TopTop
Begin typing your search above and press return to search.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും; രജനിയും കബാലിയും തെളിയിക്കുന്നു

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും; രജനിയും കബാലിയും തെളിയിക്കുന്നു

അഴിമുഖം പ്രതിനിധി

കബാലി നല്ല സിനിമയോ മോശം സിനിമയോ എന്ന ചര്‍ച്ച നടന്നോട്ടെ; അതല്ല കാര്യം. ഈ രജനികാന്ത് ചിത്രം ബോക്‌സ് ഓഫിസില്‍ സൃഷ്ടിക്കുന്ന അത്ഭുതമാണ് ഇപ്പോഴത്തെ പ്രതിപാദ്യ വിഷയം.

ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയിരിക്കുന്നത് 650 കോടിയാണെന്നു കേട്ടാല്‍ അത്ഭുതപ്പെടില്ലേ! അതിശയോക്തി നിറച്ച കണക്കല്ല, ഇതു യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ വര്‍ഷം ഇറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ വരുമാനനേട്ടത്തില്‍ കബാലി പുതിയ ചരിത്രമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 22 നായിരുന്നു കബാലിയുടെ ആഗോള റിലീസ്. പ്രസ്തുത ദിവസം തന്നെ ചിത്രം കരസ്ഥമാക്കിയത് 48 കോടി! അതൊരു റെക്കോര്‍ഡ് ബ്രേക്കിംഗ് തന്നെയായിരുന്നു. ജൂലൈ ആദ്യവാരം തിയേറ്ററില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡാണ്(36 കോടി) കബാലി തകര്‍ത്തത്. അതൊരു തുടക്കം മാത്രമായിരുന്നു.

ഒരു മാസം പിന്നിടാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കബാലി ഇതുവരെ നേടിയ വരുമാനം 650 കോടി ആയെന്നാണ് പ്രമുഖ ട്രെയ്ഡ് അനലിസ്റ്റുകള്‍ പറയുന്നത്.

ഉത്തരേന്ത്യയിലും ചരിത്രം
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും കബാലി ഇതുവരെ നേടിയത് 211 കോടി. അതില്‍ തന്നെ 40 കോടി ഉണ്ടാക്കിയത് ഉത്തരേന്ത്യയില്‍ നിന്നും. അതൊരു അത്ഭുതം തന്നെയാണ്. സാധാരണ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് തിയേറ്റര്‍ പോലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിട്ടാറില്ല. അങ്ങനെയുള്ളിടത്താണ് കബാലി 40 കോടി നേടിയത്. അതിനൊരു കാരണമേയുള്ളൂ; ഇതൊരു രജനികാന്ത് ചിത്രമാണ്. ആ പേര് വച്ചുതന്നെ അണിയര്‍ക്കാര്‍ ഒരുക്കിയ മാര്‍ക്കറ്റിംഗും വലിയ വിജയം കണ്ടു.

ഇന്ത്യക്കു പുറത്തും അത്ഭുതം
ബോളിവുഡ് സിനിമകള്‍ ഇന്ത്യക്കു പുറത്തുള്ള സിനിമ കമ്പോളത്തില്‍ നിന്നും ലാഭം നേടുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ടെങ്കിലും അവിടെയും ഒരു തമിഴ് ചിത്രം വിജയക്കൊടി പാറിക്കുന്നത് അത്ഭുതം തന്നെയാണ്. യുഎസ്സിലാണ് സാധാരണ ഇന്ത്യന്‍ സിനിമകള്‍ക്ക് മോശമല്ലാത്ത മാര്‍ക്കറ്റ് കിട്ടുന്നതെങ്കില്‍ കബാലി അവിടെയും വ്യത്യസ്തമായി. അമേരിക്കയ്ക്കു പുറമെ മലേഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും വലിയ ഹിറ്റായി മാറി സിനിമ. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 259 കോടിയാണ് വിദേശ മാര്‍ക്കറ്റില്‍ നിന്നും കബാലി സ്വന്തമാക്കിയിരിക്കുന്നത്.

രജനിക്ക് ജപ്പാനില്‍വരെ ആരാധകരുണ്ടെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ ആ ആരാധകവൃന്ദം കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നതും കബാലിയുടെ നേട്ടമാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമാതാരമായി രജനികാന്ത് വന്നിരിക്കുന്നു. ഒരുപക്ഷേ ജാക്കി ചാന്‍ മാത്രമായിരിക്കാം രജനിക്കൊപ്പമോ പിന്നിലോ ഉള്ളത്.റിലീസിനു മുന്നെ 200 കോടി
കബാലി റിലീസ് ചെയ്യുന്നതിനു മുന്നെ 200 കോടി നേടി അതിന്റെ ലാഭം കരസ്ഥമാക്കിയത് വാര്‍ത്തയായിരുന്നു. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെയും മ്യൂസിക് റൈറ്റിലൂടെയുമായിരുന്നു കബാലി ഈ വരുമാനം ഉണ്ടാക്കിയത്. അതായത്, നിര്‍മാതാവിന് തന്റെ മുടക്കുമുതിലില്‍ നിന്നും കൂടുതല്‍ തുക സിനിമ തിയേറ്ററില്‍ എത്തുന്നതിനു മുമ്പ് തന്നെ കിട്ടി.

ഈ ദിവസങ്ങള്‍ ഞാനെന്റെ ജീവിതത്തില്‍ മറക്കില്ല. അത്രയേറെ സന്തോഷമാണ് കബാലിയുടെ റിലീസ് ദിവസം തൊട്ട് ഞാന്‍ അനുഭവിക്കുന്നത്. നൂറുവര്‍ഷത്തെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ കബാലി അതിന്റെതായൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്; നിര്‍മാതാവ് എസ്. താണുവിന്റെ വാക്കുകള്‍.

75 കോടി മുതല്‍ മുടക്ക്; 700 കോടിയും കടന്നു വരുമാനം
സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ 300 കോടി ക്ലബ്ബില്‍ എത്താത്തെ വഴിമുട്ടി നില്‍ക്കുമ്പോള്‍(അതിന്റെ പിന്നില്‍ ചില കള്ളത്തരങ്ങള്‍ ഉണ്ടെന്നും പറയുന്നു) കബാലിയുടെ പോക്ക് 700 കോടി ക്ലബ്ബിലേക്കാണെന്നാണ് ട്രെയിഡ് അനലിസ്റ്റുകള്‍ ഉറപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഈ നേട്ടം കരസ്ഥമാക്കുമെന്നും അവര്‍ പറയുന്നു.

75 കോടി രൂപ മുടക്കി നിര്‍മിച്ച ഒരു സിനിമയാണ് 700 കോടി നേടാന്‍ ഒരുങ്ങുന്നതെന്നും ഓര്‍ക്കണം. അതില്‍ തന്നെ പകുതിയോളം രജനികാന്ത് എന്ന ഒറ്റ ആര്‍ട്ടിസ്റ്റിന്റെ പ്രതിഫലമാണ്. ഇതു കൂടാതെ ലാഭത്തിന്റെ ഒരു വിഹിതവും രജനിക്ക് അവകാശപ്പെട്ടതാണ്.

പാ. രഞ്ജിത്ത് ആണ് കബാലിയുടെ സംവിധായകന്‍. സാങ്കേതിക വിദ്യയുടെ സഹായം ഉണ്ടായതിനാല്‍ താരതമ്യേന ചെലവു കുറച്ചെടുത്ത പടമാണ് കബാലിയെന്നാണ് രഞ്ജിത്ത് പറയുന്നത്. ഭുരിഭാഗം സീനുകള്‍ ചെന്നൈയില്‍ സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മലേഷ്യല്‍ നടന്ന ചിത്രീകരണത്തിനാണ് കൂടുതല്‍ തുക ചെലവാക്കേണ്ടി വന്നത്.

മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ലക്ഷ്വറി വാഹനങ്ങള്‍ക്കായി നിര്‍മാതാവിന് തന്റെ പോക്കറ്റില്‍ നിന്നും ഒരു പൈസപോലും ചെലവായിട്ടില്ല. രജനികാന്ത് എന്ന നടനോടുള്ള ആരാധാന മൂത്ത മലേഷ്യയിലെ തമിഴരും തദ്ദേശവാസികളും അവരവരുടെ വാഹനങ്ങള്‍ സൗജന്യമായി ഷൂട്ടിംഗിന് നല്‍കുകയായിരുന്നു.

രജനിയുടെ ആശ്വാസം
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി കബാലി മാറുമ്പോള്‍ ഏറ്റവും ആശ്വാസം രജനികാന്തിന് തന്നെയാണ്. കൊച്ചടിയാനും ലിങ്കയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇത്രയും വലിയ മോചനം ഒരുപക്ഷേ കടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍പോലും പ്രതീക്ഷിച്ചു കാണില്ല.

ഈ ജൈത്രയാത്ര കാണുമ്പോള്‍ അതേ ആരാധകര്‍ തന്നെ പറയുന്നു; ഇതു രജനി ഡാ...


Next Story

Related Stories