TopTop
Begin typing your search above and press return to search.

കാബിൽ: എന്തിനോ വേണ്ടി നടക്കുന്ന ബോളിവുഡിലെ ഋത്വിക് റോഷന്‍

കാബിൽ: എന്തിനോ വേണ്ടി നടക്കുന്ന ബോളിവുഡിലെ ഋത്വിക് റോഷന്‍

മോഹെൻജൊ ദാരോക്കും കുറച്ച് വിവാദങ്ങൾക്കും ശേഷം ഹൃഥ്വിക് റോഷൻ തിരിച്ചെത്തുന്ന സിനിമയാണ് കാബിൽ. ഷാരൂഖ് ഖാന്റെ റായിസിന് ഒപ്പം എത്തുന്ന ഈ സിനിമ താരമത്സരത്തിലൂടെ ബോളിവുഡിന് പുതിയ ഉണർവ് നല്‍കും എന്നാണ് കരുതുന്നത്. 1989-ലെ ബ്ലൈൻഡ് ഫ്യൂരിയുടെ സ്വതന്ത്ര പുനരാവിഷ്ക്കാരമാണ് കാബിൽ. ഇൻസ്പിരേഷൻ സംവിധായകൻ എന്നറിയപ്പെടുന്ന സഞ്ജയ് ഗുപ്തയുടെ ജസ്ബായ്ക്ക് ശേഷമുള്ള സംവിധായക സംരംഭം കൂടിയാണിത്. സംവിധാനം ഒഴികെ ബാക്കി ഒരുവിധം എല്ലാ മേഖലകളിലും റോഷൻ കുടുംബം നിറഞ്ഞു നിൽക്കുന്നു.

രോഹനും (ഹൃഥ്വിക് റോഷൻ) സുപ്രിയയും (യാമി ഗൗതം) ജന്മനാൽ കാഴ്ച്ചാ വൈകല്യം ഉള്ളവരും സ്വന്തം കഴിവിനാലും ആത്മവിശ്വാസത്താലും ആ പരിമിതിയെ മറികടക്കുന്നവരുമാണ്. ഒരു കുടുംബ സുഹൃത്ത് വഴി പരസ്പരം കണ്ടു മുട്ടി അടുക്കുന്ന അവർ വളരെ പെട്ടന്ന് തീവ്രമായ അനുരാഗത്തിലായി വിവാഹിതരാവുന്നു. സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് തൊട്ടടുത്തു താമസിക്കുന്ന ഉന്നത സ്വാധീനമുള്ള രണ്ട് പേർ വരുന്നു. അവർ സുപ്രിയയെ ബലാൽഭോഗം ചെയുന്നു. ഉന്നതതല ഇടപെടലിനെ തുടർന്ന് ഇവർക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ ശരിയായ വൈദ്യ പരിശോധനാ ഫലം നിയമപാലകർക്കു മുന്നിൽ എത്തിക്കാനോ സാധിച്ചില്ല. തുടർന്ന് സ്വസ്ഥമായ ജീവിതത്തിലേക്കു മടങ്ങിയെത്താൻ തീരുമാനിക്കുന്ന ഇവരെ പിന്നെയും ദുരന്തം വേട്ടയാടുന്നു.

അന്ധത, ബലാല്‍ഭോഗം, നിസഹായത തുടങ്ങി സിനിമയുടെ തിരക്കഥയില്‍ തന്നെ ഒരു ബോളിവുഡ് ത്രില്ലറിനു വേണ്ടി പാകപ്പെടുത്തിയ ക്രൈമുകള്‍ ഉണ്ടായിരുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതികാരം എന്ന മെയിന്‍ ത്രഡിലേക്ക് കൊണ്ടുവരാന്‍ എളുപ്പവുമായിരുന്നു. പക്ഷെ വളരെ അലസവും അയഥാര്‍ത്ഥ്യവുമായ മേക്കിങ് കൊണ്ട് ആളൊഴിഞ്ഞ തീയറ്ററുകളെ ആണ് കാബില്‍ സൃഷ്ടിക്കുന്നത്. ആക്ഷന്‍ റൊമാന്റിക് ത്രില്ലര്‍ എന്നൊക്കെ വന്‍ അവകാശവാദങ്ങള്‍ നിരത്തി അവസാനം നായകനെ സാധാരണ തല്ലു പടങ്ങളില്ലെന്ന പോലെ അമാനുഷികന്‍ പോലും ആക്കാന്‍ കഴിയാതെ സിനിമ തളരുന്ന പോലെ തോന്നി.

ദൃശ്യം മോഡൽ തെളിവുകൾ മായ്ച്ചു കളയൽ ആവർത്തന വിരസത ഉണ്ടാക്കി. വളരെ ദയനീയമായി വലിച്ചു നീട്ടി വില്ലന്മാരെയും കുടുംബക്കാരെയും വഴിയിൽ കൂടെ നടക്കുന്നവരെ മുഴുവനും കൊന്നുകൊണ്ടേയിരിക്കുന്ന നായകൻ. കുറച്ചു കഴിഞ്ഞപ്പോൾ ചിത്രത്തിലേ ഇല്ലാത്ത വില്ലന്റെ ചേട്ടന്റെ കൂടെ വന്ന ആളെ ഒക്കെ എന്തിനാണ് കൊന്നതെന്ന് മനസിലാവാതെ പ്രേക്ഷകർ അമ്പരക്കും. കൊല്ലാൻ ഉപയോഗിച്ച മാർഗങ്ങൾ വിചിത്രവും കഥ തീർന്നാലും മനസിലാവാത്തതുമാണ് എന്നത് വേറൊരു കാര്യം. പ്രതികാര രുദ്രനായി നായകൻ നടക്കുന്ന ഷോട്ടുകളുടെ ദൈർഘ്യം സിനിമയുടെ കാൽ ഭാഗത്തിൽ ഏറെയാണ്. തുടർച്ചകൾ ഇല്ലാത്ത ഒരു ഐറ്റം ഡാൻസ് അടക്കം അപ്രവചനീയമായ സമയങ്ങളിൽ ആണ് പാട്ടുകൾ വരുന്നത്.

വളരെ സാധാരണമായ ഒരു ജീവിതത്തിൽ നിന്നും പകയും പ്രതികാരവും നിറഞ്ഞ മറ്റൊരു ജീവിതാവസ്ഥയിലേക്കു നായകനെ തള്ളിവിടുന്നത് അയാളുടെ പ്രണയമാണ്. രണ്ടോ മൂന്നോ രംഗങ്ങളാണ് പാട്ടുകൾക്കപ്പുറം ആ പ്രണയത്തിനു വേണ്ടി മാറ്റി വച്ചത്. അവയൊന്നും തന്നെ കാണികളെ തൊടുന്നില്ല എന്ന് മാത്രമല്ല ഗജിനി പോലുള്ള പല സിനിമകളുടെയും വികലാനുകരണമായി തോന്നുകയും ചെയ്തു. പാട്ടുകളിലും ദൃശ്യങ്ങളിലും എല്ലാം ആവർത്തനം പ്രകടമാണ്. കാഴ്ച്ചാവൈകല്യം ഉള്ള രണ്ടു പേരുടെ പ്രണയത്തിന്റെ അനന്ത സാധ്യതകളെ തീരെ ഭാവനാ ശൂന്യമായി ഉപയോഗിച്ചു. നിരന്തരമായ ദുരന്തങ്ങളും ചിന്തകളും പ്രതികാരവും ഒന്നും നായകൻറെ മുഖത്തെയോ ഭാവത്തെയോ ഒരിഞ്ചു പോലും സ്പർശിച്ചിട്ടില്ല. പിന്നീട് ട്വിസ്റ്റുകൾ ഉണ്ടാക്കാനായി നായകനെ മിമിക്രി കലാകാരൻ ആക്കിയതും വില്ലനെ തള്ളിയിടാൻ പണി തീരാത്ത വീട്ടിലെ വാരിക്കുഴി കാണിച്ചതും എല്ലാം തീയറ്ററുകളിൽ ചിരി പടർത്തുകയാണുണ്ടായത്.

ആദ്യ സിനിമ കൊണ്ട് തന്നെ അന്നത്തെ കൗമാര യൗവനങ്ങളെ ആവേശം കൊള്ളിച്ച നടനാണ് ഹൃഥ്വിക് റോഷൻ. എന്നാൽ തന്റെ കരിയറിന്റെ ഒരു പ്രത്യേക ഘട്ടത്തിന് ശേഷം സിനിമകളുടെ തിരഞ്ഞെടുപ്പിലെ ലാഘവത്വത്തിനു അദ്ദേഹത്തിന് ഏറെ പഴികേട്ടു. ആ ആരോപണത്തെ ശരിവച്ചു കൊണ്ട് തന്നെ ഒരു കാലത്തിനു ശേഷം ഇറങ്ങിയ ഹൃഥ്വിക് സിനിമകൾ പ്രേക്ഷക പ്രീതിയോ നിരൂപണ ശ്രദ്ധയോ നേടാതായി. കഴിഞ്ഞ കൊല്ലം ഇറങ്ങിയ വമ്പൻ പ്രൊജക്റ്റ് ആയ മോഹെൻജൊ ദാരോ പോലും ദയനീയമായി പരാജയപ്പെട്ടു. കാബിലിന്റെയും ഗതി ഏതാണ്ട് അതുതന്നെയാവും എന്നാണ് ആദ്യ ദിന റിപ്പോർട്ടുകളും ആളൊഴിഞ്ഞ തീയറ്ററുകളും സൂചിപ്പിക്കുന്നത്. കാഴ്ച്ചാ വൈകല്യമുള്ള ഒരാളുടെ ശരീര ഭാഷ സ്വീകരിക്കുന്നതിൽ അദ്ദേഹം പലയിടത്തും വിജയിച്ചെങ്കിലും സ്ക്രിപ്റ്റിന്റെയും എഡിറ്റിങ്ങിന്റെയും പിഴവുകൾ ഈ സിനിമയെ തളർത്തുന്നുണ്ട്. യാമി ഗുപ്തക്ക് നായകനെ നോക്കി ചിരിക്കാനും പ്രണയിക്കാനും അല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വില്ലന്മാർ സമയാസമയങ്ങളിൽ വന്നു തല്ലുകൊണ്ട് പോകുന്നുണ്ട്. ഒറ്റ രംഗം പോലും സിനിമക്ക് ശേഷം കൂടെ വരുന്നില്ല.

കാബിൽ നൂറു ശതമാനം ഒരു ബോളിവുഡ് മസാല ആക്ഷൻ സിനിമയാണ്. ഒരു പഴയ ഇംഗ്ലീഷ് ആക്ഷൻ മൂവിയിൽ നിന്നും ഊർജം ഉൾക്കൊണ്ട് പ്രേക്ഷകരെ തരിപ്പിക്കാൻ എത്തിയ, മറ്റൊരു സൂപ്പർസ്റ്റാറിന്റെ ആക്ഷൻ പടത്തോട് മത്സരിക്കാൻ വന്ന ഒന്ന്. ഒരു മികച്ച ക്രാഫ്റ്റ് ആയോ രാഷ്ട്രീയമുള്ള സിനിമയായോ അതിനെ കാണാൻ പോയാൽ നിരാശ ഉണ്ടാവും. പക്ഷെ ഒരു ബോളിവുഡ് ചിത്രത്തിൻറെ നിയതമായ മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ പോലും അതിനേക്കാൾ വലിയ നിരാശയും പണ നഷ്ടവും സമയ നഷ്ടവുമാണ് കാബിൽ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories