Top

ഇടതുപക്ഷം വളര്‍ത്തുന്ന വെള്ളിമൂങ്ങകള്‍; തോമസ് ചാണ്ടിയേയും എന്‍സിപിയേയും ഉന്നംവച്ച് ജോയ് മാത്യു

ഇടതുപക്ഷം വളര്‍ത്തുന്ന വെള്ളിമൂങ്ങകള്‍; തോമസ് ചാണ്ടിയേയും എന്‍സിപിയേയും ഉന്നംവച്ച് ജോയ് മാത്യു
രാജിവച്ച എ കെ ശശീന്ദ്രനു പകരം മന്ത്രിയാകാന്‍ കാത്തിരിക്കുന്ന തോമസ് ചാണ്ടിയേയും എന്‍സിപി പോലുള്ള ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളുടെ രാഷ്ട്രീയ നിലപാടുകളെയും രൂക്ഷമായി പരിഹസിച്ച് ചലച്ചിത്ര നടന്‍ ജോയ് മാത്യു. തോമസ് ചാണ്ടിയെ കുവൈറ്റില്‍ സ്‌കൂള്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത വാര്‍ത്തയും പരമാര്‍ശിച്ചാണു തന്റെ ഫെയ്‌സ്ബുക്ക് പോ്‌സ്റ്റിലൂടെ ജോയ് മാത്യു വിമര്‍ശനം നടത്തുന്നത്.

വെള്ളിമുങ്ങകള്‍ എന്നാണു എന്‍സിപി നേതാക്കളെ ജോയ് മാത്യു കളിയാക്കുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെയും എ കെ ശശീന്ദ്രനെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഒരു ജോലിയും ചെയ്യാനറിയാത്ത ഇവര്‍ എന്തിനു,കണ്ടം ഉഴാന്‍ പോലും അറിയാത്തവര്‍ ചാനലില്‍ കയറിയിരുന്നു ചീപ്പ് കോമഡി പറഞ്ഞ് നമ്മളെ സുഖിപ്പിക്കുന്നു എന്നാണ് ഉഴവൂര്‍ വിജയനെ പരോക്ഷമായി കളിയാക്കി കൊണ്ട് ജോയ് മാത്യു എഴുതുന്നത്. മംഗളം ചാനലില്‍ വന്ന വാര്‍ത്തയുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്റെ നടപടിയും ജോയ് മാത്യു പരിഹസിക്കുന്നു.

ഇത്തരക്കാരെ എന്തിനാണു ഇടതുപക്ഷം കൂടെകൂട്ടുന്നതെന്നും ജോയ് മാത്യു ചോദിക്കുന്നു. ഇതര സംസ്ഥനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കൂട്ടുകൂടുകയും കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് എന്‍സിപിയെ പോലുള്ള പാര്‍ട്ടികള്‍ നടത്തുന്നതെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു.

വെളളിമൂങ്ങകളെ വളര്‍ത്തുന്ന വിധം എന്ന പേരില്‍ ജോയ് മാത്യു ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ പോസ്റ്റ്

വെള്ളിമൂങ്ങകളെ വളര്‍ത്തുന്ന വിധം


ദേശീയതലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി അക്ഷരാഭ്യാസമില്ലാത്ത വടക്കേ ഇന്ത്യക്കാരെ എളുപ്പത്തില്‍ പറ്റിച്ച് ജാതിയുടെയോ മതത്തിന്റെയോ പേര് പറഞ്ഞ് അധികാരത്തിലേറുന്ന ചില പാര്‍ട്ടികളുണ്ട് . ഇങ്ങിനെയുള്ള പാര്‍ട്ടികളുടെ വാലുകളായി നമ്മുടെ കേരളത്തില്‍ പ്രത്യക്ഷപ്പേടുന്ന പ്രത്യേകതരം പക്ഷികളാണല്ലോ
വെള്ളിമൂങ്ങകള്‍
ദേശീയതലത്തില്‍ നടക്കുന്ന നീക്കുപോക്കുകള്‍ക്കനുസരിച്ച്
സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഇവര്‍ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കും എങ്ങിനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത് / വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്തത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച് വരികയും മന്ത്രിയാവുകയും ചെയ്യും.ഒരു ജോലിയും ചെയ്യാനറിയാത്ത ഇവര്‍ എന്തിനു, കണ്ടം ഉഴാന്‍ പോലും അറിയാത്തവര്‍ ചാനലില്‍ കയറിയിരുന്നു ചീപ്പ് കോമഡി പറഞ്ഞ് നമ്മളെ സുഖിപ്പിക്കും. നമ്മള്‍ മലായാളികള്‍ക്ക് അത് മതിയല്ലോ :( അരിക്ക് പകരം കോമഡിയാണല്ലോ ഇപ്പോള്‍ മലയാളിയുടെ ദേശീയ ഭക്ഷണം !) ചാനലിലൂടെ പറയാന്‍ പറ്റാത്തത് ഫോണിലൂടെ പറഞ്ഞെന്ന് ഏതോ ഒരു ചാനലുകാരന്‍ പറഞ്ഞപ്പഴേ രാജിവെക്കാനും അല്‍പബുദ്ധികളായ ഇത്തരം വെള്ളി മൂങ്ങകള്‍ ഉഷാറാണ് .

എന്തിനാണ് ഇടതുപക്ഷം ഇത്തരം വെള്ളിമൂങ്ങകളെ താങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇവര്‍ ഇല്ലെങ്കില്‍ ഈ ഭരണം മറിഞ്ഞു വീഴുമോ ?
ഇതേ വെള്ളി മൂങ്ങകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നു
നമ്മള്‍ ഇതൊക്കെ പറയാന്‍ ആര് എന്ന് ചോദിക്കുന്നവരോട് 2004 ല്‍ GULF NEWS എന്ന പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇതോടൊപ്പം വെക്കുന്നു. തര്‍ജ്ജമ ചെയ്യാന്‍ സമയമില്ലാത്തതിനാല്‍ ക്ഷമിക്കുക. രാജിവെച്ച ശശീന്ദ്രന്‍ എന്ന മന്ത്രിയുടെ കസേര ലക്ഷ്യം വെച്ച് വിമാനമിറങ്ങുന്ന വെള്ളിമൂങ്ങയാരാണെന്ന് നിങ്ങള്‍ തന്നെ വായിച്ച് മനസിലാക്കുക. ഇങ്ങിനെയാണ് നമ്മള്‍ ഇടതുപക്ഷം വിപ്ലവകരമായി വെള്ളിമൂങ്ങകളെ വളര്‍ത്തുന്നത്.
വാല്‍ക്കഷ്ണം :ഗള്‍ഫ് ന്യൂസ് പത്രത്തില്‍ പരാമര്‍ശ്ശിക്കുന്ന വെള്ളി മൂങ്ങയല്ലാത്ത ഒരാള്‍
ചാനലുകള്‍ മാറിമാറി മലയാളം പോലത്തെ എന്തൊക്കെ സംസാരിച്ച് ഈ നാട്ടില്‍തന്നെ ജീവിച്ചു പോകുന്നുണ്ട് .ശിവ ശിവ

Next Story

Related Stories