TopTop
Begin typing your search above and press return to search.

നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെ? ദക്ഷിണേന്ത്യയില്‍ കുക്കാണ്

നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെ? ദക്ഷിണേന്ത്യയില്‍ കുക്കാണ്

നിര്‍ഭയക്കേസില്‍ വധശിക്ഷ റദ്ദ് ചെയ്യണമെന്ന പ്രതികളുടെ അപേക്ഷ ഇന്ന് പോലീസ് തള്ളിയതോടെ കേസില്‍ ജയില്‍ മോചിതനായ കുട്ടിക്കുറ്റവാളി ഇപ്പോഴെവിടെയാണെന്ന ചോദ്യം വീണ്ടും ഉയരുന്നു. 23കാരിയായ ഫിസിയോ തെറാപ്പിസ്റ്റിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ ഇയാള്‍ ഇപ്പോള്‍ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതിയ ജീവിതം നയിക്കുന്നുവെന്നാണ് വിവരങ്ങള്‍.

കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചൊന്നും അറിയാതെ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ഭക്ഷണശാലയിലെ പാചകക്കാരനായി ഇയാള്‍ നല്ലൊരു ജീവിതം നയിക്കുകയാണെന്നാണ് കുട്ടിയുടെ പുനരധിവാസ പ്രക്രിയയില്‍ പങ്കാളിയായിരുന്ന ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറയുന്നത്. കൂടാതെ ഇയാള്‍ക്ക് ഇപ്പോള്‍ 23 വയസ്സായെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. 2012 ഡിസംബര്‍ 16ന് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം ഈ രാജ്യത്തെ തന്നെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന എന്ന കാരണത്താലാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചത്. ബാലാവകാശ നിയമപ്രകാരം ഇയാള്‍ മൂന്ന് വര്‍ഷം ഇവിടെ കഴിഞ്ഞു.

2015 ഡിസംബറില്‍ ഇവിടെ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ഇപ്പോള്‍ ദേശീയ മാധ്യമങ്ങളുടെയൊന്നും ശ്രദ്ധ ലഭിക്കാത്ത ദക്ഷിണേന്ത്യയിലെ ഒരിടത്താണെന്നാണ് പറയുന്നത്. ഇയാളുടെ തൊഴിലുടമയ്ക്ക് പോലും ഇയാളുടെ ഭൂതകാലത്തെക്കുറിച്ച് അറിവില്ല. അതേസമയം ദക്ഷിണേന്ത്യയില്‍ എവിടെയാണ് ഇയാളുള്ളതെന്ന് വെളിപ്പെടുത്താല്‍ സന്നദ്ധപ്രവര്‍ത്തകന്‍ വിസമ്മതിച്ചു. സന്തോഷകരമായ ജീവിതം നയിക്കുന്ന ഇയാളുടെ സുരക്ഷയെക്കരുതിയാണ് ഈ വിവരം വെളിപ്പെടുത്താനാകാത്തതെന്നാണ് പറയുന്നത്.

2015 ഡിസംബര്‍ 20ന് തടവില്‍ നിന്നും പുറത്തു വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ദക്ഷിണേന്ത്യയിലെ ഒരു ഭക്ഷണശാലയില്‍ എത്തിച്ചത്. തടവിന് ശേഷമുള്ള ആദ്യനാളുകളില്‍ ഇയാള്‍ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു. ഇവരാണ് ദക്ഷിണേന്ത്യയിലേക്ക് അയച്ചത്.

ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ലെന്ന് ആ സന്നദ്ധ പ്രവര്‍ത്തകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വെളിപ്പെടുത്തി. 240 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നും 11-ാം വയസ്സില്‍ നാട് വിട്ടാണ് ഈ കുട്ടി ഡല്‍ഹിയിലെത്തിയത്. അതോടെ ആറംഗ കുടുംബത്തെ പുലര്‍ത്തേണ്ട ചുമതല ഇയാളുടെ മൂത്ത സഹോദരിക്കായി. കിടപ്പിലായ അച്ഛനും രോഗിയായ അമ്മയും മൂന്ന് ഇളയ സഹോദരങ്ങളുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ആ കുടുംബം ഇപ്പോഴും ഇതേ ഗ്രാമത്തില്‍ ജീവിക്കുന്നുണ്ട്.

ഡല്‍ഹിയിലെത്തിയ കുട്ടി രാം സിംഗിന്റെയും കേസിലെ മറ്റ് പ്രതികളുടെയും കൈവശമാണ് എത്തിച്ചേര്‍ന്നത്. ബസ് വൃത്തിയാക്കുകയായിരുന്നു ജോലി. പ്രതിഫലമായി ഭക്ഷണം മാത്രമാണ് ലഭിച്ചിരുന്നത്. പുനരധിവാസ കേന്ദ്രത്തിലായിരുന്നപ്പോള്‍ ഇയാള്‍ പതിവായി അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ഇവിടുത്തെ ഏറ്റവും അച്ചടക്കമുള്ള അന്തേവാസിയായിരുന്നു ഇയാളെന്നും അക്കാലത്ത് കുട്ടിയുമായി സംസാരിച്ചിരുന്ന വെല്‍ഫെയര്‍ ഓഫീസര്‍മാരും കൗണ്‍സിലറും പറയുന്നു.

പുനരധിവാസ കേന്ദ്രത്തിലെത്തി അധികം വൈകാതെ ഇയാള്‍ മതവിശ്വാസിയായി തീര്‍ന്നു. താടി നീട്ടി വളര്‍ത്തുകയും അഞ്ച് നേരം നിസ്‌കരിക്കുകയും ചെയ്തു. ആദ്യമൊക്കെ മറ്റ് അന്തേവാസികളില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നെങ്കിലും അവിടുത്തെ അവസാന വര്‍ഷത്തില്‍ ഹൈക്കോടതി ബോംബ് സ്‌ഫോടനത്തിലെ പ്രതി ഇയാള്‍ക്ക് കൂട്ടായി എത്തി. ഇത് ഇയാളെ തീവ്രവാദിയാക്കുമെന്ന് പലരും കരുതിയതിനെ തുടര്‍ന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റി.

അതേസമയം ഇയാള്‍ക്ക് പഠിക്കാന്‍ വളരെക്കുറിച്ച് താല്‍പര്യം മാത്രമാണ് ഉണ്ടായിരുന്നത്. സ്വന്തം പേരെഴുതാന്‍ മാത്രമാണ് ഇയാള്‍ പഠിച്ചത്. എന്നാല്‍ പാചകത്തോട് ഇയാള്‍ വളരെയധികം താല്‍പര്യമുണ്ടായിരുന്നു. എല്ലായ്‌പ്പോഴും സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പം ഇയാളും പാചകത്തിന് കൂടിയിരുന്നു. അന്തേവാസികള്‍ ഇയാള്‍ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യപ്പെടുന്നതും പതിവായിരുന്നെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇയാള്‍ കേരളത്തിലാണെന്ന വിധത്തിലുള്ള വാര്‍ത്തകളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലുകളിലുള്‍പ്പെടെ അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയും എത്തുന്നത് കേരളത്തിലാണെന്ന വസ്തുത പരിശോധിക്കുമ്പോള്‍ അത് തള്ളിക്കളയാനാകില്ല. എന്തായാലും ഇയാള്‍ ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിന്റെ തീവ്ര നിരീക്ഷണത്തിലാണ്.


Next Story

Related Stories