TopTop
Begin typing your search above and press return to search.

ജൂഡീഷ്യല്‍ അന്വേഷണം എന്ന നല്ല നേരംപോക്ക്; ഒരു സോളാര്‍ അനുഭവം

ജൂഡീഷ്യല്‍ അന്വേഷണം എന്ന നല്ല നേരംപോക്ക്; ഒരു സോളാര്‍ അനുഭവം

ദിനംതോറും അര്‍ത്ഥ ശൂന്യമായിക്കൊണ്ടിരിക്കുന്ന ഒരു നിയമവ്യവസ്ഥയിലൂടെ ഇപ്പോള്‍ കേരളം നീങ്ങിക്കൊണ്ടിരിക്കുന്നു. ശരിയും തെറ്റും വിവേചിച്ച് അറിയാന്‍ തുടങ്ങുമ്പോഴേക്കും സര്‍വം തകിടം മറിച്ചുകൊണ്ട് പുതിയതൊന്നുവരും. വാദവും പ്രതിവാദവും വിവാദങ്ങളും വേണ്ടതിലേറെയുണ്ട്. അന്വേഷണവും തെളിവെടുപ്പും കുറ്റപത്രവും മുറപോലെ. വാദിയും പ്രതിയും ഇല്ല. അനന്തമായ വിവാദവും ഒച്ചപ്പാടും മാത്രം. സോളാര്‍ തട്ടിപ്പ് കേസ്, ബാര്‍കോഴക്കേസ്, സലിംരാജിന്റെ ഭൂമി ഇടപാട്, ബിജു രാധാകൃഷ്ണന്റെ രഹസ്യകാസറ്റ്, സരിത എസ്. നായരുടെ നീണ്ട കത്ത്.... അങ്ങനെ വരുമോരോ കേസ് വന്നപോലെ പോകുന്നു.

മഹര്‍ഷി ഓഷോ രജനീഷ് പറഞ്ഞപോലെ ഒരു മായാ സമൂഹമാണ് കേരളം. ''എല്ലാ ശിക്ഷയും കുറ്റമാണ്. എന്തുകൊണ്ടെന്നാല്‍ കുറ്റങ്ങളുടെ കാരണം കണ്ടെത്താന്‍ നമ്മള്‍ പ്രാപ്തരായില്ല, അല്ലെങ്കില്‍ അതിന് നമുക്ക് തീരെ താല്‍പ്പര്യമില്ലായിരുന്നു. കുറ്റകൃത്യങ്ങളുടെ കാരണം കണ്ടെത്തുക എന്നു പറഞ്ഞാല്‍ സാമൂഹിക ഘടന തച്ചുടയ്ക്കുക എന്നാണ് അര്‍ത്ഥം. അത്തരമൊരു മഹാവിപ്ലവത്തിന് ആരും തയ്യാറായിട്ടില്ല'' എന്ന അടിസ്ഥാന വസ്തുതയിലേക്ക് ഓഷോ ഉള്‍ക്കാഴ്ചയോടെ കടന്നു ചെന്നു.

പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കൊന്നതിനാണ് ബിജു രാധാകൃഷ്ണന്‍ പൂജപ്പുര ജയിലില്‍ തടവില്‍ കിടക്കുന്നത്. ഇടതുപക്ഷ ഭരണകാലത്ത് അന്വേഷണമെന്ന പേരില്‍ പൊലീസ് അനന്തകാലം അടയിരുന്ന കൊലപാതകക്കേസില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. ആര്‍.ബി. നായര്‍ എന്ന് പേരുമാറ്റി ആള്‍മാറാട്ടം നടത്തി സോളാര്‍ സാങ്കേതിക വ്യവസായി ആയി ഭാവിച്ചു. ന്യൂയോര്‍ക്കിലെ ബാബുരാജ് മുതല്‍ പെരുമ്പാവൂരിലെ സഫദ് വരെയുള്ള നൂറുകണക്കിന് പേരെ പറ്റിച്ച് കോടിക്കണക്കിന് രൂപ കീശയിലാക്കി. സരിത നായരുടെ ശരീര ലാവണ്യം മറയാക്കി അധികാരത്തിന്റെ ഇടനാഴികളില്‍ വിലസി നടന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ കൊലക്കേസിലെ ഈ പിടികിട്ടാപ്പുള്ളിയുടെ സഹായികളും ഒത്താശക്കാരുമായി പ്രവര്‍ത്തിച്ചു. സൂര്യന്‍ മനുഷ്യരാശിയുടെ ഭൗതിക വളര്‍ച്ചയ്ക്ക് അനേകായിരം വര്‍ഷങ്ങളിലേക്കുള്ള അസ്തമിക്കാത്ത ഊര്‍ജ്ജസ്രോതസ്സാണെന്ന സാധാരണക്കാരന്റെ അറിവ് നേരായ വഴിക്ക് ഉപയോഗിക്കാന്‍ ജന്മനാല്‍ ക്രിമിനല്‍ ആയ ബിജു രാധാകൃഷ്ണന് വശമില്ലായിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റ് ഭരണാധികാരികളുടെയും പേരില്‍ വ്യാജക്കത്തുകള്‍ ഉണ്ടാക്കി ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടാന്‍ മാത്രമേ അയാള്‍ക്കും തോഴിക്കും അറിയുമായിരുന്നുള്ളൂ.അധികാര പീഠങ്ങളില്‍ ഇരിക്കുന്ന ചില മണ്ടശിരോമണികളുടെ ആര്‍ത്തി മുതലെടുടുത്ത് വിലസി ജീവിച്ച ആര്‍.ബി. നായര്‍, പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങുമെന്ന പ്രകൃതിനിയമപ്രകാരം ഒടുവില്‍ പൊലീസിന്റെ വലയില്‍ വീണു. മാധ്യമജാഗ്രതയും രാഷ്ട്രീയ കാരണങ്ങളും മൂലം ബിജുവിന്റെ ഗുണഭോക്താക്കള്‍ക്ക് അയാളെ രക്ഷിക്കാനായില്ല. ഇടതു സര്‍ക്കാരിന്റെ കാലത്ത് പൊലീസ് സഹായിച്ചു രക്ഷപ്പെടുത്തിയ കൊലക്കേസ്സില്‍ സ്വന്തം മകന്റെ ബലവത്തായ സാക്ഷിമൊഴി ബിജു രാധാകൃഷ്ണനെ കാരാഗൃഹത്തിലെത്തിച്ചു. പണാപഹരണം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാകാമെങ്കിലും ബിജുവും കൂട്ടുപ്രതി സരിതയും നമ്മുടെ സര്‍ക്കാരിന്റെ ബഹുമാന്യ അതിഥികളെപ്പോലെ ജീവിക്കുന്നു എന്ന പ്രതീതിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ വന്നതോടെ കുറ്റക്കാര്‍ക്ക് ആശ്വാസകരമാംവിധം കേസിന്റെ ഗതിമാറി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വീഴ്ത്താന്‍ അന്തിമ സമരവും പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ ഇടതുപക്ഷം 'അജ്ഞാത' കാരണത്താല്‍ പൊടുന്നനെ സമരം പിന്‍വലിച്ചു തിരിച്ചു പോന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന് പ്രതിപക്ഷ നേതൃത്വം സര്‍ക്കാരുമായി ഒത്തു തീര്‍പ്പില്‍ എത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈയോടെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ നിയമിച്ചുകൊണ്ട് അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ചു.

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുടെ ഹ്രസ്വചരിത്രമറിയുന്നവര്‍ക്ക് അതൊരു പാഴ്പരിശ്രമമാണെന്ന് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. തെളിവെടുപ്പും റിപ്പോര്‍ട്ട് എഴുതലും മുറപോലെ നടക്കും. കുറ്റവാളിയെ ശിക്ഷിക്കാനോ വിധി പറയാനോ അധികാരമില്ല. അന്വേഷണ റിപ്പോര്‍ട്ട് തിളങ്ങുന്ന കവറിലിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാം. വായിച്ചോ വായിക്കാതെയോ സര്‍ക്കാരിന് അതിന്മേല്‍ എത്രകാലം വേണമെങ്കിലും അടയിരിക്കാം. റിപ്പോര്‍ട്ട് സ്വീകരിക്കുന്ന സര്‍ക്കാരിന് അതില്‍ രാഷ്ട്രീയലാഭം കിട്ടുന്ന കണ്ടെത്തല്‍ വല്ലതുമുണ്ടെങ്കില്‍ പരസ്യപ്പെടുത്തി എതിരാളികളെ പ്രഹരിച്ച് മുതലെടുക്കാം. ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് അപ്പാടെ ഉപേക്ഷിച്ചാല്‍പോലും ആരും എന്തുകൊണ്ടെന്ന് ചോദിക്കില്ല.

പല്ലും നഖവും ഇല്ലാത്ത ഒരു ക്ഷീണിത സിംഹമാണ് കേരളത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഒന്നാമത്തെ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തെ ആന്ധ്രാ അരി കുംഭകോണം മുതല്‍ കുമരകം ബോട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണം വരെ നീളുന്ന എത്രയെത്ര ജുഡീഷ്യല്‍ കമ്മീഷനുകള്‍ ഈ നാടു കണ്ടു. രാഷ്ട്രീയ മുതലെടുപ്പു നോക്കി ഇടമലയാര്‍ കേസ് പോലുളള ചുരുക്കം സംഭവങ്ങളിലല്ലാതെ ഭൂരിപക്ഷം ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും അവഗണിക്കപ്പെട്ടു. ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്‍ തയ്യാറാക്കിയ ഇടമലയാര്‍ അന്വേഷണ റിപ്പോര്‍ട്ടും നരേന്ദ്രന്‍ കമ്മീഷന്‍ എഴുതിയ സംവരണ റിപ്പോര്‍ട്ടും പോലെ ഒന്നോ രണ്ടോ ജുഡീഷ്യല്‍ കമ്മീഷനുകള്‍ക്കു മാത്രമേ കേരളത്തില്‍ പേരിനെങ്കിലും അനന്തര നടപടി ഉണ്ടായിട്ടുള്ളൂ. പൊതു നഷ്ടവും പാഴ്‌വേലയുമാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന് അനേകം അനുഭവങ്ങളിലൂടെ കേരളം അറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ഗുസ്തിക്കാരായ തല്‍പ്പര കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ ഇത്തരം നേരംപോക്കുകള്‍ ആവശ്യമുണ്ട്. ജനശ്രദ്ധയാകര്‍ഷിച്ച ഒരു വിവാദ വിഷയത്തില്‍ നിന്ന് അവര്‍ക്ക് താല്‍ക്കാലികമായി തലയൂരാം. പൊതു സ്മൃതിയില്‍ നിന്ന് വിഷയം മാഞ്ഞു കഴിയുമ്പോഴാകും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുന്നത്. സന്ദര്‍ഭവും പരിഗണനകളും അപ്രസക്തമായ വേളയില്‍ അലമാരയില്‍ ഒതുക്കിയ അസ്ഥിപഞ്ജരം ആരും പുറത്തെടുത്ത് പ്രദര്‍ശിപ്പിക്കില്ല. അങ്ങനെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കാലത്തിന്റെ ഇരുണ്ട ഗുഹകളിലേക്ക് നടന്നു മറയുന്നു.ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനുമുന്നില്‍ സോളാര്‍ തട്ടിപ്പുകേസിലെ നായികാ നായകന്മാര്‍ എന്തൊക്കെയാണ് വെളിപ്പെടുത്തുന്നത്? സ്മാര്‍ത്ത വിചാരം പോലെ അപഥ സഞ്ചാരികളുടെ പേരുകള്‍ വിളിച്ചുപറയുന്നു. തെളിവുകള്‍ തേടി കുറ്റവാളിയെയും കൊണ്ട് പൊലീസും അഭിഭാഷകരും അലഞ്ഞ് തിരിഞ്ഞ് ക്ഷീണിതരായി നിരാശയോടെ തിരിച്ചെത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാവി ദുര്‍ബലമായ നൂലിഴയില്‍ തൂങ്ങിയാടുകയാണെന്ന തോന്നല്‍ ജനിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ ജനങ്ങളെ മാസ്മരവലയത്തിലാക്കുന്നു. കുറ്റാന്വേഷണത്തിലെ ഉത്തരാധുനിക ശൈലികണ്ട് ന്യായാസനങ്ങള്‍ പോലും നാണിച്ചുപോകുന്ന അവസ്ഥാവിശേഷം.

സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട മിക്കവരുടെയും കേസ് ഒത്തുതീര്‍ന്നു. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്കെല്ലാം മുടക്കു മുതല്‍ തിരിച്ചുകിട്ടിയെങ്കില്‍ പിന്നെ വ്യവഹാരവുമായി കോടതി കയറി ഇറങ്ങി സമയം കളയേണ്ടതില്ല. സരിത വസ്തു വിറ്റ് ബാധ്യത തീര്‍ത്തെന്നാണ് പറയുന്നത്. പത്തുകോടി രൂപയോളം അപഹരിക്കപ്പെട്ടതിനേക്കുറിച്ച് കേസ് ഉത്ഭവിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്ന സരിതയ്ക്കുവേണ്ടി പണം സ്വരൂപിച്ച് ബാധ്യത തീര്‍ത്തത് ആരായിരിക്കും? അതിനായി അവരുടെ ഏതെല്ലാം വസ്തുവകകള്‍ എത്ര രൂപയ്ക്കു വിറ്റു? ശിവരാജന്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഈ വിഷയങ്ങളൊന്നുമില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്മാര്‍ ഇടവേളയില്‍പ്പോലും ഇക്കാര്യത്തെക്കുറിച്ച് ഇതുരെ ആലോചിച്ചിട്ടില്ല. പൊലീസ് കസ്റ്റഡിയിലും പുറത്തും സരിത എസ്. നായര്‍ക്ക് ലഭിച്ച അകമഴിഞ്ഞ സഹായങ്ങള്‍ അറിയുന്നത്, വന്‍ വ്യാപ്തിയുള്ള ഈ കുറ്റകൃത്യത്തിന്റെ അന്വേഷണത്തില്‍ പരമപ്രധാനമാണെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്‍ അവയൊന്നും പരിശോധിക്കാന്‍ പോകുന്നില്ലെന്നു വേണം കരുതാന്‍. പരാതികള്‍ ദുര്‍ബലമാകുകയും പിന്നെ ഇല്ലാതാകുകയും ചെയ്താല്‍ ഏതു കേസാണ് നിലനില്‍ക്കുന്നത്?

അധികാരം ലക്ഷ്യം വയ്കുന്നവരുടെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് ആയുധമായിത്തീരും സോളാര്‍ തട്ടിപ്പ് കേസ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം ഈ സംഭവത്തിലെ ഒരു വിഷയവും നിലനില്‍ക്കുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാവും ശിവരാജന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുക. തിടുക്കത്തില്‍ അതിനു മുമ്പ് ഒരു റിപ്പോര്‍ട്ട് നല്‍കിയാലും നിലവിലെ രാഷ്ട്രീയ ഭരണകൂടം അത് തുറന്നു നോക്കുകപോലുമില്ല. 2016 മേയില്‍ പുതിയ സര്‍ക്കാര്‍ വരും. അത് ആരെന്നും എന്തെന്നും ആര്‍ക്കറിയാം?

ജുഡീഷ്യല്‍ കമ്മീഷനുകളുടെ ചരിത്രം തിരയുന്നവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരു ശിവരാജന്‍ കമ്മീഷനെ കിട്ടും. ചരിത്രത്തില്‍ അങ്ങനെ അനേകം പേരുകളുണ്ട്. കുപ്രസിദ്ധമായ അഴിമതി കേസുകള്‍ അന്വേഷിച്ച് രാഷ്ട്രീയ അട്ടിമറികള്‍ സൃഷ്ടിച്ച കമ്മീഷനുകള്‍. ഒരു ഭരണ മുന്നണിയിലുള്ള ഘടക കക്ഷികള്‍ പരസ്പരം അഴിമതി ആരോപിച്ച് കലഹിച്ച് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച് അധികാരത്തില്‍ നിന്നിറങ്ങിപ്പോയ ചരിത്രവും കേരളത്തിലുണ്ട്. 1967ല്‍ രൂപംകൊണ്ട സപ്തകക്ഷി മുന്നണിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറഞ്ഞു. എന്നാല്‍ രണ്ടു കൊല്ലം തികയും മുമ്പ് സി.പി.ഐക്ക് സി.പി.എം കണ്ണിലെ കരടായി മാറി. നേരിട്ട് ആക്രമിച്ചില്ല. പകരം മുഖ്യമന്ത്രി ഇ.എം.എസ്സുമായി ഏറെ അടുപ്പം പുലര്‍ത്തിപ്പോന്ന ആരോഗ്യവകുപ്പുമന്ത്രി ബി. വെല്ലിംഗ്ടണ്‍ അഴിമതിക്കാരനാണെന്ന് സി.പി.ഐ അംഗം ഇ. ചന്ദ്രശേഖരന്‍ നായര്‍ സഭയില്‍ ഒമ്പത് ആരോപണങ്ങള്‍ നിരത്തി പറഞ്ഞു. സര്‍ക്കാരിന് അന്വേഷിക്കാതെ തരമില്ലെന്നായി. ബുദ്ധിമാനായ ഇ.എം.എസ് മന്ത്രി വെല്ലിംഗ്ടണെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചതോടൊപ്പം സി.പി.ഐ മന്ത്രിമാരായ ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ മന്ത്രി പി.ആര്‍. കുറുപ്പ് എന്നിവര്‍ക്കെതിരെയും അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടു. അതോടെ 1969 ഒക്‌ടോബര്‍ 24-ാം തീയതി ആ മുന്നണി മന്ത്രിസഭയുടെ അന്ത്യം കുറിച്ചു. നാലു മന്ത്രിമാരുടെ പേരില്‍ ഒരേ സമയം അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നു റിട്ടയര്‍ ചെയ്തുവന്ന ജസ്റ്റിസ് എ.എന്‍. മുള്ള വിസമ്മതം പ്രകടിപ്പിച്ചു. അങ്ങനെ വെല്ലിംഗ്ടണെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ജസ്റ്റിസ് ഗോവിന്ദമേനോനും പി.ആര്‍. കുറുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ ജസ്റ്റിസ് എസ്. വേലുപ്പിള്ളയും അന്വേഷിക്കുമെന്ന് തീരുമാനമായി. എം.എന്‍, ടി.വി. എന്നിവരെപ്പറ്റി ജസ്റ്റിസ് മുള്ള അന്വേഷിച്ചു.സത്യം പുറത്തുകൊണ്ടുവരുക എന്നതിനപ്പുറം രാഷ്ട്രീയ ശത്രുക്കളെ തേജോവധം ചെയ്യുക എന്ന ലക്ഷ്യം മാത്രമേ അന്വേഷണ കമ്മീഷനെ നിയമിച്ചവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. കമ്മീഷന് തെളിവു നല്‍കാന്‍ ആരോപണകര്‍ത്താക്കളാരും എത്തിയില്ല. ടി.വിക്കും, എന്‍.എന്‍. ഗോവിന്ദന്‍ നായര്‍ക്കും എതിരായി നിരത്തിയ ആരോപണങ്ങള്‍ അവാസ്തവവും ബാലിശവും അപകീര്‍ത്തികരവുമാണെന്ന് മുള്ള കമ്മീഷന്‍ കണ്ടെത്തി. വെല്ലിംഗ്ടണിനെതിരെ കെ.എം. മാണിയും എന്‍.ഐ. ദേവസ്സിക്കുട്ടിയും ഗോവിന്ദമേനോന്‍ കമ്മീഷനു തെളിവ് നല്‍കി. കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും വെല്ലിംഗ്ടണ്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. കുറുപ്പിന്റെ പേരില്‍ വേലുപ്പിള്ള കമ്മീഷനും കുറ്റമൊന്നും കണ്ടില്ല.

മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും സ്വീകരിച്ചത് അച്യുതമേനോന്‍ സര്‍ക്കാരായിരുന്നു. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോള്‍ സി.ബി.സി. വാര്യരും ഉമ്മന്‍ചാണ്ടിയും തമ്മില്‍ വാഗ്‌വാദം നടന്നു. പിന്നൊന്നും സംഭവിച്ചില്ല. ആരും അതേപ്പറ്റി സഭയിലും പുറത്തും സംസാരിച്ചില്ല.

ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഹസനമാകുന്നതുകണ്ട് സുപ്രീം കോടതി ഒരിക്കല്‍ ഇടപെട്ടിട്ടുണ്ട്. സിറ്റിംഗ് ജഡ്ജിമാര്‍ ഇത്തരം രാഷ്ട്രീയ പ്രഹസനങ്ങള്‍ക്ക് പോകരുതെന്ന് ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അഭിപ്രായപ്പെട്ടു. അഥവാ പോകേണ്ടിവന്നാല്‍ ജഡ്ജിമാര്‍ രാജിവച്ചിട്ട് അന്വേഷണ കമ്മീഷന്‍ ആകണമെന്ന് പറഞ്ഞു. അതിനുശേഷം വ്യവഹാരബാഹുല്യത്താല്‍ വലയുന്ന കോടതികളില്‍ നിന്ന് അന്വേഷണ കമ്മീഷന്‍ ആകാന്‍ സിറ്റിംഗ് ജഡ്ജിമാരെ കിട്ടാറില്ല. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ റിട്ടയര്‍ ചെയ്ത ജഡ്ജിമാരുടെ പണിയായിത്തീര്‍ന്നു. രാഷ്ട്രീയക്കാര്‍ അത് പാഴ്പ്പണിയാക്കി മാറ്റുകയും ചെയ്തു. പൂന്തുറ വെടിവയ്പ്പ് അടക്കം നാല് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ എഴുതിയ മുന്‍ ജില്ലാ ജഡ്ജി കെ.അരവിന്ദാക്ഷമേനോന്‍ തന്റെ അവസാന റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതി: ''ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ധാരാളമായി ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അകാരണമായി വൈകുന്നതും കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിനു താല്‍പര്യമില്ലാത്തതും ജനങ്ങളില്‍ വലിയ നൈരാശ്യമുളവാക്കുന്നു.'' അതെ, ഒരു കോടി ദൈവനൈരാശ്യം.

All punishment is crime. Just because we have not been able to find the causes, or perhaps we were not willing to find the causes, because to find the causes would mean changing the whole social structure, and we were not ready for that great revolution.-OSHO

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories