TopTop
Begin typing your search above and press return to search.

"ഈ ചിത്രങ്ങള്‍ ഉലയ്ക്കുന്നില്ലെങ്കില്‍ നമ്മള്‍ തെറ്റായ വഴിയിലാണ്" - യുഎസ് അതിര്‍ത്തിയില്‍ മുങ്ങിമരിച്ച അച്ഛനേയും മകളെയും പകര്‍ത്തിയ ജൂലിയ ലെ ഡുക് പറയുന്നു

"ഈ ചിത്രങ്ങള്‍ ഉലയ്ക്കുന്നില്ലെങ്കില്‍ നമ്മള്‍ തെറ്റായ വഴിയിലാണ്" - യുഎസ് അതിര്‍ത്തിയില്‍ മുങ്ങിമരിച്ച അച്ഛനേയും മകളെയും പകര്‍ത്തിയ ജൂലിയ ലെ ഡുക് പറയുന്നു
അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ദുരിതങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ശേഖരത്തിലേക്ക് ഒന്നുകൂടി. അതായിരുന്നു കഴിഞ്ഞ ദിവസം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മുങ്ങിമരിച്ച അച്ഛന്റെയും മക്കളുടെ ചിത്രം, അഭയാര്‍ത്ഥികളോട് കാണിക്കുന്ന മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ ക്രൂരതയുടെ അടയാളയാളങ്ങളായാണ് ഈ ചിത്രം ലോക മാധ്യമങ്ങളില്‍ നിറഞ്ഞനില്‍ക്കുന്നത്.

ലാ ജോറന്റെ എന്ന മെക്‌സിക്കന്‍ പത്രത്തിന്റെ പ്രതിനിധി ജൂലിയ ലെ ഡാക് ആണ് ദുരന്തത്തിന്റെ ഈ ഫ്രെയിം പകര്‍ത്തിയത്. സാല്‍വദോറില്‍നിന്നുള്ള അഭയാര്‍ത്ഥികളായ ഓസ്‌കാര് ആല്‍ബര്‍ട്ടോ മാര്‍ട്ടിനെസും അദ്ദേഹത്തിന്റെ മകള്‍ രണ്ടുവയസ്സുകാരി വലേറിയയും വെളളത്തില്‍ വീണ് കമിഴ്ന്ന് കിടക്കുന്ന ചിത്രമാണ് ഇവര്‍ പകര്‍ത്തിയത്. അച്ഛന്റെ ബനിയനുള്ളിലായിട്ടായിരുന്നു മകള്‍ കിടന്നത്. യാദൃശ്ചികമായാണ് ഈ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞതെന്ന് ജൂലിയ ലെ ഡക് പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തോടാണ് അവര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്

'മകള്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്ന പറഞ്ഞ് ഒരു സ്ത്രീ അലറി വിളിക്കുന്നത് കേട്ടാണ് അവിടെക്ക് പോയത്. അമേരിക്കയിലേക്ക് കുടിയേറാന്‍ വേണ്ടി രണ്ട് മാസമായി മെക്‌സിക്കോയില്‍ കഴിയുകയാണിവര്‍. ഒരു വര്‍ഷക്കാലം മെക്‌സിക്കോയില്‍ ജോലി എടുത്ത് താമസിക്കാന്‍ ഉള്ള വിസ അവരുടെ പക്കലുണ്ടായിരുന്നു. അമേരിക്കന്‍ മൈഗ്രേഷന്‍ ഓഫീസുമായി ബന്ധപ്പെടാന്‍ അതിര്‍ത്തിയില്‍ എത്തിയതായിരുന്നു അവര്‍. എന്നാല്‍ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ഇതേ ആവശ്യവുമായി അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.

തിരിച്ചുവരുന്നതിനിടെയാണ് ഇയാള്‍ പുഴ കടന്ന അമേരിക്കയിലേക്ക് കടക്കാമെന്ന് പറഞ്ഞത്. മകളുമായി ആദ്യം അയാള്‍ പുഴ നീന്തികടന്ന് മകളെ തീരത്ത് എത്തിച്ചു. പിന്നീട് തിരിച്ച് നീന്തി ഭാര്യയെ കൂടെക്കൂട്ടന്‍ തിരിച്ചുനീന്താന്‍ തുടങ്ങുന്നതിനിടെ മകള്‍ നദിയില്‍ വീഴുന്നു. അവളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ടു പേരും ചുഴിയില്‍ പെടുന്നു. രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും അച്ഛനെയും മകളെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെയാണ് അച്ഛന്റെയും മകളുടെയും മൃതദഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ഞാന്‍ അവിടെ എത്തി ഉടന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു'.

ജൂലിയ ലെ ഡുക് ദുരന്ത ചിത്രത്തിന്റെ കഥ വിശദീകരിച്ചുകൊണ്ട് തുടരുന്നു:
അയാള്‍ മരിച്ചത് മകളെ രക്ഷിക്കുന്നതിനിടെയാണ്. ഈ സംഭവം നമ്മുടെ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കുമോ? നയസമീപനങ്ങള്‍ സ്വീകരിക്കുന്നവരുടെ കാഴ്ചപാടില്‍ തിരുത്തലുകളുണ്ടാക്കാന്‍ ഈ ദുരന്ത ചിത്രത്തിനെങ്കിലും പറ്റുമോ. ഇത്തരം ദൃശങ്ങള്‍ക്കും നമ്മെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ തെറ്റായ മാര്‍ഗത്തിലാണെന്ന് പറയേണ്ടിവരും. ഗതികെട്ട മനുഷ്യന്‍ പലതും ചെയ്തുപോകുന്നത് ഞാന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ കാണാറുണ്ട്. ഇനിയെങ്കിലും സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയണം'
ലെ ഡുക് പറയുന്നു.

എന്നാല്‍ അഭയാര്‍ത്ഥി ജീവിതത്തിന്റെ എത്രയോ ഭീതിദമായ ചിത്രങ്ങളാണ് ലോകം കണ്ടത്. 2015 ലാണ് അഭയാര്‍ത്ഥികളുടെ ദുരിതം ബോധ്യപ്പെടുത്തി, കടല്‍തീരത്ത് മരിച്ചുകിടക്കുന്ന സിറിയന്‍ ബാലന്‍ അലാന്‍ കുര്‍ദിയുടെ ചിത്രം ലോകം കണ്ടത്. ചര്‍ച്ചകളും ധാര്‍മ്മിക രോഷപ്രകടനങ്ങളുമുണ്ടായെങ്കിലും അഭയാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാഷട്രീയ നേതൃത്വത്തിന് സ്വാധീനം കൂടി വരുന്ന കാഴ്ചകളാണ് പിന്നീടും വിവിധ ഭാഗങ്ങളില്‍നിന്നുണ്ടായത്. ഇത്തരം സംഭവങ്ങളുണ്ടാകാന്‍ കാരണം കുടിയേറ്റ് നിയമങ്ങള്‍ ശക്തമാക്കാത്തതാണെന്നായിരുന്നു അച്ഛന്റെയും മകളുടെയും മരണത്തോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഡെമോക്രാറ്റുകള്‍ സഹകരിച്ചാല്‍ ശരിയായ രീതിയില്‍ നിയമം നടപ്പിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ ജാതി അനിതീയെ ഒരു പറ്റം അധ്യാപകര്‍ മറികടന്നത് ഇങ്ങനെ, വെല്‍ഫയര്‍ സ്‌കൂളിനെ ‘പൊതു വിദ്യാലയമാക്കിയ’ സാമൂഹ്യ ഇടപെടല്‍

Next Story

Related Stories