TopTop
Begin typing your search above and press return to search.

'മഞ്ഞ ചുരത്തിലെ ആ ചായക്കടയാണ് ഏറ്റവും പ്രിയപ്പെട്ടത്... കുന്നും, മലയും, ആകാശവും എത്ര സമയം വേണമെങ്കിലും നോക്കിയിരിക്കാം'

മഞ്ഞ ചുരത്തിലെ ആ ചായക്കടയാണ് ഏറ്റവും പ്രിയപ്പെട്ടത്... കുന്നും, മലയും, ആകാശവും  എത്ര സമയം വേണമെങ്കിലും  നോക്കിയിരിക്കാം

ചുരം എന്ന വാക്ക് ആദ്യമായി കേട്ടത് എട്ടാം ക്ലാസ്സിലെ ഭൂമിശാസ്ത്ര ക്ലാസിലാണ്. എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട അധ്യാപകരില്‍ ഒരാളായ ശ്രീ പി ഓ തോമസ് സാര്‍ ആണ് ഈ വാക്ക് ആദ്യമായി പറഞ്ഞത്. പാലക്കാട് ചുരത്തിലൂടെ തമിഴ്നാട്ടില്‍ നിന്നുമുള്ള ചൂട് കാറ്റ് കേരളത്തിലേക്ക് അടിക്കുന്നത് കൊണ്ട് അവിടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൂട് കൂടുതല്‍ ഉണ്ടെന്നോ മറ്റോ ആയിരുന്നു സന്ദര്‍ഭം. എന്താണ് ചുരം അന്ന് എനിക്ക് മനസ്സിലായില്ല. ചുവരില്‍ അടിച്ചിരിക്കുന്ന മാപ്പ് കാണിച്ച് ചുരം വിശദീകരിക്കുക എളുപ്പമല്ല. പിന്നീട് ഖയ്ബര്‍ ചുരം ഇറങ്ങി വന്ന മുഗളന്മാരെ പറ്റി ഒന്‍്പതാം ക്ലാസ്സിലെ ചരിത്രത്തില്‍ പഠിച്ചു. അന്നും ചുരമെന്തെന്ന് മനസ്സിലായില്ല. നമ്മുടെ അധ്യാപകര്‍ ചുരങ്ങള്‍ കണ്ടിട്ടുണ്ടാകുമോ, അതോ പുസ്തകങ്ങളില്‍ പറയുന്ന ചുരം എന്ന വാക്ക് അവര്‍ നമുക്ക് ആവര്‍ത്തിച്ച് തരികയാണോ?

വടക്കേ ഇന്ത്യയിലെ സമതല ഭൂമിയിലും ബ്രൂണൈയിലെ തീരപ്രദേശത്തും ഒമാനിലെ മരുഭൂമിയിലും ഒക്കെ പിന്നീട് പഠിക്കുകയും ജീവിക്കുകയും ചെയ്തതിനാല്‍ ചുരം എന്ന വാക്ക് പറയാനോ അറിയാനോ അവസരമുണ്ടായില്ല. ചുരം എന്ന വാക്ക് വീണ്ടും എന്റെ ശ്രദ്ധയില്‍ വരുന്നത് സ്വിറ്റ്സര്‍ലണ്ടില്‍ വരുമ്പോള്‍ ആണ്. നാട്ടില്‍ നിന്നും ജനീവയില്‍ വരുന്നവര്‍ക്ക് നിര്‍ബന്ധമായും കാണേണ്ട സ്ഥലമാണ് രണ്ടു തടാകങ്ങളുടെ നടുക്ക് കിടക്കുന്ന Interlaken. ആല്‍പ്‌സ് മലനിരകളുടെ നടുക്കുള്ള തടാകം, അതിനിടക്ക് ഒരു തുണ്ട് ഭൂമി. എവിടെ താമസിച്ചാലും നല്ല കാലാവസ്ഥ, അതി മനോഹരമായ വ്യൂ. സ്വിറ്റ്സര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന സ്ഥലമാണിത്.
അതുപോലെ തന്നെ കുട്ടികളുള്ള സുഹൃത്തുക്കളാണ് വരുന്നതെങ്കില്‍ നിര്‍ബന്ധമായും പോയി കാണുന്ന സ്ഥലമാണ് ബ്രോക് എന്ന സ്ഥലത്തെ ചോക്കലേറ്റ് ഫാക്ടറി. ചാര്‍ളിയുടെ ചോക്കലേറ്റ് ഫാക്ടറി പോലെ മനോഹരം ഒന്നുമല്ലെങ്കിലും ചോക്കലേറ്റിനെ പറ്റി അറിയാനും എത്ര ചോക്കലേറ്റ് വേണമെങ്കിലും ഫ്രീ ആയി കഴിക്കാനും സൗകര്യമുള്ള ഈ ചോക്കലേറ്റ് മ്യൂസിയം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ബ്രോക്കില്‍ നിന്നും ഇന്റര്‍ലേക്കനിലേക്ക് സാധാരണ ഗതിയില്‍ ഞാന്‍ പോകുന്നത് ഹൈ വേ വഴിയാണ്. പക്ഷെ നാവിഗേഷന്‍ ജി പി എസ്സും ഗൂഗിള്‍ മാപ്പും ഇല്ലാത്ത കാലത്ത് ഞാന്‍ ഒരിക്കല്‍ വഴി തെറ്റി Jaun Pass (മഞ്ഞ ചുരം) ല്‍ എത്തി. അന്നല്‍പ്പം ദേഷ്യം തോന്നിയെങ്കിലും ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രകളില്‍ ഒന്നാണ് മഞ്ഞ ചുരത്തിലൂടെയുള്ള ഈ യാത്ര.

സ്വിറ്റ്സര്‍ലണ്ടിലെ രണ്ടു സംസ്ഥാനങ്ങളെ (ഫ്രിബു- ബേണ്‍) തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. രണ്ടു പര്‍വതങ്ങളുടെ മധ്യത്തില്‍ കൂടി കടന്ന് പോകാനുള്ള എളുപ്പ വഴിയെ ആണ് പാസ് അഥവാ ചുരം എന്ന് പറയുന്നത്. ചിലപ്പോള്‍ ഇത് സമതലമാകാം, ചിലപ്പോള്‍ ഇത് ചെറിയൊരു മലയോ മലകളോ ആകാം. മഞ്ഞ ചുരം ചെറിയ മലയാണ്. പണ്ടുകാലത്ത് ഈ മലയുടെ രണ്ടു പ്രദേശങ്ങളിലുള്ളവര്‍ രണ്ടു രാജ്യങ്ങള്‍ പോലെ വേറിട്ടാണ് ജീവിച്ചിരുന്നത്. ഫ്രിബുവിലെ ആളുകള്‍ ഫ്രഞ്ച് സംസാരിച്ചപ്പോള്‍ ബേണില്‍ ആളുകള്‍ ജര്‍മ്മന്‍ ആണ് സംസാരിച്ചിരുന്നത്.
ഈ ചുരം എല്ലാക്കാലത്തും യാത്രാ യോഗ്യമായിരുന്നില്ല. 1878 ലാണ് മഞ്ഞ ചുരത്തിലൂടെ ഫ്രിബുവിനെയും ബെര്‍ണിനെയും ബന്ധിപ്പിച്ച് ഒരു റോഡ് ഉണ്ടാകുന്നത്. അതിനും ചരിത്രപരമായ ഒരു സാഹചര്യമുണ്ട്. ഫ്രഞ്ച് വിപ്ലവം കഴിഞ്ഞുള്ള കാലഘട്ടത്തില്‍ സ്വിറ്റസര്‍ലണ്ടിനെ ഫ്രഞ്ച് സൈന്യം മൊത്തമായി കീഴടക്കി. അവസാനം വാട്ടര്‍ലൂ ഒക്കെ കഴിഞ്ഞ് യൂറോപ്പില്‍ വലിയ സമാധാന ഉടമ്പടികള്‍ ഉണ്ടായ കാലത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലണ്ടിന്റെ പരമാധികാരം പൂര്‍ണ്ണമായി അംഗീകരിച്ചു, 1815 ല്‍. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും കയ്യിലുണ്ടായിരുന്ന സ്വിസ് പ്രദേശങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് തിരികെ ലഭിച്ചു. രാജ്യം കിട്ടിയെങ്കിലും സ്വിറ്റ്സര്‍ലന്‍ഡ് അന്ന് ഒരു ദരിദ്ര രാജ്യമായിരുന്നു.
1870ല്‍ ഫ്രാന്‍സും ജര്‍മ്മനിയും (അന്ന് പ്രഷ്യ) വീണ്ടും യുദ്ധത്തിനിറങ്ങി (യുദ്ധമായിരുന്നു സാറേ അവരുടെ മെയിന്‍). യൂറോപ്പില്‍ വളര്‍ന്നു വരുന്ന ജര്‍മ്മന്‍ സ്വാധീനം അവസാനിപ്പിച്ച് ഫ്രാന്‍സിന് നെപ്പോളിയന്റെ കാലത്തുണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു ഫ്രാന്‍സിന്റെ ലക്ഷ്യം. പക്ഷെ അവര്‍ വിചാരിച്ചത് പോലെയല്ല യുദ്ധം മുന്നോട്ട് പോയത്. മുന്നണികളില്‍ എല്ലാം അവര്‍ തോറ്റമ്പി. കിഴക്കോട്ട് പോയ സൈന്യം തോറ്റോടി സ്വിറ്റ്സര്‍ലണ്ടില്‍ അഭയം ചോദിച്ചു, പുറകെ ജര്‍മ്മനിയും.

ഉരുളക്കിഴങ്ങ് ഇട്ടുണ്ടാക്കുന്ന അപ്പവും സോസേജും

തോക്കും കുതിരയും പോയിട്ട് ഭക്ഷണവും വസ്ത്രവും പോലുമില്ലാതെയാണ് ഫ്രഞ്ച് സൈന്യം സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിയത് എന്നാണ് ചരിത്രം പറയുന്നത്. ഇവര്‍ വന്നു കയറിയതാകട്ടെ ഇന്ന് ന്യൂ ഷട്ടല്‍ എന്ന് പറയുന്ന പ്രദേശത്ത്. 1857 വരെ ആ പ്രദേശം പ്രഷ്യയുടെ കീഴില്‍ ആയിരുന്നു. പ്രഷ്യ ഈ അവസരം ഉപയോഗിച്ച് വീണ്ടും അവിടേക്ക് കടന്നു കയറുമോ എന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിന് സംശയം ഉണ്ടായി. എങ്കിലും സ്വിറ്റ്സര്‍ലന്‍ഡ് ഫ്രഞ്ച് പട്ടാളത്തിന് അഭയം കൊടുത്തു. വന്നു കയറിയ പട്ടാളക്കാരെ ഓരോ സംസ്ഥാനങ്ങളില്‍ എത്തിച്ച് ഭക്ഷണവും വസ്ത്രവും കൊടുത്തു പരിപാലിച്ചു. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി ആ സംഭവം.
ഈ ന്യൂ ഷട്ടലിന് തൊട്ട് കിടക്കുന്ന പ്രവിശ്യകളാണ് ഫ്രിബുവും ബേണും. ബേണ്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ തലസ്ഥാനവുമാണ്. ഫ്രിബുവില്‍ നിന്നും ബേണിലെക്ക് സാധാരണ പോകുന്നത് ന്യൂഷട്ടല്‍ താഴ്വരയിലൂടെയാണ്. ഇനിയൊരു കാലത്ത് ഒരു യുദ്ധമുണ്ടായാല്‍ ആ വഴി അടയും, അപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മറ്റൊരു വഴി വേണം എന്നവര്‍ ചിന്തിച്ചു, അങ്ങനെയാണ് മലയുടെ പിന്‍ഭാഗത്ത് മഞ്ഞ ചുരത്തിലൂടെ പുതിയ പാത ഉണ്ടായത്. ഇപ്പോഴും കൊടിയ മഞ്ഞുകാലത്ത് ഈ പാത അടക്കാറുണ്ട്.
ഈ കൊറോണക്കാലത്ത് ഞാന്‍ പല പ്രാവശ്യം മഞ്ഞ ചുരത്തിലൂടെ യാത്ര ചെയ്തു. ചിലപ്പോള്‍ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും, ചിലപ്പോള്‍ ഒറ്റക്ക്. രണ്ടാണെങ്കിലും എനിക്ക് സന്തോഷം തന്നെ. വീട്ടില്‍ നിന്നും ഏതാണ്ട് നൂറ്റി അന്‍്പത് കിലോമീറ്റര്‍ ഉണ്ട്. മിക്കവാറും ദൂരം ഹൈവേ ആണെങ്കിലും ഹൈവേയില്‍ നിന്നും മാറി ചുരത്തിലേക്ക് കയറുന്‌പോള്‍ യാത്രയുടെ സ്പീഡ് കുറയുന്നത് കൊണ്ട് ഏതാണ്ട് രണ്ടു മണിക്കൂര്‍ എടുക്കും ജനീവയില്‍ നിന്നും മഞ്ഞ ചുരത്തിന്റെ ഉച്ചിയില്‍ എത്താന്‍. അതിമനോഹരമാണ് ചുരം കയറിയുള്ള യാത്ര. മഞ്ഞുകാലം ആണെങ്കില്‍ മലകള്‍ ആകെ മഞ്ഞുവീണു കിടക്കുകയായിരിക്കും, വസന്തകാലം ആണെങ്കില്‍ എവിടെയും മലകളില്‍ കാണുന്ന ചെറിയ ചെടികളും പൂക്കളും, വേനല്‍ക്കാലത്ത് ദൂരെ പോലും കാണാവുന്ന തരത്തില്‍ ശുദ്ധമായ വായു. യാത്രകള്‍ വീണ്ടും ചെയ്യുന്ന കാലത്ത് ജനീവയില്‍ എത്തുന്നവര്‍ക്ക് ഈ യാത്രയും പാക്കേജില്‍ ഉണ്ട്.

മഞ്ഞ ചുരത്തിലെ ചായക്കട

ഈ യാത്രയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരു ചെറിയ ചായക്കടയാണ്. ജര്‍മ്മന്‍ ഭാഷ മാത്രം സംസാരിക്കുന്ന ഒരു സ്ത്രീയാണ് ഈ ചായക്കട നടത്തുന്നത്. കുന്നിന്റെ ചെരുവില്‍ ആണ് ചായക്കട. കടക്കകത്ത് പത്തുപേര്‍ക്കും പുറത്ത് പത്തു പേര്‍ക്കും ഇരിക്കാനുള്ള സൗകര്യം ഉണ്ട്. ചായക്കടയുടെ മുകള്‍ ഭാഗം ഒരു പശു തൊഴുത്താണ്. പരിമിതമായ വിഭവങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത്, പോരാത്തതിന് മെനു ജര്‍മ്മനിലും ആണ്. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രായമായ ഒരു ജര്‍മ്മന്‍കാരന്‍ അത് ഞങ്ങള്‍ക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു തന്നു. അതുകൊണ്ട് മെനു ഇപ്പോള്‍ എനിക്ക് മനഃപാഠം ആണ്, കൂടെ വരുന്നവരെ എന്റെ ജര്‍മ്മന്‍ അറിവ് കാണിച്ച് ഞാന്‍ അത്ഭുതപ്പെടുത്താറുണ്ട്.
സമ്മര്‍ ആണ് ഇവിടെ പോകാന്‍ പറ്റിയ സമയം, പുറത്തിരിക്കാം, ദൂരെ മലകളിലേക്കുള്ള മനോഹരമായ വ്യൂ പോയിന്റ് ആണ്. ഉരുളക്കിഴങ്ങ് ചീകിയിട്ടുണ്ടാക്കുന്ന ഒരു അപ്പത്തിന് മുകളില്‍ വീട്ടില്‍ ഉണ്ടാക്കിയ സോസേജ് ആണ് അവിടുത്തെ എന്റെ പ്രിയപ്പെട്ട വിഭവം കൂട്ടത്തില്‍ ഹെര്‍ബല്‍ ചായയും. ഒട്ടും തിരക്കില്ലാത്ത ഹോട്ടലാണ്, അതുകൊണ്ട് എത്ര സമയം വേണമെങ്കിലും കുന്നും, മലയും, ആകാശവും നോക്കിയിരിക്കാം. ഈ കൊറോണക്കാലത്ത് എനിക്ക് അതൊരു ധ്യാനം പോലെയാണ്.
കൊറോണക്കാലത്ത് മാനസിക ഉല്ലാസത്തിന് വേണ്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങി അല്പം എങ്കിലും യാത്ര ചെയ്യേണ്ടതിന്റെ ആവശ്യം ഞാന്‍ പറഞ്ഞിരുന്നല്ലോ. യാത്ര ചെയ്യാന്‍ പ്രത്യേക ലക്ഷ്യം ഒന്നും വേണ്ട. ഒരു ചായക്കട ആണെങ്കിലും മതി എന്നതാണ് മഞ്ഞ ചുരത്തില്‍ നിന്നുള്ള പാഠം.
*(മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പങ്കുവച്ചത്)

Next Story

Related Stories