TopTop
Begin typing your search above and press return to search.

ഏകീകൃത സിവില്‍ കോഡ്; അപകടകരമായ നീക്കം-പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ/അഭിമുഖം

ഏകീകൃത സിവില്‍ കോഡ്; അപകടകരമായ നീക്കം-പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ/അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തിയ പ്രൊഫ.കെ യു അരുണന്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു.

വിഷ്ണു:പതിനഞ്ചു വര്‍ഷമായി ഇരിങ്ങാലക്കുടയുടെ പ്രതിനിധിയായി അപരാജിതനായി നിന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ഉണ്ണിയാടനെ തോല്‍പ്പിക്കുക എന്ന ദൗത്യമാണ് പാര്‍ട്ടി എല്‍പ്പിച്ചത്. എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിന് ഇറങ്ങിയത്?


അരുണന്‍: പതിനഞ്ച് വര്‍ഷമായി ഇരിങ്ങാലക്കുടയില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാതെ നിന്നിരുന്ന തോമസ് ഉണ്ണിയാടനെ തോല്‍പ്പിക്കാന്‍ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ ചുമതലപ്പെടുത്തിയത്. ഈ നിയോഗം ഏല്‍പ്പിച്ചത് മുതല്‍ എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു, ഞാന്‍ തന്നെ ജയിക്കുമെന്ന്. പത്രക്കാരും ചാനലുകാരുമൊക്കെ ചോദിച്ചപ്പോള്‍ ഇതേ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എനിക്ക് ഭയമില്ലായിരുന്നു. ജനങ്ങള്‍ക്ക് അത്രമാത്രം മടുപ്പ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളോടുണ്ടായിരുന്നു. ഞാനിതുവരെ കുറേയധികം തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. അവിടെയൊന്നും തോറ്റിട്ടില്ല. അതിന്റെ അനുഭവവും ഉണ്ടായിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം മനുഷ്യരുമായി ഇടപെട്ടിരുന്നതു സ്‌നേഹം എന്ന മാനദണ്ഡം വെച്ച് മാത്രമാണ്. 35 കൊല്ലം അധ്യാപകവൃത്തി ചെയ്തു. ഞാന്‍ നേടിയെടുത്ത ജനസമ്മതി തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും തുണയായത്. രാഷ്ട്രീയവും അധ്യാപനവും മാത്രമല്ല എന്‍റെ മേഖല. മാധ്യമ പ്രവര്‍ത്തന മേഖലയിലും ശ്രദ്ധ ചെലുത്തിയിരുന്നു.സിംഗിള്‍ ബഞ്ച് എന്ന പേരില്‍ ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വാര്‍ത്ത അവലോകന പരിപാടി ഞാന്‍ ഇവിടുത്തെ ഒരു പ്രാദേശിക ചാനലില്‍ അവതരിപ്പിച്ചു പോന്നിരുന്നു. പിന്നെ പ്രഭാഷകന്‍ എന്ന നിലയിലും എന്നെ ജനങ്ങള്‍ എന്നെ അറിഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടു തന്നെ അവര്‍ക്കിടയില്‍ എപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ സജീവമായ ഇടപെടലുകള്‍ വിജയം എളുപ്പമാക്കി.

വി:പ്രചാരണ സമയത്ത് താങ്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ ചുവരെഴുത്തുകള്‍ വന്നിരുന്നു, അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?

:ഞാനൊന്നും കണ്ടിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എനിക്കെപ്പോഴും പിന്തുണയുമായി ആണ് നിന്നിട്ടുള്ളത്. എതിര്‍ക്കുന്ന തരത്തില്‍ ഞാന്‍ ഒന്നും കണ്ടിട്ടില്ല.

വി: 'ടി ശശിധരനെ പരിഗണിക്കുക; ഉണ്ണിയാടനെ സഹായിക്കല്‍ നിര്‍ത്തുക' എന്ന തരത്തില്‍ വ്യാപക ചുവരെഴുത്തുകള്‍ മണ്ഡലത്തില്‍ ഉടനീളം പ്രചരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു..

:അത് വിവരദോഷികള്‍ ചെയ്തതാണ്. എല്ലായിടത്തും വിവരദോഷികള്‍ ഉണ്ടാകുമല്ലോ. അരുണന്‍ മാഷ് ഇവിടെ വരുന്നത് ഉണ്ണിയാടനെ സഹായിക്കാനാണ് എന്ന് പറയുന്നവരെ വേറെ എന്ത് പേരാണ് വിളിക്കേണ്ടത്?

വി: ടി ശശിധരനെ പിന്തുണച്ച് കൊണ്ട് ഒരു വിഭാഗം ശക്തമായി നിന്നിരുന്നു...

: ശശിധരന്‍ നല്ല ഒന്നാന്തരം കമ്മ്യുണിസ്റ്റ് ആണ്. ഞാനും അതു തന്നെ. ഞങ്ങള്‍ രണ്ടാളും അവിടെ മത്സരിക്കണം എന്ന് പറഞ്ഞിട്ടില്ല.ശശിധരന് ഒരു തവണ ഇവിടെ മല്‍സരിച്ച് തോറ്റ അനുഭവം ഉണ്ട്.അയാള്‍ വീണ്ടും എനിക്ക് സ്ഥാനാര്‍ത്ഥിയാകണം എന്ന് പറഞ്ഞു വരുന്ന കമ്മ്യൂണിസ്റ്റുകാരന്‍ അല്ല. ഞങ്ങള്‍ രണ്ടുപേരും പരസ്പരം നല്ലതുപോലെ അറിയുന്ന ആളുകളാണ്. ശശിധരന്‍ നില്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും അദ്ദേഹമാണ് ഉചിതനായ ആള് എന്ന്. ഞാന്‍ നില്‍ക്കുകയാണെങ്കില്‍ അദ്ദേഹവും പറയും 'മാഷ് കഴിഞ്ഞിട്ട് വേറെ നല്ല ആളില്ല' എന്ന്. അവിടെയൊന്നും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
വി: പിന്നെ ആര്‍ക്കായിരുന്നു അവിടെ അഭിപ്രായ വ്യത്യാസം?

: അത് നിങ്ങള്‍ തന്നെ പറഞ്ഞല്ലോ. നേരത്തെ പറഞ്ഞല്ലോ പോസ്റ്ററും ചുവരെഴുത്തും എഴുതിയ ആളുകള്‍ക്ക് തന്നെ. അതൊക്കെ ഞാന്‍ പറഞ്ഞല്ലോ. വിവരദോഷികള്‍ ചെയ്ത പണികള്‍ ആയി കണ്ടാല്‍ മതിയാകും. അതില്‍ കൂടുതല്‍ ഇനി പറയാന്‍ ഇല്ല.

വി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

: വികസനത്തിന്റെ അര്‍ഥം അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും നടപ്പിലാക്കുക. വികസനം എന്ന വാക്ക് അവസാനം ചെന്ന് നില്‍ക്കുന്നതു എവിടെയാണ്? മാനവിക സ്വാതന്ത്ര്യത്തിലാണ്. അതു മുന്‍ നിര്‍ത്തിയുള്ള വികസനമാണ് നടപ്പിലാക്കുക. കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, ഗതാഗത സൌകര്യങ്ങള്‍ പരിഹരിക്കുക, കൈപ്പമംഗലം മണ്ഡലവുമായി ബന്ധിപ്പിക്കുന്ന പാതകളും പാലങ്ങളും ശരിയാക്കുക. കൂടാതെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ വ്യക്തമായ വികസനം നടപ്പിലാക്കുക എന്നുള്ളതാണ് പദ്ധതികള്‍. ഉണ്ണായി വാര്യരുടെ സ്ഥലമാണ് ഇത്. അപ്പോള്‍ സാംസ്‌കാരിക മേഖലയെ താഴാന്‍ അനുവദിക്കുകയില്ല.

വി: ഖജനാവ് കാലിയാണ് എന്ന് ധനമന്ത്രി ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തില്‍ ഈ കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ സാധിക്കുമോ?

അ: ഉടനടി നടപ്പിലാക്കണം എന്നില്ലല്ലോ. മനുഷ്യരുടെ കാര്യമല്ലേ, പതിയെ മതി. പാലങ്ങളുടെ ഒക്കെ പണി രണ്ടു മാസം കൊണ്ട് നടക്കില്ലല്ലോ? അപ്പോള്‍ അതിന്റെതായ സമയം എടുത്ത് ചെയ്ത് തീര്‍ക്കും. അപ്പോഴേക്കും കഴിഞ്ഞ സര്‍ക്കാര്‍ ഭരിച്ച് മുടിച്ച നമ്മുടെ ധനകാര്യ വകുപ്പ് ഒക്കെ നേരെയാകും. ഇതൊന്നും തമാശയായിട്ട് പറയുകയല്ല. ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലാക്കിയാണ് അവര്‍ പോയത്. കൂടുതല്‍ ഒന്നും പറയണ്ടല്ലോ. അത്രയ്ക്ക് ദയനീയ അവസ്ഥയില്‍ ആണ്. ശരിയാക്കും,അത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

വി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

: വളരെ അപകടകരമായ കാര്യമാണ് അത്. ഒരിക്കല്‍ കൊണ്ടുവന്നിട്ടു പിന്‍വലിച്ചതാണ്. മുസ്ലീങ്ങള്‍ക്ക്, ഹിന്ദുക്കള്‍ക്ക് അങ്ങനെ ഇവിടെ ഓരോ സമുദായങ്ങള്‍ക്കും പ്രത്യേക നിയമം ഉണ്ടിവിടെ. ഇതൊന്നും ഏകീകൃതമാകാന്‍ സമയമായിട്ടില്ല. മുസ്ലീം സമുദായത്തില്‍ പല ആചാരങ്ങള്‍ ഉണ്ട്. ഒരു മുസ്ലീം പുരുഷന് രണ്ടും മൂന്നും ഒക്കെ വിവാഹം കഴിക്കാന്‍ പറ്റുന്ന നിയമങ്ങള്‍ അവര്‍ക്കുണ്ട്. ഈ നിയമങ്ങള്‍ എല്ലാം ശരിയാണോ എന്നു ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ പറയും. പക്ഷെ ഒരു ആണിന് ഒരു പെണ്ണേ പാടുള്ളൂ എന്നുള്ളത് നടപ്പിലാക്കേണ്ടത് അതാതു സമുദായത്തിലെ നിയമങ്ങള്‍ പരിഷ്ക്കരിച്ച് കൊണ്ടാകണം. അങ്ങനെ ഒരു സമുദായം സ്വയം പരിഷ്‌കരണം നടത്തുമ്പോള്‍ നമുക്ക് നിയമം കൊണ്ടുവരാം.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories