രി ആയപ്പോള്‍ ഭയങ്കര നെഞ്ചു വേദന. സീ ലെവലില്‍ നിന്നു കുറെ ഉയരത്തില്‍ ട്രെക്ക് ചെയ്താല്‍ AMS ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. അതു തന്നെയാണ് എന്നു ഞാന്‍ ഉറപ്പിച്ചു. ഇപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു ചത്തു പോകും എന്ന് തോന്നി. കുറച്ചു നേരം സഹിച്ചു കിടന്നെങ്കിലും അവസാനം ഹോസ്പിറ്റലില്‍ പോകാന്‍ തീരുമാനിച്ചു. അവിടുത്തെ ഹോസ്പിറ്റലില്‍ കണ്ടപ്പോഴാണ് നമ്മള്‍ ഒക്കെ എത്ര നല്ല സ്വകാര്യത്തില്‍ ആണ് ജീവിക്കുന്നത് എന്നു മനസിലായത്. ഞാനും നെബുലൈസേഷന് വന്ന ഒരു ഗര്‍ഭിണിയായ യുവതിയും കൂടാതെ അലഞ്ഞു നടക്കുന്ന രണ്ടു പട്ടികളും ഉണ്ടായിരുന്നു ആ ഹോസ്പിറ്റലില്‍. രണ്ടു തവണ ECG എടുത്ത് നോക്കി ഗ്യാസിനുള്ള എന്തോ ഒരു മരുന്നും തന്നു. കൂട്ടത്തില്‍ ബിയറും മുളക് ചമ്മത്തിയും നല്ല കോമ്ബിനേഷന്‍ അല്ല എന്ന് ഒരു ഉപദേശവും തന്ന് അവരെന്നെ പറഞ്ഞു വിട്ടു. എല്ലാം ഫ്രീ ആയിരുന്നു.പക്ഷേ ഒരു ടാക്‌സി വിളിച്ചതിന് 1500 രൂപ ആയി (ബാക്ക്ഗ്രൗഡില്‍ ദിലു പല്ലു കടിക്കുന്ന ശബ്ദം). റൂമില്‍ വന്നു മരുന്നും കഴിച്ചു സുഖമായി കിടന്നുറങ്ങി.

ആദ്യ ഭാഗം വായിക്കാം -

'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'

രണ്ടാം ഭാഗം വായിക്കാം -

സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..


തുടരും..


Next Story

Related Stories