TopTop
Begin typing your search above and press return to search.

നാരായണ ഗുരുവിനെ കാവി ഉടുപ്പിക്കുമ്പോള്‍

നാരായണ ഗുരുവിനെ കാവി ഉടുപ്പിക്കുമ്പോള്‍

കെ.എ ആന്റണി

ഓണാഘോഷത്തിന് പുതിയ ഭാഷ്യം ചമച്ചതിന് തൊട്ടു പിന്നാലെ കേരളത്തിലെ സംഘികള്‍ ശ്രീനാരായണഗുരുവിനെ പിടികൂടിയിരിക്കുന്നു. മഹാബലിയെ ബൂര്‍ഷ്വാ രാജാവും വാമനനെ സ്വാതന്ത്ര്യസമര സേനാനിയുമാക്കി ഓണത്തിനെ വാമന ജയന്തിയാക്കിയവര്‍ ജാതിയേയും മതത്തെയും തള്ളിപ്പറഞ്ഞ ഗുരുവിന് ഹിന്ദു സന്യാസിപ്പട്ടം നല്‍കി, പീതവര്‍ണ്ണം മാറ്റി കാവി പുതപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഭാവിയില്‍ തനിക്കിങ്ങനെ ഒരു ദുര്യോഗം വന്നു ഭവിക്കുമെന്നു സാക്ഷാല്‍ ശ്രീനാരായണ ഗുരു ദീര്‍ഘദര്‍ശനം ചെയ്തിരുന്നുവോ ആവോ.

അല്ലെങ്കിലും ഏറെക്കാലമായി ഗുരുവിന്റെ കാര്യം തീര്‍ത്തും കഷ്ടമാണ്. ഏറെ ചിന്തിച്ചും വിയര്‍പ്പൊഴുക്കിയും പടുത്തുയര്‍ത്തിയ ജാതിഭേദ, മതഭേദ വിദ്യാലയം ഇന്നിപ്പോള്‍ സംഘികള്‍ മാത്രമല്ല ഗുരുവിനെ എതിര്‍ത്തവരും ചേര്‍ന്ന് പങ്കിട്ടെടുക്കുന്നു. ശ്രീനാരായണീയ പ്രസ്ഥാനത്തിലെ ചില പിന്‍തലമുറക്കാര്‍ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നതും കാണാതിരിക്കാനാകില്ല. സിമന്‍റ് ബിംബങ്ങളില്‍ ഒതുക്കി, ചില്ലുകൂട്ടില്‍ അടച്ച് പ്രദര്‍ശന വസ്തുവാക്കി തന്നെ മാറ്റുന്നത് കണ്ട് ഗുരുവിന്റെ ആത്മാവിനും മനം പിടഞ്ഞിരിക്കാം.

ശ്രീനാരായണ ഗുരു എന്തിനു വേണ്ടി നിലകൊണ്ടു എന്നോ, അത്തരം ധര്‍മ്മങ്ങള്‍ ഒക്കെ ആര്‍ക്കുവേണ്ടി എന്നോ അറിയാത്ത ഒരു പിന്‍തലമുറ ചെയ്തുവെച്ച ചില വൈകൃതങ്ങളുടെ അല്ലെങ്കില്‍ നൈമിഷിക സുഖഭോഗങ്ങള്‍ക്ക് വേണ്ടി നടത്തിയ ഒരു വില്‍പ്പനയുടെ കഥകൂടി ഇതിലൂടെ വായിച്ചെടുക്കാം. വെള്ളാപ്പള്ളി നടേശന് എത്രയോ കാലം മുന്‍പേ ജനിച്ച ഒരു മഹത് വ്യക്തിത്വം ആയിരുന്നു ശ്രീനാരായണ ഗുരു. ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്ന് പറഞ്ഞ ഗുരുവിന്‍റെ മഹത് സൂക്തങ്ങളെ വെല്ലുവിളിച്ച് തെരുവില്‍ കള്ളുവിറ്റ് നടന്ന ഒരു മുതലാളി ഗുരുവിന്‍റെ വക്താവായി മാറിയത് ചരിത്രത്തിന്‍റെ ഏതോ കോണില്‍ ഒരു കറുത്ത മഷിയായി അവശേഷിക്കും. ഈ കറുത്ത മഷി ഇപ്പോള്‍ പടര്‍ന്ന് പടര്‍ന്ന് അങ്ങോട്ട്‌ സംഘി സംബന്ധത്തിലേക്കും ചെന്നെത്തുമ്പോള്‍ വല്ലാത്തൊരു ജാള്യത തോന്നുന്നുണ്ടാകും സാക്ഷാല്‍ ഗുരു ശിഷ്യന്‍മാര്‍ക്ക്. ഒട്ടേറെ സന്യാസിവര്യന്മാര്‍ ഇരിക്കുന്നുണ്ട് ഗുരുവിന്‍റെ പ്രതിനിധികളായി. ചിലരൊക്കെ ഇടയ്ക്ക് വെള്ളാപ്പള്ളി പക്ഷം ചമഞ്ഞെങ്കിലും നിലവില്‍ എല്ലാവരും അങ്ങനെയല്ല. അതുതന്നെയാണ് ഗുരുവിന്‍റെ ചെറിയ തോതിലുള്ള വിജയവും.

1856-ല്‍ ജനിച്ച നാണു എന്ന നാരായണഗുരു പീതവസ്ത്രം ആയിരുന്നില്ല അണിഞ്ഞത് എന്നത് അദ്ദേഹത്തിന്‍റെ ചരിത്രം തന്നെ രേഖപ്പെടുത്തുന്നു. കാലം മാറുന്നതിന് അനുസരിച്ച്, ചിലര്‍ ഓതിയതിനനുസരിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇടയില്‍ ഗുരുജി കണ്ടെത്തിയ മറ്റൊരു വസ്ത്രം ആയിരുന്നു പീതവര്‍ണ്ണം. അതിനും ഗുരുവിന് തീര്‍ച്ചയും തീരുമാനവും വിശദീകരണവും ഉണ്ടായിരുന്നു. ഇതിനെയാണ് ലോജിക് എന്ന് വിളിക്കുക. സന്യാസിവര്യന്‍ എന്നുള്ള രീതിയില്‍ എത്തിപ്പെടുന്ന ആളുകളില്‍ നിന്ന് തങ്ങളുടെ ഗുരുജി ഒറ്റപ്പെട്ടുനില്‍ക്കാന്‍ പാടില്ല എന്ന ചില ശിഷ്യന്മാരുടെ ആഗ്രഹം അനുസരിച്ചാണ് ഗുരുജി കാവിക്ക് പകരം പീതവര്‍ണ്ണം തന്നെ തെരഞ്ഞെടുത്തത്. അവിടെ തുടങ്ങുന്നു ഇതിലെ കണ്‍ഫ്യൂഷന്‍. വീണു കിട്ടിയ കണ്‍ഫ്യൂഷന്‍ ആണ് ഇപ്പോള്‍ സംഘപരിവാര്‍ ഉപാധിയാക്കുന്നത്."കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവന്‍. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളിപ്പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന'വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം.

ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ." ഇതാണ് കാലന്തരങ്ങള്‍ക്ക് ശേഷം നാരായണഗുരുവിനെ ദത്തെടുക്കുന്ന സംഘികള്‍ പറയുന്ന വിശദീകരണം.

സംഘികളുടെ ഈ വാദം അത്രകണ്ടങ്ങു വിശ്വസിക്കാന്‍ ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല. ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന, വിദ്യാഭ്യാസം സാധ്യമല്ലാതിരുന്ന ഒരു ജാതിയില്‍ പിറന്ന ഗുരുദേവന്റെ ഈ ദര്‍ശനത്തിന് സംഘികള്‍ ഇപ്പോള്‍ നല്‍കുന്ന ഈ പരിഭാഷ്യം അത്രകണ്ടങ്ങ് ബോധ്യപ്പെടുന്നില്ല. അഹിന്ദുക്കള്‍ക്ക് മാത്രമായിരുന്നില്ല, ദളിതര്‍ക്കും ഈഴവര്‍ക്കും ഒന്നും ഒരു കാലത്ത് ഒരു ക്ഷേത്രങ്ങളിലും പ്രവേശനം ഉണ്ടായിരുന്നില്ല. അക്കാലത്ത് സാമൂഹ്യ നവോഥാനത്തിന് ഇറങ്ങിപ്പുറപ്പെട്ട ശ്രീനാരായണ ഗുരുവിനെയാണ് ഇപ്പോള്‍ സ്വന്തം ചാക്കിലേക്ക് ഒതുക്കാന്‍ സംഘികള്‍ ശ്രമിക്കുന്നത്. പണ്ടെങ്ങും തോന്നാത്ത ചില പുതിയ വെളിപാടുകളാണ് ഇപ്പോള്‍ മേല്‍ പ്രസ്ഥാവിച്ച സംഘപരിവാറിന്റെതായി പറഞ്ഞ കാര്യങ്ങളില്‍ പറയുന്നത്. മനുഷ്യനെ മനുഷ്യനായി കാണാതിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ച സാക്ഷാല്‍ ശ്രീനാരായണ ഗുരുവിനെ വീണ്ടും തങ്ങളുടെ തട്ടകത്തില്‍ ഒതുക്കി കേരളത്തില്‍ ഒരു പനവൃക്ഷം പോലെ വളര്‍ന്ന് കേരള ഭരണം പിടിച്ചെടുക്കാനുള്ള പുതിയ തന്ത്രത്തിന്‍റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. കൂട്ടത്തില്‍ വെള്ളാപ്പള്ളി ഉണ്ടെങ്കിലും വെള്ളാപ്പള്ളിക്ക് ഒപ്പം മുഴുവന്‍ ശ്രീനാരായാണീയരും ഇല്ല എന്ന കണ്ടെത്തലില്‍ നിന്നാണ് ഈ പുതിയ തന്ത്രം സംഘികള്‍ മെനയുന്നത്.

കേന്ദ്രത്തില്‍ അമിത് ഷാ ഇരിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ എല്ലാവരെയും സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുകയാണ്. കേരളത്തില്‍ അതിന്‍റെ ഭാഗമായാണ് മാവേലി വൃത്തികെട്ടവനും ബൂര്‍ഷ്വയും ആകുന്നതും വാമനന്‍ സ്വാതന്ത്ര്യസമര സേനാനി ആകുന്നതും. വാമനന്‍ വിഷ്ണുവിന്‍റെ അവതാരമാണെന്ന് മാവേലിക്കഥ പഠിച്ച എല്ലാവര്‍ക്കും അറിയാം. മാവേലിയുടെ ഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ ഉന്നയിച്ച ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ മഹാവിഷ്ണു വാമനവേഷം കെട്ടി ഭൂമിയിലെത്തി മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നതാണ് ഐതീഹ്യം. ഈ ഐതീഹ്യത്തിന് അത്രകണ്ട് ബലം പോരാ എന്ന് സംഘികള്‍ തീരുമാനിക്കുന്നിടത്താണ് പുതിയകാല പ്രശ്നം. അസൂയപൂണ്ട ദേവന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി മഹാവിഷ്ണു നടത്തിയെന്ന് പറയപ്പെടുന്ന ആ കൃത്യത്തിന് ഇടയിലും അദ്ദേഹം മഹാബലിയെ അനുഗ്രഹിച്ചു എന്ന സങ്കല്‍പ്പത്തില്‍ തന്നെയാണ് പണ്ടും ഓണം പ്രാധാന്യം നല്‍കിയിരുന്നത് എന്ന ആ വാദത്തിന് അപ്പുറം, മഹാബലി നല്ലൊരു ഭരണാധികാരിയായിരുന്നു എന്നും അദ്ദേഹം തന്‍റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അനുവാദം ലഭിച്ചു എന്നുള്ളതിനുമാണ് കേരളീയര്‍ പ്രാമുഖ്യം നല്‍കിയത്. ഇതിനെ പൊളിച്ചെഴുതുമ്പോള്‍ സംഘികള്‍ ചെയ്യുന്നത് ബ്രാഹ്മണ്യം അഥവാ വൈഷ്ണവം എത്രമാത്രം ശൈവത്തിലും മുകളില്‍ കയറ്റാം എന്നുള്ളതാണ്.അതൊക്കെ അവിടെ നില്‍ക്കട്ടെ, കേരള സര്‍ക്കാരിനെ ഉടനെ പിരിച്ചുവിടും എന്ന് പറയുന്ന ബി ഗോപാല കൃഷ്ണന്‍ എന്ന ബിജെപി നേതാവിന്‍റെ വാദമുഖങ്ങള്‍ ഇന്നലെ കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ എവിടെയൊക്കെ വസ്തുത ഉണ്ട് എന്ന് അദ്ദേഹത്തിന് തന്നെ അറിവില്ല. നാരായണ ഗുരു ആരായിരുന്നു എന്ന് കൃത്യമായി വായിക്കാത്ത ഒരു വക്കീല്‍ കോടതിയില്‍ എങ്ങനെ കേസ് വാദിക്കും എന്ന് ആശങ്കപ്പെടാന്‍ നാരായണ ഗുരുവിനെ അറിയുന്നവര്‍ ബദ്ധപ്പെട്ടിട്ടുണ്ടാകും. അരുവിക്കര പ്രതിഷ്ഠ നടന്ന വര്‍ഷം പോലും മറന്നു പോകുന്ന ഇദ്ദേഹമാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയത് എന്നത് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഏത് സര്‍ക്കാരിനെയും ഭരണഘടനാപരമായി പിരിച്ചുവിടാം. ആ സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ മുന്‍നിര്‍ത്തിയായിരിക്കണം അത്. 1957-ല്‍ അധികാരത്തിലേറിയ ഇഎംഎസ് സര്‍ക്കാരിനെ കുടിയൊഴിപ്പിക്കാന്‍ നെഹ്‌റു കണ്ടെത്തിയ അതേ തന്ത്രം തന്നെയാണ് ഇപ്പോള്‍ പയറ്റും എന്ന് ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇഎംഎസ് ഒരു ഘട്ടത്തില്‍ നാരായണ ഗുരുവിനെ എതിര്‍ത്ത ആളാണ്‌ എന്നും അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നാരായണ ഗുരുവിനെ പറ്റി പറയാന്‍ അവകാശമില്ല എന്നൊക്കെയായിരുന്നു ഗോപാലകൃഷ്ണന്‍റെ വാദം. വാദം ഒരു പരിധി വരെ ശരിയാണ്. പറഞ്ഞ ടെക്സ്റ്റോ വോളിയമോ ഓര്‍മ്മയില്ലാത്ത ഇത്തരം വക്കീലന്‍മാര്‍ക്കാണ് കോടതികളില്‍ സൗമ്യയെ പോലുള്ളവര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ പറ്റാതെ പോകുന്നത് എന്ന് വക്കീല്‍ ഓര്‍ത്താല്‍ നന്ന്. മറ്റൊരു ഗീര്‍വാണ പ്രസംഗം കൂടി ഗോപാലകൃഷ്ണന്‍ വക്കീല്‍ നടത്തി. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ശ്രീനാരായണ ഗുരുവിന്‍റെ നാമം ജപിച്ചുകൊണ്ടാണ്! ഓം നാരായണ എന്ന് പറയുന്നത് ഈഴവനായ നാരായണ ഗുരുവിനെയാണോ അതോ സാക്ഷാല്‍ മഹാവിഷ്ണുവിനെയാണോ എന്ന് തിരിച്ചറിയാനുള്ള ബോധ്യമെങ്കിലും ഈ വക്കീലിന് ഉണ്ടായാല്‍ നന്നാകുമെന്ന് ഇതെഴുതുന്ന ആള്‍ ആഗ്രഹിക്കുന്നു. വക്കീല്‍ കാണാത്ത ഒരുപാട് സ്ഥലങ്ങളില്‍ നാരായണ ഗുരുവിനെ കുറിച്ച് പ്രസംഗവും ലേഖനങ്ങളും എഴുതുന്നവര്‍ സംഘികള്‍ ആയിരുന്നില്ല, ഇതര മതക്കാര്‍ പോലും ഉണ്ടായിരുന്നു എന്നത് ഇമ്മാതിരി വിഡ്ഡിത്തം പറയുന്നവര്‍ എന്നാണാവോ തിരിച്ചറിയുക?

ഇതിനിടയില്‍ മറ്റുചില സര്‍ക്കസുകള്‍ കൂടി നടക്കുന്നുണ്ട്. നാരായണ ഗുരുവിനെ മൊത്തത്തില്‍ അങ്ങ് ഏറ്റെടുക്കാന്‍ സിപിഎമ്മും അതുപോലെതന്നെ വിഎം സുധീരന്റെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരും ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഉതകുന്നതല്ല നാരായണ ഗുരുവിന്‍റെ ജീവിതവും സംസ്കൃതിയും. അദ്ദേഹം നല്‍കിയ സന്ദേശങ്ങള്‍ ഈഴവര്‍ക്ക് വേണ്ടി മാത്രം ഉണ്ടായിരുന്നതല്ല, ലോകത്തിലെ മുഴുവന്‍ മാനവര്‍ക്കും വേണ്ടി ഉള്ളതായിരുന്നു. മാനവിക ഐക്യത്തെ ആരും സ്വന്തം പാര്‍ട്ടി ലേബലില്‍ അവതരിപ്പിക്കുന്നത് അത്ര സുഖകരമായിരിക്കില്ല.

വികെഎന്നിന്‍റെ അഭാവം ഇപ്പോള്‍ സത്യത്തില്‍ അനുഭവപ്പെടുന്നുണ്ട്. നാണ്വാര് ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സംഘികള്‍ പനപോലെ വളര്‍ന്ന് കേരളഭരണം താമരക്കുമ്പിളിലാക്കാന്‍ കാട്ടിക്കൂട്ടുന്ന കോപ്രയങ്ങളെ കണക്കറ്റ് പരിഹസിക്കുമായിരുന്നു. ഒരു ഫുള്ള് തന്നെ അടിച്ചു വന്ന് കുമ്മനത്തേയും ഗോപാലകൃഷ്ണനെയും ശശികല ടീച്ചറുടെയും ഇവര്‍ക്കൊക്കെ മുകളിലിരുന്ന് ചരട് വലിക്കുന്ന അമിത് ഷായ്ക്കും മേല്‍ വാക്കുകളിലൂടെയുള്ള അഗ്നിവര്‍ഷം തന്നെ നടത്തുമായിരുന്നു. എന്തുചെയ്യാം നാരായണ ഗുരുവിനെപ്പോലെ തന്നെ നാണ്വാരും ഇല്ലാതയല്ലോ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories