TopTop
Begin typing your search above and press return to search.

രാജീവ് ചന്ദ്രശേഖറിനെ കാണാത്ത മാധ്യമങ്ങള്‍ മൂന്നാറിലേക്ക് വെച്ചുപിടിക്കുമ്പോള്‍

രാജീവ് ചന്ദ്രശേഖറിനെ കാണാത്ത മാധ്യമങ്ങള്‍ മൂന്നാറിലേക്ക് വെച്ചുപിടിക്കുമ്പോള്‍

കുടിയേറ്റ കര്‍ഷകരും വന്‍കിട കൈയേറ്റക്കാരും അവരുടേതെന്നും റവന്യൂ വകുപ്പും വനം വകുപ്പും സര്‍ക്കാരിന്റേതെന്നും അവകാശവാദം തുടരുമ്പോള്‍ മൂന്നാറിലെ ഭൂമി പ്രശ്‌നത്തിന് ലളിതമോ വേഗത്തിലുള്ളതോ ആയ ഒരു പരിഹാരം സാധ്യമാകുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമായിരിക്കും. എങ്കിലും വര്‍ഷങ്ങളായി തുടരുന്ന ഈ ഭൂമിതര്‍ക്കത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ശ്രമങ്ങളെ കണ്ണുമടച്ചു എതിര്‍ക്കുന്നതും അത്രകണ്ട് ശരിയാണെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കാനും കാശ്മീരിനെ പോലെ തന്നെ മൂന്നാറിനെയും ഒരു തര്‍ക്ക ഭൂമിയാക്കി മാറ്റാനും മാത്രമേ ഉതകൂ എന്ന് മൂന്നാര്‍ വിഷയത്തെ ഊതിപെരുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

മൂന്നാറിലെ ഭൂപ്രശ്‌നം ഒരു തീരാ തലവേദനയായി തുടരുന്നതിനിടയിലാണ് കഴിഞ്ഞയാഴ്ച മൂന്നാറിലേക്ക് ഒരു മന്ത്രിതല -ഉദ്യോഗസ്ഥ സംഘത്തെ അയക്കാന്‍ തീരുമാനമായത്. മൂന്നാറിലെ നീലകുറുഞ്ഞി ഉദ്യാനം അത്യന്തം അപകടത്തില്‍ എന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം. വി എസ് സര്‍ക്കാരിന്റെ കാലത്താണ് മൂന്നാറിന്റെ സ്വന്തം നീലകുറുഞ്ഞിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരു ഉദ്യാനം ഒരുക്കാന്‍ തത്വത്തില്‍ തീരുമാനം ആയത്. പ്രകൃതി സ്‌നേഹികളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷമായിരുന്നു ഇങ്ങനെയൊരു തീരുമാനം. ഉദ്യാനം സംബന്ധിച്ച പ്രഖ്യാപനം വന്നു എന്നല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വി എസ സര്‍ക്കാരിന് തൊട്ടു പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒട്ടും ശുഷ്‌കാന്തി കാണിച്ചില്ല എന്നതാണ് വാസ്തവം.

മൂന്നാര്‍ കൈയേറ്റം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് നീലകുറിഞ്ഞിയും മഞ്ഞിന്റെ മൂടുപടം മാറ്റി വാര്‍ത്തകളിലേക്ക് കടന്നു വന്നത്. ഉദ്യാനം അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കുന്നതിനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് വന്നതോടെ ഏക്ര കണക്കിന് കുറിഞ്ഞി ചെടികള്‍ ആരോ തീയിട്ടു നശിപ്പിച്ചു എന്ന വാര്‍ത്തയും കാട്ടുതീ പോലെ പടര്‍ന്നു. സംഭവത്തിനു പിന്നില്‍ കൈയേറ്റക്കാരും അവര്‍ക്കു ഒത്താശ ചെയ്യുന്ന മൂന്നാറിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ ശിങ്കിടികളുമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും പല മാധ്യമങ്ങളും. ഒരു വര്‍ഷം മുമ്പ് ഉണ്ടായ സ്വാഭാവിക കാട്ടുതീ മൂലമാണ് നാശം ഉണ്ടായതെന്ന് വനം മന്ത്രി രാജുവിന്റെ വെളിപ്പെടുത്തല്‍ പോലും അവര്‍ വിശ്വാസത്തില്‍ എടുത്ത മട്ടില്ല. പകരം വനം വകുപ്പും കൈയേറ്റക്കാരും ഒത്തുകളിക്കുന്നു എന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. മൂന്നാറിലേക്ക് മന്ത്രി തല സംഘം പോകുന്നത് തന്നെ ഭൂമി കൈയേറ്റത്തെ വെള്ള പൂശാനാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒരു പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയെ കണ്ണുമടച്ചു ആരും വിശ്വസിക്കണമെന്നില്ല. എങ്കിലും ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവനയിലും ചില പരമാര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഇതെഴുതുന്നത്.

http://www.azhimukham.com/newswrap-munnar-neelakurinji-sanctury-will-shrink/

നീലകുറിഞ്ഞി ഉദ്യാനം പ്രകൃതിയുടെ വരദാനം ആണെന്നും നീലകുറിഞ്ഞി വിഷയത്തില്‍ നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു തുടങ്ങുന്ന ആ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് വിഷയത്തില്‍ ചില കേന്ദ്രങ്ങളും ചില മാധ്യമങ്ങളും ഇപ്പോള്‍ നടത്തി വരുന്ന പ്രചരണത്തിനു നേര്‍ക്കാണ്. മന്ത്രിതല സംഘം മൂന്നാറിലേക്ക് പോകുന്നത് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനല്ലെന്നും ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാനാണെന്നും ഇതിനെതിരെ വിവാദങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നും പിണറായി പറഞ്ഞു വെക്കുന്നു. മുഖ്യമന്ത്രി ആരോപിച്ചിട്ടുള്ള ഈ മറ്റു ഉദ്ദേശ്യങ്ങള്‍ എന്താണെന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു മൂന്നാറിനെക്കുറിച്ചു ഒരക്ഷരം പോലും ഉരിയാടാതിരുന്നവര്‍ ഇപ്പോള്‍ ഉണ്ടാക്കുന്ന ഈ ബഹളത്തെക്കുറിച്ചു ഒന്നാലോചിച്ചു നോക്കിയാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇടത് എം പി ജോയ്സ് ജോര്‍ജ് നടത്തി എന്ന് പറയപ്പെടുന്ന കൈയേറ്റം എന്തുകൊണ്ട് ഇത്രകാലവും മൂടിവെച്ചു എന്ന് പറയാനുള്ള ബാധ്യതയും പുരപ്പുറത്തു കയറി നിന്ന് ഇപ്പോള്‍ മാധ്യമ ധര്‍മം ഉദ്ഘോഷിക്കുന്ന ഇവര്‍ക്കുണ്ട്.

https://www.azhimukham.com/kerala-state-wiled-life-asking-to-resurvey-neelakurinji-project-activists-rising-doubt-over-it/

ശരിയാണ്, മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. ഇത് നടത്തിയവരുടെ കൂട്ടത്തില്‍ ചെറുകിട കര്‍ഷകരും വന്‍കിട മുതലാളിമാരും വ്യവസായികളും ഉണ്ട്. ഈ കൈയേറ്റങ്ങളില്‍ ഭുരിഭാഗവും നടന്നത് കെ എം മാണി റവന്യൂ മന്ത്രിയായിരുന്ന യു ഡി എഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ ഇരുന്നപ്പോഴുമാണ്. അന്നൊന്നും ഇല്ലാതിരിക്കുന്ന മാധ്യമ ധര്‍മം ഇപ്പോള്‍ തലപൊക്കുന്നതിനു പിന്നിലെ യുക്തി നിങ്ങള്‍ പറയാതെ തന്നെ ആളുകള്‍ക്ക് മനസിലാകും. രാജീവ് ചന്ദ്രശേഖറിന്റെ കൈയേറ്റം കാണാതെ പോകുന്ന കേരളത്തിലെ ഈ മാധ്യമ ധര്‍മം എന്തുകൊണ്ടും പ്രശംസനീയം തന്നെ!

http://www.azhimukham.com/keralam-rajiv-chandrasekhar-is-not-ony-media-owner-but-mp-and-bjp-leader-also/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories