TopTop
Begin typing your search above and press return to search.

രജനിയും സൂര്യയും വിജയും ഇടിതുടരട്ടെ; തമിഴില്‍ കാക്ക മുട്ടൈകള്‍ പിറക്കുന്നുണ്ട്

രജനിയും സൂര്യയും വിജയും ഇടിതുടരട്ടെ; തമിഴില്‍ കാക്ക മുട്ടൈകള്‍ പിറക്കുന്നുണ്ട്

2014 ലെ മികച്ച കുട്ടികളുടെ സിനിമയായി രാജ്യം തിരഞ്ഞെടുത്ത കാക്ക മുട്ടൈ ടൊറാന്റോ ചലചിത്ര മേളയിലും ദുബായ് അന്തർദേശീയ മേളയിലുമൊക്കെ പ്രദർശിപ്പിച്ചു വലിയ വാർത്തയായ ശേഷമാണ് കേരളത്തിലെത്തുന്നത്. സിനിമയിലെ ഏക താര സാന്നിധ്യം നിർമാതാക്കളിൽ ഒരാളായ ധനുഷ് ആയതുകൊണ്ടാവാം ഇവിടെ കാക്ക മുട്ടൈ ക്ക് തീയറ്ററുകൾ കുറവാണ്. ഉള്ള തീയറ്ററുകളിൽ ഒന്നോ രണ്ടോ ഷോ മാത്രം, കൂടെ ഉടൻ മാറും എന്നാ ഭീഷണിയും.

ചെന്നൈ യിലെ ഒരു നഗരത്തിന്റെ ഓരത്തു കാക്ക മുട്ടയോളം ചെറുതായ ചേരിയിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ കഥയാണീ സിനിമ. സ്കൂളിൽ പോകാത്ത, റെയിൽവേ സ്റ്റേഷനിലെ കരി പെറുക്കി വില്ക്കുന്ന ഒറ്റ മുറി വീട്ടിൽ ശ്വാസം മുട്ടി കഴിയുന്ന ഇവർ പക്ഷെ സിനിമയിൽ ഉടനീളം പ്രസാദാത്മകമായ കാഴ്ചയും അനുഭവവും ആണ്. നഗരത്തിലെ പിസ ഷോപ്പിൽ നിന്നും 300 രൂപ വിലയുള്ള പിസ കഴിക്കാൻ ചിന്ന കാക്ക മുട്ടൈ യും പെരിയ കാക്ക മുട്ടൈ യും നടത്തുന്ന വിജയകരമായ യാത്രയാണ് സിനിമ. ജയിലിൽ കിടക്കുന്ന അച്ഛനെ രക്ഷിക്കാനും നിത്യവൃത്തിക്കുമായി കഷ്ടപ്പെടുന്ന അവരുടെ അമ്മയും മുത്തശ്ശിയും ആണ് ഈ സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. ഒപ്പം ചേരിയും നഗരവും കൃത്യമായി പ്രതിനിധാനം ചെയ്യുന്ന ഒരു പിടി ആളുകളും സിനിമയിൽ ഉണ്ട്.

കാക്ക മുട്ടൈയുടെ ഈ കുഞ്ഞു കഥയിലൂടെ നവാഗത സംവിധായകൻ മണികണ്ഠന്‍ പറഞ്ഞ കാര്യങ്ങളുടെ ആഴം വളരെ വലുതാണ്‌. ആഗോളവത്കരണം, നഗരവത്കരണം, ദാരിദ്ര്യം, സമകാലീന തമിൾ രാഷ്ട്രീയത്തിലെ ദുഷിപ്പുകൾ തുടങ്ങി കറുപ്പിന്റെ രാഷ്ട്രീയത്തെപ്പറ്റിവരെ അതിമനോഹരമായി പറഞ്ഞിരിക്കുന്നു. കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നത് അറിയുക പോലും ചെയ്യാതെ ഒരു കൂട്ടം ആൾക്കാർ നമുക്കിടയിൽ ജീവിച്ചു മരിക്കുന്നുണ്ട്. അവരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സിനിമയിൽ, വ്യക്തിത്വവും ചിന്തയും ഉള്ളവരായി തന്നെ. കാക്ക കൂട് വച്ച വന്മരവും തലമുറകള്‍ ഓടിക്കളിച്ച മൈതാനവും ഇല്ലാതാവുന്നത് നിമിഷ വേഗത്തിലാണ്. വന്മരം വീഴുമ്പോൾ കൈ അടിക്കുന്ന ചേരിയിലെ കുട്ടികൂട്ടത്തിന്റെ കാഴ്ച അതുകൊണ്ട് കൃത്യമായും ഈ സിനിമയുടെ രാഷ്ട്രീയമാണ്.ഈ സിനിമയുടെ ഓരോ ഫ്രെയിമും നമ്മളോട് സംസാരിക്കുന്നത് നേരിട്ടാണ്. അതിവൈകാരികത നിറഞ്ഞ ഡയലോഗുകളോ അതിഭാവുകത്വം കലർന്ന പശ്ചാത്തല സംഗീതമോ സ്വാഭാവികമാകാൻ വേണ്ടി വളരെ അസ്വാഭാവികമായി കുത്തി നിറച്ച നിശബ്ദദതയോ സിനിമയിൽ എവിടെയും ഇല്ല. നമുക്കിടയിൽ എവിടെയോ ഉള്ള കുറച്ചു ജീവിതങ്ങളെക്കാട്ടി സന്തോഷിപ്പിച്ചു, വേദനിപ്പിച്ചു തിരികെ കൊണ്ടുചെന്നാക്കും പോലെ തോന്നും സിനിമ കണ്ടിറങ്ങിയാൽ.

മലയാള സിനിമകൾ കുട്ടികളെ എത്ര മോശമായാണ് കാലങ്ങളായി ഉപയോഗിക്കുന്നത് എന്നും കാക്ക മുട്ടൈ ഓർമിപ്പിക്കുന്നുണ്ട്. ഇവിടെ കുട്ടികൾ വലിയവരെ പോലെ സംസാരിക്കുകയും ചിന്തിക്കുകയും കല്യാണം വരെ നടത്തി കൊടുക്കുകയും ചെയ്യുമ്പോൾ സമകാലീന തമിഴ് സിനിമ കുട്ടികൾക്ക് അവരായി തന്നെ ജീവിക്കാനുള്ള വലിയ സ്വാതന്ത്ര്യം നല്കുന്നുണ്ട്. സിനിമയിലെ കാക്ക മുട്ടൈകൾ പിസ ക്ക് വേണ്ടി ഓടുന്ന ഓരോ ഷോട്ടും കാണുമ്പോൾ സംവിധായകനോട് തോന്നുന്ന ബഹുമാനം ഇരട്ടിക്കുന്നുണ്ട്, ജീവിതത്തിൽ ഇത് വരെ പിസ കഴിക്കാത്ത വിഗ്നേഷിനെയും രമേഷിനെയും ഇത്ര ഭംഗിയായി നമുക്ക് മുന്നിലെക്കിട്ടു തന്നതിന്. സംവിധായകനോളം തന്നെ കൈ ഒതുക്കമുണ്ട് എഡിറ്റർക്കും ഛായാഗ്രാഹകനും.ഒരു ഭാഗത്ത് രജനികാന്തും സുര്യയും വിജയും ഒക്കെ മാനം മുട്ടെ വളർന്നു തല്ലി തോല്പ്പിക്കുന്നുണ്ടെങ്കിലും മറ്റൊരിടത്ത് നാടോടികളെയും പ്രാന്തവത്കരിക്കപ്പെട്ടവരെയും പറ്റിപ്പറഞ്ഞു നമ്മളെ ഞെട്ടിക്കുന്നുണ്ട് തമിഴ് സിനിമകൾ. അങ്ങനെ പറയുമ്പോളും അവർക്ക് അവകാശവാദങ്ങളില്ല. നമുക്കിവിടെ ഒരു പുതുമയും ഇല്ല എന്ന് പറയുന്നത് പോലും വലിയ വിപ്ലവമാകുമ്പോൾ കാക്ക മുട്ടൈ പോലുള്ള സിനിമകൾ ഒരു ഹൈപും വേണ്ടാത്ത യാഥാർത്ഥ്യമാകുന്നു. ഇപ്പോൾ പോലും തമിഴൻ സിനിമയിൽ അവന്റെ കാമുകിയെപ്പറ്റി 'അവൾ അപ്പടിയൊന്നും അഴകില്ലേ ആന അത് ഒരു കുറ ഇല്ലേ' എന്ന് പാടുമ്പോള്‍ നമ്മൾ പണ്ട് മുതലേ 'കരുകറുത്തൊരു പെണ്ണാണേ' എന്ന് പറഞ്ഞ ഉടനെ 'കടഞ്ഞെടുത്തൊരു മേയ്യാണേ' എന്ന് ഉടനെ പറഞ്ഞു ബാലൻസ് ചെയ്യും.

കാക്ക മുട്ടൈയുടെ മേക്കിങ്ങിലോ ഷോട്ടുകളിലോ ഒന്നും അപാരമായ പുതുമയോ പുതുമ ഇല്ലയ്മയോ ഇല്ല. ഈ സിനിമ കാണേണ്ടത് ഒരു സാമൂഹ്യ ദൌത്യം ആണെന്ന് ഇതിന്റെ മുന്നിലോ പിന്നിലോ പ്രവർത്തിച്ച ആരും ആഹ്വാനം ചെയ്തിട്ടും ഇല്ല. പക്ഷെ കാക്ക മുട്ടൈ ഒരു നല്ല സിനിമയാണ്. അതുകൊണ്ട് തീര്‍ച്ചയായും കാണാവുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories