TopTop
Begin typing your search above and press return to search.

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല; ഒല്ലൂര്‍ എം എല്‍ എ കെ. രാജന്‍/അഭിമുഖം

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല; ഒല്ലൂര്‍ എം എല്‍ എ കെ. രാജന്‍/അഭിമുഖം

കെ. രാജന്‍ എം എല്‍ എ/വിഷ്ണു എസ് വിജയന്‍

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച എ ഐ വൈ എഫ് മുന്‍ സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എം എല്‍ എയുമായി വിഷ്ണു എസ് വിജയന്‍ നടത്തിയ അഭിമുഖം.


വിഷ്ണു എസ് വിജയന്‍: യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനില്‍ നിന്നും നിയമസഭയിലേക്ക് എത്തിയിരിക്കുന്നു...

കെ. രാജന്‍: തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു, അനുസരിച്ചു.പാര്‍ടി ആണല്ലോ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്.സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ പാര്‍ലമെന്ററി പാര്‍ടി രംഗത്തും ഇടപെടണം എന്ന പാര്‍ടി ആവശ്യം അനുസരിച്ചാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. രണ്ടും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. പാര്‍ലമെന്‍ററി രംഗത്ത് വിശാലമായ മനസ്സാണ് ആവശ്യം.അപ്പോള്‍ നമ്മള്‍ ജനപ്രതിനിധികള്‍ ആണ്. എല്ലാ തരം ആളുകളോടും പെരുമാറേണ്ടതുണ്ട്. സംഘടന രംഗത്ത് ആണെങ്കില്‍ അങ്ങനെയല്ല. അതൊക്കെ ആദ്യമേ മനസ്സിലാക്കിയതിനു ശേഷമാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്.

വി: ഒല്ലൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു താങ്കളുടേത്..

രാ: വിജയം ഞാന്‍ നൂറു ശതമാനം പ്രതീക്ഷിച്ചിരുന്നു.കാരണം പത്തിരുപത് വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വരുന്ന മണ്ഡലമാണ് ഒല്ലൂര്‍. അവിടുത്തെ പ്രാദേശിക പ്രശ്നങ്ങളില്‍ എല്ലാം ഏറെ നാളായി ഇടപെട്ടുകൊണ്ടിരുന്ന വ്യക്തി എന്ന നിലയില്‍ ജനങ്ങളെ നേരിട്ട് അറിയാമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ഉണ്ടായിരുന്നെങ്കില്‍ പോലും മത്സരം ഇടതും യുഡിഎഫും തമ്മില്‍ ആയിരുന്നു. ഭരണകക്ഷിയോടുള്ള ശക്തമായ വിയോജിപ്പ്‌ ജനങ്ങള്‍ക്കുണ്ടായിരുന്നു.

വി: ലോകസഭ തെരഞെടുപ്പില്‍ കണ്ട സിപിഐയെ അല്ല നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്?

രാ: തീര്‍ച്ചയായും മാറ്റങ്ങള്‍ സംഭവിച്ചു. ഇത്തവണ നല്ല ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഞങ്ങളെ പോലുള്ള പുതു മുഖങ്ങള്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരേ പോലെ അവസരം നല്‍കി.രണ്ടു ടേം മത്സരിച്ചവരെ ഒഴിവാക്കി, സിറ്റിംഗ് എംഎല്‍എമാരില്‍ അനിവാര്യമാണ് എന്ന് തോന്നിയവരെ മാത്രം ഉള്‍പ്പെടുത്തി.മേല്‍ ഘടകം മുതല്‍ താഴെതട്ട് വരെ ഒരേ മനസ്സില്‍ പ്രവര്‍ത്തിച്ചു. ഇടതു മുന്നണി രൂപികരിച്ചതിനു ശേഷം സിപിഐക്ക് കിട്ടിയ ഏറ്റവും തിളക്കമാര്‍ന്ന വിജയമായിരുന്നു ഇത്തവണത്തേത്. തൃശൂര്‍ ജില്ലയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം വിജയം ആയിരുന്നു. അതിനു പാര്‍ട്ടിയും മുന്നണിയും എടുത്ത നിലപാടുകള്‍ ആണ് കാരണമായത്.

വി: കേരളത്തില്‍ ശക്തമായി നില്‍ക്കുമ്പോഴും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്നണിയുടെയും അവസ്ഥ ഇന്ത്യയിലെ മറ്റിടങ്ങളില്‍ പരിതാപകരമാണ്?

രാ: ശരിയാണ്. പല ഇടങ്ങളിലും ഞങ്ങള്‍ പിറകിലോട്ടാണ്. അവിടെ ജാതിസംഘടനകള്‍ ശക്തമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു. അതിനെ ചെറുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ശക്തമായി ഞങ്ങളുടെ നിലപാടുകള്‍ അവര്‍ക്കിടയില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍പ് സ്വാധീനം ഉണ്ടായിരുന്ന മേഖലയിലും സ്വാധീനം കുറഞ്ഞ് വന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം ഞങ്ങള്‍ ഇപ്പോള്‍ മാറ്റി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ജാതിരാഷ്ട്രീയത്തെ മറികടക്കുവാന്‍ നല്ല ശ്രദ്ധ ആവശ്യമാണ്. കനയ്യ കുമാര്‍ അടക്കമുള്ളവരുടെ കടന്നു വരവ് വിദ്യാര്‍ഥി യുവജന വിഭാങ്ങള്‍ക്കിടയില്‍ പുതിയ ഒരു ഉണര്‍വ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.വി: ബംഗാളില്‍ സിപിഐഎം നിലപാടിന് എതിരായിരുന്നല്ലോ സിപിഐ നിലപാട്?

രാ: ബംഗാളില്‍ സംഭവിച്ചത് തെറ്റ് തന്നെയാണ് എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. അവിടെ സംഭവിച്ചതിനെ പറ്റി ആത്മപരിശോധന നടത്തുവാന്‍ ഇടതു പക്ഷം തയ്യാറാകണം. ബംഗാളില്‍ മാത്രമല്ല നേരത്തെ പറഞ്ഞത് പോലെ നമുക്ക് സ്വാധീനമുണ്ടായിരുന്ന പലയിടങ്ങളിലും നമ്മള്‍ താഴെപ്പോയി. അതുണ്ടാകാന്‍ ഉള്ള സാഹചര്യങ്ങളെ പറ്റി ഇടതു പക്ഷം വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടതാണ്.

വി: അതിരപ്പിള്ളി വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണ്?

രാ: നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്നത് തന്നെയാണ് എന്‍റെയും പാര്‍ടിയുടെയും നിലപാട്. അതിന്‍റെ ഏറ്റവും പ്രധാന പ്രശ്നം ഒരു ടൂറിസ്റ്റ് കേന്ദ്രം നഷ്ടപ്പെടും എന്നത് മാത്രമല്ല. ഈ പദ്ധതിയെ എതിര്‍ക്കുന്നതിനു മൂന്ന് വശങ്ങള്‍ ഉണ്ട്.

പ്രകൃതിയെ നശിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തേത്. ചാലക്കുടി പുഴയെ ആശ്രയിച്ചു നാല് മണ്ഡലങ്ങളില്‍ ജലസേചന സൌകര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ചാലക്കുടി പുഴയ്ക്കു കുറുകെ ഇപ്പോള്‍ തന്നെ ആറു അണക്കെട്ടുകള്‍ ഉണ്ട്. ഇനി ഒരെണ്ണം കൂടി താങ്ങുമോ എന്ന കാര്യം സംശയമാണ്. ആദിവാസികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥ ഇത് തീര്‍ത്തും തകിടം മറിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവംകൂടുതല്‍ പുഴ മത്സ്യ സമ്പത്തുള്ള പ്രദേശമാണ് ചാലക്കുടി പുഴയും അതിനു ചുറ്റുമുള പ്രദേശങ്ങളും. വംശ നാശ ഭീഷണി നേരിടുന്ന നാലിനം വേഴാമ്പലുകളുടെയും ചിത്ര ശലഭങ്ങളുടെയും പക്ഷികളുടെയും സാങ്കേതമാണ് അവിടം. ഏറ്റവും കൂടുതല്‍ ജൈവ സമ്പത്ത് ഉള്ള വനമേഖല. ഇത്രയൊക്കെ നശിപ്പിച്ചു കൊണ്ട് നമുക്ക് വികസനം വേണമോ എന്ന് ചിന്തിക്കണം.

രണ്ട്, നൂറ്റിഅറുപത്തി മൂന്നു മെഗാവാട്ട് വൈദ്യതി അവിടെ നിന്നും ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കില്ല. അവിടെ ഒഴുകി പോകുന്ന വെള്ളത്തിന്റെ തോത് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. ഊര്‍ജ പ്രതിസന്ധികേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് പരിഹരിക്കുവാന്‍ പ്രകൃതിയെ നശിപ്പിക്കല്‍ അല്ല വേണ്ടത്.. നമുക്ക് മറ്റു വഴികള്‍ ചിന്തിക്കാം. സത്യത്തില്‍ നമ്മള്‍ ബദല്‍ മാര്‍ഗങ്ങളെ പറ്റി ചിന്തിച്ചിട്ടില്ല എന്നതാണ് കുഴപ്പം. സൂര്യപ്രകാശത്തില്‍ നിന്നും തിരമാലകളില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ ഉണ്ടാക്കാമല്ലോ. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ ഉള്ള വഴികള്‍ ആലോചിക്കണം. നൂറ്റിനാല് ഹെക്ടര്‍ കാടു നശിപ്പിച്ചിട്ടു അത്രയും ജൈവ സമ്പത്തിനെ നമുക്ക് തിരികെ കൊണ്ടുവരാന്‍ ഒരിക്കലും കഴിയില്ല.

മൂന്നാമത്തെ കാര്യം ഇങ്ങനെയൊരു പദ്ധതിയെ പറ്റി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ എവിടെയും പറഞ്ഞിട്ടില്ല. ഇതിനെപ്പറ്റി ചര്‍ച്ചകളും നടന്നിട്ടില്ല. അതുകൊണ്ട് അങ്ങനെയൊരു പദ്ധതി നടപ്പിലാക്കില്ല എന്ന് തന്നെയാണ് കരുതുന്നത്.വി: എന്തൊക്കെയാണ് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍?

രാ: കേരളത്തില്‍ ഏകദേശം പതിമൂവായിരത്തി ഇരുനൂറോളം പേര്‍ പട്ടയം ഇല്ലാത്തവരായി ഉണ്ട്. അതില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് പട്ടയം നല്‍കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. രണ്ടാമത്തെ കാര്യം ഒല്ലൂരിലെ സുവോളജി പാര്‍ക്ക് ആണ്. അത് ഇവിടുത്തുകാരുടെ ഒരു വലിയ സ്വപ്നമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. സുവോളജി പാര്‍ക്ക് വന്നു കഴിഞ്ഞാല്‍ പീച്ചിയും ചിമ്മിനി ഡാമും സുവോളജിക്കല്‍ പാര്‍ക്കും അതിനിടയില്‍ ഉള്ള ആറ് വെള്ളച്ചാട്ടങ്ങളും സുകുമാര്‍ അഴീക്കോടിന്റെ വസതിയും കൂട്ടി ചേര്‍ത്ത് ഒരു സന്ദര്‍ശക ഇടനാഴി രൂപപ്പെടുത്തുവാന്‍ സാധിക്കും.

പിന്നെ ഒല്ലൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ശാപം ഒല്ലൂര്‍ പട്ടണത്തിലുള്ള വെള്ളക്കെട്ടാണ്. അതിന് കോര്‍പ്പറേഷനുമായി ചേര്‍ന്ന് പരിഹാരം കണ്ടെത്തും.

മറ്റൊരു കാര്യം വികസനം എന്ന് പറയുന്നത് ഫണ്ടുകള്‍ വഴിയാണല്ലോ നടക്കുന്നത്. എംഎല്‍എ ഫണ്ട്, എംപി ഫണ്ട്. ഇതെല്ലാം വെവ്വേറെയാണ് നല്‍കുന്നത്. അത് വെവ്വേറെ ചെലവാക്കുമ്പോള്‍ ഈ പണം എങ്ങും എത്താതെ പോകുന്നു. എന്റെ അഭിപ്രായം ഒരു മണ്ഡലത്തില്‍ നടപ്പിലാകേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏതൊക്കെ ഫണ്ട് എവിടെയൊക്കെ കൃത്യമായി നടപ്പിലാക്കുവാന്‍ സാധിക്കുമെന്നു നമ്മള്‍ ആലോചിക്കണം. ചെറിയ കാര്യങ്ങള്‍ ആണ് എങ്കില്‍ പഞ്ചായത്ത്‌ ഫണ്ട്, അതിലും വലുതിനു എംഎല്‍എ ഫണ്ട്, അതിലും വലുതിനു എംപിഫണ്ട്. ഒരുമിച്ചു വിനിയോഗിക്കേണ്ടവയ്ക്ക് ഒരുമിച്ചു വിനിയോഗിക്കാം, അല്ലാതെ എല്ലാം കൂടി ഒരു സ്ഥലത്ത് കൊണ്ടിട്ടാല്‍ അത് പണം നഷ്ടപ്പെടുത്തല്‍ മാത്രമാകും.

ഇതിന്റെ ആദ്യ പടിയായി ഞാന്‍ ജൂണ്‍ ഇരുപത്തിയഞ്ചിനു എന്റെ മണ്ഡലത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളെയും വിളിച്ചു കൂട്ടി ഫണ്ട് വിനിയോഗത്തെ പറ്റിയും മറ്റു വികസന പരിപാടികളെ പറ്റിയും ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി ഒരു ജനസഭ വിളിച്ചു കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)


Next Story

Related Stories