TopTop
Begin typing your search above and press return to search.

കോടതികള്‍ ചവിട്ടുനാടക വേദിയാകുമ്പോള്‍

കോടതികള്‍ ചവിട്ടുനാടക വേദിയാകുമ്പോള്‍

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് നീതിന്യായ വ്യവസ്ഥയും അവയെ സംരക്ഷിക്കുന്ന കോടതികളുമാണ്. അത്തരത്തിലുള്ള ശക്തമായ സംവിധാനം ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിലെ സാധാരണക്കാരുടെ ഗതിഎന്താകുമായിരുന്നു? നമ്മുടെ ചരിത്രം അത് ഇടയ്ക്കിടെ വെളിപ്പെടുത്തി തരാറുണ്ട്. എന്നാല്‍ കുറുന്തോട്ടിക്ക്‌ വാതം പിടിച്ചാല്‍ എന്തായിരിക്കും സ്ഥിതി?

സുപ്രീംകോടതി വിധിയെപ്പോലും കാറ്റില്‍പ്പറത്തുന്ന ഒരു ന്യായാധിപനുണ്ട് മദ്രാസ്‌ ഹൈക്കോടതിയില്‍ - ജസ്റ്റിസ്‌ സിഎസ്‌ കര്‍ണന്‍. തന്നെ കൊല്‍ക്കത്ത ഹൈക്കോടതിലേക്ക് സ്ഥലംമാറ്റിയ സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ വാരിക്കുന്തവുമായി കര്‍ണന്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവു പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്കെതിരെ ദളിത് പീഢനവിരുദ്ധ നിയമപ്രകാരം എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നൈ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്ന് കര്‍ണന്‍ പറഞ്ഞതോടെ ഡല്‍ഹിയിലെ സുപ്രീംകോടതി മന്ദിരം ഉലഞ്ഞുവെന്നാണ് ചില മാധ്യമ ശിരോമണികള്‍ അടക്കം പറഞ്ഞത്.

കൊല്‍ക്കത്ത ഹൈക്കോടതിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് കര്‍ണന്‍ 'സ്വമേധയാ' തടഞ്ഞിരുന്നു. ഈ ധീരസാഹസിക പ്രവൃത്തിയില്‍ അസംതൃപ്തരായ സുപ്രീം കോടതിയാകട്ടെ ജസ്റ്റിസ്‌ സിഎസ് കര്‍ണന് കേസുകളൊന്നും കൊടുക്കരുതെന്ന് മദ്രാസ്‌ ഹൈക്കോടതിയോട് കല്‍പ്പിച്ചു. പണ്ടേ തന്നെ ഉടക്കിന്റെ ആശാനായ ജസ്റ്റിസ് കര്‍ണന്‍ പത്രസമ്മേളനം നടത്തിയാണ്‌ സുപ്രീം കോടതിയെ വിറപ്പിച്ചത്. 'കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നു മാത്രമേ എന്നെ വിലക്കാനാവൂ. ജുഡീഷ്യല്‍ അധികാരം ഇപ്പോഴും എന്റെ കൈവശം ഭദ്രമാണ്. സുപ്രീം കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്കെതിരെ കേസ്സെടുത്ത് എഫ്‌ഐആര്‍ തയ്യാറാക്കാന്‍ ഞാന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സ്വമേധയാ ഉത്തരവിടും. പട്ടികവര്‍ഗ പീഢന വിരുദ്ധ നിയമപ്രകാരമായിരിക്കും കേസെടുക്കുക. എന്റെ ജന്മാവകാശം റദ്ദ്‌ ചെയ്താല്‍ ജാതിവ്യവസ്ഥ ഇല്ലാത്ത ഒരു രാജ്യത്തേക്ക് ഞാന്‍ കുടിയേറും,' കര്‍ണന്‍ ജ്വലിച്ചുകൊണ്ട് ശപഥംചെയ്തു.പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ നിയമവിരുദ്ധവും കോടതിയലക്ഷ്യവും ആവില്ലേ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കര്‍ണന്‍ ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞു, 'നിങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാന്‍ പാടില്ലെന്ന്‌ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ജുഡീഷ്യല്‍ ഉത്തരവു കൊടുക്കും.' സുപ്രീം കോടതിക്ക് താന്‍ അയച്ച ഉത്തരവിന്റെ കോപ്പി കര്‍ണന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും രാംവിലാസ് പസ്വാനും മായാവതിക്കും അയച്ചതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കര്‍ണന്‍ പറഞ്ഞു: 'അവരെല്ലാം സാമുദായിക/രാഷ്ട്രീയ നേതാക്കളാണ്. പാര്‍ലമെന്റില്‍ അവര്‍ എന്നെ പിന്തുണക്കും എന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ നിരപരാധിയാണെന്ന് പാര്‍ലമെന്‍റ് പറയട്ടെ.' (2017 ജൂണില്‍ റിട്ടയര്‍ ചെയ്യേണ്ട കര്‍ണന് ഇമ്പീച്ചുമെന്റിനെക്കുറിച്ചുള്ള ബോധം വേട്ടായുന്നുണ്ട് എന്ന് ഇവിടെ വ്യക്തം).

കര്‍ണന്‍ സഹ ജഡ്ജിമാരെയും വിടാറില്ല. അവര്‍ക്കെതിരെയും അദ്ദേഹം ആരോപണങ്ങള്‍ തൊടുത്തുവിട്ടു. കോടതികളില്‍ ജാതീയമായ വിവേചനം നിലനില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിലാണ്‌ സുപ്രീം കോടതി തനിക്കെതിരെ ഉത്തരവു പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹംആരോപിച്ചു. '1993-ലെ സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമാണ് എന്നെ കൊല്‍ക്കത്തക്ക് മാറ്റാനുള്ള ശുപാര്‍ശ. ഇന്ത്യന്‍ ഭരണഘടനയിലെ 226-ആം വകുപ്പ് പ്രകാരം ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ സ്റ്റേ ചെയ്യാന്‍ എനിക്ക് സാധിക്കും'- കര്‍ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. മാത്രമല്ല തന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള വിശദീകരണം ഫെബ്രുവരി 29-നു മുമ്പ് സുപ്രീം കോടതി നല്‍കണമെന്നും കര്‍ണന്‍ ആവശ്യപ്പെട്ടു. സ്ഥലംമാറ്റ ഉത്തരവ് കൈമാറാന്‍ വീട്ടിലെത്തിയ ഹൈക്കോടതി രജിസ്ട്രാറെ കര്‍ണന്‍ അസഭ്യം പറഞ്ഞതും സുപ്രീം കോടതിയെ ചൊടിപ്പിച്ചിരുന്നു.

കെജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണ് 2009 മാര്‍ച്ച് 31-നു സിഎസ് കര്‍ണന്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നത്. എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു കര്‍ണന്‍ തനിക്ക് ഇഷ്ടമില്ലാത്തതിനെതിരെ എന്നും പ്രതികരിച്ച്‌ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതില്‍ മുമ്പനായിരുന്നു. ദളിതനായതിന്റെ പേരില്‍ താന്‍ വിവേചനത്തിന് എന്നും ഇരയായിരുന്നു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനില്‍ പല തവണ ഇദ്ദേഹം പരാതി നല്‍കിയിട്ടുമുണ്ട്. 2011-ല്‍ മദ്രാസ്‌ ഹൈക്കോടതിയിലെ തന്റെ ചേംബറില്‍ പത്രക്കാരെ വിളിച്ചുവരുത്തി ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തിരുന്നു. ജാതി പറഞ്ഞ് ഏതാനും ജഡ്ജിമാര്‍ തന്നെ അപമാനിച്ചതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഒരു ചടങ്ങില്‍ വച്ച് ഉന്നതജാതിക്കാരനായ ഒരു ജഡ്ജി തന്നെ ഷൂ കൊണ്ട് തട്ടിയെന്നും അതുകണ്ടു നിന്ന ജഡ്ജിമാര്‍ തന്നെ നോക്കി ഇളിഭ്യനാക്കി ചിരിച്ചെന്നും ഒരിക്കല്‍ കര്‍ണന്‍ പറഞ്ഞിരുന്നു.മറ്റുള്ള ജഡ്ജിമാരുടെ കോടതികളിലും കടന്നുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്വഭാവക്കാരനാണ് കര്‍ണന്‍. ജസ്റ്റിസുമാരായ കെ കെ ശശിധരനും കെ ധനപാലനും 2014 ജനുവരിയില്‍ അഡീഷണല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ്സില്‍ വാദം കേട്ടുകൊണ്ടിരിക്കെ കര്‍ണന്‍ അവരുടെ ചേംബറില്‍ കയറിച്ചെന്ന് അഡീഷണല്‍ ജഡിജിമാരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് പരസ്യമായി പറഞ്ഞത്‌ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. കര്‍ണന്റെ കടന്നുകയറ്റത്തെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. ഇത്തരത്തിലൊരു കടന്നുകയറ്റം ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്ന് നിയമജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

മദ്രാസ്‌ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഗര്‍വാളിനെതിരെയും കര്‍ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനില്‍ അദ്ദേഹം പരാതിപ്പെടുകയും ചെയ്തു. തനിക്കെതിരെയും തന്റെ സഹപ്രവര്‍ത്തകരായ ജഡ്ജിമാര്‍ക്കെതിരെയും (വക്കീലന്മാര്‍ക്കെതിരെയും) ആരോപണങ്ങള്‍ ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ജസ്റ്റിസ് അഗര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇപ്പോഴുള്ള മദ്രാസ് ചീഫ് ജസ്റ്റിസ്‌ സഞ്ജയ് കിഷന്‍ കൗളിനെയും കര്‍ണന്‍ വെറുതേ വിട്ടിരുന്നില്ല. ജസ്റ്റിസ് കര്‍ണനെതിരെ നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ഹൈക്കോടതിയിലെ 21 ജഡ്ജിമാര്‍ കഴിഞ്ഞ 2015 സെപ്തംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പരാതി അയച്ചിരുന്നു. ദി ഹിന്ദു ദിനപത്രവും മുഖപ്രസംഗത്തിലൂടെ കര്‍ണന്റെ നീക്കങ്ങളെ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

രാജ്യത്തിന്റെ മഹത്തായ നിയമവ്യവസ്ഥയെ ദളിതന്റെ ചായം പുരട്ടിയാണ് കര്‍ണന്‍ ഇപ്പോള്‍ കശക്കുന്നത്. ദളിതര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയും അവരുടെ ന്യായമായ അവകാശങ്ങളോടും നൂറുശതമാനം തോളുരുമ്മി നില്‍ക്കുന്നവര്‍ പോലും ജസ്റ്റിസ്‌ കര്‍ണന്റെ നീക്കങ്ങളെ സംശയാസ്പദമായി കാണുന്നു. നീതിന്യായവ്യവസ്ഥയേയും ജനാധിപത്യ ക്രമങ്ങളേയും തകിടംമിറക്കുന്നതില്‍ തമാശ കണ്ടെത്തുകയാണ് ജസ്റ്റിസ് കര്‍ണന്‍. ഞാനൊരു 'കണ്‍ട്രോളിംഗ്' ജഡ്ജാണ്, 'കോണ്‍ട്രവേഴ്‌സ്യല്‍' ജഡ്ജ് അല്ല എന്ന് ഇദ്ദേഹം പറയുമ്പോള്‍ കോടതിമുറികളുടെ 'കണ്‍ട്രോ'ളാണ് പമ്പ കടക്കുന്നത്. എന്തായാലും ജസ്റ്റിസ്‌ കര്‍ണന്റെ ചവിട്ടുനാടകത്തില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് മദ്രാസ്‌ ഹൈക്കോടതിയും സുപ്രീംകോടതിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories