UPDATES

സിനിമ

നല്ല സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമുണ്ടാകില്ല; ക്ഷമിക്കുക

Avatar

രാകേഷ് സനല്‍

രജനികാന്ത് എന്ന തമിഴ്‌നടന്‍ ഭാഷയുടെ അതിരുകള്‍ താണ്ടി സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്നു തുടങ്ങിയ കാലത്താണ് സംവിധായകന്‍ മഹേന്ദ്രന്‍ (വിജയ് ചിത്രം തെരിയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍) ജോണി എന്ന ചിത്രം ഒരുക്കുന്നത്. രജനി ആരാധകര്‍ പതിവു പ്രതീക്ഷകളുമായാണ് ജോണി കാണാന്‍ കയറിയത്. പ്രതീക്ഷിച്ചതല്ല അവര്‍ക്ക് കിട്ടിയത്. ഫലം, രജനിയുടെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നായി മാറി ജോണി.

1986-ല്‍ ഇറങ്ങിയ ജോണിയില്‍ നിന്നും 2016-ല്‍ എത്തിയ കബാലിയെക്കുറിച്ച് പറയേണ്ടി വരുമ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കുമേല്‍ പൊതുവില്‍ ഉണ്ടായിരിക്കുന്ന വികാരം താരതമ്യം ചെയ്യേണ്ടതായി തോന്നി. ജോണിക്കുശേഷം രജനി തന്റെ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ഇപ്പോള്‍ പാ. രഞ്ജിത്ത് എന്ന ചെറുപ്പക്കാരനു വേണ്ടി അതില്‍ മാറ്റം വരുത്തുന്നതുവരെ. ലിങ്കയുടെയും കൊച്ചടിയാന്റെയും പതനത്തിനുശേഷം രജനിക്കു മുന്നിലേക്ക് അവസാന റൗണ്ട് കടന്നെത്തിയവര്‍ രഞ്ജിത്തും ഹാര്‍ഡ്‌കോര്‍ രജനിയാരാധകന്‍ കൂടിയായ നടനും സംവിധായകനുമായ രാഘവ ലോറന്‍സും ആയിരുന്നു. ലോറന്‍സ് പറഞ്ഞത് ഒരു പക്കാ രജനി പടത്തിന്റെ കഥ. കേട്ടകഥയോട് താതപര്യം തോന്നിയെങ്കിലും അടുത്ത തവണ നോക്കാം എന്ന ആശ്വസിപ്പിച്ച് ലോറന്‍സിനെ മടക്കിയശേഷം പാ. രഞ്ജിത്ത് എന്ന രണ്ടു സിനിമകളുടെ അനുഭവ സമ്പത്ത് മാത്രമുള്ള സംവിധായകന് കൈകൊടുക്കുമ്പോള്‍ കെ. ബാലചന്ദറിന്റെ അരുമശിഷ്യന്റെ മനസില്‍ ഒരു താരത്തിന്റെ ആവേശമല്ലായിരുന്നു, തന്നിലെ നടനിലേക്കുള്ള മടക്കമാഗ്രഹിക്കുന്നവന്റെ അത്യാഗ്രഹമായിരുന്നു. 

പ്രതീക്ഷകള്‍ തെറ്റിച്ച ഒരു രജനി ചിത്രമെന്നാണ് കബാലിയെ കുറിച്ച് പൊതുവില്‍ ഉയരുന്ന പ്രതികരണം. അതുപറയുന്നവരെ ഇതെഴുന്നയാള്‍ കൂട്ടുന്നത് ഷക്കീല പടത്തിന് കയറിയിറങ്ങി റോഡിലെത്തിയിട്ടും ബിറ്റ് ഇടാത്തതിനു പ്രൊജകട് ഓപ്പറേറ്ററുടെ തന്തയ്ക്കു വിളിച്ചു മടുക്കാത്തവരോടൊപ്പമാണ്. അത്രമേല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് പ്രേക്ഷകരെന്നു പറയുന്നവരുടെ അധ:പതനം ഉണ്ടായിരിക്കുകയാണ് കബാലിയുടെ കാര്യത്തിലും.

ഈ സിനിമ മഹത്വരമെന്നോ അനുപപമെന്നോ പറയുന്നില്ല. പക്ഷേ ഇതൊരിക്കലും ഒരു മോശം പടമല്ല. കെ ബാലചന്ദറിനുശേഷം ഒരു സംവിധായകന്റെ പേരില്‍ രജനികാന്ത് സിനിമ പരാമര്‍ശിക്കപ്പെടുന്നു എന്നതു തന്നെയാണ് കബാലിയുടെ പ്രത്യേകതകളില്‍ ആദ്യം പറയേണ്ടത്. അട്ടക്കത്തി, മദ്രാസ് എന്നീ രണ്ടു സിനിമകളാണ് പാ. രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്നത്. അതു രണ്ടും അയാള്‍ക്ക് കിട്ടിയിരിക്കുന്ന മാറ്റു കുറയാത്ത പതക്കങ്ങളാണ്. തമിഴ് സിനിമ ഇന്ന് ഒരുപാട് മാറിയിരിക്കുകയാണ്. പതിവുവഴിയിലോടുന്ന വണ്ടിചക്രങ്ങളല്ല അവിടെ ഇറങ്ങുന്ന സിനിമകള്‍. ഓരോ സിനിമയും ഓരോ അത്ഭുതമായി അവിടെ സംഭവിക്കുന്നു. തമിഴ്‌സിനിമ നവോഥാനത്തിന്റെ വക്താക്കളില്‍ പ്രമുഖനാകാന്‍ തന്റെ രണ്ടു ചിത്രങ്ങള്‍കൊണ്ടു രഞ്ജിത്തിനും സാധിച്ചിട്ടുണ്ട്. സ്വന്തം വ്യക്തിത്വമുള്ള സംവിധായകന്‍. അതു തിരിച്ചറിയനും അയാള്‍ക്ക് വിധേയപ്പെടാനും രജനികാന്ത് കാണിച്ച ഔദാര്യതയാണ് രജനിയെ കുറിച്ച് കബാലിയോട് ചേര്‍ത്തുപറയേണ്ട ആദ്യ നല്ലവാക്ക്.

ഇരൈവിയും ഒരുനാളുംകൂത്തും മെട്രോയും അപ്പായും ഇറങ്ങിയ അതേ കാലത്താണ് കബാലിയും ഇറങ്ങിയിരിക്കുന്നത്. നല്ല സിനിമകളെന്ന അളവുകോല്‍ കബാലിയുടെ മേല്‍ അവസാനമാണ് വയ്‌ക്കേണ്ടതെങ്കിലും ആ വരിയില്‍ നില്‍ക്കാനുള്ള യോഗ്യത കബാലിക്കുണ്ട്. അതിനു കാരണം രഞ്ജിത്ത് തന്നെയാണ്. 

ഒരു പ്രധാന വിമര്‍ശനം കേള്‍ക്കൂ; രജനികാന്ത് എന്ന നടനെ കിട്ടിയിട്ട് അയാളെ വേണ്ടപോലെ ഉപയോഗിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞില്ലത്രേ! പന്നികള്‍ക്ക് പെറ്റുകൂട്ടാനേ അറിയൂ, വിമര്‍ശകകര്‍ക്ക് വിമര്‍ശിക്കാനും. രഞ്ജിത്തിന് രജനികാന്തിനെ കിട്ടി എന്ന പ്രയോഗം തന്നെ എത്ര തെറ്റാണ്. അയാള്‍ തന്റെ മനസിലുള്ള സിനിമയുമായി രജനികാന്തിനെ കാണുന്നു, അയാള്‍ മാത്രമല്ല രജനിയെ സമീപിക്കുന്ന സംവിധായകന്‍, എത്രയോ പേര്‍. എന്നാല്‍ രജനി കൈകൊടുത്തത് രഞ്ജിത്തിന് ആയിരുന്നു. അവിടെ രഞ്ജിത്തിന് രജനിയെയല്ല, രജനിക്ക് രഞ്ജിത്തിനെയാണ് കിട്ടിയത്. സംവിധായകന്‍ മനസില്‍ വരച്ചിട്ട കബാലീശ്വരന്റെ രൂപത്തിലേക്ക് രജനി മാറുകയായിരുന്നു. തന്റെ തുടക്കകാലത്തുപോലും മേക് അപ്പ്മാനെ കൊണ്ട് തലമുടിയില്‍ തൊടാന്‍ രജനി സമ്മതിക്കില്ലായിരൂന്നു. അയാള്‍ സ്വന്തം സ്റ്റൈലില്‍ അത്രമേല്‍ ശ്രദ്ധാലുവായിരുന്നു. അയാളുടെ രീതികളും നടനവും അയാള്‍ സ്വയം രൂപീകരിച്ചെടുത്തതാണ്. അക്കാര്യങ്ങളില്‍ ഒരു വീട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത, ആരാധകഭാരം കല്ലിന്മേല്‍ കല്ലെന്നപോലെ ചുമലില്‍ കയറ്റി നടന്നിരുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍, രഞ്ജിത്ത് എന്ന പുതുമുഖ സംവിധായകനോട്; ഇതു നിന്റെ സിനിമ, നിന്റെയിഷ്ടം പോലെ ചെയ്യൂ എന്നു പറയണമെങ്കില്‍ തീര്‍ച്ചയായും രജനികാന്ത് കാത്തിരുന്നപോലെ ഒരാള്‍ അയാളെ തേടിയെത്തിയതുകൊണ്ടാണ്.

തവളമൂത്രംപോലെയുള്ള നിരൂപണങ്ങള്‍ (?) എഴുതികൂട്ടുന്നവരും സിനിമയെന്നാല്‍ കൂവാനും തുള്ളാനും മാത്രമുള്ളതാമെന്നു വിശ്വസിച്ചിരിക്കുന്ന കാണികളും പറയുന്നത് ഇതൊരു ‘രജനികാന്ത്’ സിനിമ ആയില്ലെന്നാണ്. അതേ, പതിവു രജനി ചേരുകളെല്ലാം മാറ്റിവച്ചോ അല്ലെങ്കില്‍ ഉപ്പും കറിവേപ്പിലയും പോലെ അത്യാവശ്യമായവയെ പാകത്തില്‍ ഇട്ടുമാണ് രഞ്ജിത്ത് കബാലി തയ്യാറാക്കിയെടുത്തത്. നെരുപ്പ് ഇല്ലെന്നല്ല, അതുപക്ഷേ മാണിക് ബാഷയോളമൊന്നും വരില്ലെന്നു മാത്രം. പക്ഷേ പി വാസുവിനോ സുരേഷ് കൃഷ്ണയ്‌ക്കോ അതുമല്ലെങ്കില്‍ കെ എസ് രവികുമാറിനോ സാധിക്കാത്ത പലതും കബാലിയില്‍ രഞ്ജിത്ത് സാധ്യമാക്കിയിട്ടുണ്ട്.രജനി ചിത്രങ്ങളിലെ പതിവു പരിവാരങ്ങളെ വരെ ഒഴിവാക്കി, തന്റെ ‘മദ്രാസ്’ ടീമിനെ കൊണ്ടുവന്നും രഞ്ജിത്ത് പുതുമ വരുത്തി.

ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് രാഷ്ട്രീയം പറയുന്ന (പ്രധാനപ്രമേയം രാഷ്ട്രീയക്കാരായതല്ല) വാണിജ്യ സിനിമകള്‍ ബോളിവുഡിനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെയധികം ഉണ്ടാകുന്നത് തമിഴിലാണ്. എത്രപേര്‍ അതു ശ്രദ്ധിക്കുന്നുണ്ടെന്നറിയില്ല. പുറമ്പോക്ക്, വിസാരണൈ, മദ്രാസ്, കാക്കമുട്ടൈ, കിറുമി, ഉറിയടി തുടങ്ങിയ ചിത്രങ്ങളൊക്കെ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം കച്ചവടതാതപര്യങ്ങള്‍ക്കപ്പുറം ആ ചിത്രങ്ങളെ ചര്‍ച്ചകള്‍ക്കു വിധേയമാക്കാന്‍ പ്രാപ്തി കാട്ടുന്നവയാണ്. ഇവയില്‍ എത്രയെണ്ണം സാമ്പത്തിക വിജയം നേടി എന്നത് ശ്രദ്ധിക്കരുത്. സിനിമ കാശുണ്ടാക്കാന്‍ മാത്രമുള്ള ചരക്കല്ല. ഇതേയര്‍ത്ഥത്തില്‍ രാഷ്ട്രീയം പറയുന്ന ചിത്രമാണ് കബാലി എന്നത് അധികമാരും പറഞ്ഞു കേട്ടില്ല. കബാലി മണ്ണിന്റെ രാഷ്ട്രീയം പറയുന്നുണ്ട്, തൊഴിലിന്റെ രാഷ്ട്രീയം പറയുന്നുണ്ട്, മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയം പറയുന്നുണ്ട്, വസ്ത്രത്തിന്റെ രാഷ്ട്രീയം പറയുന്നുണ്ട്.

 

ചിലപ്പോള്‍ ഒരു സീന്‍, അല്ലെങ്കില്‍ ഒരു ഡയലോഗില്‍ ആയിരുന്നു കബാലിയുടെ രാഷ്ട്രീയം. നിര്‍ഭാഗ്യവശാല്‍ നീലക്കുറുക്കന്മാര്‍ക്ക് അതു കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗാന്ധിയുടെയും അംബേദ്ക്കറുടെയും വസ്ത്രധാരണത്തിനു പിന്നിലെ കാരണം എന്തായിരുന്നുവെന്ന് കബാലി പറയുന്നുണ്ട്(ഗാന്ധിയുടെ കൂടെ, അല്ലെങ്കില്‍ ഒരു മുഖ്യധാര സിനിമയില്‍ തന്നെ അംബേദ്കര്‍ പരാമര്‍ശം വരുന്നതു വിരളവും അതിനാല്‍ പ്രത്യേക ശ്രദ്ധപതിയേണ്ടതുമാണ്). വസ്ത്രധാരണത്തിന് പിന്നില്‍ അതിശക്തമായൊരു രാഷ്ട്രീയമുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഇല്ലാത്തവന്‍ കോട്ട് ധരിച്ചാല്‍ ഉള്ളവനതു കാണുമ്പോള്‍ വെറളി പിടിക്കും, അവന്റെ വെറിക്കു മുന്നില്‍ ഭയക്കില്ല, നിവര്‍ന്നു നില്‍ക്കുമെന്നാണ് കബാലി പറയുന്നത്.

ഈ ചിത്രത്തില്‍ ഏതാണ്ട് ഭൂരിഭാഗം സീനിലും രജനിയുടെ കഥാപാത്രം സ്യൂട്ട് ധരിച്ചാണ് എത്തുന്നത്. അതുപോലും രജനികാന്തിനെ സ്‌റ്റൈലിഷ് ആക്കി അവതരിപ്പിക്കാനുള്ള ,സംവിധായകന്റെ ത്വരയായാണ് രേഖപ്പെടുത്തി കാണുന്നത്. എന്തുകൊണ്ട് അത്തരം തെറ്റിദ്ധാരണകള്‍ വരുന്നൂ. സിനിമ ശ്രദ്ധിക്കാതെ വന്നതുകൊണ്ട് തന്നെ. രജനികാന്തിനെയല്ല സ്യൂട്ടിനകത്ത് നാം കാണേണ്ടത്. മുത്തശ്ശന്റെ കാലത്തു തന്നെ ദിണ്ടിഗലില്‍ നിന്നും കുടിയേറിയ തമഴ് കുടുംബത്തിലെ(അതൊരു ദളിത് കുടുംബവുമാകാം) അംഗമായ കബാലീശ്വരന്റെ വെല്ലുവിളിയാണ് അയാള്‍ വസ്ത്രധാരണത്തില്‍ പുലര്‍ത്തുന്ന റിച്ച്‌നെസ്സ്. തങ്ങളെ ഭരിച്ചവരോട്, സമ്പന്നരോട് അയാള്‍ നടത്തുന്ന പോരാട്ടത്തില്‍ പേറുന്ന ആയുധം കൂടിയാണ് കബാലിയുടെ സ്യൂട്ടും കണ്ണടയും. പിച്ചക്കാരന്‍ സ്യൂട്ട് ധരിക്കുന്നുവോയെന്ന പരിഹാസത്തോടെ ശത്രുക്കള്‍ക്ക് അയാളെ ആക്രമിക്കാന്‍ പാകത്തില്‍ കിട്ടുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് കബാലിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയെന്നതാണ്. സമകാലീന ഇന്ത്യന്‍ സാമൂഹികസാഹചര്യങ്ങളോടും ബി ആര്‍ അംബേദ്കര്‍ എന്ന വ്യക്തിത്വത്തത്തോടും ചേര്‍ത്ത് വായിച്ചാല്‍ കബാലിയിലെ രാഷ്ട്രീയം കൂടുതല്‍ വ്യക്തമാകും.

ഏതൊക്കെ നാട്ടിലേക്ക് പോയാലും മറ്റെന്തൊക്കെ ഉപേക്ഷിക്കേണ്ടി വന്നാലും ജാതിയും മതവും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത മനോനിലയേയും കബാലി ചോദ്യം ചെയ്യുന്നുണ്ട്. മണ്ണില്‍ പണിയെടുക്കുന്നവന് അര്‍ഹമായ കൂലി കിട്ടിയേ തീരൂവെന്ന സോഷ്യലിസവും കബാലി ഉയര്‍ത്തുന്നുണ്ട്. ഇതൊക്കെ കാണാതെ പോകുന്നവര്‍ക്കാണ് കബാലി രസിക്കാത്തത്.

എത്ര സിമ്പിളായിട്ടാണ് രജനിയുടെ ഇന്‍ട്രോ സീന്‍. പക്ഷേ അതെത്ര പവര്‍ഫുള്‍ കൂടിയാണ്. രജനിയെ കാണിക്കുമ്പോള്‍ അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം പാതിയില്‍ മടക്കിവയ്ക്കുന്നുണ്ട്. മൈ ഫാദര്‍ ബാലയ്യ എന്ന ഇംഗ്ലീഷ് പുസ്തകമാണത്. പ്രൊഫ. വൈ.ബി സത്യനാരായണ എഴുതിയ മൈ ഫാദര്‍ ബാലയ്യയുടെ പ്രമേയം ജാതിവിവേചനവും ഉടമ-അടിമ ബന്ധത്തെയും സൂചിപ്പിക്കുന്നതാണ്. ആ പുസ്തകത്തോളം കബാലിയെന്ന മനുഷ്യന്റെ ക്യാരക്ടറിനെ കുറിച്ച് വിളംബരം ചെയ്യിക്കാനുള്ള മറ്റൊരുപാധിയും രഞ്ജിത്തിന് കണ്ടെത്താന്‍ കഴിയില്ല. അതാണ് രാഷ്ട്രീയമുള്ള, വ്യക്തിത്വമുള്ള ഒരു സംവിധായകന്റെ മിടുക്ക്. 

രാഷ്ട്രീയം മാറ്റി നിര്‍ത്തി പറയേണ്ടത് കബാലിയുടെ സ്ത്രീകളെ കുറിച്ചാണ്. ഒരുനാള്‍കൂത്ത്, ഇരൈവി പോലുള്ള തികഞ്ഞ സ്ത്രീപക്ഷ സിനിമകളുടെ നടുവിലേക്ക് കബാലി എത്തുമ്പോഴും സ്ത്രീബോധത്തെ അത്രതന്നെ ബഹുമാനത്തോടെ, അന്തസ്സോടെ അവതരിപ്പിച്ചിരിക്കുകയാണ്. കബാലിയില്‍ ഏറ്റവും നല്ല അഭിനയം കാഴ്ചവച്ചതാരാണെന്ന ചോദ്യത്തിന് രാധിക അപ്‌തെ എന്നതല്ലാതെ മറ്റൊരു ഉത്തരമില്ല. രജനികാന്ത് പോലും അവരുടെ പ്രഭാവത്തില്‍ ഒന്നുമല്ലാതാകുന്നു. രജനി ചിത്രങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നവയാണെന്ന ലീന മണിമേഖലയുടെ ആരോപണത്തിന് കബാലിക്കു മുമ്പ് വരെ എതിരഭിപ്രായം ഇല്ലായിരുന്നു. പക്ഷേ കബാലി ലീനയുടെ ധാരണയ്ക്ക് അപവാദം തന്നെയാണ്. കബാലി മറ്റൊരു ആംഗിളില്‍ ഒരു സ്ത്രീപക്ഷ സിനിമയാണ്, അല്ലെങ്കില്‍ സ്ത്രീയെ ഔന്നിത്യത്തില്‍ നിര്‍ത്തിയിരിക്കുന്ന സിനിമയാണ്. കുമുദവല്ലിയും യോഗിയും മീനയും തികഞ്ഞ അന്തസ്സോടെ ശക്തിയോടെ, ബഹുമാനത്തോടെ, കൃത്യമായ ഇടത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നായകന്റെ കീഴിലോ, അവന് പേടിപ്പിച്ചോ പ്രേമിച്ചോ തോല്‍പ്പിക്കാവുന്ന വെറുമൊരു വസ്തുവായിട്ടോ അല്ല കബാലിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനും അഭിനന്ദനം രഞ്ജിത്തിന് തന്നെയാണ്.

ചിത്രത്തിലെ ഒരു രംഗത്തില്‍ കൂട്ടിലടിച്ചിരിക്കുന്ന പറവയെ നോക്കി അതിനെ തുറന്നു വിടാന്‍ കബാലീശ്വരന്‍ പറയുന്നുണ്ട്. ഇതു കേട്ട് സുഹൃത്ത് പറയുന്ന മറുപടി, തുറന്നുവിട്ടാല്‍ കാക്കയോ പരുന്തോ ഇതിനെ കൊത്തി കൊല്ലുമെന്നാണ്. അതിനുള്ള കബാലിയുടെ മറുപടി ഇപ്രകാരമാണ്; പറക്കുക എന്നതാണ് പറവയുടെ ഗുണം, ചാകുമോ ജീവിക്കുമോ എന്നത് അതിനു വിട്ടുകൊടുക്കുക…

രജനികാന്ത് എന്ന നടനെ ആ പക്ഷിയോടും കബാലീശ്വരന്റെ സ്ഥാനത്ത് രഞ്ജിത്തിനെയും കണ്ടുകൊണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നു…

 

(അഴിമുഖം സീനിയര്‍ സ്റ്റാഫ് റൈറ്ററാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍