മിക്ക യാത്രകളും തുടങ്ങുന്നത് എവിടെയെങ്കിലും കാണുന്ന ഒരു ഫോട്ടോയില്‍ നിന്നാകും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എബി ഏട്ടന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ടൈഗേഴ്സ് നെസ്റ്റിന്റെ ഒരു ഫോട്ടോയില്‍ നിന്നാണ് ഈ യാത്രയുടെ തുടക്കം.
''Gross National Happiness is more important than Gross Domestic Product.'
ഭൂട്ടാന് ഒരു സ്വപ്നമായി ഖല്ബില് കയറി കൂടാനുള്ള മറ്റൊരു ഒരു കാരണം ഇതായിരുന്നു. ഒരു രാജ്യം അതിന്റെ വികസനത്തെ വിലയിരുത്തുന്നത് അവിടെ ജീവിക്കുന്ന ജനങ്ങളുടെ സന്തോഷത്തിന്റെ അളവിലും കൂടി ആണെങ്കില്‍ അവിടെ എത്ര മനോഹരമായിരിക്കണം. ഭൂട്ടാനെക്കുറിച്ചുള്ള അന്വേഷണം അവിടെ തുടങ്ങി.
പിന്നെ കുറച്ചു കാലത്തേക്ക് ഓഫീസിലെ ടേബിളില്‍ കിടക്കുന്ന ബുക്കില്‍ അവസാനത്തെ കുറെ പേജുകളില്‍ പ്രോഗ്രാമിങ്ങിനു പകരം തിംഫുവും പാറോയും ഒക്കെ ആയിരുന്നു. മനസില്‍ ഒരുപാട് തവണ യാത്ര ചെയ്ത് എനിക്ക് ഭുട്ടാന്റെ ചിത്രം മനഃപാഠം ആയിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ഈ യാത്ര ഒരുപാട് വൈകി. ഇപ്പോള്‍ തോന്നി ഇതാണ് ഏറ്റവും അനുയോജ്യമായ സമയം എന്ന്. അതുകഴിഞ്ഞാല്‍ ഒരു പക്ഷേ നടന്നില്ലെങ്കിലോ എന്നു കരുതി പെട്ടന്ന് ഒരു ദിവസം പോകാന്‍ തീരുമാനിച്ചു.
എന്നത്തെയും പോലെ സ്ഥിരം കമ്പനികളെ കൂട്ടു വിളിച്ചെങ്കിലും പെട്ടെന്നുള്ള പ്ലാന്‍ ആയതുകൊണ്ട് എല്ലാവരും കൈ മലര്‍ത്തി. പ്ലസ്ടു വരെ ഹിന്ദി പഠിച്ച ധൈര്യത്തില്‍, ഹിന്ദിയില്‍ തല്ലല്ലേ എന്നു പോലും പറയാന്‍ അറിയാത്ത ഞങ്ങള്‍ ഒടുവില്‍ രണ്ടും കല്പ്പിച്ചു സിലിഗുരിയ്ക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു. വെസ്റ്റ് ബംഗാളിലെ സിലുഗുരിയില്‍ ഉള്ള ബാഗ്ദോര എയര്‍പോര്‍ട്ടാണ് (Bagdogra airport) ഭൂട്ടാന്റെ അടുത്ത് ഉള്ള ഇന്ത്യന്‍ എയര്‍പോര്‍ട്ട്. ബാംഗ്ലൂരില്‍ നിന്നു നേരിട്ടും കല്‍ക്കട്ട വഴി പോകുന്ന ഫ്ലൈറ്റും ഉണ്ട്. ഞങ്ങള്‍ നേരിട്ടുള്ള ഫ്ലൈറ് ആണ് ബുക്ക് ചെയ്തത്. അതുകഴിഞ്ഞ് എബി ഏട്ടന് തന്ന നമ്പറില്‍ വിളിച്ചു സിലുഗുരി സഹ ടാക്സി & ടൂര്‍സില്‍ വിളിച്ചു ബൈക്ക് ബുക്ക് ചെയ്തു. പിന്നെ പഴയ പ്ലാനുകള്‍ ഒക്കെ പൊടി തട്ടി എടുത്തു. രണ്ടു വര്‍ഷമായി ഇതില്‍ ഗവേഷണം നടത്തി വരുകയായതിനാല് ഏത് ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഈ യാത്രയ്ക്കുള്ള വഴികള്‍ മനഃപാഠം ആയിരുന്നു.

ബാഗ്ടോറയില് ചെന്നിറങ്ങുമ്പോള്‍ സമയം ഏകദേശം 4 മണി കഴിഞ്ഞിരുന്നു. അവിടെ നിന്നു സിലുഗുരിയില്‍ ചെന്നു ബുള്ളറ്റ് എടുത്തു വേണം ഡാര്‍ജിലിംഗിലേക്ക് പോകാന്‍. ഇന്ന് അവിടെയാണ് സ്റ്റേ. ശനിയും ഞായറും എമിഗ്രേഷന്‍ ഓഫീസില്‍ അവധിയായതിനാല്‍ ഇനി തിങ്കളാഴ്ചയാണ് പെര്‍മിറ്റ് എടുക്കാന്‍ കഴിയുക.
എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തന്നെ ട്രാവല്‍ ഏജന്‍സിയെ വിളിച്ചു വണ്ടി റെഡി ആക്കി വെയ്ക്കാന്‍ പറഞ്ഞെങ്കിലും സ്ഥിരം വൈകിക്കലും ഉടായിപ്പുകളും കഴിഞ്ഞു വണ്ടി കയ്യില്‍ കിട്ടിയപ്പോള്‍ വൈകിട്ട് 6.30 കഴിഞ്ഞു. ഒരു 2010 മോഡല്‍ മെറൂണ്് ക്ലാസിക് 350 ബുള്ളറ്റ്. വണ്ടികള്‍ വെച്ചിരുന്ന ഗ്യാരേജില്‍ കിടന്ന ഒരു കയറിയിട്ട് ബാഗ് കെട്ടിവെച്ച് വേഗം യാത്ര തുടങ്ങി.
സിലുഗുരിയിലെ ബ്ലോക്ക് കഴിഞ്ഞപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു. ഏതോ ഒരു ചുരം കയറി തുടങ്ങിയിരുന്നു വണ്ടി. വിശന്നപ്പോള്‍ വഴിയിലെ ഒരു ടിബറ്റന്‍ റെസ്റ്റോറന്റില്‍ കയറി. നോക്കുമ്പോള്‍ അവിടുത്തെ ആളും ഒരു ദിലീപ്. മൂപ്പരുടെ അഭിപ്രായത്തില്‍ ദിലീപ് എന്നത് ഒരു സൂപ്പര്‍ ഡ്യൂപ്പേര്‍ പേരാണ് പോലും.അതുകേട്ടതും ഇവിടെ തന്നെ ഡിന്നര്‍ എന്ന് ഉറപ്പിച്ചു ദിലു. റെസ്റ്റോറന്റ് അടയ്ക്കാന്‍ ആയിരുന്നു. കുറച്ചു ചോറ് മാത്രം ഉണ്ട്. ചപ്പാത്തി ഉണ്ടാക്കി തരാം എന്നു പറഞ്ഞു. ചപ്പാത്തി ഓര്‍ഡര്‍ ചെയ്തു. ചപ്പാത്തിയുടെ കൂടെ കറിയും നമ്മുടെ അച്ചിങ്ങാ പയര്‍ കൊണ്ടു ഒരു തോരന്‍ പോലെ ഉള്ള സാധനവും കിട്ടി. അതു കണ്ടപ്പോള്‍ വേഗം ഒരു പ്ലേറ്റ് ചോറും കൂടി വാങ്ങി. ഉച്ചയ്ക്ക് ഫ്ലൈറ്റിലെ ഉണക്ക വെജിറ്റബിള്‍ ബിരിയാണി കഴിച്ചതാണ്.

ഡാര്‍ജിലിംഗിലേക്ക് ആണ് എന്ന് പറഞ്ഞപ്പോള്‍ അവിടെ നിന്നു ഇനിയും 3 മണിക്കൂര്‍ പോകേണ്ടി വരും എന്ന് പറഞ്ഞു. ഈ രാത്രി പോകുന്നതിലും നല്ലത് ഇവിടെ എവിടെയെങ്കിലും താമസിച്ചു രാവിലെ പോകുന്നതാണ് നല്ലതെന്നു മൂപ്പരുടെ അഭിപ്രായം. പക്ഷെ രാവിലെ 5 മണിക്ക് ടൈഗര്‍ ഹില്‍ സൂര്യോദയം കാണാന്‍ പോകേണ്ടതാണ്. അതിനു പറ്റിയ ഒരിടത്ത് ഇന്ന് രാത്രി തന്നെ എത്തിയേ മതിയാകൂ. മൂപ്പരോട് ബൈ പറഞ്ഞു അപ്പോള്‍ തന്നെ ഇറങ്ങി.
രാത്രിയാകും തോറും തണുപ്പ് കൂടി കൂടി വന്നു. തണുപ്പ് അടിച്ചതോടെ വണ്ടിയും മടിയനായി. മുക്കിയും മൂളിയും ഒരു മടിയന്‍ കാളയെ പോലെ കയറ്റം കയറി. ടൈഗര്‍ ഹില്ലിന് അടുത്തുള്ള ഏതോ ടൗണില്‍ എത്തിയപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. കടകള്‍ ഒക്കെ അടച്ചിരുന്നു. ഒരു ഹോട്ടലില്‍ റൂം എടുക്കാന്‍ കയറിയെങ്കിലും അവസാനം അയാള്‍ ഞങ്ങള്‍ക്ക് റൂം തരില്ലെന്നു പറഞ്ഞു. ഞങ്ങള്‍ ഭാര്യ ഭര്ത്താക്കന്മാര് ആണെന്ന് അയാള്‍ക്ക് അത്ര വിശ്വാസം വന്നില്ല. തൊട്ടടുത്ത് മറ്റൊരു ലോഡ്ജില്‍ ചോദിക്കാന്‍ പറഞ്ഞു. അവിടെയും കൂടെ കിട്ടിയില്ലെങ്കില്‍ ഇന്ന് രാത്രി വല്ല കടത്തിണ്ണയിലും കിടക്കേണ്ടി വരും. ഈ വണ്ടിയും കൊണ്ടു തണുപ്പില്‍ ഡാര്‍ജിലിംഗ് വരെ പോകുന്നത് സാധ്യമല്ല. എങ്ങനെയെങ്കിലും അയാളെകൊണ്ടു സമ്മതിപ്പിക്കണം. ഒടുവില്‍ റൂം തരാം എന്ന് സമ്മതിച്ചു. പക്ഷേ രാവിലെ 5 മണിക്ക് ആരും ലോഡ്ജ് തുറന്നു തരില്ല. ഇത്ര ദൂരം യാത്ര ചെയ്തത് വെറുതെ ആകും എന്നു തോന്നി. ഒടുവില്‍ അടുക്കളയിലെ ജോലിക്കാരന് 5 മണിക്ക് വാതില്‍ തുറന്നു തരാം എന്നു ഏറ്റു. അയാളുടെ നമ്പറും വാങ്ങി റൂമില്‍ പോയി കിടന്നതേ ഓര്മയുള്ളു. അത്രയ്ക്ക് ഉണ്ടായിരുന്നു ക്ഷീണം.

രാവിലെ 5 മണിക്ക് റെഡി ആയി തന്ന നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഒടുവില്‍ അടുക്കള തപ്പി കണ്ടു പിടിച്ചു കതകില്‍ തട്ടി ഒച്ചയുണ്ടാക്കിയപ്പോള്‍ ഒരു പയ്യന് പിറുപിറുത്തുകൊണ്ടു വന്നു പുറകിലെ വാതില്‍ തുറന്നു തന്നു. വണ്ടി എടുക്കാന്‍ പോകുമ്പോള്‍ ആണ് ദിലു പറഞ്ഞത് അത് പോലീസ് സ്റ്റേഷനില്‍ ആണെന്ന്. പുറത്ത് വെക്കുന്നത് സുരക്ഷിതം അല്ലാത്തത് കൊണ്ടു പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി പാര്‍ക്ക് ചെയ്തു ദിലു.
പിന്നെയും മുക്കിയും മൂളിയും കോട മഞ്ഞിനിടയിലൂടെ ടൈഗര്‍ ഹില്ലില്‍ എത്തുമ്പോഴേക്കും അവിടെ ആകെ ആളുകളെകൊണ്ടു നിറഞ്ഞിരുന്നു. സൂര്യോദയം ഇരുന്ന് കാണാന്‍ ഉള്ള സൗകര്യത്തിനായി ഉള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗത്ത് സീറ്റ് പിടിച്ചു. പിന്നെ സൂര്യോദയത്തിനുള്ള കാത്തിരുപ്പായി. ആളുകള്‍ക്കിടയിലൂടെ ഫ്ലാസ്കില്‍ ചായയും ആയി നടക്കുന്ന പ്രദേശവാസികള്‍ ഉണ്ട്. അവര്‍ക്കിത് നല്ലൊരു വരുമാനം ആണ്.
ഒടുവില്‍ കാത്തിരുന്ന സൂര്യോദയം വന്നു. സത്യം പറയാമല്ലോ ഇത്രയും മനോഹരമായ സൂര്യോദയം ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല. ഉദിച്ചു വരുന്ന സൂര്യന്റെ കിരണങ്ങള്‍ കാഞ്ചന്‍ഗംഗയില്‍ പതിക്കുമ്പോള്‍ ഉള്ള കാഴ്ചയെക്കാള്‍ മനോഹരമായ മറ്റൊന്നും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. നിമിഷനേരം കൊണ്ടു മഞ്ഞു മൂടി ആ കാഴ്ച്ച മറച്ചു കളഞ്ഞു. ദൂരെ മഞ്ഞില്‍ കുളിച്ചുനില്ക്കുന്ന ഡാര്‍ജിലിംഗ് നഗരവും കാണാം.

തിരിച്ചു റൂമിലെത്തിയ ഞാന്‍ പകല്‍ വെളിച്ചത്തില്‍ ആ മുറി കണ്ടു ഞെട്ടി. ഇത്ര വൃത്തികെട്ട ഒരു മുറിയില്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായി ആണ് കിടക്കുന്നത്. ഇന്നലത്തെ ക്ഷീണത്തില്‍ അതൊന്നും ശ്രദ്ധിച്ചില്ല. ബാത്റൂമില്‍ കയറിയെങ്കിലും കുളിക്കാന്‍ തോന്നിയില്ല. ചെക്ക്ഔട്ട് ചെയ്തു ഇറങ്ങുമ്പോള്‍ റിസപ്ഷനിസ്റ്റിന്റെ ചുണ്ടില്‍ ഒരു വഷളന്‍ ചിരിയുണ്ടായിരുന്നു.
ഇനി വീണ്ടും സിലുഗുരി ചെന്നു വേണം ജൈഗോണില്‍ എത്താന്‍. എത്ര മനോഹരം ആണെന്നോ ആ യാത്ര. വെസ്റ്റ് ബംഗാളിലെ പട്ടാള ക്യാമ്പുകള്‍ക്ക് ഇടയിലൂടെ പോകുന്ന റോഡുകളില്‍ ഒരിടത്തു പോലും കുണ്ടും കുഴിയും ഇല്ല. പച്ചപ്പിനാല്‍ സമൃദ്ധമാണ് റോഡിനിരുവശവും. ഓരോ 5 കിലോമീറ്ററിലും ഒരു പുഴയോ തോടോ സൈനിക ക്യാമ്പോ കാണാം. ഇടയ്ക്കിടെ കടന്നു പോകുന്ന സൈനിക വാഹനങ്ങള്‍. കുറച്ചു നേരം ബൈക്കിന്റെ നിയന്ത്രണം ഞാന്‍ ഏറ്റെടുത്തു. ഇത്രയും നല്ല ഒരു റോഡിലൂടെ വണ്ടി ഓടിക്കുന്നത് ആദ്യമായാണ്. കുറച്ചു നേരം കൂടി ഓടിക്കണമെന്നു ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് ഇല്ലാത്തത് കൊണ്ട് ദിലു കണ്ണുരുട്ടി വണ്ടിയുടെ ഹാന്‍ഡില്‍ പിടിത്തമിട്ടു. പാടങ്ങളും പുഴകളും ഗ്രാമങ്ങളും കടന്നു വണ്ടി പോയിക്കൊണ്ടിരുന്നു.

നാലാമത്തെ വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. സുന്ദര്‍ബന്‍ ചതുപ്പുവനങ്ങളും അവിടത്തെ കണ്ടല്‍ വനങ്ങളും ജൈവ വൈവിധ്യവും ലോകപ്രസിദ്ധമാണ് . കൃഷിയാണ് ജനങ്ങളുടെ പ്രാഥമിക തൊഴില്‍. ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക സംവിധാനങ്ങളില്‍ ഒന്നാണ് ബംഗാളിലേത്.
ജൈഗോണ് അടുക്കുംതോറും തേയില തോട്ടങ്ങള്‍ കാണാന്‍ തുടങ്ങി . നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങള്‍. നമ്മുടെ നാട്ടില്‍ കുന്നിന് ആണ് തേയില തോട്ടങ്ങള്‍ കണ്ടിട്ടുള്ളു. എന്നാല്‍ അവിടെ തേയില പാടങ്ങള്‍ ആണ്.
ജൈഗോണിലെ ഭൂട്ടാന് ഗേറ്റില്‍ എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ചെറുതായി മഴ ചാറുന്നുണ്ടെങ്കിലും വഴിയില്‍ എവിടെയും നിര്‍ത്താതെ വന്നത് കൊണ്ട് അപ്പോഴെങ്കിലും എത്താന്‍ കഴിഞ്ഞു. ഭൂട്ടാന് ഗേറ്റും നോക്കി വായും പൊളിച്ചു നിന്ന എന്നെ കണ്ടിട്ടാവണം ബോര്ഡറില് നിന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന് അരികിലേക്ക് വന്നു. എങ്ങോട്ടാണ് എവിടെ നിന്നാണ് നിങ്ങള്‍ മാത്രമേ ഉള്ളോ എന്നൊക്കെ ചോദ്യം തുടങ്ങി. കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ കൂടെ ഒരു മലയാളി ഉണ്ട് എന്ന് പറഞ്ഞു തൊട്ടടുത്ത വാച്ച് ടവറില്‍ നിന്ന മറ്റൊരു പട്ടാളക്കാരനെ വിളിച്ചു. കണ്ണൂരില്‍ നിന്നുള്ള രാകേഷ്. കുറച്ചു നേരം വിശേഷങ്ങള്‍ പറഞ്ഞു റൂമിലേക്ക് മടങ്ങി.
ജൈഗോണിലെ ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലും ആയിരുന്നു.
ഒന്നാം ഭാഗം വായിക്കാം -
'ജൈഗോണിലെ ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല; ശരീരം ഇന്ത്യയിലും മനസ് ഭൂട്ടാനിലുമായിരുന്നു'
രണ്ടാം ഭാഗം -
മൂന്നാം ഭാഗം -
പതിനായിരം അടി മുകളിലുള്ള 'കടുവയുടെ കൂട്' തേടിയുള്ള മലകയറ്റം
നാലാം ഭാഗം -
'കാറ്റില്‍ പറക്കുന്ന ഓരോ കൊടിയും ഓരോ ആളുകളുടെ പ്രാര്‍ത്ഥനയാണ്..'
അഞ്ചാം ഭാഗം -

തുടരും..