TopTop
Begin typing your search above and press return to search.

നമ്മുടെ കോടതികളെ ആര് രക്ഷിക്കും?

നമ്മുടെ കോടതികളെ ആര് രക്ഷിക്കും?

സുപ്രീം കോടതി വക്കീലും രാജ്യസഭ അംഗവുമായ കെ ടി എസ് തുല്‍സി ബജറ്റ് ചര്‍ച്ചാ വേളയില്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം അഴിമുഖം പ്രസിദ്ധീകരിക്കുന്നു. രാജ്യത്തെ നീതി ന്യായ സംവിധാനത്തെ കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ക്കൊണ്ടും സ്ഥിതി വിവര കണക്കുകള്‍ കൊണ്ടും സമ്പന്നമാണ് ഈ പ്രസംഗം.

ഈ സഭയെ അഭിസംബോധന ചെയ്യാനും എന്റെ കന്നിപ്രസംഗം ചെയ്യാനും എനിക്കവസരം തന്നതില്‍ അതിയായ നന്ദിയുണ്ട്. രാഷ്ട്രപതി എന്നെ നാമനിര്‍ദ്ദേശം ചെയ്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. ബഹുമാന്യമായ ഈ സഭയുടെ ഉന്നതമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ എനിക്കാവുമെന്നും വിലപ്പെട്ട ഒരംഗമായി പ്രവര്‍ത്തിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

സഭാനേതാവിനോട് എനിക്കു വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. ബാറില്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമാണ്. വാസ്തവത്തില്‍, അഡീഷണല്‍ സോളിസിറ്ററായി ഞാനിവിടെ 1990-ല്‍ വന്നപ്പോള്‍ അദ്ദേഹമാണ് എന്നെ സ്വീകരിച്ചത്. കാരണം അദ്ദേഹത്തിന്റെ മുറിയായിരുന്നു എനിക്കനുവദിച്ചത്. എങ്ങനെയൊക്കയോ ഞാനദ്ദേഹത്തിനൊപ്പം പാര്‍ലമെന്റിലെത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഞാന്‍ ഭ്രമിച്ചുപോയി എന്നുതന്നെ പറയട്ടെ.

ക്രിമിനല്‍ നീതിന്യായ സംവിധാനം പ്രത്യേകിച്ചും,നീതിന്യായ സംവിധാനം മുഴുവനും, പൊതുവായി പറഞ്ഞാല്‍ ഇന്ന് കാലതാമസത്തില്‍ മുങ്ങുകയാണ്. നീതിന്യായ സംവിധാനത്തിനനുവദിച്ച അപര്യാപ്തമായ വിഹിതത്തില്‍ ഞാന്‍ അങ്ങേയറ്റം ആശങ്കാകുലനാണ്. രാജ്യത്ത് അഴിമതി നടമാടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം നമുക്ക് അഞ്ചോ, പത്തോ, ഇരുപതോ വര്‍ഷംകൊണ്ടു കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതാണ്. പത്തു വര്‍ഷമായി കുറ്റപത്രം നല്‍കാത്ത കേസുകള്‍ ഞാന്‍ തന്നെ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു സംവിധാനം മൂല്യങ്ങളുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയിലേക്കാണ് നയിക്കുക. എന്റെ മനസ്സിന് പ്രതീക്ഷ നല്‍കുന്ന ഒരേയൊരു കാര്യം രാജ്യത്തെ പൊലീസ് സ്റ്റേഷനുകള്‍ ആധുനികവത്ക്കരിക്കുക എന്നതാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളും ആധുനികവത്ക്കരിക്കണം. ഇന്ത്യ ഇപ്പോള്‍ ഒരു മൂന്നാം ലോക രാജ്യമല്ല. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ടെലിഫോണ്‍ ലൈനുകള്‍ യാന്ത്രികമായി റെക്കോഡ് ചെയ്യാനാകും. എല്ലാ പോലീസ് സ്റ്റേഷനുകളിലും അത്യാധുനികമായ ചോദ്യം ചെയ്യല്‍ മുറികളുണ്ടാക്കാം. സാക്ഷികളുടെ മൊഴി തിരുത്താന്‍ കഴിയാത്ത വിധത്തിലുള്ള സാങ്കേതികവിദ്യയനുസരിച്ച് രേഖപ്പെടുത്താം.ഇന്നിപ്പോള്‍ ശിക്ഷാനിരക്ക് വളരെ കുറഞ്ഞു പോകുന്നതിന്റെ കാരണം, അര്‍ദ്ധസാക്ഷരരായ സബ് ഇന്‍സ്പെക്ടര്‍മാരോ അതില്‍ താഴെയുള്ളവരോ രേഖപ്പെടുത്തുന്ന മൊഴികള്‍ക്ക് കോടതിയില്‍ വലിയ വിശ്വാസ്യതയില്ല എന്നതിനാലാണ്. എന്നാല്‍ ഈ മൊഴികള്‍ പിന്നീട് തിരുത്താനാവാത്ത വിധമുള്ളസാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തിയാല്‍ ഒരുപക്ഷേ നമുക്ക് ശിക്ഷാനിരക്ക് ഉയര്‍ത്താനാവും. കാരണം ശിക്ഷാനിരക്ക് കൂടിയില്ലെങ്കില്‍ നിയമങ്ങള്‍ പാലിക്കലും കുറയും.

Whistle Blowers Protection Act നാം പുനപരിശോധിക്കേണ്ടതുണ്ട്. ഈ നിയമം സ്വകാര്യമേഖലയ്ക്ക് കൂടി ബാധകമാക്കിയില്ലെങ്കില്‍ അത് നിഷ്ഫലമാകും. കാരണം മിക്ക അഴിമതിയും ഉണ്ടാകുന്നത് വന്‍കിട കച്ചവടങ്ങളിലൂടെയാണ്. നമുക്ക് സാക്ഷികളുടെ സംരക്ഷണത്തിന് വിപുലമായ പദ്ധതിയും വേണം. സാക്ഷി സംരക്ഷണ പദ്ധതിക്കു ഒട്ടും വിഹിതം അനുവദിച്ചിട്ടില്ല. സത്യസന്ധരായ സാക്ഷികള്‍ മുന്നോട്ടുവരുന്നത് നാള്‍ക്കുനാള്‍ കുറയുകയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

ലോക്പാല്‍: മുതലാളിമാര്‍ക്ക് വേണ്ടി ഒരവിശുദ്ധ കൂട്ടുകെട്ട്
ഈ വിധി പാവപ്പെട്ടവര്‍ക്ക് വേണ്ടി
ധനികര്‍ക്ക് വേണ്ടി ധനികര്‍ ഭരിക്കുമ്പോള്‍
ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?
ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും


സര്‍, നിയമ,നീതി കാര്യങ്ങള്‍ക്ക് ബജറ്റില്‍ വെറും 0.4% മാത്രം വകയിരുത്തിയതില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാണ്. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചത് കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ്. 0.4% വിഹിതവും വെച്ചു നിങ്ങളെങ്ങിനെയാണ് കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്നത്? 2014-15-ലേക്കുള്ള മൊത്തം വിഹിതം 1205 കോടി രൂപയാണ്. 2014-ലെ 1,973കോടി രൂപയുടെ വിഹിതത്തെക്കാള്‍ ഗണ്യമായ കുറവ്. കൂടുതല്‍ കോടതികള്‍ എന്ന വാഗ്ദാനം പാലിക്കുന്നതിനുള്ള ഉദ്ദേശ്യം എവിടെയാണ്?

ബഹു.ധനമന്ത്രി നിയമമന്ത്രിയായിരുന്ന കാലത്ത് അതിവേഗ കോടതികള്‍ എന്ന പുതിയ സംരംഭം നടപ്പാക്കിയ ആളാണ്. രാജ്യത്തൊട്ടാകെ ആയിരത്തിലേറെ അതിവേഗ കോടതികളുണ്ട്. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇവ 3.2 ദശലക്ഷം കേസുകളാണ് തീര്‍പ്പാക്കിയത്. നീതിന്യായ സംവിധാനം 32 ദശലക്ഷം കേസുകളുടെ ഭാരത്തില്‍ നട്ടംതിരിയുമ്പോളാണ് ഇത്. പത്തു കൊല്ലം കൊണ്ട് അതിവേഗ കോടതികള്‍ക്ക് 3.2 ദശലക്ഷം കേസുകള്‍ മാത്രമാണു തീര്‍പ്പാക്കാന്‍ കഴിഞ്ഞതെങ്കില്‍ അത് തീര്‍ത്തും നിരാശാജനകമാണ്. നിയമ,നീതി വിഭാഗത്തിനുള്ള ഈ കുറഞ്ഞ വിഹിതം കൂടി വെച്ചുനോക്കുമ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം ഒട്ടുമില്ല. ഈ വിഹിതം 40-ഓളം ട്രിബ്യൂണലുകളുടെ പ്രവര്‍ത്തനംകൂടി നടത്താനുള്ളതാണെന്നോര്‍ക്കണം. ട്രിബ്യൂണലുകള്‍ക്കനുവദിച്ച തുകയോ? ആദായ നികുതി Appellate Tribunal-നു കഴിഞ്ഞ വര്‍ഷം 4 കോടി കിട്ടി. ഈ വര്‍ഷം അതിലും കുറവാണ്. ദേശീയ നികുതി ട്രിബ്യൂണലിന് വെറും 5 ലക്ഷം രൂപ. വിദേശ വിനിമയ AppellateTribunal-നു 8.25 കോടി രൂപ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ലക്ഷം രൂപ കൂടുതല്‍.സര്‍, നമ്മുടെ നീതിന്യായ സംവിധാനത്തില്‍ ഗുരുതരമായ ഒരു പ്രശ്നമുണ്ടെന്നാണ് ഞാന്‍ പറയുന്നത്. രാജ്യത്തു ന്യായാധിപന്‍മാരുടെ 17,715 പദവികളാണുള്ളത്. ഇതാണ് രാജ്യത്ത് അനുവദിച്ച ന്യായാധിപന്‍മാരുടെ എണ്ണം. ന്യായാധിപന്‍മാരുടെ നിയമന സംവിധാനത്തില്‍ കാര്യമായ എന്തോ തകരാറുണ്ട്. കാരണം ഇതില്‍ 3,300 പദവികളും ഒഴിഞ്ഞു കിടക്കുകയാണ്. ആവശ്യമുള്ള ന്യായാധിപന്‍മാരുടെയും, അനുവദിക്കപ്പെട്ട ന്യായാധിപന്‍മാരുടെയും എണ്ണത്തില്‍ ഇത്രയും വലിയ അന്തരമുള്ളപ്പോള്‍ പിന്നെങ്ങിനെയാണ് തര്‍ക്കങ്ങള്‍ വേഗം തീര്‍പ്പാക്കാന്‍ കഴിയുക. ഇതുകൂടാതെ, മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ നീതിന്യായ മേഖലയിലെ അടിസ്ഥാനസൌകര്യങ്ങളിലും വലിയ അന്തരമുണ്ട്. അവഗണന കൊണ്ടാണിത് സംഭവിക്കുന്നത്.

സര്‍, ഒരു രാഷ്ട്രം സംസ്കാരസമ്പന്നമാണോ, ആണെങ്കില്‍ എത്രത്തോളം എന്നു നിശ്ചയിക്കുന്നത് ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ടാണ്. ആളുകളുടെ കുറ്റമോ, നിരപരാധിത്തമോ ദശാബ്ദങ്ങളോളം നിശ്ചയിക്കാന്‍ നമുക്കായില്ലെങ്കില്‍, നമുക്ക് നമ്മളെ സംസ്കാരസമ്പന്നമായ ഒരു രാഷ്ട്രം എന്നു വിളിക്കാനാവില്ലെന്ന് എനിക്കു പറയേണ്ടിവരും. സര്‍,ക്രിമിനല്‍ നീതിന്യായ സംവിധാനം തളര്‍ന്നുപോയത് കടുത്ത അവഗണനകൊണ്ടാണ്. ക്രിമിനല്‍ കോടതികളുടെ തളര്‍ച്ച കുറ്റവാളികള്‍ക്ക് സ്വതന്ത്രവിഹാരം നല്കുന്നു. നിയമത്തിന്നു അതിന്റെ ശേഷി നഷ്ടപ്പെട്ടു. നിയമ ഭീതി ഇല്ലാതായിരിക്കുന്നു. ഇതൊരു കുറഞ്ഞ അപായ സാധ്യതയുള്ള വലിയ ലാഭം തരുന്ന കച്ചവടമായി മാറി. അതുകൊണ്ടാണ് രാജ്യം അഴിമതിയിലും, കുംഭകോണങ്ങളിലും, പൊതുകുഴപ്പങ്ങളിലും മുങ്ങിത്താഴുന്നത്.

കേസ് കുടിശ്ശിക പെരുകുകയാണ്. രാജ്യത്തു കെട്ടിക്കിടക്കുന്ന ഗുരുതരമായ ക്രിമിനല്‍ കേസുകളുടെ എണ്ണം 1 കോടി 87 ലക്ഷമാണ്. ഇതില്‍ 66 ലക്ഷം 2013-ല്‍ മാത്രം നല്‍കിയതാണ്. 47 ലക്ഷം കേസുകളില്‍ മാത്രമാണ്2013-ല്‍ വിചാരണ പൂര്‍ത്തിയായത്. അതായത് കുടിശ്ശിക ഓരോ വര്‍ഷവും പെരുകുകയാണ്. പുതിയൊരു മാര്‍ഗം നാം കണ്ടെത്തിയില്ലെങ്കില്‍ ഈ കെട്ടിക്കിടക്കുന്ന കേസുകള്‍ തീരാനുള്ള ഒരു ലക്ഷണവും കാണുന്നുമില്ല. കുന്നുകൂടുന്ന കേസുകളില്‍ ബലാത്സംഗ കേസുകള്‍ 95,000,കൊലപാതക കേസുകള്‍ 1,70,000, 498A –ക്കു കീഴില്‍ (സ്ത്രീകള്‍ക്കെതിരായ ക്രൂരത) 4,00,000 കേസുകള്‍ എന്നിവയാണ്. തീര്‍പ്പാക്കാത്ത കേസുകള്‍ മൂലം സിവില്‍, ക്രിമിനല്‍ വ്യവഹാരങ്ങളുടെ എണ്ണം 3.2 കോടിയോളമായി.രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ഘടികാരചലനം ഞാന്‍ പരാമര്‍ശിക്കാം. രണ്ടു മിനിറ്റില്‍ സ്ത്രീകള്‍ക്കെതിരായ ഒരു കുറ്റകൃത്യം നടക്കുന്നു എന്നാണ് കണക്ക്. ശരിയാണ്, ഇത് 100 കോടിയിലേറെ ജനസംഖ്യയുള്ള ഒരു നാടാണ്. എങ്കിലും, രണ്ടു മിനിറ്റില്‍ സ്ത്രീകള്‍ക്കെതിരെ ഒരു കുറ്റകൃത്യം. 12 മിനിറ്റില്‍ ഒരു പീഡനം. 22 മിനിറ്റില്‍ ഒരു ബലാത്സംഗം. സര്‍,ആര്‍ക്കും ഒരു സ്ത്രീധന മരണം അഭിനയിക്കാനോ, വ്യാജമായി കാണിക്കാനോ പറ്റില്ല. എല്ലാ 61 മിനിറ്റിലും ഒരു സ്ത്രീധന പീഡന മരണം. ഓരോ 5 മിനിറ്റിലും രാജ്യത്തെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കെതിരായ എന്തെങ്കിലും ക്രൂരതയുടെ കേസ് രേഖപ്പെടുത്തുന്നു.

ഈ കഥയുടെ ഏറ്റവും ദുഖകരമായ ഭാഗമെന്നത് നമ്മുടെ തടവറകളുടെ ശേഷിയെ സംബന്ധിച്ചുള്ളതാണ്.3,20,000 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തടവറകളില്‍ 3,69,000 പേരെ കുത്തിനിറച്ചിരിക്കുന്നു. ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ഇതിലേറ്റവും മോശം കാര്യം തടവുകാരില്‍ 65% വിചാരണ തടവുകാരാണ് എന്നതാണ്. തങ്ങള്‍ കുറ്റക്കാരോ നിരപരാധികളോ എന്ന വിധിക്ക് കാത്തിരിക്കുന്നവര്‍. മിക്കവരും ശിക്ഷാ കാലാവധിയെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നവരാണ്. ജാമ്യമെടുക്കാന്‍ പോലും ശേഷിയില്ലാത്ത ദരിദ്രരാണവര്‍. ജാമ്യത്തിലെ പണത്തിന്റെ വ്യവസ്ഥ മാറേണ്ടതുണ്ട്, കാരണം അത് ദരിദ്രര്‍ക്ക് പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ആയിരം രൂപ പോലും ജാമ്യം നല്കാന്‍ കഴിയില്ല, ശിക്ഷ കഴിഞ്ഞു വരുമ്പോഴേക്കും വീട്ടില്‍ ആരുമുണ്ടാവില്ല.

ഈ സാഹചര്യം രണ്ടു കാര്യങ്ങള്‍ സൃഷ്ടിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ശിക്ഷാനിരക്ക് ക്രമമായി താഴെപ്പോരുകയും, കുറ്റകൃത്യ നിരക്ക് നിരന്തരമായി ഉയരുകയും ചെയ്യുന്നു. നാമിത് തിരുത്തിയില്ലെങ്കില്‍ ഇത് ഒരു ദുരന്തത്തിനുള്ള ചേരുവയാണ്. ശിക്ഷാനിരക്ക് എന്നത് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കുറ്റപത്രം ചുമത്തപ്പെട്ട ആളുകളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ഒന്നായതുകൊണ്ടു അത് കൂടുതലായി കാണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് പിടികൂടിയവരുടെ ശിക്ഷാനിരക്ക് വളരെ കുറവാണ്, ഏതാണ്ട് 6.4% മാത്രം. 2011-ല്‍ 3,613 കേസുകള്‍ രേഖപ്പെടുത്തി. ഇതില്‍ ശിക്ഷിക്കപ്പെട്ടത് വെറും 1163 മാത്രം. അതായത് കണക്കുകള്‍ പ്രകാരമാണെങ്കില്‍ക്കൂടി വെറും 19% ശിക്ഷാനിരക്ക്. അതായത് പ്രതികള്‍ക്കെതിരെ ചെയ്യാവുന്ന ഏകകാര്യം ഈ പ്രക്രിയ വൈകിക്കലാണെന്ന്. വിചാരണ വൈകുന്തോറും സാക്ഷികള്‍ തളരുന്നു, അത് നിസ്സാരമായ ശിക്ഷാനിരക്കില്‍ കലാശിക്കുകയും ചെയ്യുന്നു. കോടതികള്‍ കേസുകള്‍ തീര്‍ക്കുന്നതും വളരെ കുറഞ്ഞ നിരക്കിലാണ്. ഇത് ആള്‍ക്കൂട്ട ശാസനകളിലാണ് കലാശിക്കുന്നത്. ഇതിന്റെ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.

ബിഹാറില്‍ ഒരു സൈക്കിള്‍ മോഷ്ടിച്ചു എന്ന സംശയത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്നു. ചംപാരനില്‍ രണ്ടു തട്ടിക്കൊണ്ടുപോകല്‍ക്കാരെ തല്ലിക്കൊന്നു. കോടതി നടപടികളില്‍ ജനങ്ങള്‍ക്ക് ക്ഷമ നശിച്ചിരിക്കുന്നു. നമ്മള്‍ ക്രിമനല്‍ നീതിന്യായ സംവിധാനം വേഗത്തിലാക്കിയില്ലെങ്കില്‍ ഇത് വളരെ ഗുരുതരമായൊരു പ്രശ്നമായി മാറും.

നമ്മള്‍ വര്‍ഷങ്ങളായി നടപ്പാക്കുന്ന ചില തെറ്റായ പരിഹാരങ്ങള്‍ ഞാന്‍ ആദ്യം പറയാം. തെറ്റായ പരിഹാരങ്ങള്‍ കൂടുതല്‍ കര്‍ശനമായ ശിക്ഷകളാണ്. ശിക്ഷ എത്ര കര്‍ശനമാകുന്നോ അത്രയും ശിക്ഷാനിരക്കും കുറയും. നാം ജാമ്യത്തിനു നിബന്ധനകള്‍ വെക്കുന്നു. ഇത് ഒരു ഫലവും ചെയ്യുന്നില്ല. അത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ലാതെ. തെളിവുഭാരം തിരിച്ചിടുന്നത് ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധമാണ്. ചിലര്‍ പറയുന്നതു ന്യായാധിപന്‍മാരുടെ എണ്ണം കൂട്ടാനാണ്. അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ അങ്ങനെ ചെയ്യുന്നത് പ്രത്യേകിച്ച് ഫലമുണ്ടാക്കില്ല. ഇവിടെ ഒരു ദശലക്ഷം പേര്‍ക്ക് 10.5 ന്യായാധിപന്‍മാരാണ്. ലോകനിരക്ക് 50 ആണ്. കൈകാര്യം ചെയ്യുന്ന കേസുകളുടെ തോത് നോക്കിയാല്‍ യു എസില്‍ ഒരു ന്യായാധിപന്‍ ഒരു വര്‍ഷം 3,235 കേസുകള്‍ വിധിപറയുന്നു. ഇന്ത്യയിലിത് 987 ആണ്. ഇത് ഇന്ത്യന്‍ ന്യായാധിപന്മാര്‍ മോശക്കാരായതുകൊണ്ടല്ല. അവര്‍ക്ക് നല്കിയ അടിസ്ഥാനസൌകര്യം ഒരു കാളവണ്ടിവേഗത്തില്‍ കാര്യം നടത്താനുള്ളതാണ്. പോലീസ് സ്റ്റേഷനുകളും കോടതികളും നമ്മള്‍ ആധുനികവത്ക്കരിക്കേണ്ടതുണ്ട്. കോടതികള്‍ക്ക് തെളിവ് രേഖപ്പെടുത്താന്‍ യാന്ത്രിക സംവിധാനം വേണം.ഇത് കോടതികള്‍ക്ക് ചിട്ട വരുത്തുകയെയുള്ളൂ. തത്സമയം പകര്‍ത്താനുള്ള സംവിധാനവും കോടതിയില്‍ ഉണ്ടാകണം. ഇതൊക്കെ ലോകത്തെങ്ങുമുള്ള സൌകര്യങ്ങളാണ്. ഇന്ത്യയൊരു ഐ ടി വന്‍ശക്തിയാണ്. കോടതികള്‍ക്ക് ഇത്തരം സൌകര്യം നല്‍കാത്തതിന് ഒരു ന്യായവുമില്ല. എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഒരു മൊബൈല്‍ ഫോറെന്‍സിക് വാന്‍ വേണം. സംഭവസ്ഥലത്തേക്ക് ആദ്യം പോകേണ്ടത് ഈ വാനായിരിക്കണം. ശാസ്ത്രീയമായ ഒരൊറ്റ തെളിവ് നൂറു സാക്ഷികള്‍ക്ക് തുല്ല്യമാണ്. ഇത് ശിക്ഷാനിരക്കിനെ ഗണ്യമായി ഉയര്‍ത്തും.

ഈ അവസരം തന്നതിന് എനിക്കു ഏറെ കൃതജ്ഞതയുണ്ട്. ഒരു നാള്‍ നമുക്ക് നമ്മുടെ ക്രിമിനല്‍ നീതിന്യായ സംവിധാനം മെച്ചപ്പെടുത്താന്‍ കഴിയും എന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി.


Next Story

Related Stories