TopTop

ജസ്റ്റിസ് കര്‍ണ്ണന്‍ പരിഹസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ്

ജസ്റ്റിസ് കര്‍ണ്ണന്‍ പരിഹസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ്
വിധിന്യായങ്ങളുടെ പേരില്‍ പ്രസിദ്ധനാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന്‍. പക്ഷെ അദ്ദേഹത്തിന്റെ പ്രവചനാതീതമായ സ്വഭാവം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചില പിന്നോക്കാവസ്ഥകളെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ നാമനിര്‍ദ്ദേശം ലഭിക്കപ്പെട്ട ചീഫ് ജസ്റ്റിസ് സഞ്ജയ് എസ് കൗളിനെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതിലൂടെ 2015ല്‍ ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. തന്റെ നീതിന്യായ ജോലികളില്‍ കൌള്‍ ഇടപെടുന്നതായി ആരോപിച്ച കര്‍ണന്‍, പിന്നീട് മറ്റൊരു ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ ആരോപിക്കപ്പെട്ട വ്യാജ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കര്‍ണന്‍ തങ്ങളുടെ കുടുംബത്തെ പീഢിപ്പിക്കുന്നതായി മറ്റൊരു ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. കര്‍ണന്റെ ധിക്കാരപൂര്‍ണമായ പെരുമാറ്റത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ 20 ഓളം ജഡ്ജിമാര്‍ ഒരു പെറ്റീഷനില്‍ ഒപ്പിട്ടിരുന്നു.

നീതിന്യായപരവും ഭരണനിര്‍വഹണപരവുമായ എല്ലാ ചുമതലകളില്‍ നിന്നും ജസ്റ്റിസ് കര്‍ണനെ ഒഴിവാക്കിയ സുപ്രീം കോടതി, പിന്നീട് അദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

താന്‍ ദളിതനായതിനാലാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്ന് ജഡ്ജിമാര്‍ക്കെഴുതിയ ഒരു കത്തില്‍ കര്‍ണന്‍ ആരോപിച്ചിരുന്നു. അതിനുശേഷം സ്വന്തം സ്ഥലമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാനും ജസ്റ്റിസ് കര്‍ണന്‍ മുതിര്‍ന്നു. പിന്നീട് അദ്ദേഹം ഉത്തരവിന് വഴങ്ങുകയും തന്റെ സ്ഥലം മാറ്റം അംഗീകരിക്കുകയും ചെയ്തു.അതുകൊണ്ടും കഥ അവസാനിച്ചില്ല. കര്‍ണന്‍ കോടതിക്ക് മുന്നില്‍ ഹാജരാകാത്തതിന്റെ പേരില്‍ ജാമ്യമുള്ള ഒരു അറസ്റ്റ് വാറണ്ട് വെള്ളിയാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ചു. വ്യക്തിപരമായി സമന്‍സ് കൈമാറാന്‍ സുപ്രീം കോടതി പശ്ചിമ ബംഗാള്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്റെ പതിവ് കോമാളിത്തരവുമായി കര്‍ണന്‍ രംഗത്തെത്തി. സ്വന്തം വീട്ടില്‍ ഒരു കോടതി സമ്മേളനം നടത്തിയ അദ്ദേഹം, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിനും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്കുമെതിരെ പട്ടികജാതി, പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 'ഉത്തരവിട്ടു.'

ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, പിനാകി ചന്ദ്ര ഘോഷ്, കുര്യന്‍ ജോസഫ് എന്നീ സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെയും കേസെടുക്കാന്‍ കര്‍ണന്‍ ഉത്തരവിട്ടിട്ടുണ്ട്.

മുന്നോട്ടുള്ള വഴി
ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വീസിലുള്ള ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി,  കോടതി അലക്ഷ്യക്കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കോടതി അലക്ഷ്യ നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതിരിക്കുന്നതിന്റെ പേരില്‍ കര്‍ണനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബഞ്ച് നടത്തിയത്. മാര്‍ച്ച് 31ന് രാവിലെ 10.30ന് കോടതിയുടെ മുമ്പാകെ ഹാജരാകണം എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഭരണഘടനാപരമായി, സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ഒരു ജഡ്ജിയെ പുറത്താക്കുന്നതിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പുറത്താക്കല്‍ പ്രമേയം പാസാക്കേണ്ടതുണ്ട്. മൂന്ന് തവണ ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു ജഡ്ജിയെയും പാര്‍ലമെന്റ് പുറത്താക്കിയിട്ടില്ല. വിഷയം പാര്‍ലമെന്റില്‍ എത്തുന്ന പക്ഷം ഇതിലെ ജാതി ഘടകം ഒരു വിവാദത്തിന് കാരണമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് എംപിമാരുടെ സഹായത്തോടെ 1993 മേയില്‍ ജസ്റ്റിസ് വി രാമസ്വാമിക്കെതിരായ പുറത്താക്കല്‍ പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. രാജ്യസഭയില്‍ തനിക്കെതിരെ പുറത്താക്കല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് 2011 ജൂലൈയില്‍ സിക്കിം ഹൈക്കോടതി ചീഫ് ജഡ്ജിയായിരുന്ന ജസ്റ്റിസ് പി ഡി ദിനകരന്‍ രാജിവെച്ചു. തനിക്കെതിരായ പുറത്താക്കല്‍ പ്രമേയത്തിനെതിരെ രാജ്യസഭയില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്‍ വാദിച്ച് പരാജയപ്പെട്ടെങ്കിലും ലോക്‌സഭയില്‍ പ്രമേയം പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പ് അദ്ദഹവും രാജിവെച്ചിരുന്നു.


Next Story

Related Stories