TopTop
Begin typing your search above and press return to search.

ജൂഡ് ആന്റണിയിലെ നൂറു രൂപ ടിക്കറ്റുകാരനും ഹിപ്പോക്രാറ്റായ സിനിമാക്കാരനും

ജൂഡ് ആന്റണിയിലെ നൂറു രൂപ ടിക്കറ്റുകാരനും ഹിപ്പോക്രാറ്റായ സിനിമാക്കാരനും

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏറെ വിലകല്‍പ്പിക്കുന്നൊരാളാണ് അംബുജാക്ഷന്‍. അതേസമയം., ഒരു വിരല്‍ മറ്റൊരാള്‍ക്കു നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലും തനിക്കു നേരെയാണ് ചൂണ്ടപ്പെടുന്നതെന്ന ന്യായത്തിലും അംബുജാക്ഷന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ തോന്നിയത്, അംബുജാക്ഷന്‍ പ്രതീക്ഷയോടെ കാണുന്നൊരു സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതുകൊണ്ടാണ്. തന്റെ ആദ്യ സിനിമ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത സംവിധായകനാണ് ജൂഡ് ആന്റണി. ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്തുടരുന്നൊരാള്‍ കൂടിയാണ് അംബുജാക്ഷന്‍. സിനിമ മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിലെല്ലാം ഇടപെട്ടു തന്റെതായ അഭിപ്രായങ്ങള്‍ വ്യക്തമായി പറയുന്നൊരാള്‍ എന്ന നിലയിലും ജൂഡ് എന്ന ചെറുപ്പക്കാരനോടു മതിപ്പു തോന്നിയിട്ടുണ്ട്. പലതരം അഭിപ്രായങ്ങള്‍ അയാള്‍ക്ക് കേള്‍ക്കേണ്ടി വരുമ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ജൂഡ് അയാളുടെ കര്‍മ്മം കൊണ്ട് ഒരു സിനിമാക്കാരന്‍ ആണ്. അതിന്റെതായ ബാധ്യത അയാള്‍ക്ക് താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയോട് കാണിക്കേണ്ടതുണ്ട്. അവിടെയാണ് ഇന്നലെ ഈ യുവസംവിധായകന് പിഴച്ചത്.

റാണിപത്മിനി എന്ന സിനിമ നിരാശപ്പെടുത്തി എന്ന് ജൂഡ് തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ എഴുതിയതു കണ്ടപ്പോള്‍, അതില്‍ ഒരു ശരികേട് ഉണ്ടെന്നു തോന്നിയത് അംബുജാക്ഷന് മാത്രമല്ല. ജൂഡിന്റെ പോസ്റ്റിനു താഴെ വന്ന നിരവധി കമന്റുകളില്‍ നിന്നെല്ലാം ആ ശരികേടിനെതിരെയുള്ള വിമര്‍ശനം വായിച്ചെടുക്കാം. റാണിപത്മിനി എന്ന സിനിമ അംബുജാക്ഷന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ജൂഡ് പറഞ്ഞ അഭിപ്രായം തികച്ചും തെറ്റാണെന്നു പറയാന്‍ ഈയുള്ളവന്‍ ആളല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ടുള്ള ഒരു കലാസൃഷ്ടിയും ഇന്നേവരെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. റാണിപത്മിനി എന്ന ചിത്രം നിരാശപ്പെടുത്തുന്നതോ അല്ലാത്തതോ ആകാം. പിന്നെ എവിടെയാണ് ജൂഡിന്റെ പോസ്റ്റ് ശരികേടായതെന്നു ചോദിച്ചാല്‍, ആ അഭിപ്രായം പറയാന്‍ അയാള്‍ തെരഞ്ഞെടുത്ത സമയത്തിലാണ്, അതിന്‍റെ അപൂര്‍ണ്ണതയിലാണ്.

സിനിമ എന്നത് കളക്ടീവ് ആര്‍ട്ടാണ്. കപ്പിത്താനായ സംവിധായകനോ പ്രധാന തുഴച്ചില്‍ക്കാരനായ നായകനോ മാത്രം ശ്രമിച്ചാല്‍ മുന്നോട്ടു പോകുന്ന ഒന്നല്ല സിനിമ. മിനിമം പത്തറുപതാളുകളുടെയെങ്കിലും വിയര്‍പ്പ് ഓരോ സിനിമയ്ക്കു പിന്നിലും ഉണ്ടാകും. ഇവരെല്ലാവരും കൂടി പ്രേക്ഷകനെ നിരാശപ്പെടുത്തുന്നൊരു സിനിമ എടുത്തേക്കാം എന്ന തീരുമാനത്തില്‍ ആവില്ല ജോലി ചെയ്യുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയായിരിക്കും. നന്നായി പരീക്ഷയെഴുതിയാലും ചിലപ്പോള്‍ നമ്മള്‍ തോറ്റുപോകില്ലേ, അതാണ് സിനിമയുടെ കാര്യത്തിലും സംഭവിക്കുന്നത്. റാണിപത്മിനി ആഷിഖ് അബുവും കൂട്ടരും നന്നായി തന്നെ എഴുതിയ പരീക്ഷയായിരിക്കും. പക്ഷെ അത് വാല്യുവേഷന് സമര്‍പ്പിച്ചപ്പോള്‍ അവരുടെ എഴുത്തു പോരാതെ വന്നിരിക്കാം. പ്രേക്ഷകന്റെ വിധിയാണ് സിനിമയെ സംബന്ധിച്ച് അന്തിമം. അങ്ങനെയെങ്കില്‍ ജൂഡ് ആന്റണി എന്ന പ്രേക്ഷകന്, അയാള്‍ക്കും കൂടി അവകാശപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് തന്റെ നിലപാട് വ്യക്തമാക്കിയതില്‍ എന്തു തെറ്റെന്നും ചോദിക്കാം.അതിനു മുമ്പ് ജൂഡിനോടു ഒരു ചോദ്യമുണ്ട്. ഓം ശാന്തി ഓശാന എന്ന സിനിമ തിയെറ്ററില്‍ എത്തിക്കാന്‍ ജൂഡ് ആന്റണി എന്തൊക്കെ കഷ്ടപ്പാട് അനുഭവിച്ചു. ജൂഡ് മാത്രമല്ല, ജൂഡിന്റെ പിതാവുപോലും കുറെ ടെന്‍ഷനിടിച്ചിട്ടില്ലേ. നിവിന്‍ പോളി അന്നൊരു സൂപ്പര്‍ സ്റ്റാര്‍ ഒന്നും ആയിട്ടുമുണ്ടായിരുന്നില്ല. സാറ്റ്‌ലൈറ്റ് റൈറ്റിനുവേണ്ടി കുറെ അലഞ്ഞില്ലേ? ഒരു ഘട്ടത്തില്‍ ആ സിനിമ പെട്ടിയില്‍ ഇരുന്നുപോകുമെന്നു വരെ താങ്കള്‍ ഭയപ്പെട്ടിട്ടില്ലേ? അങ്ങനെ പലവിധ തടസ്സങ്ങള്‍ തരണം ചെയ്താണ് ആ സിനിമ തിയെറ്ററില്‍ എത്തിയത്. ഒടുവില്‍ താങ്കളുടെ ഭാഗ്യത്തിന് സിനിമ വലിയ വിജയം ആയി. ആ വിജയത്തിന്റെ മാത്രം പേരിലാണ് ജൂഡ് താങ്കളിപ്പോഴും നില്‍ക്കുന്നതും. ആദ്യത്തെ അനുഭവത്തില്‍ നിന്നു തന്നെ ഒരു സിനിമ എന്നാല്‍ എന്തൊക്കെ കഷ്ടപ്പാട് ആണെന്നു താങ്കള്‍ നന്നായി മനസ്സിലാക്കിയിട്ടുമുണ്ടാവുമല്ലോ.

കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ...
സിനിമാ നിരൂപണം; സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയുമുള്ള സെന്‍ കുമാര്‍ സാര്‍ വക
തലനരച്ചവരെ എന്തും വിളിക്കാം; ന്യൂ ജെന്‍ പിള്ളേരെ തൊട്ടാല്‍ കളി മാറും
മേനി പ്രദര്‍ശനവും ജീവിത ഗന്ധവും; മലയാള സിനിമയിലെ കടപ്പുറം വ്യാഖ്യാനങ്ങള്‍
എന്താണ് സാര്‍ ഒരു അവാര്‍ഡിന്റെ മാനദണ്ഡം? ജനപ്രിയതയോ അതോ മികവോ?
ഫഹദ് ഫാസില്‍ , സിനിമ തെരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ര ബുദ്ധിയൊന്നുമില്ല
മി.കമല്‍, അങ്ങ് ഏത് ഉട്ടോപ്യയിലെ രാജാവാണ്?
എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്


കഴിഞ്ഞ വര്‍ഷം താങ്കളുടെ സിനിമയ്ക്ക് കലാമൂല്യവും ജനപ്രിയതയ്ക്കുമുള്ള അവാര്‍ഡും ലഭിച്ചു! ഒരു സംവിധായകനെന്ന നിലയില്‍ അതെത്രമാത്രം ജൂഡിനെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലാകും. ഇത്തരമൊരു അവാര്‍ഡ് തേടിവരുന്നതിനിടയ്ക്കുള്ള കാലത്തും ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിച്ചിരുന്നു. വളരെ ലിബറായ നിലപാടുകളാണ് താങ്കള്‍ എടുത്തുപോന്നിരുന്നത്. എന്നാല്‍, കലാമൂല്യം എന്ന ഗണത്തില്‍പ്പെടുത്തി ഒരിക്കലും പുരസ്‌കാരം നല്‍കരുതാത്ത ഒരു ചിത്രമായിരിന്നിട്ടും ഓം ശാന്തി ഓശാനയ്ക്ക് അത്തരമൊരു പുരസ്‌കാരം കിട്ടിയപ്പോള്‍, താങ്കള്‍ ഉപയോഗിക്കുന്ന അതേ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചു തന്നെ താങ്കളുടെ സിനിമയെ (ജൂഡിനെയല്ല) വിമര്‍ശിച്ചവരെ വളരെ തരംതാണ രീതിയില്‍ അപമാനിക്കുകയാണ് താങ്കളിലെ വ്യക്തി (സംവിധായകനല്ല) ചെയ്തത്. ജൂഡ് ആന്റണി എത്ര അസഹിഷ്ണുവാണെന്ന് ഒറ്റദിവസം കൊണ്ടു ബോധ്യപ്പെട്ടു. ജൂഡിന്റെ സിനിമ വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു കാണും. അതുകൊണ്ടുതന്നെ അതൊരു ജനപ്രിയ ചിത്രമെന്നു പറഞ്ഞാല്‍, ശരികേടില്ല, എന്നാല്‍ അതൊരു കലാമൂല്യമുള്ള ചിത്രമെന്നു ഏതു ജോണ്‍പോള്‍ പറഞ്ഞാലും ചോദ്യം ചെയ്യലുകള്‍ ഉണ്ടാവും, ഉണ്ടായി. എന്നാല്‍ ഒരു കലാകാരന്‍ തനിക്കെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യാതൊരു തത്വദീക്ഷയും കാണിക്കാതെ പറഞ്ഞവന്റെയെല്ലാം മാതാപിതാക്കളെ വരെ ആക്ഷേപിക്കുന്നതില്‍ എത്തിയ അസഹിഷ്ണുതയാണ് താങ്കള്‍ കാണിച്ചത്. അവിടെയാണ് ജൂഡിലെ ഹിപ്പോക്രാറ്റ് വെളിയില്‍ വന്നത്.റാണിപത്മിനിക്കെതിരായ പോസ്റ്റ് ഇട്ടത് തെറ്റായിപ്പോയി എന്നും തന്നിലെ പ്രേക്ഷകനാണ് അങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചതെന്നും ജൂഡിന്റെ മാപ്പപേക്ഷ ഇപ്പോള്‍ കാണാം. ശരി, താങ്കളിലെ പ്രേക്ഷകനാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെങ്കില്‍ അംബുജാക്ഷന്‍ ആദ്യം പറഞ്ഞ ഒരു കാര്യം വീണ്ടും പറയുകയാണ്, ഒരു വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അതില്‍ നിന്നും മാറി നിന്നുകൊണ്ട് അതു സാധ്യമാകുന്നത് എങ്ങനെ? ഒരു സിനിമ നിരാശപ്പെടുത്തി എന്നു പറഞ്ഞാല്‍, അതെന്തുകൊണ്ട് എന്നൊരു ചോദ്യത്തിനു കൂടി ഉത്തരം പറയാന്‍ താങ്കള്‍ക്ക് ബാധ്യത ഉണ്ട്. ആ ബാധ്യത നിറവേറ്റാന്‍ താങ്കളിലെ പ്രേക്ഷന് എന്താണ് പരിമിതി ആയി മാറിയത്? താങ്കളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഈയൊരവസരത്തില്‍ എടുത്തുപയോഗിക്കുന്ന ഒരായുധം ആഷിഖ് അബുവിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ് (ഒരു കാര്യം ഇടയില്‍ കയറി പറഞ്ഞോട്ടെ, താങ്കള്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടതിനെതിരെ ആഷിഖ് എന്തെങ്കിലും പ്രതികരണം നടത്തിയതായിട്ട് അംബുജാക്ഷന്‍ കേട്ടില്ല. പക്ഷെ താങ്കളെ പ്രതിരോധിക്കുന്നവര്‍ ആഷിഖിനെ അറ്റാക്ക് ചെയ്യുകയാണ്. ആഷിഖ് അബു തന്റെ ആ പ്രത്യയശാസ്ത്ര നിലപാടുകള്‍ തുടര്‍ച്ചയായി വ്യക്തമാക്കി കൊണ്ടിരിക്കുന്നതിനാല്‍ അയാളെ മറ്റു വിഭാഗങ്ങള്‍ കൃത്യമായി ടാര്‍ഗറ്റ് ചെയ്തുപോരുന്നുമുണ്ട്. ജൂഡ് വഴിയും ഇപ്പോള്‍ ആഷിഖ് ആക്രമിക്കപ്പെടുന്നു എന്നതാണ് കാണുന്നത്). ആഷിഖ് ചെയ്തത് വിശ്വരൂപം ഒരു ബോറ് പടമാണെന്നോ, വിശ്വരൂപം നിരാശപ്പെടുത്തിയെന്നോ രണ്ടുവരി എഴുതിയിടുകയല്ലായിരുന്നു. ആ സിനിമ ഉയര്‍ത്തിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു ആഷിഖ് കുറിച്ചത്. ഒരു മതവിഭാഗം കമല്‍ഹാസന്‍ ചിത്രത്തിനെതിരെ ആശങ്ക പങ്കുവച്ചപ്പോള്‍, അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സിനിമ കണ്ടാല്‍ എല്ലാ ആശങ്കകളും വലിയൊരു പൊട്ടിച്ചിരി ആയി മാറുമെന്നും ആഷിഖ് എഴുതിയതില്‍ കൃത്യമായൊരു രാഷ്ട്രീയ ഇടപെടല്‍ തന്നെയുണ്ട്. ആ സിനിമയ്‌ക്കെതിരെ വാളോങ്ങി നിന്നവരെയും ആ സിനിമയുടെ പൊള്ളത്തരത്തേയും ഒരുപോലെ വിമര്‍ശിക്കാനാണ് ആഷിഖ് ശ്രമിച്ചത്. ആഷിഖിന്റെ അഭിപ്രായവും ജൂഡിന്റെ അഭിപ്രായവും രണ്ടു തരത്തിലുള്ളതാണെന്നു ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. പക്ഷെ ഇരുവരും കോമണ്‍ മാനായിട്ടു തന്നെയാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതും. ആഷിഖിന്റേത് രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നെങ്കില്‍ ജൂഡിന്റെത് നൂറുരൂപ ടിക്കറ്റെടുത്തവന്റെ നെടുവീര്‍പ്പുമാത്രമായിരുന്നു എന്നതാണ് വ്യത്യാസം. ഈക്കാര്യം സ്വയം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ അതൊരു കമന്റായിട്ട് ഇടാന്‍ ശ്രമിക്കുക.

ഒരു സിനിമയുടെ ആദ്യഷോ കഴിയുന്നതിനു മുന്നെ റിവ്യൂ എഴുതുന്ന നടപടിയെ വിമര്‍ശിക്കുന്ന സിനിമാക്കാരന്‍ തന്നെയാകുമല്ലോ ജൂഡും. എന്നാല്‍ റാണിപത്മിനി എന്ന ചിത്രം അതിന്റെ ആദ്യദിവസത്തെ എല്ലാ ഷോകളും കളിച്ചു കഴിയുന്നതിനും മുമ്പ് എതാണ്ട് ഒരു ലക്ഷത്തിനു മുകളില്‍ ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് മാധ്യമത്തിലൂടെ ജൂഡ് ആ സിനിമയെ വിമര്‍ശിച്ച് വെറുമൊരു വരിമാത്രം എഴുതിയതില്‍ നിന്നുണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് എത്രമാത്രം സിനിമയെ ബാധിക്കുമെന്നു തോന്നാതിരിക്കാന്‍ മാത്രം ജൂഡ് ആന്റണിയിലെ സംവിധായകനു ബോധം ഇല്ലാതെ പോയോ? എല്ലാ പ്രേക്ഷകനും കുറെ പ്രതീക്ഷളോടു കൂടിയാണ് ഓരോ സിനിമയും കാണുന്നത്. ആ പ്രതീക്ഷ തെറ്റുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണമാണ് ഇപ്പോഴത്തെ റിവ്യൂസ്. റിവ്യൂ എഴുത്തില്‍ തെറ്റുണ്ടെന്ന് ടെയിലര്‍ക്ക് തോന്നുന്നില്ല. പക്ഷേ അത് യുക്തി ഭദ്രമായിരിക്കണം. തിയേറ്ററിലെ കൂക്കിവിളി ആകരുത് എന്നുമാത്രം. ആ പ്രതികരണങ്ങളെ കാലവും സമയവും നോക്കാതെയുള്ള നശീകരണായുധങ്ങളായി കാണുന്ന സിനിമാക്കാരില്‍ ഒരാള്‍ തന്നെ അത്തരമൊരു ആയുധം തൊടുത്തുവിടുമ്പോള്‍ അത് ഹിപ്പോക്രസി അല്ലേ എന്നതാണ് ജൂഡിന്‍റെ കാര്യത്തില്‍ ടെയിലറുടെ ചോദ്യം'.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories