TopTop
Begin typing your search above and press return to search.

'ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് മൂടിയ മലനിരകളുടെ മധ്യത്തിലുള്ള ചുരം ഇറങ്ങാന്‍ തുടങ്ങിയതും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി'

ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് മൂടിയ മലനിരകളുടെ മധ്യത്തിലുള്ള ചുരം ഇറങ്ങാന്‍ തുടങ്ങിയതും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി

തിംഫുവിലെ തണുപ്പ് ഇന്നത്തെ പ്ലാന്‍ മുഴുവന്‍ തെറ്റിച്ചു. 7 മണിക്ക് പുനഖയിലേക്ക് പോകണം എന്ന് കരുതിയിരുന്നതാണ്. പുതപ്പിന്റെ ഉള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ നോക്കിയെങ്കിലും തണുപ്പ് കാരണം പിന്നെയും ചുരുണ്ടു കൂടി കിടന്നു. ഇനിയും കിടന്നാല്‍ ഇന്നത്തെ പരിപാടികള്‍ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോള്‍ മനസ്സില്ലാ മനസോടെ എഴുന്നേറ്റ് റെഡി ആയി. ജനാലയുടെ അപ്പുറത്തെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ശബ്ദം കേട്ട് കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പുറത്തെ മഴ കണ്ടത്. അതിന്റെ ഒരു കുറവു കൂടെയെ ഉണ്ടായിരുന്നുള്ളു. മഴ കണ്ടതും ദിലു പിന്നെയും പുതപ്പിനടിയില്‍ കയറിക്കൂടി. ഒടുവില്‍ റെയ്ന്‍ കോട്ടും എടുത്ത് ഇറങ്ങിയപ്പോള്‍ 9 മണി കഴിഞ്ഞിരുന്നു.

കയ്യിലെ കാശ് ഏകദേശം കഴിയാന്‍ ആയിരിക്കുന്നു. കയ്യിലെ ഡെബിറ്റ് കാര്‍ഡ് നേപ്പാളിലും ഭൂട്ടാനിലും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പുറകില്‍ എഴുതിയിരിക്കുന്നത് ഇവിടെ എത്തിയപ്പോള്‍ ആണ് കണ്ടത്. അല്ലെങ്കിലും ഭൂട്ടാനില്‍ മിക്ക ഇടത്തും കാര്‍ഡ് സ്വീകരിക്കില്ല. ഇനി അവസാനത്തെ വഴി എന്ന നിലയില്‍ ബാങ്കില്‍ പോയി അന്വേഷിക്കാം എന്നു കരുതി. ഹരിലാല്‍ ഏട്ടന്റെ പരിചയത്തില്‍ ഉള്ള ഒരു മാഷ് ഉണ്ട് പാറോയില്‍. ഒരു വഴിയും ഇല്ലെങ്കില്‍ അവസാനം മാഷ്ടെ അടുത്തു പോയി വാങ്ങേണ്ടി വരും.

ഡോച്ചുല പാസ്

തിംഫുവില്‍ നിന്ന് ഏകദേശം 72 കിലോമീറ്റര്‍ ഉണ്ട് പുനഖയിലേക്ക്. ഇറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ മഴ ഒന്നു കുറഞ്ഞു. ബോര്‍ഡറില്‍ നിന്ന് ലഭിക്കുന്ന പെര്‍മിഷന്‍ കൊണ്ട് പാറോ, തിംഫു എന്നിവിടങ്ങളില്‍ മാത്രമേ സഞ്ചരിക്കാന്‍ പറ്റുകയുള്ളു. അതുകൊണ്ട് തിംഫുവില്‍ നിന്ന് എടുക്കുന്ന പുതിയ പെര്‍മിറ്റ് വഴിയില്‍ ഓഫീസില്‍ കാണിച്ചു കൊടുത്താലേ പുനഖയിലേക്ക് പോകാന്‍ കഴിയുകയുള്ളു. ഏകദേശം 22 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഡോച്ചുല പാസ്സില്‍ എത്തി. ഒരു കൂട്ടം ബൈക്കുകളുടെ ഇടയിലേക്കാണ് ചെന്നിറങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള റൈഡര്‍മാരാണ്. കൊടും തണുപ്പത്ത് സ്ലിപ്പറും ഇട്ടും ബൈക്കില്‍ നിന്ന് ഇറങ്ങിയ എന്നെ കണ്ടു ഞാന്‍ തന്നെ പുച്ഛിച്ചു നിന്നു. മഴ ആയതുകൊണ്ടാണ് ഷൂ ഒഴിവാക്കി ചെരുപ്പ് ഇട്ടത്. ആ തീരുമാനം തെറ്റായിരുന്നു എന്നു സൂചി പോലെ കുത്തുന്ന തണുപ്പ് ഓരോ നിമിഷവും ഓര്‍മിച്ചുകൊണ്ടിരുന്നു.

'ഡ്രക്ക് വാങ്ക്യാല്‍ ചോര്‍ട്ടന്‍സ്' എന്ന പേരില്‍ 108 സ്മാരക സ്തൂപങ്ങള്‍ ഉള്ള സ്ഥലമാണ് ഡോച്ചുല പാസ്സ്. ഹിമാലയന്‍ മലനിരകളിലെ മഞ്ഞ് മൂടിയ മലനിരകളുടെ മധ്യത്തിലായാണ് ഈ ചുരം സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് നല്ല തണുപ്പാണ് ഇവിടെ എപ്പോഴും. ഇവിടെനിന്ന് നോക്കിയാല്‍ ഹിമാലയന്‍ മലനിരകള്‍ കാണാം എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ചുറ്റും മൂടിയിരിക്കുന്ന കോടമഞ്ഞ് ഇപ്പോഴൊന്നും സ്ഥലം വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനിയും കാത്തു നിന്നാല്‍ പുനഖയിലെ കാഴ്ചകള്‍ നഷ്ട്ടമാകും. ഇന്ന് തന്നെ തിംഫുവില്‍ തിരിച്ചെത്തണം. ഇനി മല ഇറങ്ങണം. ചുരത്തിന്റെ ചെരിവുകളിലുള്ള വനങ്ങളിലെ വൃക്ഷങ്ങളില്‍ കൂടുതലും സൈപ്രസ് മരങ്ങളാണ്.

പന്നിയിറച്ചിയും ചിക്കനും ഒപ്പം എമാ ദാട്ഷിയും

ചുരം ഇറങ്ങാന്‍ തുടങ്ങിയതും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. മഴയും തണുപ്പും കൊണ്ടു വണ്ടി ഓടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. വഴിയില്‍ ഒരു റെസ്റ്റോറന്റില്‍ കയറി ഫുഡ് കഴിച്ചു. രാവിലെ തന്നെ ചോറും പരിപ്പ് കറിയും ചിക്കനും ബീഫും. മിന്‍സ് ബീഫ് കൊണ്ടു ഉണ്ടാക്കിയ ഒരു വിഭവം ദിലുവിന് നന്നായി ഇഷ്ടമായി. തിരിച്ചിറങ്ങും മുന്‍പേ അവരോടു അതിന്റെ റെസിപ്പി ചോദിക്കാന്‍ മറന്നില്ല. റെസ്റ്റോറന്റിലെ ആളോട് പുനഖയിലെ കാലാവസ്ഥയെപ്പറ്റി ചോദിച്ചു. ഈ മല ഇറങ്ങികഴിഞ്ഞാല്‍ വെയിലാണെന്നും ഇവിടെ മിക്കവാറും മഴ പെയ്യാറുണ്ടെന്നും അയാള്‍ പറഞ്ഞു. അതുകൊണ്ട് എന്തായാലും യാത്ര തുടരാന്‍ തീരുമാനിച്ചു.

അവര്‍ പറഞ്ഞത് ശരിയായിരുന്നു. മല ഇറങ്ങി താഴ്വാരത്തേക്ക് എത്തിയപ്പോള്‍ മഴയുടെ പൊടി പോലും ഇല്ല. വഴിയില്‍ ഒരു അപ്പൂപ്പനെയും അമ്മൂമ്മയേം കണ്ടപ്പോള്‍ വണ്ടി സൈഡാക്കി. ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അമ്മൂമ്മ മൈന്‍ഡ് ചെയ്യാതെ നടത്തം തുടര്‍ന്നു. അപ്പൂപ്പന്റെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയതും ഫോണും ദിലുവിനെയും ചൂണ്ടി കാണിച്ചു ഭൂട്ടാനീസ് ഭാഷയില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. ഫോണ്‍ ദിലുവിന്റെ കയ്യില്‍ കൊടുത്തു ഞങ്ങള്‍ രണ്ടുപേരുടെയും ഫോട്ടോ എടുക്കാന്‍ ആണ് പറയുന്നത് എന്നു മനസിലായി. പഞ്ഞി പോലുള്ള താടി ഒന്നു കൈ കൊണ്ട് ശരിയാക്കി, ഫോണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് നിന്ന എന്നെ അദ്ദേഹം തോളോട് ചേര്‍ത്തു പിടിച്ചു. ഒന്നു അന്തം വിട്ടുവെങ്കിലും എന്റെ ഉള്ളില്‍ ആ ചേര്‍ത്തുപിടിക്കല്‍ ഓര്‍മകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാക്കി. അച്ഛച്ഛന്‍ മരിച്ചതിനു ശേഷം അത്ര വാത്സല്യത്തോടെ എന്നെ മറ്റാരും ചേര്‍ത്തുപിടിച്ചിട്ടില്ല. കുറച്ചു നേരം എന്നോട് ഭൂട്ടാനീസ് ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു അദ്ദേഹം നടത്തം തുടര്‍ന്നു. ആ നേരം അത്രയും ഞാന്‍ അയാളോട് പറഞ്ഞിരുന്നത് മലയാളം ആയിരുന്നു.

വഴിയില്‍ കണ്ട അപ്പൂപ്പന്‍

പുനഖയിലെ ഒരു സോങും (Punakha Dzong) ഒരു തൂക്കുപാലവും ആണ് ഇന്ന് ലിസ്റ്റില്‍ ഉള്ളത്. മലയിറങ്ങി കഴിഞ്ഞാല്‍ പിന്നെ ഇരുവശവും തട്ട് തട്ടായുള്ള പച്ചപ്പ് പുതച്ച നെല്‍ പാടങ്ങള്‍ ആണ്. ഭൂംതാങ് - ഉറ ഹൈവേയില്‍ ആണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കുറച്ചുകൂടെ മുന്നോട്ടു പോയാല്‍ Lobesa - Metsina എന്ന ചെറിയ പട്ടണത്തില്‍ നിന്നു നിന്നു ഇടത്തേയ്ക്ക് തിരിയണം പുനഖ സോങിലേക്ക്. എന്നാല്‍ കുറച്ചുകൂടെ മുന്നോട്ടു പോയാല്‍ വാങ്ഡ്യൂ എന്ന ചെറിയ പട്ടണം വഴി മറ്റൊരു വഴി കൂടെ ഉണ്ട്. ഞങ്ങള്‍ രണ്ടാമത്തെ വഴി പോകാന്‍ തീരുമാനിച്ചു. പുഴയുടെ അരികിലോടെ പോകുന്ന ഒരു ചെറിയ റോഡ് ആണ് ഇത്. മറു വശത്തു തട്ടു തട്ടായി കിടക്കുന്ന നെല്‍പ്പാടങ്ങളും വീടുകളും. ഈ വഴി തിരഞ്ഞെടുത്തത് നന്നായി എന്നു തോന്നി.

മോ ചു, ഫോ ചു എന്നീ രണ്ടു പുഴയുടെ നടുവില്‍ ആണ് പുനഖ സോങ് സ്ഥിതി ചെയ്യുന്നത്. അതില്‍ വലതു വശത്തുള്ള പുഴയ്ക്ക് കുറുകെ ആണ് തൂക്കുപാലം. ഈ വഴി തന്നെ പോയാല്‍ തൂക്കുപാലത്തിന്റെ അടുത്ത് എത്താമെങ്കിലും സോങിലേക്ക് തൂക്കുപാലം കടന്നു കുറച്ചു നടന്നു പോകണം. അതുകൊണ്ടു അതിനെ മുന്നേയുള്ള പാലം കിടന്നു സോങിലേക്കുള്ള ആദ്യം പറഞ്ഞ റോഡിലേയ്ക്ക് കയറി. പാലം കടന്നു ചെല്ലുന്നത് ഒരു പെട്രോള്‍ പമ്ബിലേക്ക് ആണ്. എബി ഏട്ടന്‍ ഈ വഴിയേക്കുറിച്ചു അടയാളമായി പറഞ്ഞു തന്നത് ഈ പെട്രോള്‍ പമ്ബ് ആയിരുന്നു.

പുനഖ സോങ്

ഭൂട്ടാലെ രണ്ടാമത്തെ വലിയ കോട്ടയാണ് പുങ്താങ് ദേവാ ചെന്‍ബി ഫോഡ്രാങ് (meaning 'the palace of great happiness or bliss') എന്നറിയപ്പെടുന്ന ഈ സോങ്. പുഴയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കോട്ട ഒരു ലോകസുന്ദരി തന്നെയാണ്. എത്ര നോക്കി നിന്നാലും മതിയാകില്ല. ഭൂട്ടാന്റെ ശൈത്യകാല തലസ്ഥാനമാണ് പുനാഖ. ശൈത്യകാലത്ത് തിംഫുവിലെ തണുപ്പ് അതികഠിനം ആയിരിക്കും. കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി കോട്ടയ്ക്കുള്ളില്‍ കയറിയില്ല. പിന്നെ ചരിത്രത്തില്‍ വലിയ പിടുത്തം ഇല്ലാത്തത് കൊണ്ട് കയറി കാഴ്ച്ച കാണാം എന്നല്ലാതെ വേറെ ഒന്നും ഇല്ല. ഇനി ബാങ്കില്‍ പോകണം. അതും കഴിഞ്ഞു തിരിച്ചു രാത്രിയ്ക്ക് മുന്‍പേ തിംഫുവില്‍ എത്തണം. എല്ലാം കൊണ്ടും കോട്ടയ്ക്ക് അകത്തേക്ക് കയറല്‍ നടന്നില്ല.

സോങില്‍ നിന്നു ഏകദേശം 1.5 കിലോമീറ്റര്‍ അകലെയാണ് തൂക്കുപാലം നിലകൊള്ളുന്നത്. സോങിന്റെ മുന്നിലുള്ള പാലം കടന്നു ചെല്ലുന്ന മുറ്റത്തു നിന്നു ഇടത്തുവശത്തൂടെ ഉള്ള വഴിയിലൂടെ 20 മിനിറ്റ് നടന്നാല്‍ തൂക്കുപാലത്തില്‍ എത്താം. അതല്ലെങ്കില്‍ മെയിന്‍ റോഡിലൂടെ കുറച്ചു മുന്നോട്ടു പോയാല്‍ ഒരു ഗ്രൗണ്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് 5 മിനിറ്റ് നടന്നാലും അവിടെ എത്താം. പ്രയര്‍ ഫ്‌ലാഗുകള്‍ കെട്ടിയ 180 മീറ്ററോളം നീളമുള്ള തൂക്കു പാലം. കയറിയപ്പോള്‍ കുറച്ചു പേടി തോന്നി. മുന്നോട്ടു പോകും തോറും രസമായി. ആടി ആടി പാലത്തിന്റെ അങ്ങേ അറ്റം വരെ പോയി. താഴേക്ക് നോക്കുമ്ബോള്‍ ചെറുതായി പേടി തോന്നും. എന്നാലും സംഭവം അടിപൊളി ആയി.

പുനഖ തൂക്കുപാലം

Lobesa - Metsina ലേക്ക് ചെന്നു കയറുന്ന വഴിയാണ് തിരിച്ചു വന്നത്. ഇരു വശത്തും പച്ചപ്പിന്റെ കളിയും ചിരിയുമാണ്. ഇടയ്‌ക്കൊക്കെ കൂട്ടായി വെള്ളി പാദസരംപോലെ നേര്‍ത്ത ഒരു അരുവി ഒഴുകുന്നു. ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ച.. കണ്ണും മനസും കാഴ്ചകളില്‍ ഉടക്കിയപ്പോള്‍ വണ്ടി ചെറുതായി പിണങ്ങി തുടങ്ങി. Lobesa - Metsina യ്ക്ക് കയറുന്ന വഴിയില്‍ കണ്ട വര്‍ക് ഷോപ്പില്‍ കയറി അവനെയൊന്നു ഡോക്ടറെ കാണിക്കാം എന്നു കരുതി. വര്‍ക് ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന ആള്‍ എന്തൊക്കെയോ പരിശോധിച്ചു. വണ്ടി അഴിക്കാന്‍ തുടങ്ങി. അയാളുടെ ചുണ്ടില്‍ എരിയുന്ന സിഗരറ്റില്‍ നിന്ന് അയാള്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്ന് ഉറപ്പിച്ചു. എന്റെ ഊഹം തെറ്റിയില്ല. ജൈഗോണില്‍ ആണ് അയാളുടെ വീട്. 10 വര്‍ഷമായി ഇവിടെ ജോലി നോക്കുന്നു.

കയ്യിലെ പൈസ തീരാനായതിനാല്‍ ഇന്ന് ബാങ്കില്‍ പോയി നോക്കണം. വാങ്ഡ്യുവില്‍ ബാങ്ക് ഇല്ല. അടുത്ത് എവിടെയോ ഒരു പഞ്ചാബ് നാഷണല്‍ ബാങ്ക് ഉണ്ട്. അവിടെ പോയാല്‍ ഒരു വഴി കിട്ടുമായിരിക്കും. വണ്ടി നന്നാക്കി കിട്ടിയപ്പോഴേക്കും 3.45 ആയി. 4 മണിക്ക് ബാങ്ക് ക്ലോസ് ചെയ്യും. പണിയൊക്കെ കഴിഞ്ഞപ്പോള്‍ ബുള്ളറ്റ് ഒന്നു കുട്ടപ്പന്‍ ആയി. അതുകൊണ്ട് 4 മണിക്ക് മുന്നേ അവന്‍ ബാങ്കില്‍ എത്തിച്ചു. റിസപ്ഷനിലെ ഭൂട്ടാന്‍ സുന്ദരിയോട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞെങ്കിലും ഒരു രക്ഷയും ഇല്ലെന്നു പറഞ്ഞു അവള്‍ കൈ മലര്‍ത്തി. പേര് പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നാണെങ്കിലും ഇവര്‍ക്ക് പഞ്ചാബുമായി ഒരു ബന്ധവും ഇല്ലെന്നു മനസിലായി. ഇന്ത്യയിലെ ഏതെങ്കിലും അക്കൗണ്ടിലേക്ക് ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്തു ആ തുക ഇവിടുനിന്നു കിട്ടുകയാണ് ഞങ്ങള്‍ കാണുന്ന ഒരേ ഒരു വഴി. അല്‍പ്പം മുന്‍പ് ഇന്ത്യയില്‍ നിന്നുള്ള ഒരു കസ്റ്റമെര്‍ ഇവിടെ വന്നിരുന്നുവെന്നും എന്നാല്‍ അയാളെ വിളിക്കാന്‍ തന്റെ കയ്യില്‍ നമ്ബര്‍ ഒന്നും ഇല്ലെന്നും അവള്‍ പറഞ്ഞു. ഞങ്ങളുടെ മുഖത്തെ നിസ്സഹായ അവസ്ഥ കണ്ടാകും മാനേജറെ ഒന്ന് കണ്ടു നോക്കു എന്നു പറഞ്ഞു. മാനേജര്‍ക്ക് പ്രത്യേകിച്ചും ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന് മുന്‍കൂര്‍ ഒരു അറിയിപ്പും തന്നു അവള്‍ പുറത്തേയ്ക്ക് പോയി.

മാനേജരുടെ റൂമില്‍ രണ്ടു പേരുണ്ട്. അവര്‍ ഇറങ്ങുന്നത് വരെ കാത്തു നിന്നു. അപ്പോഴാണ് ഒരാള്‍ ബാങ്കിലേക്ക് കയറി വന്നത്. ഒരു കാബിനില്‍ പോയി എന്തോ അന്വേഷിച്ചു അയാള്‍ ചുറ്റി തിരിഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു നിന്നു. ദിലു പറഞ്ഞു ഇയാളെ കണ്ടിട്ടു ഒരു മലയാളി ലുക്ക് ഉണ്ട്. ഒന്നു ചോദിച്ചു നോക്കിയാലോ എന്നു. ഇന്ത്യക്കാരന്‍ ആണോ എന്ന് ചോദിച്ചു. യെസ് എന്ന അയാളുടെ മറുപടിയില്‍ മലയാളി ആണോ എന്ന് ഞങ്ങള്‍ ഒരുമിച്ചു ചോദിച്ചു. അതേ എന്നു പറഞ്ഞതും ഞങ്ങളുടെ മനസില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. ഒറ്റ ശ്വാസത്തില്‍ ആളോട് കാര്യം പറഞ്ഞു. മൂപ്പര് സഹായിക്കാം എന്നു പറഞ്ഞു. ഇന്ത്യയിലെ അയാളുടെ അക്കൗണ്ട് വിവരങ്ങള്‍ സുഹൃത്തായ ഹരി ഏട്ടന് അയച്ചു കൊടുത്തു വേഗം തന്നെ ക്യാഷ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞു. ക്യാഷ് അക്കൗണ്ടില്‍ വരാന്‍ കുറച്ചു സമയം എടുക്കും അതുകൊണ്ട് ഒരു ചായ കുടിക്കാന്‍ പോകാം എന്ന് അയാള്‍ പറഞ്ഞു. അയാളെ നമുക്ക് മനോജ് ബാബു എന്നു വിളിക്കാം.

കേരളത്തിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്യുന്ന മനോജ് അവരുടെ ഒരു ഡാം പ്രോജക്ടിന്റെ ഭാഗമായി മൂന്നു മാസം ആയിട്ട് ഭൂട്ടാനില്‍ ആണ്. ഭൂട്ടാനില്‍ ഡാം നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. പ്രോജക്ടിന്റെ പണമിടപാടുകള്‍ നടക്കുന്നത് ഈ ബാങ്കില്‍ ആണ്. അതുമായി ബന്ധപ്പെട്ടു ഒരു ഉദ്യോഗസ്ഥയെ കാണാന്‍ വന്നതാണ് അദ്ദേഹം. കുറച്ചു മുന്‍പ് വന്നു തിരിച്ചു പോയി മറ്റെന്തോ കാര്യത്തിന് വീണ്ടു വന്നതാണ്. അങ്ങനെയാണ് ഞങ്ങളുടെ മുന്നില്‍ പെട്ടു പോയത്. കഥ പറഞ്ഞിരുന്നപ്പോഴേക്കും ഹരി ഏട്ടന്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അതിനുള്ള ഭൂട്ടാനീസ് കറന്‍സി കൈപ്പറ്റി ഞങ്ങള്‍ യാത്ര പറഞ്ഞു. ജീവിതത്തില്‍ നമ്മള്‍ ചിലപ്പോഴൊക്കെയെ ദൈവത്തെ കണ്ടു മുട്ടുകയുള്ളൂ. ഇന്ന് അതുപോലെ ഒരു ദിവസം ആണ്. അല്ലെങ്കില്‍ ഒരു നിമിത്തം പോലെ അദ്ദേഹം ഞങ്ങളുടെ മുന്നില്‍ എത്തുകയില്ലായിരുന്നു.

കാശ് തന്നു സഹായിച്ച മനോജ് ഏട്ടന്‍

തിരിച്ചു തിംഫുവിലേക്കുള്ള ചുരം കയറുമ്ബോള്‍ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഡോച്ചുല പാസ്സില്‍ കുറച്ചു നേരം വണ്ടി നിര്‍ത്തി. അവിടെയെങ്ങും ഒരു മനുഷ്യന്‍ പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല നല്ല കട്ട മഞ്ഞും മുട്ടു കൂട്ടിയിടിക്കുന്ന തണുപ്പും. കൈ കുറച്ചു നേരം വണ്ടിയുടെ പുക കുഴലിന്റെ അടുത്തു വെച്ചു ചൂട് പിടിപ്പിച്ചു. ചെരിപ്പിട്ടു വരാന്‍ തീരുമാനിച്ച നിമിഷത്തെ ഞാന്‍ മനസ്സില്‍ ശപിച്ചു. അധികനേരം നില്‍ക്കാന്‍ കഴിയില്ല. നേരമിരുട്ടും തോറും മഞ്ഞും തണുപ്പും കൂടും. തണുത്തു വിറച്ചു ഹോട്ടല്‍ മുറിയില്‍ കയറി ചെന്നപ്പോഴേക്കും വിശപ്പ് വില്ലന്‍ ആയി. കുളിച്ചു വൃത്തിയായി റെസ്റ്റോറന്റിലേക്ക് ഓടി. താമസിക്കുന്ന ഹോട്ടലില്‍ 150 രൂപയ്ക്ക് ബുഫേ ഭക്ഷണം കിട്ടും. കയ്യില്‍ പൈസ ഉള്ളതുകൊണ്ട് ഇനി ധൈര്യമായി. നല്ല പന്നിയിറച്ചിയും ചിക്കനും ഒപ്പം കുറച്ചു എമാ ദാട്ഷിയും (മുളക് ഇട്ടു ഉണ്ടാക്കുന്ന ഭൂട്ടാന്‍ കറി. എരിവ് കാരണം അത് പോകുന്ന വഴി കറക്ടായി അറിയാം) കൂട്ടി വയറുനിറച്ചും ചോറുണ്ട് വന്നു സുഖമായി കിടന്നുറങ്ങി. അടുത്ത ദിവസം തിരിച്ചു പോവുകയാണ്. ഭൂട്ടാനിലെ അവസാനത്തെ രാത്രി. ജനലയ്ക്കപ്പുറം പ്രാവുകളുടെ കുറുകല്‍ക്കേട്ട് ഞാന്‍ ഒന്നുകൂടെ പുതപ്പിനടിയിലേക്ക് ചുരുണ്ടു കൂടി.

പിറ്റേ ദിവസം തിരിച്ചുള്ള യാത്രയ്ക്ക് മുന്‍പ് തിംഫുവിലെ മലമുകളിലെ ബുദ്ധനെ കാണാന്‍ പോയി. കുന്‍സെന്‍ഫോഡ്രാങ് നേച്ചര്‍ പാര്‍ക്കിലെ ഒരു കുന്നില്‍ മുകളിലാണ് ലോകത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമകളില്‍ ഒന്നായ ബുദ്ധ ഡോര്‍ഡെന്മാ സ്ഥിതി ചെയ്യുന്നത്. 177 അടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. പുറത്ത് നിന്ന് നോക്കുമ്ബോള്‍ ഒരു ബുദ്ധനെ ആണ് നമ്മള്‍ കാണുന്നതെങ്കിലും 8 ഇഞ്ച് ഉയരമുള്ള 25000 ബുദ്ധ പ്രതിമകളും 12 ഇഞ്ച് ഉയരമുള്ള 100000 ബുദ്ധ പ്രതിമകളും ഈ പടു കൂറ്റന്‍ ബുദ്ധ പ്രതിമയ്ക്കുള്ളില്‍ ഉണ്ട്. പ്രതിമയുടെ അടിയില്‍ ക്ഷേത്രം പോലെ പണിതിരിക്കുന്ന ഈ കെട്ടിടത്തില്‍ നമുക്ക് കയറാം. വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമ സ്വര്‍ണം പൂശിയതാണ്. ചൈനയിലെ നാന്‍ജിംഗിലെ എയറോസണ് കോര്‍പറേഷന്‍ 47 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ നിര്‍മിച്ചതാണ് ഈ പ്രതിമ. ഈ നേച്ചര്‍ പാര്‍ക്കില്‍ പലയിടത്തും പബ്ലിക് ഔട്ട്‌ഡോര്‍ ജിമ്മുകള്‍ കാണാം. രാവിലെ തന്നെ ബുദ്ധനെ കണ്ടു ഭൂട്ടാനോട് യാത്ര പറഞ്ഞു. തിരിച്ചുള്ള യാത്ര ആസ്വദിക്കാന്‍ വേണ്ടി നേരത്തെ ഇറങ്ങിയതാണ്. വഴിയരികിലെ വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ട് വൈകുന്നേരം ആയപ്പോള്‍ ജൈഗോണിലെ ഹോട്ടലില്‍ എത്തി.

ഏഷ്യയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യവും ലോകത്തെ എട്ടാമത്തെ സന്തോഷകരമായ രാജ്യവുമാണ് ഭൂട്ടാന്‍. പുരോഗതിയോ വികസനമോ അളക്കുന്നതിനുള്ള മാര്‍ഗമായ ജിഡിപിയ്ക്ക് പകരമായി ഭൂട്ടാന്‍ ജിഎന്‍എച്ച്‌ (Gross National Happiness) ഉപയോഗിക്കുന്നു. ഇതൊക്കെകൊണ്ട് ഭൂട്ടാനിലെ ആളുകള്‍ ഒക്കെ ഭയങ്കര സന്തോഷത്തില്‍ ജീവിക്കുന്നവര്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഈ യാത്ര എന്റെ കാഴ്ചപ്പാടുകള്‍ മാറ്റി. ദാരിദ്ര്യവും തൊഴിലില്ലായ്മയും അത്ര വികസിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളും ഒക്കെ അവരെയും അലട്ടുന്ന പ്രശ്‌നങ്ങള്‍ ആണ്. ഇതുകൂടാതെ ദിനംപ്രതി ഭൂട്ടാനിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ അവരുടെ പ്രകൃതിയുടെ സന്തുലനാവസ്ഥയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യന്മാരെക്കാള്‍ ബുദ്ധ പ്രതിമകളുള്ള നാട്ടില്‍ ആത്മീയതകൊണ്ടും 80 ശതമാനം വനങ്ങള്‍ നിറഞ്ഞ പ്രകൃതി തരുന്ന ശാന്തതകൊണ്ടും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുകയാണവര്‍. ഭൂട്ടാനില്‍ പറക്കുന്ന ഓരോ പ്രാര്‍ത്ഥന പാതാകളും അവര്‍ വിശ്വാസിക്കുന്നതുപോലെ സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ.

ഒന്നാം ഭാഗം വായിക്കാം -

'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'

രണ്ടാം ഭാഗം -

സ്പീഡ് കൂട്ടി വീശിയടിച്ച്‌ ഒരു വളവു തിരിഞ്ഞതും മുന്നില്‍ റോഡില്ല, ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ മലയുടെ ചെരിവിലൂടെ താഴേക്ക്..

മൂന്നാം ഭാഗം -

പതിനായിരം അടി മുകളിലുള്ള 'കടുവയുടെ കൂട്' തേടിയുള്ള മലകയറ്റം

നാലാം ഭാഗം -

'കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..'

യാത്ര പ്ലാന്‍

Day 1- Sep 29 - Saturday

Banglore to Siliguri

Siliguri to Darjeeling

Stay -- Darjeeling

Day 2 - Sep 30 - Sunday

Darjeeling to Phushthalong

Stay -- Phushthalong

Day 3 - Oct 1 - Monday

Phushthalong to Paro

Stay -- Paro

Day 4 - Oct 2 - Tuesday

Tiger's Nest Trekking

Rinpung Dzong

Stay -- Paro

Day 5 - Oct 3 - Wednesday

Chele Le Pass

Haa Valley

Stay -- Thimphu

Day 6 - Oct 4 - Thursday

Trashi Chhoe Dzong

National Folk Heritage Museum

Simply Bhutan

Budda Dordenma (thimphu view point)

Night Market - West bank of wang chhu

Chorten Memorial

Simtokha Dozang

Stay -- Thimphu

Day 7 - Oct 5 - Friday

Thimphu to Punakha

Punakha Dzong

Punakha Suspension Bridge

Dochula Pass

Wangudue Village

Punakha to Thimphu

Stay -- Thimphu

Day 8 - Oct 6 - Saturday

Thimphu to Siliguri

Stay -- Siliguri

Day 9 - Oct 7 - Sunday

Siliguri to Banglore

Stay -- Home sweet home

Expense

Flight - 16627

Bike rent - 8400

Food - 5000

Taxi - 2100

Fuel - 3500

Room rent - 6282

Other expenses - 6240

Total - 48,149/- Rs.

(രണ്ടു വര്‍ഷം മുന്‍പുള്ള കണക്കാണ്. ഇപ്പോള്‍ ബൈക്കില്‍ പോകുന്നവര്‍ എസ്‌കോര്‍ട്ട് വെഹിക്കിളിന് ദിവസം 2500 രൂപവെച്ച്‌ കൊടുക്കണം. ഫ്‌ലൈറ്റ് ചാര്‍ജും റൂം ചാര്‍ജും സീസണ്‍ അനുസരിച്ച്‌ മാറുന്നതാണ്.)

കടപ്പാട്- *ടൈഗേഴ്സ് നെസ്റ്റിന്റെ ഫോട്ടോ ഇട്ട് എന്നെ ഈ യാത്രയ്ക്ക് ഇറക്കിയ, ഒന്നര വര്‍ഷത്തോളം എന്റെ മെസ്സേജുകള്‍ക്ക് ക്ഷമയോടെ മറുപടി തന്നു ആവശ്യമായ വിവരങ്ങളൊക്കെ പറഞ്ഞു തന്ന എബി ഏട്ടന്‍ (എബി ജോണ്‍).

*ഭൂട്ടാന്റെ യാത്ര വിവരണങ്ങള്‍ ഡീറ്റൈല്‍സ് എല്ലാം പോസ്റ്റ് ചെയ്ത ഹരിലാല്‍ ഏട്ടന്‍ (ഹരിലാല്‍ രാജേന്ദ്രന്‍).

*കയ്യില്‍ പൈസ ഇല്ലാതെ ഭൂട്ടാനില്‍ പെട്ടു പോകുമായിരുന്ന ഞങ്ങളെ സഹായിച്ച മനോജ് ഏട്ടന്‍ (മനോജ് ബാബു).

അവസാനിച്ചു


Next Story

Related Stories