TopTop
Begin typing your search above and press return to search.

'സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ. ഇരിക്കണോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്'; കാളിനാടകം ഒരു സ്ത്രീ അനുഭവം

സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ. ഇരിക്കണോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്; കാളിനാടകം ഒരു സ്ത്രീ അനുഭവം

പുരുഷാധികാര സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീ എങ്ങനെയാണ് നിരന്തരം അടിച്ചമര്‍ത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നതെന്നും അതിനെ സ്ത്രീ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നും കാണിച്ചു തരികയാണ് കാളിനാടകം. വര്‍ത്തമാന കാല സംഭവങ്ങളെ അനുഷ്ഠാന കലയായ കാളിനാടകവുമായി ബന്ധിപ്പിച്ച് സജിത മഠത്തില്‍ രചിച്ച ഈ നാടകം കൊച്ചി ലോകധര്‍മ്മിക്ക് വേണ്ടി ചന്ദ്രദാസനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ദാരികനെന്ന അസുര രാജാവിന്‍റെ ദുഷ്പ്രവൃത്തിക്കെതിരെ പട കൂട്ടാനായി ഇറങ്ങിത്തിരിച്ച കാളിയും കൂളിയും ദാരികനെ കൊന്ന് തിന്മക്കെതിരെ നന്മ നടപ്പിലാക്കുന്നതാണ് കാളിനാടകം എന്ന അനുഷ്ഠാന കലയുടെ പ്രമേയം. 51 വര്‍ഷങ്ങള്‍ക്കു ശേഷം വലിയന്നൂര്‍ കാവിന്റെ മുറ്റത്ത് അരങ്ങേറുന്ന കാളി നാടകം എന്ന അനുഷ്ഠാന കലയിലൂടെയാണ് 'കാളിനാടകം' എന്ന നാടകം തുടങ്ങുന്നത്. എന്നാല്‍ ഈ അനുഷ്ഠാനത്തിനിടയില്‍ കാളി വേഷധാരിയായ ചെറുമിപ്പെണ്ണ് ദാരിക വേഷധാരിയായ രാമക്കുറുപ്പിനെ വധിക്കുന്നതോടെ നാടകം അനുഷ്ഠാനകലയില്‍ നിന്നു സമകാലിക സംഭവങ്ങളുടെ പ്രതികാരമായി മാറുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന തിന്മയുടെ പ്രതിരൂപമാണ് ഇവിടെ രാമക്കുറുപ്പ്. കാളി, തിന്മയ്ക്ക് വിധേയയാകുന്ന സ്ത്രീയുടെ പ്രതിരൂപവും. കാളിദേവിയുടെ കലിയായാണ് ഇതിനെ ഭക്തമാര്‍ കാണുന്നത്. നിയമപാലകര്‍ക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വേണം. എന്നാല്‍ കാവിനകത്തേക്ക് കടക്കാന്‍ പോലീസിനെ ഭക്തര്‍ അനുവദിക്കുന്നില്ല.

കാളി നാടക അവതരണത്തിനിടയില്‍ രാമകുറുപ്പിന്‍റെ ജാതിവെറിയും പുറത്തുവരുന്നുണ്ട്. പുരുഷന്മാര്‍ തന്നെ കാളിയെ അവതരിപ്പിക്കുന്നതാണ് നടപ്പ് രീതി. എന്നാല്‍ പുരുഷനെ കിട്ടാത്തതിനെ തുടര്‍ന്ന് പുറമ്പോക്കില്‍ താമസിക്കുന്ന ചാത്തന്‍റെ മകള്‍ കാളിയാണ് അരങ്ങില്‍ കാളിയായി എത്തുന്നത്. ഇത് ദാരികനായി എത്തുന്ന സവര്‍ണ്ണനായ രാമക്കുറുപ്പിനെ പ്രകോപിപ്പിക്കുന്നുണ്ട്. പോരിനിടയില്‍ ‘പുലയന്‍റെ മകള്‍ പറച്ചി’ എന്നു അഭിസംബോധന ചെയ്തത് ഞെട്ടലോടെയാണ് എല്ലാവരും കേള്‍ക്കുന്നത്. ഒരേ സമയം സ്ത്രീയോടും ദളിത് ജനതയോടുമുള്ള അധിക്ഷേപത്തെ തുറന്നു കാണിക്കുന്നതിലൂടെ കൃത്യമായ രാഷ്ട്രീയമാനം കൈവരിക്കുകയാണ് നാടകം ഇവിടെ.

സ്ത്രീകള്‍ക്ക് നേരെ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെയും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളെ കുറിച്ചും മാത്രമല്ല ഈ നാടകം പറയുന്നത്. കാപട്യം കലരുന്ന ഭക്തിയും ദളിതരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും നേരിടേണ്ടിവരുന്ന അവഗണകളും പെണ്ണായി പിറന്നു പോയതിന്‍റെ പേരില്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളും മാധ്യമങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള ശ്രമങ്ങളും പൊലീസിന്‍റെ നിഷ്ക്രിയത്വവും ഒക്കെ നാടകത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

നീ ഒരു പെണ്ണാണ് എന്ന വാക്കുകള്‍ കേട്ടു വളരാത്ത സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. പുരുഷന്‍ ചൂണ്ടിക്കാണിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടല്ലാതെ നിനക്ക് ഒന്നും സാദ്ധ്യമല്ല എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന സാമൂഹ്യ സാഹചര്യത്തില്‍ നിന്നാണ് ഓരോ സ്ത്രീയും അതിജീവനം സാധ്യമാക്കേണ്ടത്.

സ്ത്രീകള്‍ക്ക് എതിരെ കടന്നാക്രമണങ്ങളും ലൈംഗിക അതിക്രമങ്ങളും അനുദിനം വര്‍ദ്ധിച്ചു വരുന്ന ഒരു സാമൂഹിക അന്തരീക്ഷത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്. പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയും സവര്‍ണ്ണ മൂല്യവ്യവസ്ഥയും മതാത്മകതയും പെണ്ണിനെ എന്നും അടിച്ചമര്‍ത്തിയിട്ടേയുള്ളൂ. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചരക്കുകളില്‍ ഒന്നാണ് ഇന്ന് സ്ത്രീ ശരീരം. കുറഞ്ഞത് 12. 3 ദശലക്ഷം പേരെ രതി വ്യവസായത്തിന് വേണ്ടി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണ് യൂണിസെഫിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും 20 ലക്ഷത്തോളം കുട്ടികള്‍ ലൈംഗിക വിപണിയില്‍ എത്തപ്പെടുന്നുണ്ട്. ലൈംഗിക ചൂഷണത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തില്‍ 98 ശതമാനം സ്ത്രീകളും കുട്ടികളുമാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അനുദിനം വര്‍ദ്ധിച്ചു വരുന്നതായാണ് മാധ്യമ വാര്‍ത്തകള്‍ തെളിയിക്കുന്നത്.

സ്വയം സംരക്ഷിക്കാന്‍ ഓരോ പെണ്ണും കലിയടങ്ങാത്ത കാളിയാകേണ്ടതുണ്ട്. പീഠത്തില്‍ ഇരുത്തി പൂവിട്ട് പൂജിക്കേണ്ടവളാണ് പെണ്ണ്. അവള്‍ പ്രണയവും കാമവും കോപവും പ്രകടിപ്പിക്കരുത്, മിണ്ടരുത് ചിരിക്കരുത്, സമൂഹം ഇത്തരത്തില്‍ ചാര്‍ത്തിക്കൊടുക്കുന്ന അടക്കവും ഒതുക്കവും ഉള്ള പെണ്ണെന്ന പ്രതിനിധാനത്തില്‍ നിന്നു പുറത്തു കടന്ന് തനിക്ക് നേരെ വരുന്ന അതിക്രമണങ്ങളെ ചെറുക്കുന്നവളായാല്‍ മാത്രമെ അവള്‍ക്ക് രക്ഷയുള്ളൂ എന്ന അവസ്ഥയാണ് ഇന്നുള്ളത്. അധികാരവും പണവും ഉപയോഗിച്ച് സ്ത്രീയെ വെറും ഭോഗവസ്തുവും ചരക്കുമാക്കി തീര്‍ക്കുന്ന വര്‍ത്തമാനകാലത്ത് പുറമ്പോക്കില്‍ താമസിക്കുന്ന ചെറുമിപ്പെണ്ണിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയവനെ വെട്ടി അരിയാന്‍ പുതിയ കാലത്തിന്റെ കാളി അവതരിക്കുകയാണ് കാളിനാടകത്തില്‍.

ദാരികനെ വധിച്ചിട്ടും കലിയടങ്ങാത്ത കാളിയെ കുടിയിരുത്താനുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കുന്നത്. കലിയടങ്ങണമെങ്കില്‍ ഒരിടത്തിരുത്തണം എന്നാണ് പ്രശ്നം വെക്കുന്ന ബ്രാഹ്മണന്റെ നിലപാട്. പ്രതികരിക്കാതെ നിശ്ശബ്ദയായി സഹിക്കേണ്ടവളാണ് പെണ്ണെന്ന് പറഞ്ഞുറപ്പിക്കല്‍ തന്നെയാണിത്. പുരുഷാധിപത്യ സമൂഹത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കേണ്ടവളാണ് സ്ത്രീ എന്ന പൊതുബോധം ഊട്ടി ഉറപ്പിക്കുകയാണ് ഇവിടെ. ദേവിയായി പ്രതിഷ്ഠിക്കുക എന്നതും ഒരുതരം നിശ്ശബ്ദരാക്കലാണ്. 'സ്ഥാനം നിശ്ചയിക്കുന്നത് അവരത്രെ. ഇരിക്കണോ എന്ന് നിശ്ചയിക്കുന്നത് നമ്മളാണ്' എന്ന അവസാന രംഗത്തിലെ കാളിയുടെ വാക്കുകള്‍ സ്ത്രീ സമൂഹത്തിനോടുള്ള ആഹ്വാനം തന്നെയാണ്. ഒപ്പം ഓരോ അടിച്ചമര്‍ത്തലും നിശ്ശബ്ദരായി സഹിക്കേണ്ടവളല്ല സ്ത്രീ എന്ന ഓര്‍മ്മപ്പെടുത്തലും കൂടിയാണ്.

മിത്തും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും കൂട്ടിയിണക്കിയാണ് സജിത മഠത്തില്‍ നാടകത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദാരികവധം പ്രമേയമാക്കി നടക്കുന്ന അനുഷ്ഠാനകലയായ മുടിയേറ്റം ആണ് കാളിനാടകത്തിലും ഉപയോഗിച്ചിരിക്കുന്നത്. മുടിയേറ്റത്തിന്‍റെ ചടങ്ങുകളായ കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കല്‍ മുതലായവ സംഭവക്രമത്തില്‍ കഥയോട് ഇഴുകിച്ചേര്‍ത്തിരിക്കുന്നു. നാടകമെന്ന നിലയില്‍ അരങ്ങിനെ ദൃശ്യ സമ്പന്നമാക്കുന്നുമുണ്ട് ഇത്. സമൂഹത്തിലെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അവസ്ഥകളുമായി കാളിയുടെ ഐതിഹ്യത്തെ ബന്ധിപ്പിക്കുന്നതില്‍ സജിത മഠത്തിലും സംവിധായകന്‍ ചന്ദ്രദാസും വിജയിച്ചിരിക്കുന്നു. ഒരു സിനിമാതാരത്തേക്കാള്‍ തന്റെ ഉള്ളില്‍ അരങ്ങിന്റെ അഭിനേത്രി നിറഞ്ഞാടാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട് എന്നു തെളിയിക്കുന്ന പ്രകടനമാണ് കാളിയായി സജിത മഠത്തില്‍ നടത്തുന്നത്. ഇതുവരെ മലയാളത്തില്‍ ഉണ്ടായിട്ടുള്ള സ്ത്രീ നാടകങ്ങളുടെ കൂട്ടത്തില്‍ ഒന്നാം നിരയില്‍ തന്നെ ഇരുത്തണം ഈ കാളിയെ.


Next Story

Related Stories